Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ ആഗ്രഹം സഫലമായി, കരൺ ജോഹർ ഇനി ഇരട്ടക്കുട്ടികളുടെ അച്ഛൻ!

karan കരൺ ജോഹർ

സംവിധായകൻ, നിർമാതാവ്, അവതാരകൻ, ചിലപ്പോഴൊക്കെ അഭിനേതാവ്. വിശേഷണങ്ങൾ അനവധിയാണ് ബോളിവു‍ഡിന്റെ സ്വന്തം കരൺ ജോഹറിന്. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ അദ്ദേഹം പുതിയൊരു റോളുമായി കടന്നുവരികയാണ്. മറ്റൊന്നുമല്ല അതൊരു അച്ഛൻ റോൾ ആണ്, ഇനി സിനിമയിൽ ആണെന്നു കരുതല്ലേ... യഥാർഥ ജീവിതത്തിൽത്തന്നെ! ഇന്നുരാവിലെ ട്വിറ്ററിലൂടെയാണ് കരൺ ജോഹർ താൻ ഒരച്ഛനായ വിവരം ലോകത്തെയാകെ അറിയിച്ചത്, അതും ഇരട്ടക്കുട്ടികളുടെ അച്ഛൻ.

സറോഗസി(വാടക ഗർഭധാരണം) വഴിയാണ് കരൺ ജോഹർ ഇരട്ടക്കുഞ്ഞുങ്ങളഉടെ അച്ഛനായത്. തന്റെ പ്രിയപ്പെട്ട ആൺകുഞ്ഞിനും പെൺകുഞ്ഞിനും യഷ്, റൂഹി ജോഹർ എന്നാണ് കരൺ പേരു നൽകിയിരിക്കുന്നത്. തന്റെ അമ്മയ്ക്കൊപ്പം നിന്നു മക്കളെ വളർത്തുമെന്നും ആ യാത്രയിലേക്ക് താൻ തയ്യാറായിക്കഴിഞ്ഞുവെന്നും കരൺ പറഞ്ഞു. യഷ് എന്നത് കരണിന്റെ അച്ഛന്റെ പേരാണ് റൂഹി എന്ന പേരു തിരഞ്ഞെടുത്തത് അമ്മയുടെ പേരായ ഹിറൂവിൽ നിന്നുമാണ്. ‌

''എന്റെ ജീവിതത്തിലെ രണ്ടു കൂട്ടിച്ചേർക്കലുകളെക്കുറിച്ച് നിങ്ങളോടു പങ്കുവെക്കാൻ അത്യാനന്ദത്തോടെയാണ് ഞാനിപ്പോഴുള്ളത്. എന്റെ മക്കൾ, റൂഹിയും യഷും. മെഡിക്കൽ സയൻസിന്റെ സഹായത്തോടെയാണ് അവർ ഈ ലോകത്തേക്കു കടന്നുവന്നത്, ഒരു രക്ഷകർത്താവായതിൽ ഞാൻ അങ്ങേയറ്റം അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു.

ഇതൊരു വൈകാരികമായ കാര്യമാണ്, ഒരച്ഛനാകുന്നതോടെയുണ്ടാകുന്ന ഉത്തരവാദിത്തങ്ങളും ചുമതലകളുമെല്ലാം പരിഗണിച്ചാണ് ഞാൻ ഈ തീരുമാനമെടുത്തത്. മാനസികമായും ശാരീരികമായും വൈകാരികമായുമൊക്കെ ഏറെ തയ്യാറെടുത്ത്, എന്റെ മക്കൾക്ക് എന്റെ സ്നേഹവും കരുതലുമൊക്കെ ആവോളം ലഭിക്കുമെന്ന് ഉറപ്പാക്കിയാണ് ഞാൻ ഈ തീരുമാനത്തിലേക്കെത്തിയത്. ഇനി എന്റെ മക്കളാണ് എന്റെ ലോകവും പ്രാമുഖ്യവും. എന്റെ ജോലി, യാത്രകൾ, ഉത്തരവാദിത്തങ്ങൾ എല്ലാം ഇനിയൊരൽപം നീക്കിവെക്കും. ദൈവം സഹായിച്ച് എനിക്കേറ്റവും കെയറിങ്ങായ, പിന്തുണ നൽകുന്ന ഒരമ്മയുണ്ട്. അമ്മ അവരുടെ കൊച്ചുമക്കളുടെ വളർച്ചയിലും അവിഭാജ്യ ഘടകമായിരിക്കും.

എന്റെ സ്വപ്നം പൂവണിയിച്ച സറോഗേറ്റിനോട് ഞാൻ എന്നെന്നും കടപ്പെട്ടിരിക്കും. എന്റെ മക്കളെ ഈ ലോകത്തേക്കു കൊണ്ടുവരുംമുമ്പ് അവർക്ക് സ്നേഹവും കരുതലുമെല്ലാം നൽകിയതിന്. അവൾ എന്നെന്നും എന്റെ പ്രാർഥനകളിൽ ഉണ്ടാകും.

അവസാനമായി ഡോക്ടർ ജതിൻ ഷാ, നിങ്ങള്‍ക്കെന്റെ വലിയ നന്ദി, മാർഗനിർദേശം നൽകി പിന്തുണച്ചതിനും ഒരു കുടുംബാഗത്തെപ്പോലെ കരുതി ഈ മനോഹരമായ യാത്രയിലുടനീളം കൂടെനിന്നതിനും.''- കരൺ പറയുന്നു.

കഴിഞ്ഞ ഫെബ്രുവരി ഏഴിന് അന്ധേരിയിലെ മസ്രാണി ആശുപത്രിയിലാണ് കുഞ്ഞുങ്ങൾ ജനിച്ചത്. കരണിന്റെ ഉറ്റ സുഹൃത്തായ ഷാറൂഖ് ഖാന്റെ മകൻ അബ്റാമിനും വാടക ഗർഭപാത്രത്തിലൂടെ ജന്മം നൽകിയത് ഇതേ ആശുപത്രിയിലാണ്. ഒരു പിതാവാകുവാനുള്ള ആഗ്രഹത്തെക്കുറിച്ച് എന്നും കരൺ വാചാലനായിരുന്നു. വാടക ഗർഭപാത്രത്തിലൂടെ മക്കൾക്കു ജന്മം നൽകിയ ബോളിവു‍ഡ് പ്രശസ്തരിൽ രണ്ടാമനാണ് കരൺ ജോഹർ. കഴിഞ്ഞ ജൂണിൽ തുഷാര്‍ കപൂറും ഇതേ മാർഗത്തിലൂടെ ഒരാൺകുഞ്ഞിന്റെ അച്ഛനായിരുന്നു.
 

Your Rating: