Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനുകരിച്ചതിന് മാപ്പുപറയുന്നത് ആദ്യം; വിഷമം ഇല്ലെന്ന് കോട്ടയം നസീർ

കോട്ടയം നസീർ കോട്ടയം നസീർ

സംസ്ഥാന ചലച്ചിത്ര അവാർഡ് നിശയിൽ അവതരിപ്പിച്ച കോമഡി ഷോയിൽ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനെ അനുകരിച്ചതിൽ കോട്ടയം നസീർ, മന്ത്രിയോടു മാപ്പുപറഞ്ഞിരുന്നു. മാപ്പു പറയേണ്ടി വന്ന സാഹചര്യത്തെക്കുറിച്ച് കോട്ടയം നസീർ വിശദീകരിക്കുന്നു.

∙അനുകരിക്കുന്നത് ഒരു കലയല്ലേ അതിന് മാപ്പു പറയേണ്ട ആവശ്യമുണ്ടായിരുന്നോ?

എന്റെ ജീവിതത്തിൽ ഞാൻ ഒരുപാടുപേരെ ദിനവും അനുകരിക്കാറുണ്ട്. രാഷ്ട്രീയക്കാർ, സിനിമാക്കാർ, സാമൂഹികപ്രവർത്തകർ, വ്യവസായപ്രമുഖർ അങ്ങനെ ഒരുപാടുപേർ. അനുകരിക്കുന്നതിന്റെ പേരിൽ മാപ്പ് പറയാനാണെങ്കിൽ അവരോടെല്ലാം മാപ്പ് പറയണം. എന്നാൽ മന്ത്രി തിരുവഞ്ചൂരിനോട് മാപ്പ് പറഞ്ഞത് അതുകൊണ്ടല്ല. അദ്ദേഹവുമായുള്ള വ്യക്തിപരമായ ബന്ധം കണക്കിലെടുത്താണ്. എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഞാൻ ബഹുമാനിക്കുന്ന വ്യക്തിയാണ് തിരുവഞ്ചൂർ. അദ്ദേഹമാണ് എന്റെ പരിപാടി സംസ്ഥാന ചലച്ചിത്ര അവാർഡ് നിശയിൽ വേണമെന്ന് നിർദ്ദേശിക്കുന്നത്.

കോട്ടയം നസീർ കോട്ടയം നസീർ

മന്ത്രിയുടെ സമ്മതം വാങ്ങിയിട്ടാണ് ഞാൻ അദ്ദേഹത്തെ അനുകരിച്ചത്. ഒരുപാട് അനുകരിക്കരുതെന്ന് അദ്ദേഹം പറഞ്ഞിരുന്നതാണ്. സാധാരണചെയ്യുന്നതു പോലെ സ്ക്രിപ്റ്റ് റിക്കോഡ് ചെയ്താണ് അനുകരിച്ചത്. റിക്കോഡ് ചെയ്യുന്ന സമയത്തൊന്നും കൂട്ടത്തിലുള്ള ആരും അതിന് കുഴപ്പമുണ്ടെന്ന് പറഞ്ഞിരുന്നില്ല. എന്നാൽ സ്റ്റേജിൽ അവതരിപ്പിച്ചു കഴിഞ്ഞപ്പോഴാണ് മന്ത്രിക്ക് അത് വിഷമമായി എന്ന് അദ്ദേഹത്തിന്റെ കൂട്ടത്തിലുള്ളവർ പറഞ്ഞു. അദ്ദേഹം അവസരം തന്ന വേദിയിൽ അദ്ദേഹത്തെ ഞാൻ അനുകരിച്ചത് വേദനിപ്പിച്ചുണ്ടെങ്കിൽ അത് എനിക്കും സങ്കടമുള്ള കാര്യമാണ്. അതുകൊണ്ടാണ് മാപ്പ് പറഞ്ഞത്. വേദനിപ്പിക്കാൻ വേണ്ടി ചെയ്തതല്ല, എങ്കിലും അത് കൂടിപ്പോയി എന്ന് അദ്ദേഹത്തിന് തോന്നിയെങ്കിൽ അതിന് മാപ്പ് പറയുന്നതിൽ ഈഗോയുടെ ആവശ്യമില്ല. പക്ഷെ എന്റെ കലാജീവിതത്തിലെ ആദ്യ സംഭവമാണ് ഈ മാപ്പ് പറച്ചിൽ.

∙ ഇനിയും തിരുവഞ്ചൂരിനെ അനുകരിക്കുമോ?

തിരുവഞ്ചൂരിന്റെ ശബ്ദം അനുകരിക്കും, പക്ഷെ തിരുവഞ്ചൂരിനെ അനുകരിക്കേണ്ടി വന്ന സംഭവം ഒരിക്കലും ചെയ്യില്ല. ഞങ്ങൾ ചെയ്ത സ്ക്കിറ്റിൽ നിന്നു തന്നെ തിരുവഞ്ചൂരിന്റെ കഥാപാത്രത്തെ ഒഴിവാക്കിയിട്ടുണ്ട്. ഒരാൾക്ക് വേദനയുണ്ടാക്കുന്ന രീതിയിലുള്ള അനുകരണം ചെയ്യില്ല.

∙ താങ്കളുടെ സ്ക്കിറ്റിന് ആരും കൈയ്യടിച്ചില്ല എന്ന് പറയുന്നത് ശരിയാണോ?

ഏയ് അതൊക്കെ വെറുതെ പറയുന്നതാണ്. വീഡിയോയിൽ കാണാമല്ലോ ആളുകൾക്ക് എത്രമാത്രം രസിച്ചിട്ടുണ്ടെന്ന്. അവാർഡ് നിശയിൽ ആളുകൾ ഏറ്റവും അധികം ആസ്വദിച്ച പരിപാടിയിലൊന്നാണ് എന്റെ സ്ക്കിറ്റ്. ചിലരൊക്കെ പരിപാടി കഴിഞ്ഞ് നേരിട്ട് വിളിച്ചു പറഞ്ഞു ചിരിച്ചു മണ്ണുകപ്പിയെന്ന്.

കോട്ടയം നസീർ കോട്ടയം നസീർ

∙താങ്കൾ ഏറ്റവും അധികം അനുകരിച്ച വ്യക്തികളിൽ ഒരാൾ ആണല്ലോ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. അനുകരണം കണ്ടിട്ട് മുഖ്യമന്ത്രി എന്നെങ്കിലും പ്രതികരിച്ചിട്ടുണ്ടോ?

ഞാൻ അനുകരിക്കുന്നതാണ് അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ടിട്ടുള്ളതെന്ന് തുറന്നു പറഞ്ഞിട്ടുണ്ട്. മഴവിൽ മനോരമയിലെ കഥ ഇതുവരെയിലാണ് അദ്ദേഹമത് തുറന്നു പറഞ്ഞത്. ഒരുപാട് സന്തോഷം തോന്നിയ നിമിഷമായിരുന്നു. വേറെ ആരെക്കുറിച്ചും ഉമ്മൻചാണ്ടി സർ അങ്ങനെ പറഞ്ഞിട്ടില്ല.

∙അറ്റ്ലസ് രാമചന്ദ്രനെയും ഒരുപാട് തവണ അനുകരിച്ചിട്ടുണ്ടല്ലോ?

അനുകരണകല ഒരുപാട് ആസ്വദിക്കുന്ന വ്യക്തിയാണ് അറ്റ്ലസ് രാമചന്ദ്രൻ. അറബിക്കഥയിലും ടു ഹരിഹർനഗറിലുമൊക്കെ അദ്ദേഹം തന്നെ സ്വയം അനുകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാഗത്തു നിന്നൊക്കെ എന്നും നല്ല പ്രോത്സാഹനങ്ങളാണ് ലഭിച്ചിട്ടുള്ളത്.

∙രാഷ്ട്രീയക്കാരുടെ മരണശേഷം അവരെ അനുകരിയ്ക്കാത്ത താങ്കൾ എന്തുകൊണ്ടാണ് സിനിമാനടന്മാരുടെ മരണശേഷവും അവരെ അനുകരിക്കുന്നത്?

ലീഡർ കരുണാകരന്റെയും സഖാവ് നായനാരുടെയും മരണശേഷം ഞാൻ വീട്ടിൽ പോലും അവരെ അനുകരിച്ചിട്ടില്ല. രാഷ്ട്രീയക്കാർ ജീവിച്ചിരിക്കുമ്പോൾ അവർ മൂലമുണ്ടാകുന്ന സംഭവവികാസങ്ങളാണ് അനുകരണത്തിന് ആധാരം. അവരുടെ മരണശേഷം അത് അനുകരിക്കുന്നതിൽ അർഥമില്ല. സിനിമാക്കാരുടെ മരണശേഷവും അവർ അവതരിപ്പിച്ച കഥാപാത്രങ്ങളെയാണ് പലരീതിയിൽ അനുകരിക്കുന്നത്, അല്ലാതെ പ്രസ്തുത വ്യക്തിയെ അല്ല. രണ്ടും രണ്ടു തലങ്ങളിലുള്ള അനുകരണമാണ്.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.