Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയെ തേടി 50000 കിലോമീറ്റര്‍ പള്‍സര്‍ യാത്ര, ഒടുവില്‍ ഗിന്നസ് റെക്കോര്‍ഡും

Krishanu Kona ഡല്‍ഹി സ്വദേശിയായ ഈ യുവാവിന്റെ പേര്, ക്രിഷണു കോണ.

ചില ഹോബികള്‍ അങ്ങനെയാണ് പെട്ടെന്ന് കേള്‍ക്കുമ്പോള്‍ വട്ടാണോ എന്ന് തോന്നിപ്പോകും, എന്നാല്‍ അത്തരം വട്ടുകള്‍ ആസ്വദിക്കുന്ന ആളുകളെ സംബന്ധിച്ച് നോക്കിയാല്‍ അതൊരു ഹരമാണ്. ജീവിക്കാനുള്ള പ്രചോദനമാണ്. ഇത്തരത്തില്‍ നാട്ടുകാര്‍ കേട്ടാല്‍ അല്‍സ്വല്‍പം വട്ടുണ്ട് എന്ന് പറയുന്ന ഒരു ചങ്ങാതിയുടെ കഥ പറയാം. ഡല്‍ഹി സ്വദേശിയായ ഈ യുവാവിന്റെ പേര്, ക്രിഷണു കോണ. അതില്‍ എന്താണ് ഇത്ര വട്ട് എന്നാണ് ആലോചിക്കുന്നത് എങ്കില്‍ കേട്ടോളു, ക്രിഷണുവിന്റെ പേരില്‍ അല്ല, തന്റെ 23ാം വയസില്‍ ക്രിഷണു തന്റെ മാതാപിതാക്കളോട് ആവശ്യപ്പെട്ട കാര്യമാണ് ആളെകുഴക്കുന്നത്.

23ാം വയസില്‍ ക്രിഷണു കോണ തന്റെ ആഗ്രഹം കുടുംബത്തോടു പറഞ്ഞത് തനിക്ക് ഒറ്റയ്ക്ക് ഇന്ത്യ മുഴുവൻ സഞ്ചരിക്കണം എന്നാണ്. കുടുംബം ആദ്യം ക്രിഷണു പറഞ്ഞത് അത്ര കാര്യമാക്കി എടുത്തില്ല. എന്നാല്‍ തന്റെ ആഗ്രഹത്തില്‍ നിന്നും പിന്മാറാന്‍ കക്ഷി തയ്യാറല്ലായിരുന്നു. എങ്ങനെയും ഇന്ത്യ മുഴുവന്‍ ചുറ്റി കാണണം. എല്ലാ സംസ്ഥാനങ്ങളിലൂടെയും സഞ്ചരിക്കണം, ഇന്ത്യയ്ക്ക് മാത്രം സ്വന്തമായ സാംസ്കാരിക വൈവിധ്യം തിരിച്ചറിയണം, നാടും നഗരവും ചുറ്റണം , ഗാന്ധിജി പറഞ്ഞ ഇന്ത്യയുടെ ആത്മാവ് കണ്ടെത്തണം . ഇങ്ങനെ തന്റെ ആഗ്രഹങ്ങള്‍ ലിസ്റ്റാക്കി ക്രിഷണു യാത്രയ്ക്കൊരുങ്ങി. ക്രിഷണുവിന്റെ ആഗ്രഹം സീരിയസ് ആണ് എന്ന് മനസിലാക്കിയ അമ്മ പൂര്‍ണ്ണ പിന്തുണ നല്‍കിയതോടെ പിന്നെ , രണ്ടാമതൊന്നു ആലോചിച്ച് ക്രിഷണു സമയം കളഞ്ഞില്ല.

Krishanu Kona

ആദ്യം പൊതുഗതാഗതസൗകര്യം ഉപയോഗിച്ച് സഞ്ചരിക്കാനായിരുന്നു തീരുമാനിച്ചത് . എന്നാൽ ആ സമയത്താണ് ഡിസൈൻ കൺസോർഷ്യത്തിൽനിന്നും പണം ലഭിച്ചത്. അതോടെ സ്വന്തമായി ഒരു ബൈക്ക് വാങ്ങി അതില്‍ യാത്ര ചെയ്യാൻ തീരുമാനിച്ചു. അങ്ങനെ 2015 ഫെബ്രുവരിയിൽ ബജാജ് പൾസർ 200 എൻഎസ് വാങ്ങി. ക്രിഷണു 2015 ഓഗസ്റ്റിൽ സ്വപ്നയാത്ര ആരംഭിക്കുകയും ചെയ്തു.

യാത്ര ആരംഭിച്ച് ഒരു വര്‍ഷം തികയും മുമ്പു തന്നെ, ക്രിഷണു ഒരു ഗിന്നസ് റെക്കോര്‍ഡ് തന്റെ പേരില്‍ കുറിക്കുകയും ചെയ്തു. തന്റെ രാജ്യത്ത് 50,000 കിലോമീറ്റർ സഞ്ചരിക്കണമെന്ന ആഗ്രഹം നിറവേറ്റിയ ക്രിഷണു മോട്ടോർ സൈക്കിളിൽ ഒരു രാജ്യത്ത് ഏറ്റവും കൂടുതൽ ദൂരം സഞ്ചരിച്ച വ്യക്തി എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി.

Krishanu Kona 23ാം വയസില്‍ ക്രിഷണു കോണ തന്റെ ആഗ്രഹം കുടുംബത്തോടു പറഞ്ഞത് തനിക്ക് ഒറ്റയ്ക്ക് ഇന്ത്യ മുഴുവൻ സഞ്ചരിക്കണം എന്നാണ്. കുടുംബം ആദ്യം ക്രിഷണു പറഞ്ഞത് അത്ര കാര്യമാക്കി എടുത്തില്ല.

യാത്ര ആരംഭിച്ച് ഒരു വര്‍ഷം പിന്നിടാന്‍ പോകുന്ന ഈ വേളയില്‍ ഇന്ത്യയിലെ 25 സംസ്ഥാനങ്ങളിലൂടെ ക്രിഷണു യാത്ര ചെയ്തു കഴിഞ്ഞു. ഡൽഹിയിൽ നിന്നും യാത്ര തുടങ്ങി ഹരിയാന, ചണ്ഡീഗഡ്, പഞ്ചാബ്, ജമ്മു കശ്മീർ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട്, ഗോവ, കേരളം, പോണ്ടിച്ചേരി, സിക്കിം, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളിലൂടെ ഇതിനോടകം ക്രിഷണു സഞ്ചരിച്ചു കഴിഞ്ഞു. വ്യത്യസ്ത സംസ്കാരത്തിലുള്ള ജനങ്ങളെ പരിചയപ്പെടുക ഭാരതത്തിന്റെ സൌന്ദര്യം ആസ്വദിക്കുക എന്നിവയായിരുന്നു ക്രിഷണുവിന്റെ ലക്ഷ്യം.

ഭൂപ്രകൃതി മാറുന്നു എങ്കിലും അടിസ്ഥാനപരമായി ഇന്ത്യയിലെ ജനങ്ങളുടെ സംസ്കാരം ഒന്നാണ് എന്നാണ് ക്രിഷണു പറയുന്നത്. ഗ്രാമങ്ങളില്‍ താമസിക്കുന്നവര്‍ നഗരങ്ങളില്‍ ഉള്ളവരേക്കാള്‍ മനുഷ്യസ്നേഹികളാണ് എന്നും ക്രിഷണു പറയുന്നു.പലഗ്രമങ്ങളില്‍ നിന്നും പല നാടുകളില്‍ നിന്നും തനിക്ക് ജീവിതത്തിലെ ഏറ്റവും നല്ല പാഠങ്ങള്‍ ലഭിച്ചു എന്ന് പറയുന്നു ഈ യുവാവ്. വിശന്നു വലഞ്ഞു വന്ന തനിക്ക് ഭക്ഷണം നല്‍കിയ ദരിദ്രയായ സ്ത്രീയും വെള്ളം തന്ന ഉത്തരാഖണ്ഡിലെ കുഗ്രാമത്തിലെ വൃദ്ധയും തന്റെ യാത്രയിലെ മറക്കാനാവാത്ത കഥാപാത്രങ്ങളാണ് എന്ന് പറയുന്നു ക്രിഷണു.എന്നാല്‍ നല്ല അനുഭവങ്ങള്‍ പോലെ തന്നെ തനിക്കുണ്ടായ ദുരനുഭവങ്ങളും ക്രിഷണു ഓര്‍ക്കുന്നു.

ജീവിതം എന്തെന്ന് അറിയണം എങ്കില്‍ നാം തനിച്ച് യാത്ര പോകണം എന്നാണ് ഈ യുവാവിന്റെ അഭിപ്രായം. മറ്റുള്ളവരുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് മാത്രം ജീവിക്കാതെ സ്വന്തം താൽപര്യങ്ങളിലൂടെ ചെന്ന് സ്വയം തിരിച്ചറിയണം എന്നാണ് ക്രിഷണുവിന്റെ മതം. അതിനുള്ള ഏറ്റവും മികച്ച വഴി, ഒറ്റയ്ക്കുള്ള യാത്ര തന്നെ. ക്രിഷണു പറയുന്നതില്‍ കാര്യമുണ്ട് എന്ന് തെളിയിക്കുകയാണ് ഈ 24 കാരന്റെ അനുഭവങ്ങൾ