Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിറങ്ങൾ കൊണ്ട് മകളെ സൃഷ്ടിച്ച് ഒരമ്മ !

Sujatha സുജാത വിനോദ് ശങ്കര്‍, സുജാത വരച്ച ചിത്രങ്ങൾ

മഹാഭാരതത്തിൽ ഒരു മാധവി ഉണ്ട്. യയാതിയുടെ പുത്രിയായ മാധവി. ഒരു ജന്മം മുഴുവൻ ഒരു ദുരന്തമായി ജീവിച്ചു ഒടുവിൽ സന്ന്യാസത്തെ ജീവിതമായി വരിച്ച മാധവി. ഒരു കുഞ്ഞു മാധവിയെ ഇവിടെ പരിചയപ്പെടുത്താം. ഒരു ദുരന്ത പർവ്വത്തിൽ നിന്ന് തന്റെ ജനയിതാവിനെ ആനന്ദത്തിന്റെ ഉന്നതിയിലേയ്ക്ക് എത്തിയ്ക്കുവാൻ കഴിഞ്ഞ കുഞ്ഞു മാധവി. മാധവി ഒരു കഥാപാത്രമാണു. ജീവിച്ചിരിക്കുന്നവർ പലരും കഥാപാത്രങ്ങളായി രൂപപ്പെടുമ്പോൾ ഇവിടെ ഒരു കഥാപാത്രം സ്വയം ജീവനെടുത്തു വരികയാണ് സുജാത വിനോദ് ശങ്കർ എന്ന ചിത്രകാരിയുടെ മഷി കൂട്ടിലൂടെ. മാധവിയെ കുറിച്ചും ഒരു കഥയേക്കാൾ അദ്ഭുതപ്പെടുത്തുന്ന തന്റെ ജീവിതത്തെ കുറിച്ചും സുജാത.

മാധവി മകളാണോ അതോ സുജാതയുടെ തന്നെ മറ്റൊരു വെർഷനൊ?

അച്ഛൻ മരിയ്ക്കുമ്പോൾ എനിയ്ക്ക് ഇരുപതു വയസ്സാണ്. അതിനു ശേഷം ഞാനൊരു കവിത എഴുതിയിരുന്നു, "മധുവിധു" എന്ന പേരിൽ .

"മരണമത് തേടിവന്നാൽ

മമ ദേവാ വിടില്ല നിന്നെ ഞാന്‍...

മനസ്സൊന്നുലയുന്നു പ്രിയനേ....

മരണമതെങ്ങാൻ കടന്നുവന്നാൽ

മുറുകെപ്പിടിയ്കണമെന്നെനീ....

മരണമത് വേണ്ടിനി മേലിൽ മധുവത് നുകർന്നൊരുമിച്ച്..

മരണത്തെ നമുക്ക് വരിയ്കാം.

മതിന്മുപൊരു കണ്മണിയെ....

മാധവാ നിന്നിൽ നിന്നെനിയ്ക് വേണം

മകളായാലത് മാധവിയെന്നോ....

മകനായാലത് മാധവനെന്നോ...

മനസ്സിലൊരുമോഹമിതേറെയുണ്ട് മനംമയക്കും നിൻമുഖമിതുകാണെ........"

അത് അങ്ങനെയൊരു മോഹമായിരുന്നു. എന്നാൽ പിന്നീട് ആ ഒരു മോഹം ഉണ്ടായതുമില്ല. കവിതയും ഒക്കെ മനസ്സിൽ നിന്നും വിട്ടു പോയി. വിവാഹ ശേഷവും ഞങ്ങൾക്ക് കുട്ടികൾ ഉണ്ടായില്ല. എന്നാൽ കുഞ്ഞുങ്ങൾ ഇല്ലാത്തതിന്റെ ഒരു വേദനയും എനിക്കോ വിനോദിനോ ഉണ്ടായിരുന്നില്ല. കാരണം എന്റെ സ്വഭാവം തികച്ചും കുട്ടികളെ പോലെയാണ്. എന്നെ കുട്ടികളെ നോക്കുന്നത് പോലെ വേണം നോക്കാൻ. വിനോദ് അങ്ങനെ തന്നെയാണ് എന്നെ പരിപാലിച്ചിട്ടുള്ളതും. എന്നാൽ സുഹൃത്തുക്കൾ ഒക്കെ കുട്ടികളെ കുറിച്ച് പറയുമ്പോഴും അവരുടെ വികൃതികൾ ഒക്കെ പറയുമ്പോഴും വെറുതെ ഓർക്കും. അത്തരമൊരു അനുഭവം. അങ്ങനെ ഇരിക്കെയാണ് രണ്ടു വർഷം മുൻപ് ഞങ്ങൾ തിരുവട്ടാർ ആദി കേശവ ക്ഷേത്രത്തിൽ പോയത്. എന്നെ ഏറ്റവുമധികം മോഹിപ്പിച്ച ആദികേശവ രൂപം. അവൻ ഏറെ സുന്ദരനായിരുന്നു. അന്ന് ആ രൂപം മനസ്സിൽ നിറഞ്ഞു, പിന്നീടൊരിക്കലും മായ്ഞ്ഞു പോയതേയില്ല. അതിനു ശേഷമാണ് എന്റെ സ്വപ്നത്തിലെയ്ക്ക് ഒരു ദിവസം യാതൊരു മുന്നറിയിപ്പും ഇല്ലാതെ ആദി കേശവനൊപ്പം അവൾ, മാധവിയും വന്നു കയറിയത്. പിന്നീടാണ് നിറങ്ങൾ കൊണ്ട് ഞാൻ അവൾക്ക് രൂപം നല്കിയത്.

ആദി കേശവന്റെ മാധവി?

ആദി കേശവന്റെ ഒപ്പമാണ് മാധവി ഏത് സമയവും. ഉറങ്ങുന്നത് പോലും അവനെ കെട്ടി പുണർന്നാണ്. കുട്ടിക്കാലത് ഞാൻ എങ്ങനെ ആയിരുന്നോ അങ്ങനെ തന്നെയാണ് ഇപ്പോൾ മാധവിയും. വല്ലാത്ത വികൃതി. മരം കേറി. ശരിയ്ക്കും അവൾ ഒരു പച്ചക്കുതിരയെ പോലെ ആണെന്ന് തോന്നിയിട്ടുണ്ട്. ഭാഗ്യമല്ല സന്തോഷം കൊണ്ട് തരുന്ന പച്ചക്കുതിര. അവൾ എന്നിലേയ്ക്ക് വരുന്നത് വരെ എന്നും കരയുമായിരുന്നു. എന്നാൽ അവൾ ജീവിതത്തിൽ വന്നതിനു ശേഷം ഞാൻ കരഞ്ഞിട്ടില്ല. അവൾ കണ്ടാൽ എന്ത് കരുതുമെന്ന് ചിന്തിച്ചാൽ കരച്ചിൽ വരില്ല. ഞാനിപ്പോൾ സന്തോഷവതിയാണ്. ഈ മാർച്ച് 31 നു അവൾ എല്ലാവരുടെതും ആയി മാറാൻ പോവുകയാണ്. ഇനി അവൾ എന്നോടൊപ്പം മാത്രമല്ല എല്ലാവരുടെ ഇടയിലും ഓടിക്കളിയ്ക്കും അതാണ്‌ ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷം.

മാർച്ച് 31 ലെ ചിത്രപ്രദർശനത്തിൽ മാധവി മാത്രമാണോ?

മാർച്ച് 31 തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ എഴുത്തുകാരനായ ഷൌക്കത്ത് ആണ് ചിത്ര പ്രദർശനം ഉദ്ഘാടനം ചെയ്യുന്നത്. മാധവിയുടെ തന്നെ 40 ഓളം വ്യത്യസ്ത കഥകൾ പറഞ്ഞിട്ടുള്ള ചിത്രങ്ങൾ അതിൽ ഉണ്ട്, ഒപ്പം ഞാൻ വരച്ച ചില മ്യൂറൽ ചിത്രങ്ങളും ഉണ്ട്. ഇപ്പോൾ 46 വയസ്സായി. വർഷങ്ങളായി വരയ്ക്കാൻ തുടങ്ങിയിട്ട് , എന്നാൽ ഇപ്പോഴും ആത്മവിശ്വാസം വന്നിട്ടൊന്നുമല്ല പക്ഷേ പ്രായമേറുന്നു. ഇനിയെങ്കിലും എനിക്ക് ഒരു സോളോ എക്സിബിഷൻ നടത്തണമെന്ന് ആഗ്രഹമുണ്ട്. അത് മാധവിയിലൂടെ തന്നെ അരങ്ങേറട്ടെ...

മാധവിയുടെ അച്ഛൻ?

Sujatha സുജാത വിനോദ് ശങ്കർ

അച്ഛനെ നോക്കി നില്ക്കുന്ന മാധവിയുടെ ചിത്രവും വരച്ചിട്ടുണ്ട്. ആദി കേശവനുമായി അവൾ ചേർന്ന് കിടന്നു ഉറങ്ങാറുണ്ട്. യഥാർത്ഥത്തിൽ മാധവിയുടെ അച്ഛൻ വിനോദ് തന്നെയാണ്. പക്ഷേ കഴിഞ്ഞ 7 വർഷങ്ങൾക്ക് മുൻപ് ഒരു ഹൃദയാഘാതം വന്നു വിനോദ് എന്നെയും ഈ ലോകത്തെയും വിട്ടു പോകുമ്പോൾ ഞങ്ങൾക്കിടയിൽ മാധവി ഉണ്ടായിരുന്നില്ല. ഇപ്പോൾ ഒരു ചിത്രത്തിൽ നിന്ന് അവൾ എന്നിലേയ്ക്ക് വരുമ്പോൾ അച്ഛൻ എന്ന് പറഞ്ഞു എനിക്ക് കാണിച്ചു കൊടുക്കാൻ ഒരാൾ വേണമായിരുന്നു, അതാണ്‌ ആദി കേശവൻ.

അതിശയകരമായ ജീവിതം മുന്നോട്ട്?

ഒരു ആറാമിന്ദ്രിയം പലപ്പോഴും എന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നു എനിക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ട്. പലതും എനിക്ക് നേരത്തെ തന്നെ തിരിച്ചറിയാൻ ആകുന്നുണ്ട്. പണ്ട് ഞാനും വിനോദും എറണാകുളത്ത് ആയിരുന്നപ്പോൾ രാവിലെ നടക്കാനിറങ്ങുന്നതിനായി മുറ്റത്തേയ്ക്ക് ഇറങ്ങിയപ്പോൾ എന്റെ വായിൽ നിന്ന് ഒരു വാചകം പുറത്തു വന്നു. "ഈ ഭൂമി ആകെ ഒന്ന് ചലിച്ചല്ലോ" എന്ന്. എന്നാൽ ഒന്നും അവിടെ ഉണ്ടായില്ല. പക്ഷേ പോയിട്ട് തിരികെ വന്നപ്പോൾ ഞങ്ങൾ വാർത്ത അറിഞ്ഞു, സുനാമി ഉണ്ടായ വാർത്ത. അതൊരു അതിശയമായിരുന്നു. എന്നാൽ ഇത്തരം നിരവധി അനുഭവങ്ങൾ എന്നിൽ ചുറ്റപ്പെട്ടവർക്ക് ഉണ്ടായിട്ടുണ്ട്. പണ്ട് അനുജന്റെ ക്യാമറ മോഷണം പോയത് അവൻ വീട്ടിൽ വന്നു പറയുന്നതിന് മുൻപ് തന്നെ അമ്മയെയും അച്ഛനെയും പാതിരാത്രി വിളിച്ചുണർത്തി ഞാൻ പറഞ്ഞു. പിറ്റേന്ന് രാവിലെ അവൻ വന്നു സംഭവം പറഞ്ഞപ്പോൾ അമ്മയും അച്ഛനും ഞാൻ ഇത് രാത്രിയിൽ പറഞ്ഞ കാര്യം പറഞ്ഞു അവനെ അമ്പരപ്പിച്ചു. ശരിയ്ക്കും എനിക്ക് പേടിയാണ്. ഓരോ സമയങ്ങളിൽ ബുദ്ധി പോലും അറിയാതെ നാവിൻ തുമ്പിലെയ്ക്ക് വരുന്ന ചിലവ അത് സത്യങ്ങളാകുന്നു. എനിക്കറിയില്ല, എന്താണ് ഞാനിങ്ങനെ എന്ന്. ഇത്തരം നിരവധി അനുഭവങ്ങൾ എന്നെ ചുറ്റി നിന്നവർക്ക് ഉണ്ടായിട്ടുണ്ട്. പലതും ബൌദ്ധികമായി വരുന്നതോ ചിന്തകളിൽ നിന്നും ഉരുത്തിരിഞ്ഞു വരുന്നതോ അല്ല, നാവിൻ തുമ്പിൽ വരുന്നത് അപ്പപ്പോൾ പറയുന്നു എന്നേയുള്ളൂ..

ചിത്രകലാ ജീവിതത്തെ കുറിച്ച്?

എന്റെ വീട്ടിൽ 4 സ്ത്രീകളും ഒരു അനിയനുമാണ്. പിന്നെ അച്ഛൻ, അമ്മ എല്ലാരും ആർട്ടിസ്റ്റുമാരാണ് . നന്നായി പടം വരയ്ക്കും, എഴുതും , പാടും. ഇവരിൽ ഒന്നും ചെയ്യാത്തത് ഞാൻ മാത്രമായിരുന്നു. മാത്രമല്ല എല്ലാവരും കലാകാരന്മാരാകുമ്പോൾ എനിക്ക് വേണ്ടി മാത്രം പ്രോത്സാഹനം തരാനും ആരും ഉണ്ടായിരുന്നില്ല. പിന്നീട് വിവാഹം കഴിഞ്ഞ ശേഷമാണ് ഞാൻ കലാകാരിയായത്. വാവച്ചി എന്ന് ഞാൻ വിളിയ്ക്കുന്ന വിനോദ് ആയിരുന്നു എന്നെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചത്. പിന്നീട് ഞാൻ മ്യൂറൽ പെയിന്റിംഗ് 2 വർഷം പഠിച്ചു. ആറന്മുള വാസ്തു വിദ്യാ ഗുരുകുലത്തിലെ സുരേഷ് മുതുകുളം ആയിരുന്നു മാഷ്‌. മ്യൂറൽ ചെയ്യുമ്പോൾ പരമ്പരാഗത ശൈലി നാം ഇപ്പോഴും പിന്തുടരണം. പണ്ട് മുതലേ പറഞ്ഞു വച്ചിരിയ്ക്കുന്ന ചില രീതികൾ. ഇപ്പോൾ തന്നെ ഗോപികാ വസ്ത്രാപഹരണം വരയ്ക്കുമ്പോൾ രാധയ്ക്കു മാത്രം വെളുത്ത ഉടൽ നിറം കൊടുക്കാം, മറ്റു ഗോപികമാർക്ക് വെളുപ്പില്ല. എന്നാൽ എന്റെ എല്ലാ മ്യൂറൽ ചിത്രങ്ങളിലും ഞാൻ എന്നെ തന്നെ ചേർത്ത് വയ്ക്കാറുണ്ട്. അതിനാൽ രാധയോടൊപ്പം ഒരു ഗോപിക കൂടി വെളുത്തിരിയ്ക്കും. അത് ഞാൻ തന്നെയാണ്. അതിനാൽ തീർത്തും പരമ്പരാഗതമായ ശൈലിയെ അത്തരത്തിൽ എന്റേതായ രീതിയിൽ അതിനോട് ചേർത്ത് വയ്ക്കൽ നടത്താറുണ്ട്‌.

കൃഷ്ണനാണോ എല്ലാം?

മാധവൻ എന്റെ മാധവിയുടെ ഏറ്റവും അടുത്ത ചങ്ങാതി ആണ്. മാധവൻ ഇല്ലാതെ മാധവി ഇല്ല. മാധവന്റെ പെൺരൂപമാണ്‌  മാധവി എന്നും പറയാം. തമ്മിൽ ഇണ പിരിയാത്തവർ.പെയിന്റിംഗ് പഠനത്തിന്റെയും പഠിപ്പിക്കലിന്റെയും ഭാഗമായി ക്ഷേത്രങ്ങളിലൊക്കെ പോകാറുണ്ട്. എന്നാൽ ഇതുവരെ ഗുരുവായൂർ ക്ഷേത്രത്തിൽ പോയിട്ടില്ല. ഞാൻ പണ്ടേ തീരുമാനം എടുത്തതാണ്, അവിടെ പോകില്ലെന്ന്. യേശുദാസിനെ  കയറ്റാത്ത, മതം നോക്കി വിശ്വാസികളെ കയറ്റുന്ന ക്ഷേത്രത്തിൽ എനിക്കും കയറണ്ട. അതിനാൽ അവിടെ അടുത്തുള്ള ഗുരുവായൂരപ്പൻ കോളേജിലെ മ്യൂറൽ ക്ലാസിൽ പോലും ഞാൻ പോയിട്ടില്ല. കാരണം കോളേജിൽ പോയാൽ തൊട്ടടുത്തുള്ള ക്ഷേത്രത്തിൽ എനിക്ക് പോകേണ്ടി വരും. എനിക്ക് വയ്യ. ഒരിക്കൽ ഞാനൊരു സ്വപ്നം കണ്ടു, കൃഷ്ണന്റെ ചിത്രങ്ങൾ നിറയെ, അതിലൊക്കെ കൃഷ്ണ കുമാർ എന്ന ഒപ്പും. ഞാൻ സുരേഷ് മാഷിനെ വിളിച്ചു ആരാണ് കൃഷ്ണകുമാർ എന്ന് അന്വേഷിച്ചു. അദ്ദേഹമാണ് പറഞ്ഞത് ഗുരുവായൂരപ്പൻ കോളേജിലെ പ്രിൻസിപ്പൽ ആണെന്ന്. ഞാൻ അദ്ദേഹത്തിന്റെ നമ്പർ എടുത്തു അദ്ദേഹത്തെ വിളിച്ചു. എന്തോ എനിക്കങ്ങനെ തോന്നി. ഞാൻ വിളിച്ചു ഈ സംഭവം പറഞ്ഞപ്പോൾ അദ്ദേഹം എന്നോട് ആദ്യം പറഞ്ഞത്, "സുജാത ഞാനൊരു പട്ടാമ്പിക്കാരനാണ്, പക്ഷേ ഞാനിപ്പോൾ തിരുവനതപുരത്ത് സുജാതയുടെ നഗരത്തിലുണ്ട്." അങ്ങനെ ഞങ്ങൾ കണ്ടു. അദ്ദേഹം വരച്ച ചിത്രങ്ങൾ കാണിച്ചു. ഞാൻ കണ്ടത് പോലെ കൃഷ്ണന്റെ ചിത്രങ്ങൾ. ഗുരുവായൂരപ്പന്റെ ചിത്രങ്ങൾ. കാണാൻ ചെന്നില്ലെങ്കിലും എനിക്ക് വേണ്ടി കൊടുത്തയച്ചത്‌ പോലെ. അതിനാൽ ഞാൻ അദ്ദേഹത്തോട് പറഞ്ഞത് താങ്കൾ എന്റെ അതിഥി അല്ല, മറിച്ചു എന്റെ മാധവന്റെ അതിഥി ആണെന്നായിരുന്നു. 

സുജാത എന്ന ആർട്ടിസ്റ്റ് അലൗകികതയിൽ വിശ്വസിക്കുന്നോ?

എന്നെ പരിചയപ്പെട്ടവർ ചോദിക്കും, നിനക്ക് ഭ്രാന്താണോ എന്ന്. മറ്റുള്ളവരുടെതിൽ നിന്ന് വ്യത്യസ്തമായി ഉള്ള ചിന്ത ഉള്ളത് കൊണ്ടാണല്ലോ ഞാൻ ഭ്രാന്തിയാകുന്നത്. അതിൽ എനിക്ക് പരിഭവം ഒന്നുമില്ല. ഞാൻ ഇങ്ങനെയാണ്. പല അനുഭവങ്ങളും എനിക്ക് അത്തരത്തിൽ ഉണ്ട് താനും. എന്റെ വീട്ടിൽ ഇപ്പോൾ ഞാൻ മാത്രമാണ് താമസം, പക്ഷേ വീട് നിറയെ ആൾക്കാരാണ്. അതിൽ ഏറ്റവും ബഹളം ഉണ്ടാക്കുന്നത് മാധവി തന്നെ. പിന്നെ കുഞ്ഞു എന്ന് ഞാൻ വിളിയ്ക്കുന്ന ഗണപതി. ഒരു ഗണപതി പ്രതിമയാണ്. എന്റെ പെയിന്റിംഗ് വിദ്യാർത്ഥികളുടെ എക്സിബിഷന് മുൻപ് അവർ കാർഡു കൊണ്ട് തന്നപ്പോൾ അത് ഞാൻ വാങ്ങിപ്പിച്ചത് കുഞ്ഞുവിനെ കൊണ്ടാണ്. അവന്റെ അനുഗ്രഹമാണ് അവർക്ക് വേണ്ടത്. അതിനാൽ ആയിരുന്നു അങ്ങനെ ചെയ്തത്. കുഞ്ഞും മാധവിയും ഒക്കെ ഉണ്ടെങ്കിൽ ഈ വീട്ടിൽ എപ്പോഴും ബഹളമാണ്. കുഞ്ഞുവും മാധവിയുടെ ഒപ്പം കുറുമ്പ് കാട്ടി നടക്കുന്ന ആളാണ്‌. എനിക്ക് അവനെയും വലിയ ഇഷ്ടമാണ്. എന്നെ അറിയുന്നവർക്ക് ഒക്കെ അറിയാം എന്റെ ഇത്തരം "ഭ്രാന്തുകൾ" .ഇതൊരു എസ്കേപിസം ആണോ എനിക്കറിയില്ല. പക്ഷേ അന്ധമായി ഭക്തിയില്ല എനിക്ക് , എന്നാൽ അവരൊക്കെ എന്നോടൊപ്പം ഉണ്ടെന്ന തോന്നൽ ഉണ്ട്.

സുജാതയ്ക്ക് മാത്രമായ അനുഭൂതികൾ?

വിനോദ് മരിച്ചതിനു ശേഷം കഴിഞ്ഞ 7 വർഷമായി എല്ലാ വർഷവും ജൂലൈ മാസത്തിൽ എന്നെ തേടി ഒരു സുഗന്ധം വരും. ഞാൻ എവിടെ താമസിയ്ക്കുന്നോ അവിടെ ഒരു 1314 ദിവസത്തേയ്ക്ക് ആ ഗന്ധം എന്നോടൊപ്പം ഉണ്ടാകും. എനിക്ക് അത് ഏതു ഗന്ധമാണെന്ന് പറയാൻ അറിയില്ല. പക്ഷേ എന്ത് ചെയ്താലും പോകാതെ ആ ഗന്ധം എന്നോടൊപ്പം ഉണ്ടാവും. എന്നാൽ മറ്റാർക്കും ആ ഗന്ധം അനുഭവപ്പെടുകയുമില്ല. ഒരിക്കൽ ഞാൻ ഡോക്ടറോട് ഇതേ കുറിച്ചു സംസാരിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, ശാരീരികമായ ചില രാസമാറ്റങ്ങളുടെ ഫലം ആകാമെന്ന്. ആവോ ആയിരിക്കാം. എനിക്കറിയില്ല . ഗൂഗിൾ ചെയ്തപ്പോൾ സൈനസിന്റെ തകരാറ് കൊണ്ടും ഇങ്ങനെ ഉണ്ടാകാം എന്നുണ്ട്. പക്ഷേ ഒരു മാസത്തിൽ കുറച്ചു ദിവസങ്ങൾ മാത്രം അങ്ങനെ അനുഭവപ്പെടുമോ? ചിലതിനൊന്നും എന്റെ കയ്യിൽ ഉത്തരങ്ങൾ ഇല്ല.

സോഷ്യൽ മീഡിയയിലെ സുഹൃത്തുക്കൾ?

Sujatha സുജാത വരച്ച ചിത്രങ്ങൾ

എനിക്ക് കുറെ സുഹൃത്തുക്കൾ സോഷ്യൽ മീഡിയയിൽ ഉണ്ട്. അവരൊക്കെയും മാധവിയെ ഏറെ ഇഷ്ടപ്പെടുന്നവരുമാണ്. എന്റെ മകൾ ആയി തന്നെ അവർ അവളെ അംഗീകരിച്ചിരിയ്ക്കുന്നു. അവളുടെ ചിത്രങ്ങളെ കാണുവാൻ ആഗ്രഹിക്കുന്നു.

എഴുത്തും ഉണ്ടല്ലോ?

അച്ഛൻ മരിച്ച സമയത്ത് കുറെ കവിതകൾ എഴുതിയിരുന്നു. ഇപ്പോൾ അങ്ങനെ കവിതയെഴുത്ത് ഒന്നുമില്ല. കുറച്ചു സംഗീതം കയ്യിലുണ്ട്, എഴുത്ത് കയ്യിലുണ്ട്. പക്ഷേ ഇപ്പോഴും ഒപ്പം ഉള്ളത് എന്റെ നിറങ്ങളാണ്. മ്യൂറൽ പെയിന്റ്സ് ആണ് കൂടുതലും ചെയ്യുക. പിന്നെ സാരികളിൽ വരയ്ക്കാനുള്ള ഓർഡറുകൾ നിരവധി ലഭിക്കുന്നുണ്ട്. സങ്കടം ഏറെ വന്നാൽ ഞാൻ നന്നായി ഉറങ്ങും. വിനോദ് മരിച്ചു കഴിഞ്ഞ് ഏതാണ്ട് 13 ദിവസം ഞാൻ നന്നായി ഉറങ്ങി, പിന്നീട് അത്യാവശ്യമായി ഒരു ജോലി ചെയ്യേണ്ടി വന്നു, അതിനു ശേഷം പിന്നീട് എല്ലാ ദിവസവും എന്റെ കയ്യിൽ ബ്രഷും നിറങ്ങളും ഉണ്ടാകും. അതില്ലാതെ വയ്യ. അത് തന്നെയാണ് എന്റെ സന്തോഷവും സമാധാനവും. മാർച്ച് 31 അതിന്റെ സാർത്ഥക ദിനവുമാണ്.

Your Rating: