Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡൈവോഴ്സിനെക്കുറിച്ച് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുള്ളവർ ഇതു വായിക്കുക

Couple Representative Image

ഓരോ മണിക്കൂറിലും കേരളത്തിൽ കുറഞ്ഞത് അഞ്ചു ദമ്പതികളെങ്കിലും വിവാഹബന്ധം വേർപെടുത്തുന്നു എന്ന കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. ഇന്ത്യയുടെ വിവാഹമോചന തലസ്ഥാനമായി കേരളം മാറുമ്പോൾ ഒന്നാമത്തെ ഡൈവോഴ്സ് എന്നതിനപ്പുറം, രണ്ടാമത്തെയും മൂന്നാമത്തെയും ഡൈവോഴ്സ് എന്നതിലെത്തി നിൽക്കുന്നു കേരളത്തിലെ പുതിയ ട്രെൻഡ്.

ബന്ധുക്കളുടെ ഇടപെടൽ, ദാമ്പത്യത്തിലെ വിശ്വസ്തതയില്ലായ്മ, ജോലി സ്ഥലത്തെയും പുറത്തെയും വിവാഹേതര ബന്ധങ്ങൾ, ജോലിക്കു കൂടുതൽ പ്രാധാന്യം നൽകൽ, ഓൺലൈൻ ബന്ധങ്ങൾ, അമിതമായ മദ്യപാനം, മയക്കുമരുന്നിന്റെ ഉപയോഗം, മേൽക്കോയ്മാ മനോഭാവം, പങ്കാളിയുടെ മാതാപിതാക്കളുമായുള്ള സ്വരച്ചേർച്ചയില്ലായ്മ, ലൈംഗിക ജീവിതത്തിലെ പരാജയം, ലൈംഗിക വൈകൃതങ്ങൾ, ലൈംഗികത നിഷേധിക്കൽ, മാനസികരോഗം, ശാരീരികമായ പീഡനം, തീരുമാനങ്ങളെടുക്കുമ്പോൾ പങ്കാളിയെ അറിയിക്കാതിരിക്കൽ, ലെസ്ബിയനിയം, ഹോമോ സെക്ഷ്വാലിറ്റി, പങ്കാളിയുടെ കഴിവുകളെയും നേട്ടങ്ങളെയും അംഗീകരിക്കാതിരിക്കൽ, പങ്കാളി തന്നേക്കാൾ ഉയർന്ന സ്ഥാനത്താണ് എന്ന തോന്നൽ, ഒട്ടുംതന്നെ സ്വാതന്ത്ര്യം നൽകാതിരിക്കൽ തുടങ്ങി പങ്കാളിയുടെ ശുചിത്വമില്ലായ്മ വരെയുള്ള കാരണങ്ങളാണ് ഇന്നു കേരളത്തിലെ വിവാഹമോചനക്കേസുകൾക്കു പിന്നിലുള്ളത്.

സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയുമൊക്കെ വിവാഹമോചന വാർത്ത കേൾക്കുമ്പോള്‍ നിങ്ങളും ഭയക്കാറില്ലേ എന്നെങ്കിലും നിങ്ങളുടെ വിവാഹജീവിതവും മോചനത്തിന്റെ വക്കിലെത്തുമോ എന്ന്? വിവാഹമോചനക്കേസുകളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുമ്പോൾ വിവാഹമോചനം ഒഴിവാക്കുവാനും തകർച്ചയുടെ വക്കിലെത്തി നിൽക്കുന്ന കുടുംബജീവിതം ഭദ്രമാക്കുവാനും, ദാമ്പത്യത്തിലെ ഊഷ്മളത കാത്തുസൂക്ഷിക്കുവാനും ദമ്പതികളെ സഹായിക്കുന്ന ആശയമാണ് ‘ലൗ ബാങ്ക് അക്കൗണ്ട്’. അമേരിക്കയിലെ പ്രശസ്ത സൈക്കോളജിസ്റ്റും, ട്രെയ്നറുമായ ഡോ. വില്യം എഫ്. ഹാർലി ജൂനിയറാണ് ഈ ആശയം ആദ്യമായി അവതരിപ്പിച്ചത്.

വിവാഹജീവിതത്തിലെ പൊരുത്തക്കേടുകളുമായി തന്നെ സമീപിക്കുന്ന ദമ്പതികൾക്ക് പ്രായോഗിക പരിഹാരം നൽകുവാന്‍ ആദ്യ കാലഘട്ടങ്ങളിൽ ഡോ. ഹാർലിക്ക് കഴിഞ്ഞിരുന്നില്ല. തന്റെ കൗൺസലിംഗിനു ശേഷവും പലരുടെയും ജീവിതം താറുമാറാകുന്ന കാഴ്ചയാണ് ഇദ്ദേഹത്തിനു കാണുവാനായത്. അങ്ങനെയിരിക്കെയാണ് കല്യാണം കഴിച്ചിട്ടും അസംതൃപ്തരായിരിക്കുന്നവർക്കും, ഡൈവോഴ്സിന്റെ വക്കിലെത്തി നിൽക്കുന്നവർക്കുമായി നിത്യജീവിതത്തിൽ പ്രയോഗിക്കുവാൻ സാധിക്കുന്ന ‘ലൗ ബാങ്ക്’ എന്ന പ്രാക്ടിക്കൽ ഐഡിയ രൂപപ്പെടുത്തിയെടുക്കുന്നത്. അമേരിക്കയിലും മറ്റു പാശ്ചാത്യ രാജ്യങ്ങളിലും വിവാഹ മോചനത്തിന്റെ വക്കിലെത്തി നിന്നിരുന്ന നിരവധി ദമ്പതികളെ സ്നേഹത്തിന്റ സമൃദ്ധിയിലേക്ക് നയിക്കാൻ ഡോ. ഹാർലിയുടെ ഈ ആശയത്തിനായി.

Couple Representative Image

എന്താണ് ‘ലൗ ബാങ്ക്’

‘ലൗ ബാങ്ക്’ എന്നത് പങ്കാളിയിൽ നിന്നും ലഭിക്കുന്ന സ്നേഹം അളക്കുവാനുള്ള ഒരു സാങ്കൽപിക അക്കൗണ്ടിംഗ് സിസ്റ്റമാണ്. എല്ലാ പങ്കാളികൾക്കിടയിലും ഈ അക്കൗണ്ട് നിലനിൽക്കുന്നുണ്ടെന്ന് ഡോ. ഹാർലി വ്യക്തമാക്കുന്നു. നമ്മൾ ബാങ്ക് അക്കൗണ്ടിൽ പണം നിക്ഷേപിച്ചാൽ മാത്രമെ നമുക്ക് പണം പിൻവലിക്കുവാനും പറ്റൂ എന്നു പറയുന്നതു പോലെ ‘ലൗ ബാങ്ക്’ അക്കൗണ്ടിലേക്ക് സ്നേഹം നിക്ഷേപിച്ചെങ്കിൽ മാത്രമെ സ്നേഹം പിൻവലിക്കുവാനും സാധിക്കുകയുള്ളൂവെന്നാണ് ഡോ. ഹാർലിയുടെ അഭിപ്രായം.

ചിലയാളുകൾ സീറോ ബാലൻസ് അക്കൗണ്ട് പോലെയാണ്. ഒന്നും നിക്ഷേപിക്കാറില്ല. അതുകൊണ്ടുതന്നെ സ്നേഹം കിട്ടണമെന്ന് ആഗ്രഹിച്ചാലും അതു പലപ്പോഴും നടക്കാറില്ല. മറ്റു ചിലര്‍ എപ്പോഴും സ്നേഹം പിൻവലിച്ചു കൊണ്ടേയിരിക്കും. ഒരിക്കലും സ്നേഹം നിക്ഷേപിക്കാന്‍ തയ്യാറാവുകയുമില്ല. ഇത്തരം ബന്ധങ്ങൾ തകർച്ചയിലേക്കാണു നീങ്ങുന്നത്.

ഭാര്യയ്ക്കും ഭർത്താവിനുമിടയിലുള്ള സ്നേഹത്തെ ഒരു ബാങ്ക് അക്കൗണ്ടിനോടു തുലനം ചെയ്യുന്നതിനൊപ്പം എങ്ങനെ ഈ അക്കൗണ്ടിലെ ബാലൻസ് വർദ്ധിപ്പിക്കാം എന്നതിലും അദ്ദേഹം വ്യക്തമായ മാർഗ്ഗനിർദ്ദേശം നൽകുന്നുണ്ട്.

ഓർക്കുന്നില്ലേ? ആ പ്രണയകാലം

പ്രണയകാലഘട്ടത്തിൽ പലരും പങ്കാളിയുടെ വൈകാരികമായ ആവശ്യങ്ങൾ സാധിച്ചു കൊടുക്കുവാൻ തയ്യാറാകുന്നു. പങ്കാളിക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കുക, അവർക്കു സമ്മാനങ്ങൾ വാങ്ങി നൽകുക, അവരെയും കൊണ്ടു പാർക്കിലും ഐസ്ക്രീം പാർലറിലും റസ്റ്റോറന്റിലും പോകുക, അവരെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നു തുടങ്ങി എങ്ങനെ പങ്കാളിയെ സന്തോഷിപ്പിക്കണം എന്നതിലായിരിക്കും പലരുടെയും ശ്രദ്ധ. ‘നീയിട്ടിരിക്കുന്ന ഈ കമ്മൽ കാണാൻ എന്തു ഭംഗിയാണ്’ എന്നു പറഞ്ഞ് ചെറിയ കാര്യങ്ങൾക്കു പോലും നിങ്ങൾ അവളെ അഭിനന്ദിക്കും. എന്നാൽ കുറച്ചുകാലം കഴിയുമ്പോൾ ഈയവസ്ഥയ്ക്കു മാറ്റം വരുന്നു. ഭാര്യ – ഭർത്താവ് എന്നീ റോളികളിലേക്കെത്തുമ്പോൾ ഇങ്ങനെയൊക്കെ ചെയ്യേണ്ട കാര്യമില്ലെന്നു പറഞ്ഞു പലരും സീരിയസ്സാകുന്നു. പങ്കാളിയുടെ വൈകാരികമായ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിൽ പലരും പരാജയപ്പെടുകയും സ്നേഹത്തിന്റ ഊഷ്മളത നഷ്ടമാകുകയും ചെയ്യുന്നു. നമ്മുടെ ആ പ്രണയകാലത്തേക്ക് ഒരു തിരിച്ചു വരവു നടത്താൻ ലൗ ബാങ്ക് എന്ന ആശയം നമ്മെ സഹായിക്കുന്നു.

Couple Representative Image

ലൗ ബാങ്ക് നിക്ഷേപം എങ്ങനെ വളർത്താം

നിങ്ങളുടെ പങ്കാളിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾ ചെയ്യുമ്പോൾ ഈ സാങ്കൽപിക അക്കൗണ്ടിൽ നിങ്ങൾ നിക്ഷേപം നടത്തുകയാണു ചെയ്യുന്നത്. ഉദാഹരണത്തിന്, ഒരിക്കലും അടുക്കളയില്‍ ഭാര്യയെ സഹായിക്കാത്ത നിങ്ങൾ അടുക്കള ജോലിയിൽ ഭാര്യയെ സഹായിക്കുന്നുവെങ്കിൽ ലൗ ബാങ്ക് അക്കൗണ്ടിൽ നിങ്ങളൊരു നിക്ഷേപം നടത്തിക്കഴിഞ്ഞു. ഇനി കുടുംബത്തിനൊപ്പം വൈകിട്ട് ഡിന്നർ കഴിക്കാൻ ഒരു നല്ല റസ്റ്റോറന്റിൽ പോകാം എന്നു നിങ്ങൾ വാക്കു കൊടുത്തിട്ട്, വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം ബാറിലിരിക്കുകയാണെങ്കിൽ ലൗ ബാങ്ക് അക്കൗണ്ടിൽ നിന്നും പിൻവലിക്കലാണ് നിങ്ങൾ നടത്തിയിരിക്കുന്നത്.

മറ്റൊരാൾ (നമ്മുടെ ജീവിതപങ്കാളി) നമ്മുടെ ലൗ അക്കൗണ്ടിൽ കൂടുതൽ നിക്ഷേപം നടത്തുമ്പോഴാണു നമുക്കു സ്നേഹം തോന്നുന്നത്. ഈ നിക്ഷേപത്തിന്റെ അളവ് കൂടിയിരിക്കുന്തോറും സ്നേഹത്തിന്റ അളവും കൂടും. എന്നാൽ പങ്കാളികൾക്കിടയിലെ ലൗ ബാങ്ക് നിക്ഷേപത്തിന്റെ അളവ് ശരാശരിയും കുറഞ്ഞിരിക്കുമ്പോൾ പങ്കാളിയോടുള്ള സ്നേഹം പതിയെ നഷ്ടപ്പെടുവാൻ തുടങ്ങുന്നു.

ലൗ ബാങ്ക് അക്കൗണ്ട് കുറയുന്നതെപ്പോൾ?

നമ്മുടെ ജീവിതപങ്കാളിക്ക് ഒരിക്കലും ഇഷ്ടപ്പെടാത്ത കാര്യങ്ങൾ നാം ചെയ്യുമ്പോൾ നിങ്ങൾക്കും പങ്കാളിക്കുമിടയിലുള്ള ലൗ ബാങ്കിലെ നിക്ഷേപം കുറഞ്ഞു കൊണ്ടിരിക്കും.

ആറു കാര്യങ്ങളാണ് ലൗ ബാങ്ക് അക്കൗണ്ടിലെ ബാലൻസ് കുറയുന്നതിന് പ്രധാനമായും കാരണമാകുന്നത്. പങ്കാളി തലവേദനയോ, ശാരീരിക അസ്വസ്ഥതകളോ ആയിരിക്കുമ്പോൾ ലൈംഗിക ബന്ധത്തിനു നിർബന്ധിക്കുന്നതു പോലുള്ള സ്വാർത്ഥത നിറഞ്ഞ ആവശ്യങ്ങൾ, മറ്റുള്ളവരെ വെറുപ്പിക്കുന്ന രീതിയിലുള്ള പെരുമാറ്റം (ഉദാഹരണത്തിന് എന്തു ചെയ്തു കൊടുത്താലും കുറ്റം മാത്രം പറയുക), അകാരണമായ ദേഷ്യം, ജീവിതപങ്കാളിയെയും അവരുടെ കുടുംബത്തെയും കുറിച്ചു മോശമായി സംസാരിക്കുക, സത്യസന്ധതയില്ലായ്മ (വിവാഹേതര ബന്ധങ്ങൾ, പല കാര്യങ്ങളും മറച്ചു വയ്ക്കുന്ന ശീലം), പങ്കാളിയോട് ആലോചിക്കുക പോലും ചെയ്യാതെ ഒറ്റയ്ക്കു തീരുമാനമെടുക്കുക എന്നിവയാണവ. വിവാഹ മോചനത്തിലേക്ക് കാര്യങ്ങൾ എത്തിക്കുന്നതിൽ ഈ ആറു കാര്യങ്ങൾ പ്രധാന പങ്കുവഹിക്കുന്നുണ്ട് എന്നാണ് ഡോ. ഹാർലിയുടെ വിലയിരുത്തൽ.

ലൗ ബാങ്ക് ഹേറ്റ് ബാങ്ക് (Hate Bank) ആകുന്നതെപ്പോൾ?

നമ്മൾ നിക്ഷേപിച്ചതിലധികം പിൻവലിക്കുകയാണെങ്കിൽ ലൗ ബാങ്ക് സാവധാനം ഒരു ഹേറ്റ് ബാങ്ക് (Hate Bank) ആയി മാറുന്നു. ഇത്തരമവസ്ഥയിലാണ് ഒരു ബെഡിൽ രണ്ടു മനസ്സുമായി കഴിയേണ്ടി വരുന്നത്.

Couple sitting on the couch Representative Image

ലൗ ബാങ്ക് അക്കൗണ്ട് എങ്ങനെ വർദ്ധിപ്പിക്കാം

നിങ്ങളുടെ പങ്കാളിയുടെ വൈകാരിക ആവശ്യങ്ങൾ എന്തൊക്കെയെന്നു മനസ്സിലാക്കി ആ ആവശ്യങ്ങൾ സാധിച്ചു കൊടുക്കുവാൻ ഒരു പങ്കാളിയെന്ന നിലയിൽ നിങ്ങൾക്കു സാധിക്കണം. ചിലയാളുകൾക്ക് പങ്കാളിയുമായി കൂടുതൽ നേരം വെറുതെ സംസാരിച്ചിരിക്കണം. മറ്റു ചിലരുടെ ആവശ്യം വീട്ടുജോലിയിലുള്ള സഹായമോ, സാമ്പത്തികമായ പിന്തുണയോ ആകാം. മറ്റു ചിലർ പ്രാധാന്യം കൊടുക്കുന്നത് ലൈംഗിക സംതൃപ്തിക്കും, കാഴ്ചയ്ക്കുള്ള ഭംഗിക്കുമാണ്.

സ്ത്രീയുടെയും പുരുഷന്റെയും വൈകാരിക ആവശ്യങ്ങൾ വ്യത്യസ്തമാണ്. ലൈംഗിക സംതൃപ്തി, വീട്ടുജോലിയിലുള്ള മികവ്, കാഴ്ചയ്ക്കു സുന്ദരിയായ പങ്കാളി, വീട്ടിൽ ലഭിക്കുന്ന ബഹുമാനവും, അംഗീകാരവും തുടങ്ങിയ കാര്യങ്ങൾക്ക് പുരുഷൻ പ്രാധാന്യം നൽകുമ്പോൾ സത്യസന്ധത, കുടുംബത്തോടുള്ള കരുതൽ, സാമ്പത്തിക പിന്തുണ, വാത്സല്യം, സംസാരം തുടങ്ങിയവയ്ക്കൊക്കെയാണു സ്ത്രീകൾ പ്രാധാന്യം കൊടുക്കുന്നത്.

പങ്കാളിക്കുവേണ്ടി കുറഞ്ഞത് 15 മണിക്കൂറെങ്കിലും നീക്കി വയ്ക്കുവാൻ നിങ്ങൾക്കു കഴിയണം. പങ്കാളിയുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനു വേണ്ടിയായിരിക്കണം ഈ സമയം ചിലവഴിക്കേണ്ടത്.

പരസ്പരം ശ്രദ്ധ കൊടുക്കാതിരിക്കുന്നതാണ് പലരുടെയും വിവാഹജീവിതത്തെ താറുമാറാക്കുന്ന ഒന്നാമത്തെ ഘടകം. കേരളത്തിൽ ഏറ്റവും കൂടുതൽ വിവാഹമോചനം നടക്കുന്നത് ജീവിത തിരക്കുകളുള്ള കൊച്ചിയിലാണ്. ഏറ്റവും കുറവാകട്ടെ, ജീവിത തിരക്കു കുറഞ്ഞ, കാര്‍ഷികമേഖലയെ ആശ്രയിച്ചു കഴിയുന്ന വയനാട്ടിലും. ജോലി ഒന്നാമത്തെ ഭാര്യയും, ഭർത്താവുമായി മാറുമ്പോൾ വിവാഹജീവിതത്തിന്റെയും താളം തെറ്റുന്നു. ജീവിതത്തിലെ മുൻഗണനകളിൽ കുടുംബത്തിന് എപ്പോഴും ഒന്നാംസ്ഥാനം നൽകുകയാണ് ഇതിനൊരു പോംവഴി.

വിവാഹ ജീവിതത്തിൽ സത്യസന്ധത പുലർത്തുന്നതും ലൗ ബാങ്ക് അക്കൗണ്ട് വർദ്ധിപ്പിക്കുന്നതിന് കാരണമാകുമെന്ന് ഡോ. ഹാർലി ചൂണ്ടിക്കാണിക്കുന്നു. അഭിനയവും പൊള്ളയായ പെരുമാറ്റവും പങ്കാളിക്ക് എളുപ്പത്തിൽ മനസ്സിലാകുമെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. ലൗ ബാങ്ക് അക്കൗണ്ടിലെ ബാലൻസ് സൂചിപ്പിക്കുവാൻ രണ്ട് നിറങ്ങളാണുള്ളത്. കറുപ്പുനിറം സംതൃപ്തമായ ലൗ ബാങ്ക് അക്കൗണ്ടിനെ സൂചിപ്പിക്കുന്നു. ചുവപ്പുനിറം അസംതൃപ്തമായ ദാമ്പത്യ ബന്ധത്തെയും.

വിവാഹത്തിന്റെ ആദ്യനാളുകളിൽ പലരുടെയും ദാമ്പത്യബന്ധം ഊഷ്മളമായിരിക്കും. ഇതിനു കാരണം തങ്ങളുടെ ഏറ്റവും നല്ല പെരുമാറ്റം പുറത്തിറക്കുവാൻ ഇരുപങ്കാളികളും അപ്പോൾ ശ്രമിക്കുമെന്നതാണ്. ഈ ഘട്ടത്തിൽ ലൗ ബാങ്ക് അക്കൗണ്ട് കറുപ്പു നിറത്തിലായിരിക്കും. രണ്ടുപേർക്കും ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യുമ്പോഴാണ് രണ്ടുപേരുടെയും ലൗ ബാങ്ക് അക്കൗണ്ടിലെ സ്കോർ ഉയരുന്നത്.

ഉദാഹരണത്തിന്, ഭാര്യ ഇഷ്ടപ്പെട്ട ചാനൽ കണ്ടുകൊണ്ടിരിക്കുമ്പോൾ ഭർത്താവു വന്നു ചാനൽ മാറ്റുകയാണെങ്കിൽ ഭർത്താവ് ലൗ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപത്തിന് പകരം പിൻവലിക്കലാണ് നടത്തിയിരിക്കുന്നത്. ലൗ ബാങ്ക് അക്കൗണ്ടിൽ ചെറിയ പിൻവലിക്കലുകളും വലിയ പിൻവലിക്കലുകളുമുണ്ട്. ചെറിയ പിൻവലിക്കലുകള്‍ കുറേ സമയം കൊണ്ടാണ് ലൗ ബാങ്ക് അക്കൗണ്ടിനെ ചുവപ്പിലെത്തിക്കുന്നതെങ്കിൽ അവിഹിത ബന്ധങ്ങൾ പോലുള്ള വലിയ പിൻവലിക്കലുകൾ പെട്ടെന്നു തന്നെ ലൗ ബാങ്കിനെ കാലിയാക്കും.

നിങ്ങളുടെ ലൗ ബാങ്കിൽ പ്രശ്നങ്ങളുണ്ടെങ്കിൽ ആദ്യമേ ചെയ്യേണ്ട കാര്യം പങ്കാളിയെ വെറുപ്പിക്കുകയും, അലോസരപ്പെടുത്തുകയും ചെയ്യുന്ന കാര്യങ്ങൾ ഒഴിവാക്കുക എന്നതാണ്. ഉദാഹരണത്തിനു നിങ്ങൾ വീട്ടിൽ താമസിച്ചാണു വരുന്നതെങ്കിൽ ആ വിവരം ഫോണിൽ വിളിച്ചു പറയാതിരിക്കരുത്. ഇതത്ര വലിയ കാര്യമായി നിങ്ങൾക്കു തോന്നാറില്ലായിരിക്കാം. എന്നിരുന്നാലും വെറുതെ വഴക്കിനു നിൽക്കാതെ, പങ്കാളിയെ അലോസരപ്പെടുത്താതെ ആ വിവരം ഫോണിൽ വിളിച്ചു പറയുക. ഒപ്പം ബോധപൂർവ്വം പങ്കാളിക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നതിലൂടെ നിങ്ങളുടെ പങ്കാളിയുടെ അക്കൗണ്ടിൽ പരമാവധി നിക്ഷേപം നടത്താൻ ശ്രമിക്കുക. ഒരുമിച്ചു യാത്ര പോകുന്നതും, നടക്കാൻ പോകുന്നതും, സിനിമയ്ക്കു പോകുന്നതും, ശാരീരികവും മാനസികവുമായി പങ്കാളിയെ തൃപ്തിപ്പെടുത്തുന്നതുമൊക്കെ ഇത്തരത്തിൽ നിങ്ങൾക്കിടയിലെ ലൗ ബാങ്ക് അക്കൗണ്ട് ബാലൻസ് വർദ്ധിപ്പിക്കുന്നതിനു സഹായകരമാണ്.

അങ്ങനെ പ്രശ്നങ്ങൾ ഒഴിവാക്കി ദാമ്പത്യബന്ധം കൂടുതൽ ഊഷ്മളമാക്കുവാൻ തീർച്ചയായും നിങ്ങൾക്കു സാധിക്കും.


ഇന്റർനാഷണൽ മോട്ടിവേഷണൽ സ്പീക്കറും, സൈക്കോളജിസ്റ്റും, ബെസ്റ്റ് സെല്ലറുകളായ ഇരുപത്തഞ്ചോളം മോട്ടിവേഷണൽ പുസ്തകങ്ങളുടെ രചയിതാവുമാണ് ലേഖകൻ.
ഫോൺ – 9447259402