Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാതൽ അന്നും ഇന്നും

Love

മഹാനഗരങ്ങൾക്ക് ഉയിരേകുന്ന ലോക്കൽ ട്രെയിൻ. പുറത്തു കലമ്പൽകൂട്ടുന്ന ആൾക്കൂട്ടം. നടുവിൽ പ്രണയപ്പനി ബാധിച്ച രണ്ടുപേർ. രണ്ടു നഗരങ്ങളിലൂടെ, രണ്ടു കാലങ്ങളിലൂടെ അവർ സഞ്ചരിക്കുന്നു. ഈ റയിൽ ദൂരങ്ങൾക്കിടയിൽ അപ്പോൾ തെളിഞ്ഞുവരുന്നു, പ്രണയത്തിന്റെ രണ്ടു പ്രപഞ്ചങ്ങൾ.

വർഷം - 2000 , അലൈ പായുതേ

ചെന്നൈ. താംബരം സ്റ്റേഷൻ. ട്രെയിനിന്റെ വാതിൽക്കൽ അവളുടെ രൂപം തെളിയുന്നതും കാത്ത് അക്ഷമയോടെ അയാൾ – കാർത്തിക്. ആദ്യാനുരാഗവിവശനായി ശക്തിയെ പിന്തുടരുകയാണവൻ. എന്നെ ഇഷ്ടപ്പെടണമെന്നു ഞാൻ പറയുന്നില്ല, എങ്കിലും എനിക്ക് ഇഷ്ടപ്പെടാമല്ലോ എന്ന മട്ട്. പരിഭ്രമവും വേവലാതിയുമായിരുന്നു അവളുടെ കണ്ണുകളിൽ നിറയെ. വീടും വീട്ടുകാരുമുള്ള കമിതാക്കളായിരുന്നു അവർ. ഇടത്തരം വീടുകൾ. മിഡിൽ ക്ലാസ് പ്രണയം. ചേച്ചിയാണ് അവളുടെ കൂട്ട്. വീടിനടുത്തുള്ള മാടക്കടയിലേക്കാണ് കാർത്തിക് അവളോടു സംസാരിക്കാനായി ഫോൺ ചെയ്യുന്നത്. ആദ്യമായി വീട്ടിലേക്കു വരുമ്പോൾ പട്ടുസാരിയുടുക്കണമെന്ന് അവന്റെ നിർദേശം. കീർത്തനം പാടി ശാലീനസുന്ദരിയായി അവൾ.

ഒന്നിച്ചു ജീവിക്കാൻവേണ്ടിത്തന്നെയായിരുന്നു അവർ പ്രണയിച്ചത്. വീട്ടുകാർ അഭിമാനികളായപ്പോൾ പതിവുപോലെ കൂട്ടുകാർ തുണയായി. കഷ്ടങ്ങൾ പലതു സഹിച്ചാണെങ്കിലും ഇഷ്ടപ്പെട്ട ജീവിതം വീണ്ടെടുത്തു. പ്രണയത്തിന്റെ വിസ്മയങ്ങൾ പതിയെ ദാമ്പത്യത്തിന്റെ കലഹങ്ങളിലേക്കു വഴിമാറിയെങ്കിലും ജീവിതം അതിന്റെ സത്യസന്ധതകൊണ്ട് അവരെ ചേർത്തുനിർത്തി.

വർഷം - 2015 , ഒകെ കൺമണി

മുംബൈ. ഛത്രപതി ശിവജി ടെർമിനസ്. നീങ്ങിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ ഇരുൾവെളിച്ചങ്ങൾക്കിടയിലൂടെ ഒരു മിന്നായംപോലെയാണ് അവർ ആദ്യമായി കാണുന്നത് – ആദിയും താരയും. ഇഷ്ടപ്പെട്ട ജോലി മാത്രമല്ല, സ്വാതന്ത്ര്യത്തിന്റെ ചിറകുകളുമുള്ളവർ. രണ്ടാമത്തെ കാഴ്ചയിൽത്തന്നെ അവർ മൊബൈൽ നമ്പർ കൈമാറുന്നു. കല്യാണത്തെക്കുറിച്ച് ‘ഇതെന്തൊരു തൊല്ല’ എന്ന പൊതുചിന്ത പങ്കിടുന്നു. അന്നു രാത്രിതന്നെ ആദിയെ ഫോണിൽ വിളിച്ചതു താര. ചുമ്മാ ആ തമിഴ് പേച്ച് ഒന്നു കേൾക്കാനെന്നു മറുപടി. പിന്നീടു ദൂരയാത്രയ്ക്കിടെ ലോഡ്ജ് മുറിയിൽ രാത്രി ഒന്നിച്ചു കഴിയേണ്ടിവന്നപ്പോഴും അവ‍ർക്ക് ഏതുമില്ല, ആശങ്ക.

‘ഞാൻ പാരീസിലേക്കും നീ യുഎസിലേക്കും പോകുന്നതുവരെ നമുക്ക് ഒന്നിച്ചു ജീവിക്കാമല്ലോ’ എന്ന അവളുടെ ആശയം അവനും ഇഷ്ടപ്പെട്ടു. അൽസ്ഹൈമേഴ്സ് ബാധിച്ച ഭവാനിക്കും അവരെ കുഞ്ഞിനെപ്പോലെ ശുശ്രൂഷിക്കുന്ന ഭർത്താവ് ഗണപതിക്കുമൊപ്പം പേയിങ് ഗെസ്റ്റ് ആയി അവൻ താമസിക്കുന്ന മുറിയിലേക്ക് അവളും കുടിയേറുന്നു. നിറയെ ഫൺ, അൽപം ത്രിൽ നിറഞ്ഞ ലിവ് – ഇൻ ജീവിതം. ആദ്യത്തെ വഴക്കുപോലും ചൂടോടെ സെൽഫിയായി ഫെയ്സ്ബുക്കിലേക്ക്. ആറുമാസത്തെ ജീവിതം തീർത്തു പിരിയുംമുൻപു മാത്രമാണ് അവർ തിരിച്ചറിയുന്നത് ‌അതു പ്രണയമായിരുന്നുവെന്നും സത്യമായിരുന്നുവെന്നും.