Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരുഭൂമി തന്നത്

M. A. Yousuf Ali എം.എ.യൂസഫലി

പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള ഈ ഒാഫിസ് സമുച്ചയത്തിന്റെ പതിനൊന്നാം നിലയിൽനിന്നു നോക്കുമ്പോൾ മരുഭൂമി പാൽക്കടലാണെന്നു തോന്നും. വെളുത്ത് കണ്ണെത്താ ദൂരത്തോളം കിടക്കുന്ന മണൽ. ആകാശവും മണൽപ്പാടവും ഒരുമിച്ചാകുന്നതുപോലും എവിടെവച്ചാണെന്നു തിരിച്ചറിയാനാകുന്നില്ല. മണലിൽ വീഴുന്ന വെയിൽ കണ്ണാടി നിരത്തിവച്ചതുപോലെ വെട്ടിത്തിളങ്ങുന്നു. അകലെ നീണ്ടു കിടക്കുന്ന റോഡിലൂടെ പറക്കുന്ന വാഹനങ്ങളുടെ മേൽ വെയിൽ തട്ടുമ്പോൾ തിളക്കം കാണാം. റോഡിനിരുവശവും ന‌ട്ട ഈന്തപ്പനകളുടെ പച്ചപ്പുമാത്രം. ഇടയിൽ ഒരു തടാകത്തിന്റെ നീല നിറം. ചൂടുകാറ്റ് അതിന്റെ സകല ശക്തിയുമെടുത്തു വീശിത്തുടങ്ങിയ കാലമാണ്. തീക്കൂനയ്ക്ക് അരികെ നിൽക്കുന്നതുപോലെ തോന്നുന്ന കാലം. ഇത് അബുദാബി നഗരത്തിന്റെ പുറകുവശമാണ്. ഒാഫിസിന്റെ മറുവശത്തേക്കു നോക്കിയാൽ ബഹുനില കെട്ടിടങ്ങളുടെ നീണ്ട നിരകാണാം. ഒരോന്നും അടുത്തുള്ളതിനോടു മത്സരിച്ച് ഉയർന്നു നിൽക്കുന്നതുപോലെ. മണലിനു നടുവിലുണ്ടാക്കിയ നഗരമാണിത്. ലുലു ഗ്രൂപ്പിന്റെ ആസ്ഥാനമന്ദിരമാണിത്. പതിനൊന്നാം നിലയുടെ ചുമരുകൾ ചില്ലുകൊണ്ടായതുകൊണ്ടു ഇവിടെനിന്നുള്ള നഗരത്തിന്റെ ആകാശക്കാഴ്ച വളരെ വിശാലമാണ്. ഇരു കൈകളും പുറകിൽക്കെട്ടി എം.എ.യൂസഫലി മരുഭൂമിയിലേക്കു നോക്കി നിൽക്കുകയാണ്. ഏറെ നേരത്തെ മൗനത്തിനു ശേഷം എം.എ.യൂസഫലി പറഞ്ഞു,

‘ ആ തെരുവുകൾക്കപ്പുറത്തുള്ള വീട്ടിലാണു ഞാൻ താമസിച്ചിരുന്നത്. പൊള്ളുന്ന ചൂടിൽ എസി പോലുമില്ലായിരുന്നു.ടെറസിൽ ആകാശവും നോക്കി എത്രയോ രാത്രി ഉറങ്ങാതെ കിടന്നിട്ടുണ്ട്. വണ്ടിയിലേക്കു സാധനങ്ങൾ കയറ്റി തളർന്നുറങ്ങിയപ്പോയ ദിവസങ്ങളുമുണ്ട്.’

യൂസഫ് ഭായ് എന്ന് എല്ലാവരും വിളിക്കുന്ന യൂസഫലി ഇപ്പോൾ ലോകത്തെ ആദ്യ ആയിരം കോടീശ്വരന്മാരിൽ ഒരാളാണ്. ഇന്ത്യയിലെ കോടീശ്വരന്മാരിൽ നാൽപതാമൻ. നാലു പതിറ്റാണ്ടുകൊണ്ടു യൂസഫ്ഭായ് സ്വന്തം സാമ്രാജ്യം തീർക്കുകയായിരുന്നു. നിമിഷങ്ങൾകൊണ്ടു വളർന്നുകൊണ്ടിരിക്കുന്ന സാമ്രാജ്യം. എതിർത്തു പറഞ്ഞാൽപ്പോലും ചിരിച്ചുകൊണ്ടു നേരിടുന്ന യൂസഫലി തന്റെ ജീവിതത്തെക്കുറിച്ചു ഏറെനേരം സംസാരിച്ചു. ആഘോഷവും രോഷവും കണ്ണീരും നന്മയുമെല്ലാം നിറഞ്ഞ ദിവസങ്ങൾ. തന്നെ വേദനിപ്പിച്ചവരെക്കുറിച്ചും യൂസഫി ഇടയ്ക്കു പറഞ്ഞു. അപ്പോൾ അദ്ദേഹത്തിന്റെ മനസ്സും മുഖവും കലുഷിതമായതുപോലെ തോന്നി.

∙ മലയാളി എന്നെങ്കിലും താങ്കളെ വേദനിപ്പിച്ചതായി തോന്നിയിട്ടുണ്ടോ .

മലയാളികളെല്ലാം വേദനിപ്പിച്ചു എന്നു പറയില്ല. എന്നാൽ അവരിൽ അപൂർവ്വം ചിലർ എന്നെ വേദനിപ്പിച്ചു. ഒരു വലിയ പത്രം അബുദാബിയിൽ അച്ചടിക്കാനായി ഞാനാണ് ഇവിടത്തെ സർക്കാരിനു ഗാരന്റി നൽകിയത്. മാസങ്ങൾക്കു ശേഷം അവരുടെ ചാനലിൽ എം.എ.യൂസഫലി കൊച്ചിയിൽ രണ്ടു സെന്റു സ്ഥലം കയ്യേറി എന്നു രാവും പകലും പറഞ്ഞുകൊണ്ടിരുന്നു. ഞങ്ങളുടെ പുതിയ ലുലു സെന്റർ തലങ്ങും വിലങ്ങും ഷൂട്ടു ചെയ്തു കാണിച്ചു. ഞാൻ ചെയ്ത സഹായം ആരും ഒാർക്കണമെന്നില്ല. പക്ഷെ സത്യത്തിനും ദൈവത്തിനും നിരക്കാത്തതു പറയരുത്. എന്നെ കുറ്റം പറയുന്നവർ യഥാർഥ യൂസഫലി ആരാണെന്ന് അന്വേഷിച്ചിട്ടില്ല. 42 വർഷം ഈ മരുഭൂമിയിൽ കിടന്നാണു യൂസഫലി വളർന്നത്. ഞങ്ങളുടെ ടീമിന്റെ കഠിനാധ്വാനത്തിന്റെ ഫലമായാണു ഇതെല്ലാമുണ്ടായത്. അബുദാബിയിലെ ഏറ്റവും വലിയ മാൾ ആയ മുർഷിംമാൾ നിർമ്മിക്കാൻ എനിക്കു 44 ഏക്കർ സ്ഥലമാണു ഇവിടത്തെ രാജകുടുംബം ചില്ലിക്കാശു വാങ്ങാതെ തന്നത്. ഭൂമിക്കു മാത്രം ഇന്നു 3600 കോടി രൂപവരും. എനിക്കു വീടുവയ്ക്കാനായി 600 കോടി രൂപയുടെ ഭൂമി സമ്മാനമായി തന്നു. ഇതൊന്നും ചോദിച്ചു വാങ്ങിയതല്ല. ഈ രാജ്യം എന്നോടു കാണിച്ച സ്നേഹമാണത്. അവർ നിസ്സാരനായ എന്നിൽനിന്നു ഒന്നും പ്രതീക്ഷിച്ചുതന്നതല്ല. ഞാനീ നാടിനു നൽകിയ സ്നേഹത്തിന്റെയും ആദരവിന്റെയും ആകെത്തുകയാണിത്. ഇവിടെയൊരു വലിയ കച്ചവടം നടത്തുന്നതിന്റെ പ്രതിഫലമാണ്. കുറെപ്പേർക്കു ജോലി കൊടുത്തതിന്റെ നന്ദി പറച്ചിലാണ്. ഇതെല്ലാം ഇവിടെ കിട്ടിയ ഞാൻ എന്റെ സ്വന്തം മണ്ണിൽ രണ്ടു സെന്റു സ്ഥലം കയ്യേറിയവനാണെന്നാണ് അവർ വിളിച്ചു പറഞ്ഞു. ഏതു വാർത്തയിലും എന്തെങ്കിലും അടിസ്ഥാന സത്യം വേണ്ടേ. ഞാൻ ആരോടും പരാതി പറഞ്ഞില്ല. രാവും പകലും വാർത്ത വന്നുകൊണ്ടിരുന്നു. എനിക്കു വേണമെങ്കിൽ തടയാമായിരുന്നു. ഞാനതു ചെയ്തില്ല. ഇവർക്കൊന്നും യൂസഫലിയെ അറിയില്ല. പക്ഷെ എന്നെ അധിക്ഷേപിക്കുന്നതിനു മുൻപു ഞാൻ എങ്ങിനെ ഈ നിലയിലെത്തി എന്നവർ അന്വേഷിക്കണം. മരുഭൂമിയിലെ പൊള്ളുന്ന ചൂടിൽ ട്രക്കിൽ സാധനങ്ങൾ കയറ്റിക്കൊടുക്കുന്ന കാലം എനിക്കുണ്ടായിരുന്നു. (യൂസഫലിയുടെ ശബ്ദം പതിവില്ലാതെ ഉയർന്നുയർന്നു വന്നു.കലഹമണെന്നു കരുതി സെക്രട്ടറിമാർ വാതിൽക്കലെത്തി. യൂസഫലി ഇരു കൈത്തലങ്ങളും നിവർത്തിക്കാണിച്ചു പറഞ്ഞു, )

‘ഇത് അധ്വാനിച്ചവന്റെ കൈകളാണ്. പടച്ചവന് എല്ലാമറിയാം. പടച്ചവനു നിരക്കാത്തതൊന്നും ഞാൻ ചെയ്തിട്ടില്ല, ചെയ്യുകയുമില്ല. എന്റെ സമ്പാദ്യത്തിലെ ഒരു ചില്ലിക്കാശുപോലും അനഭിമതമായ വഴിക്കുന്ന വന്നതല്ല. ഒരു തുട്ടിൽപ്പോലും പാപത്തിന്റെ കറയില്ല. ഇതു ദൈവാനുഗ്രഹമായി വന്നതാണ്. അധ്വാനത്തിന്റേയും പ്രാർഥനയുടെയും പ്രതിഫലമാണിത്. ’ ശബ്ദം ഇടറുന്നതിനിടയിൽ ഇരു കൈകളും വിടർത്തി യൂസഫലി ഖുർആനിലെ വരികൾ ഉറക്കെച്ചൊല്ലി. അതിനർഥം ഏകദേശം ഇതായിരുന്നു, പരമകാരുണികനായ ദൈവം സത്യവും ദയയുമുള്ളവന്റെ കൂടെയായിയിരിക്കും ’ യൂസഫലിയുടെ ഇതുവരെ കാണാത്ത ശബ്ദവും രോഷവും വേദനയും കണ്ട സെക്രട്ടറി പതുക്കെ വാതിൽ അടച്ചു പുറത്തുപോയി. ഒരു മിനിറ്റു കണ്ണടച്ചു സ്വയം സമാധാനിപ്പിച്ചെന്നപോലെ യൂസഫലി ചിരിച്ചു. ‘ഞാനിതു പറയുന്നതു റമസാൻ മാസത്തിലാണ്. ഞാൻ ആരുടെ മുതലും മോഷ്ടിച്ചിട്ടില്ല. കള്ളത്തരത്തിലൂടെ ഒന്നും സമ്പാദിച്ചിട്ടുമില്ല. പടച്ചവനു മുന്നിൽ ഞാൻ പറയുന്നു, യൂസഫലി തെറ്റായ വഴിക്കു സമ്പാദിച്ചതുണ്ടെങ്കിൽ അതു നിങ്ങളോളോരുത്തരും കാണിച്ചു തരിക. ഞാനതു തിരിച്ചു തരാം. വേണമെങ്കിൽ അതിലിരട്ടി തിരിച്ചു തരാം. ’

യൂസഫലി നിമിഷങ്ങളോളം മിണ്ടാതിരുന്നു. ഷർട്ടിന്റെ കൈ മുകളിലേക്കു കയറ്റിവച്ചു പിരിമുറുക്കം മാറ്റി.

‘സഹോദരാ ഇതൊക്കെ തുറന്നു പറയാത്തതു പേടികൊണ്ടല്ല. വേദനകൊണ്ടാണ്. മനസാ വാചാ കർമ്മണാ ചെയ്യാത്തതു കേൾക്കുമ്പോൾ ആരുടെയും നെഞ്ചു പൊള്ളിപ്പോകും. ഞാനൊരു സാധാരണ കച്ചവടക്കാരനും ഇടത്തരക്കാരൻ മനുഷ്യനുമാണ്. ഈ മരുഭൂമിയിലെ ചൂട് 52 ഡിഗ്രി കടന്ന കാലത്തു കിടക്കാൻ ഒരു എയർകണ്ടീഷനർ ഉണ്ടായിരുന്നെങ്കിൽ |എന്നു മോഹിച്ചിട്ടുണ്ട്. യൂസഫലി പിന്നീടു ഫോബ്സ് കോടീശ്വരന്മാരുടെ പട്ടികയിൽ വന്നിട്ടുണ്ടാകാം. നിങ്ങൾ കാണുന്നത് ആ യൂസഫലിയെയാണ്. പക്ഷെ എന്റെ ഉള്ളിന്റെ ഉള്ളിലുള്ളതു നാട്ടിക എന്ന ഗ്രാമത്തിൽനിന്ന് ഒരു പാടു സ്വപ്നങ്ങളുമായി കപ്പലുകയറിയ യൂസഫലി എന്ന ഇടത്തരക്കാരനാണ്.

∙ സാധനങ്ങൾ ചുമന്നു കയറ്റി എന്നു പറയുന്നതു ശരിക്കും നടന്നതാണോ അതോ വികാരാവേശത്തിൽ പറഞ്ഞു പോയതാണോ

യൂസഫലി വികാരത്തിൽ എന്തെങ്കിലുമൊന്നും പറയാറില്ല. അബുദാബിയിൽ ജനറൽ സ്റ്റോർ നടത്തുന്ന കാലത്തു പലപ്പോഴും പെട്ടികൾ കയറ്റിക്കൊടുക്കാൻ ആളുണ്ടാകില്ല. അത്യാവശ്യമായി ചരക്കും പോകുകയും വേണമായിരിക്കും. അപ്പോൾ ഞങ്ങൾതന്നെ ചരക്കു കയറ്റിക്കൊടുക്കും. എത്രയോ ദിവസം അതു ചെയ്തിട്ടുണ്ട്. അതു പറയുന്നതിൽ ഇന്നും അഭിമാനമുണ്ട്. അന്നും ഇന്നും മനസ്സിലുള്ളതു മുഴുവൻ സമയവും അധ്വാനിക്കാനുള്ള മനസ്സാണ്. അബുദാബിയിൽ വന്നപ്പോഴുള്ള സമ്പാദ്യവും അതായിരുന്നു.

∙ ദുബായിയിലേക്കുള്ള നീണ്ട കപ്പൽ യാത്ര ഒാർമ്മയുണ്ടോ.

43 വർഷം മുൻപായിരുന്നു അത്. ഒൻപതു ദിവസം യാത്ര ചെയ്താണു 1973 ഡിസംബർ 31നു ഞാനിവിടെ എത്തിയത്. കൊച്ചാപ്പ എം.കെ.അബ്ദുള്ളയ്ക്ക് അന്നിവിടെ കച്ചവടമുണ്ട്. അദ്ദേഹമാണ് എന്നെ സ്വീകരിക്കാൻ വന്നത്. അന്നത്തെ ഗൾഫ് ഇന്നു കാണുന്ന പകിട്ടുള്ള ഗൾഫല്ല. ശരിക്കും മരുഭൂമിയായിരുന്നു. വലിയ കെട്ടിടങ്ങൾപോലും അപൂർവ്വം. അത്യാവശ്യ സാധനങ്ങൾ എല്ലാം കിട്ടുന്നൊരു ജനറൽ സ്റ്റോർ എന്നു വിളിക്കുന്ന പലചരക്കു കടയിൽനിന്നാണു ഞങ്ങൾ തുടങ്ങിയത്.

∙ അന്നത്തെ അബുദാബി ..........

കുറച്ചു സമയമേ വൈദ്യുതി ഉണ്ടാകൂ. രണ്ടു നല്ല റോഡുകളെയുള്ളു. എയർകണ്ടീഷനർ വലിയ പണക്കാർക്കു മാത്രമുള്ള ലക്ഷ്വറിയായിരുന്നു. അന്നിവിടെ ഇത്രയും മരങ്ങളില്ല. ചൂട് പലപ്പോഴും 50 ഡിഗ്രി കടക്കും. പക്ഷെ എന്റെ മനസ്സിനു ചൂടില്ലായിരുന്നു. അതു നല്ല തണുത്ത ഭാവി സ്വപ്നംകണ്ട് കിടക്കുകയായിരുന്നു. എന്നെ രക്ഷിച്ചതും ആ സ്വപ്നങ്ങളാണ്. അന്നൊന്നും രണ്ടു വർഷംകൂടുമ്പോൾപോലും നാട്ടിൽപോകാൻ പറ്റില്ല. ടിക്കറ്റെടുക്കാൻ കാശുണ്ടെങ്കിൽപ്പോലും എടുക്കില്ല. ഇവിടത്തെ ജോലി മുടങ്ങുമോ എന്ന പേടിയായിരുന്നു. എവിടെയെങ്കിലും എത്തിയിട്ടു നാട്ടിൽ പോകാമെന്നായിരുന്നു അന്നത്തെ ചിന്ത. (ഇന്നും യൂസഫലിക്കു നാട്ടിൽ പോകാൻ ടിക്കറ്റെടുക്കേണ്ട ആവശ്യമില്ല. കാരണം, സ്വന്തം വിമാനമുണ്ട്. )

∙ കുറച്ചുകാലം അഹമ്മദാബാദിലുണ്ടായിരുന്നില്ലെ

ഞങ്ങളുടെ കുടുംബം നാലു തലമുറകളായി കച്ചവടക്കാരാണ്. കാർഷിക വിളകളും മറ്റു കച്ചവടം ചെയ്തവർ. എന്റെ രക്തവും അതുതന്നെയാണല്ലോ. പിതാവിന്റെ അനുജൻ എം.കെ.അബു അന്ന് അഹമ്മദാബാദിലുണ്ടായിരുന്നു. ഞങ്ങൾക്കവിടെ ജനറൽ സ്റ്റോറും പ്രസ്റ്റീജ് കുക്കറുകളുടെ ഏജൻസിയും ഉണ്ടായിരുന്നു. അന്നാണ് ആദ്യമായി പ്രഷർകുക്കർ എന്താണെന്നു മനസ്സിലായത്. നാട്ടികയിൽ അന്നും സാധാരണ പാത്രവും വിറകടുപ്പുമാണ്. കുക്കറിന്റെ പിടി, വാൽവ്, വാഷർ തുടങ്ങിയയെക്കുറിച്ചെല്ലാം അന്നു വിശദമായി പഠിച്ചു. എത്ര കാലംകൊണ്ടു ഇവ മാറ്റേണ്ടിവരുമെന്നു മനസ്സിലാക്കി. പണ്ടു മുതലേ ഒന്നിലേക്ക് ഇറങ്ങിയാൽ അതേക്കുറിച്ചു പഠിച്ചുകൊണ്ടേയിരിക്കുക എന്റെ ശീലമാണ്. അഹമ്മദാബാദിൽവച്ചാണു ബിസിനസ് മാനേജുമെന്റു ക്ളാസിൽ ചേർന്നത്.

∙ ബിസിനസ് പഠിച്ചത് അവിടെനിന്നാണല്ലെ.

കച്ചവടം സ്കൂളിൽപോയി പഠിക്കാവുതല്ല. അതൊരു കുട്ടി നടക്കാൻ പഠിക്കുന്നതുപോലെയാണ്. എപ്പോഴാണ് പഠിച്ചതെന്നു പറയാനാകില്ല. ഒാരോ ചുവടുവയ്പ്പും ഒരു പാഠമാണ്. എനിക്ക് എന്നും ചായ തരുന്ന ഈ കുട്ടിയിൽനിന്നുപോലും ഞാൻ എത്രയോ കാര്യങ്ങൾ പഠിക്കുന്നുണ്ട്. കണ്ടിട്ടും മനസ്സിലാകാത്തതു ചോദിച്ചു മനസ്സിലാക്കും. അന്നു പോപ്പ്സി എന്ന പുതിയ മുലക്കുപ്പി പുറത്തിറങ്ങി. ഞങ്ങളുടെ കടയുടെ മുന്നിൽ ആ മുലക്കുപ്പിക്കുവേണ്ടി പ്രത്യേത ഡിസ്പ്ളെയൊരുക്കി. അന്നുവരെ കാണാത്തൊരു പരിപാടിയായിരുന്നു അത്. കമ്പനിക്കാർ ഞങ്ങൾക്കു പ്രത്യേക സമ്മാനം നൽകി. പുതിയതായി എന്തെങ്കിലും ചെയ്യണമെന്ന മോഹം അന്നും ഉണ്ടായിരുന്നു.

∙ പണ്ടു കച്ചവടം ചെയ്ത സ്ഥലത്തു പിന്നീടു പോയിട്ടുണ്ടോ.

കഴിഞ്ഞ തവണ പ്രവാസി ഭാരതീയ സമ്മാൻ വാങ്ങാനായി അഹമ്മദാബാദിൽ പോയപ്പോൾ ഞാൻ പഴയ തെരുവിലൂടെ നടക്കുകയും കീ ട്രേഡേഴ്സ് എന്ന കട കാണുകയും ചെയ്തു. കച്ചവടമാകെ മാറിയിരിക്കുന്നു. എന്നാലും 46 വർഷം മുൻപുള്ള നിലം അതേ പോലെ നിലനിർത്തിയിരുന്നു. ഞാൻ കടയിൽ കയറി ഇനിയും നിറം മങ്ങാത്ത ആ നിലത്തു കുറച്ചുനേരം നിന്നു. യൂസഫലി ആദ്യമായി വലിയ സ്വപ്നം കണ്ടതു ഈ നിലത്തു ചവിട്ടിനിന്നായിരുന്നു. ആ കട കണ്ടപ്പോൾ എനിക്കു യൗവ്വനം തിരിച്ചു കിട്ടിയതുപോലെ തോന്നി.

∙ അക്കാലത്തു താമസിച്ചിരുന്നത് എവിടെയാണ്.

പാഞ്ച്ക്വ എന്ന സ്ഥലത്തെ ചെറിയൊരു മുറിയിലായിരുന്നു താമസിച്ചിരുന്നത്. എത്രയോ രാത്രികളിൽ ഞാൻ മാനം നോക്കി കിടന്നിട്ടുണ്ടെന്നോ. മനസ്സിൽ ആഗ്രഹങ്ങൾ കുത്തി നിറച്ച കാലമായിരുന്നു അത്. എവിടെയെങ്കിലും എത്തണമെന്ന മോഹം മനസ്സിൽ കിടന്നു തിളയ്ക്കുകയായിരുന്നു.

∙ ഗൾഫിലേക്കുള്ള ആദ്യ യാത്രയിൽ ഒൻപതു രാത്രികൾ കടലിൽ ചിലവഴിച്ചതു ഒാർമ്മയുണ്ടോ.

ഞാൻ ഉറങ്ങിയില്ല എന്നതാണു സത്യം. വാരികകളുടെ രണ്ടുകെട്ട് ഞാൻകൂടെ കൊണ്ടുപോയിരുന്നു.അവ വീണ്ടും വീണ്ടും വായിച്ചു. ബോബനും മോളിയും വായിച്ചാണു ടെൻഷൻ കുറച്ചത്. രാത്രി ഉറങ്ങാതെ ആലോചിച്ചുകൊണ്ടു കിടക്കും. പുതിയ രാജ്യം, പുതിയ ഭാഷ, പുതിയ കച്ചവടം അങ്ങിനെ മനസ്സിൽ പല പേടികളുമുണ്ടായിരുന്നു.

M. A. Yousuf Ali എം.എ.യൂസഫലി

∙ അബുദാബിയിൽ എത്തിയ ശേഷമോ

നല്ല വെള്ളവും സൗകര്യങ്ങളുമില്ല. കുറച്ചു നേരം മാത്രമെ വൈദ്യുതി കിട്ടൂ. ചൂടു മൂലം പകൽ അധികമാരും പുറത്തിറങ്ങില്ല. കാര്യമായ വ്യവസായങ്ങളുമില്ല. എന്നാലും ഞങ്ങൾ മോശമില്ലാതെ കച്ചവടം ചെയ്തു. പല സാധനങ്ങൾ ഞങ്ങൾ പലരിൽനിന്നു ശേഖരിച്ചു വിൽക്കുന്നുണ്ടായിരുന്നു. എന്തുകൊണ്ട് ഇവ നേരിട്ട് ഇറക്കുമതി ചെയ്തു വിറ്റുകൂടാ എന്നു തോന്നിയ നിമിഷമാണു ലുലുവിന്റെ ജനനം എന്നു പറയാം. അങ്ങിനെ ചിന്തിച്ചില്ലായിരുന്നുവെങ്കിൽ ഒരു സാധാരണ കച്ചവടമായി ഞങ്ങളുടെ കച്ചവടവും മാറിപ്പോയെനെ. ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വഴി അന്വേഷിച്ചു പോയതോടെ പുതിയ ലോകം തുറന്നു തുടങ്ങി. അവരും ഞങ്ങളും നേരിട്ടായി കച്ചവടം. പിന്നീടു ഞങ്ങൾ ചെറുകിട കച്ചവടത്തോടൊപ്പം ഇറക്കുമതിക്കാരുമായി വളർന്നു. അങ്ങിനെയാണു ലുലു ചെറിയ കടകളും പിന്നീടു വലിയ കടകളും സൂപ്പർമാർക്കറ്റുകളും ഹൈപ്പർമാർക്കറ്റുകളും മാളുകളും തുടങ്ങിയത്.

∙ അന്നത്തെ ജീവിതം ......

ബ്രദർ, അന്നൊന്നും ജീവിതത്തിൽ ഇത്രയല്ലെ കിട്ടിയുള്ളു എന്നു പറഞ്ഞു സങ്കടപ്പെട്ടിരിക്കാൻ സമയമില്ല. രാത്രി വൈകുംവരെ ജോലി ചെയ്താലെ മുന്നോട്ടു പോകാനാകുമായിരുന്നുള്ളു. രാത്രി വൈകി വന്ന ശേഷം ചൂടുകൊണ്ടു ഉറങ്ങാൻ പറ്റാത്ത രാത്രികളുണ്ട്. പലപ്പോഴും രാത്രി ദേഹത്തും ടെറസിലും വെള്ളമൊഴിച്ചു ആ നനവിൽ കിടന്നുറങ്ങിയിട്ടുണ്ട്. എയർകണ്ടീഷനൊന്നും അന്നു സ്വപ്നം കാണാൻ പോലുമാകില്ല. അതും സ്വപ്നം കണ്ടു കിടന്നിരുന്നെങ്കിൽ ഇവിടെ എത്തുമാകുമായിരുന്നില്ല. നാളെ എന്ത് , നാളെ എന്ത് എന്നാണ് അന്നും ചോദിച്ചിരുന്നത്. ഇന്നും ഒാരോ രാത്രിയും ചോദിക്കുന്നത് അതാണ്.

∙ ഇപ്പോഴും രാത്രി ഉറക്കം കുറവാണോ?

ഞാൻ അഞ്ചു മണിക്കൂറെ ഉറങ്ങൂ. എന്നും മുടങ്ങാതെ യോഗ ചെയ്യും. അഞ്ചുനേരവും നമസ്ക്കരിക്കും. എന്നും എന്റെ ഉമ്മയേയും ബാപ്പയേയും കാരണവന്മാരെയും ഒാർക്കും. കഷ്ടപ്പെടുന്നവർക്കായി പ്രാർഥിക്കും.

∙ യൂസഫലിയൊരു അമ്മക്കുട്ടിയായിരുന്നോ ?

ഉമ്മയാണോ ബാപ്പയാണോ കൂടുതൽ പ്രിയപ്പെട്ടതെന്നു ആർക്കെങ്കിലും പറയാനാകുമോ. ബാപ്പ കച്ചവടത്തിന്റെ തത്രപ്പാടിലായിരുന്നു. വളർത്തിയത് ഉമ്മയും വല്യൂപ്പയുമാണെന്നു പറയാം. കാരുണ്യം, ദയ, നന്മ, സ്നേഹം നല്ല ജീവിതം ഇതെല്ലാം പറഞ്ഞുതന്നത് ഉമ്മയാണ്. ഇല്ല എന്ന് ഉമ്മ ആരോടും പറയില്ല. വിശക്കുന്നവനു മുന്നിൽ ഉമ്മ ഒരിക്കൽപ്പോലും വാതിലടച്ചിട്ടില്ല. അന്ന് എന്റെ ഗ്രാമമായ നാട്ടികയിൽ നല്ല പട്ടിണിയുണ്ടായിരുന്നു. മിക്കവരും പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ. അഭിമാനത്തിന്റെ പേരിൽ വിശപ്പു മറച്ചുവയ്ക്കാനൊന്നും അറിയാത്തവർ. വിശക്കുന്നുവെങ്കിൽ വിശക്കുന്നു എന്നവർ ആരോടും പറയും.

∙ സുഹൃത്തുക്കളായ കുട്ടികൾ ഭക്ഷണം കഴിക്കാൻ താങ്കളുടെ വീട്ടിൽ എത്തുമായിരുന്നുവെന്നു നാട്ടികയിലെ സഹപാഠികൾ പറഞ്ഞിരുന്നു. .....

അതെ, വിശക്കുന്ന എല്ലാവരോടും വീട്ടിലേക്കു വരാൻ ഉമ്മ പറയുമായിരുന്നു. ജാതിയോ, മതമോ ഒന്നും നോക്കിയല്ല ഇതു ചെയ്തത്. എന്റെ അനുജൻ അഷറഫലിയോടൊപ്പം പഠിക്കുന്ന കാലത്തു ടി.എൻ.പ്രതാപൻ എംഎൽഎ ഞങ്ങളുടെ വീട്ടിൽ വന്നു ഭക്ഷണം കഴിക്കുമായിരുന്നു. മത്സ്യത്തൊഴിലാളിയായ പ്രതാപന്റെ വീട്ടിൽ പലപ്പോഴും ഭക്ഷണം വേണ്ടത്ര ഉണ്ടാകുമായിരുന്നില്ല. ഇതു പ്രതാപൻതന്നെ പറഞ്ഞിട്ടുണ്ട്. ഉള്ളതിൽനിന്ന് ഉമ്മ ആർക്കും കൊടുക്കും.

ഉമ്മ മരിച്ചു രണ്ടോ മൂന്നോ ദിവസം കഴിഞ്ഞപ്പോൾ ഒരു സ്ത്രീ വീട്ടിൽവന്നു. അവർ എന്നെ കാണണെന്നു നിർബന്ധം പിടിച്ചു.അവർ വള പണയം വച്ച റസീറ്റ് എന്നെ ഏൽപ്പിക്കാൻ നിർബന്ധം പിടിക്കുകയായിരുന്നു. അവരുടെ റസീറ്റിലെ പണം കൊടുക്കാൻ സെക്രട്ടറിയോടു പറഞ്ഞു. പക്ഷെ ആ വയസ്സായ സ്ത്രീ എന്നെ കാണാതെ പോകില്ലെന്നു വാശിപിടിച്ചു. അവർ പറഞ്ഞു, ഇതു മോന്റെ ഉമ്മയുടെ വള പണയം വച്ച റസീറ്റാണ്. എന്റെ മകളുടെ കല്യാണത്തിനു പണമില്ലാതെ വന്നപ്പോൾ സഹായം ചോദിച്ചു ഉമ്മയുടെ അടുത്തു വന്നിരുന്നു. കയ്യിൽ പണമില്ലാതിരുന്നതിനാൽ ഉമ്മ വള ഊരിക്കൊടുത്തു. മോൻ യൂസഫലി വന്നാൽ പണയം എടുക്കാനുള്ള പണം വാങ്ങിത്തരാമെന്നു പറഞ്ഞിരുന്നു. ആ വയസ്സായ സ്ത്രീ പണത്തിനു വന്നതായിരുന്നില്ല. വള തിരിച്ചെടുത്തു ഉമ്മയ്ക്കു കൊടുക്കാനാകാത്ത സങ്കടം സഹിക്കാനാകാതെ വന്നതായിരുന്നു.

അന്നു ഞാൻ പല തവണ ഉമ്മയെ ഒാർത്തു കരഞ്ഞു. എത്രയോ കാലമായി കയ്യിൽ കിടക്കുന്ന പ്രിയപ്പെട്ട വളപോലും ഉമ്മ ഊരിക്കൊടുത്തു. ആഭരണത്തെക്കാൾ തിളക്കം നന്മയ്ക്കുണ്ടെന്നു ഉമ്മയ്ക്ക് അറിയാമായിരുന്നു. പടച്ചോനുമായി കൂടുതൽ കൂടുതൽ അടുപ്പിക്കുന്നത് ഇത്തരം പ്രവർത്തികളാണ്. ഉമ്മ കാണിച്ചതന്ന വഴിയിലാണു ഞാനെന്നും നടന്നിട്ടുള്ളത്. എന്റെ വല്യുപ്പ കാഞ്ചി കുഞ്ഞഹമ്മദാജിയും വല്യുമ്മ കുഞ്ഞുബീവിയുമാണു ഉമ്മയെ കാരുണ്യത്തിന്റെ പാഠം പഠിപ്പിച്ചത്.

∙ ഉമ്മയെ ഒാർത്തല്ലാതെ യൂസഫലി കരയാറുണ്ടോ .

പലരും കഷ്ടപ്പാടുകൾ വിവരിച്ചു എഴുതിയ കത്തുകൾ കാണുമ്പോൾ കരച്ചിൽവരും. രോഗം പിടിപെട്ടവരുടെ ദുരന്തമാ എന്നെ ഏറ്റവും വേദനിപ്പിക്കാറ്. പത്രത്തിൽ ഇത്തരം വാർത്തകൾ വായിക്കുമ്പോഴും ഞാൻ കരയാറുണ്ട്. അവരുടെ വേദനയിൽ എനിക്കു ചെയ്യാവുന്നതു ചെയ്യാറുണ്ട്. എനിക്കുതന്ന സൗഭാഗ്യങ്ങളിലെ പടച്ചോന്റെ കൃപയോർത്തും കരയാറുണ്ട്.

∙ പണം കൊണ്ട് ഒന്നുമാകില്ലെന്നു താങ്കൾ പലപ്പോഴും പ്രസംഗങ്ങളിൽ പറയാറുണ്ട്. പണമുണ്ടെങ്കിൽ മിക്കകാര്യവും നടക്കില്ലെ.

എന്റെ ഉമ്മ അബുദാബിയിൽനിന്നു ദുബായിയിലേക്കുള്ള യാത്രക്കിടയിലാണു വാഹനാപകടത്തിൽ മരിച്ചത്. ഇതേ അപകടത്തിൽ പരുക്കേറ്റു മൂന്നുമാസം വളരെ സൗകര്യങ്ങളുള്ള ഖലീഫ ആശുപത്രിയിൽക്കിടന്നു ബാപ്പയും മരിച്ചു. എന്റെ എല്ലാ സ്വത്തും എഴുതിക്കൊടുത്തും ബാപ്പയെ രക്ഷിക്കാൻ ഞാൻ തയ്യാറായിരുന്നു. പക്ഷെ ഈ സമ്പാദ്യമെല്ലാം സാക്ഷിയായി നിൽക്കെ ബാപ്പ യാത്രയായി. പണത്തിന് എന്തും ചെയ്യാമായിരുന്നുവെങ്കിൽ ബാപ്പയെ രക്ഷിക്കുമായിരുന്നില്ലെ. എന്റെ ബാപ്പയെ തിരിച്ചുതന്നിരുന്നുവെങ്കിൽ അവിടെനിന്നു വെറും കയ്യുമായി മടങ്ങാൻ പോലും യൂസഫലി തയ്യാറായിരുന്നു. എന്റെ വിധിക്കുമുന്നിൽ എന്റെ എല്ലാ സ്വത്തും തലതാഴ്ത്തി നിന്നില്ലെ. പണത്തിനു പരിമിതികളുണ്ട്. അത്യാഹിത വിഭാഗത്തിൽ കിടക്കുന്ന ബാപ്പയുടെ വിവരവും കാത്തു ആശുപത്രിയിൽ നിൽക്കുന്ന ഒാരോ നിമിഷവും യൂസഫലിക്കു നിങ്ങൾ ഉണ്ടെന്നു പറയുന്ന പ്രൗഡ പ്രതാപങ്ങൾ ഒന്നുമില്ലായിരുന്നു. നിസ്സഹായനായ ഒരു മനുഷ്യൻ. അവിടെ പണത്തിനു എന്തു സ്ഥാനം.

∙ വല്യുപ്പയാണോ യുസഫലിയുടെ റോൾ മോഡൽ

അല്ല. പ്രവാചകനാണ് എന്റെ റോൾ മോഡൽ. ഒാരോ മനുഷ്യനും എന്തു ചെയ്യണമെന്നു പ്രവാചകൻ പറഞ്ഞുതന്നിട്ടുണ്ട്. വീട്ടിൽ, നാട്ടിൽ അങ്ങിനെ ഒാരോ സ്ഥലത്തും ഉണ്ടാകേണ്ട ജീവിതരീതിയെക്കുറിച്ചുവരെ പറഞ്ഞിട്ടുണ്ട്. കച്ചവടം ചെയ്യേണ്ടത് എങ്ങിനെയെന്നു പറഞ്ഞിട്ടുണ്ട്. സത്യം സത്യമായതു മാത്രം ചെയ്യാനുള്ള മാർഗ്ഗരേഖയാണു പ്രവാചക വചനങ്ങൾ.

∙ കുട്ടിക്കാലത്തു വളർത്തിയതിൽ വല്യുപ്പയ്ക്കു വലിയ പങ്കില്ലെ.

വല്യുപ്പ മടിയിലിരുത്തി പറഞ്ഞുതന്നെ കാര്യങ്ങളാണു എന്നെ ഇവിടെ എത്തിച്ച ഘടകങ്ങളിലൊന്ന്. എത്ര വലുതായാലും മറ്റുള്ളവർ ചെറുതാണെന്നു നീ കരുതത്. ആരെയെങ്കിലും ചെറുതായി കണ്ടാൽ നിന്റെ തകർച്ചയുടെ തുടക്കമാണെന്നു നീ അറിയുകയെന്നു വല്യുപ്പ എന്നോടു പറഞ്ഞിട്ടുണ്ട്. ഇന്നും ഒരാളെയും ഞാൻ ചെറുതായി കാണാറില്ല.

∙ഫോബ്സ് മാഗസിന്റെ കണക്കുപ്രകാരം ലോകത്തിലെ 737 ാമത്തെ കോടീശ്വരൻ, ഇന്ത്യയിലെ നാൽപ്പതാമത്തെ കോടീശ്വരൻ.15,000 കോടി രൂപയുടെ വ്യക്തിഗത സ്വത്ത്, ലുലുവിന്റെ വിറ്റുവരവ് വാർഷിക മാത്രം 36,000 കോടി രൂപ. ഒന്നുമില്ലായ്മയിൽനിന്ന് ഇതെല്ലാമായ എം.എ.യൂസഫലി എന്ന സാധാരണക്കാരനു അഹങ്കരിക്കാൻ തോന്നിയിട്ടില്ലെ.

ഒരിക്കലും ഞാൻ അഹങ്കരിച്ചിട്ടില്ല. കാരണം, ഇതു യുസഫലിയുടെ മാത്രം അധ്വാനംകൊണ്ടും കഴിവുകൊണ്ടും ഉണ്ടായതല്ലല്ലോ. ഞാൻ ഒരോ കൊല്ലവും നോമ്പുതുറക്കുന്നതു അറബ് രാജ്യങ്ങളിലെ ഭരണാധികാരികളോടും രാജകുടുംബാംഗങ്ങളോടുമൊപ്പമാണ്. അവരുടെ മുന്നിൽ ഞാൻ എത്രയോ നിസ്സാരനല്ലെ. അവരെ കാണുന്നതോടെ നമ്മുടെ മനസ്സിലെ അഹങ്കാരം തനിയെ ഇല്ലാതാകില്ലെ. വലിയവരെ നോക്കണം, കാണണം, എന്നാൽ മനസ്സിലാകും നാം ആരാണെന്ന്. കണ്ണാടിയിൽ മാത്രം നോക്കി ജീവിക്കരുത്.

M. A. Yousuf Ali എം.എ.യൂസഫലി

( യൂസഫലിയുടെ ഒാഫീസ് മുറിയൊരു വിശാലമായ ലോകമാണ്. തൂവെള്ള കസേരകൾ, വിലകൂടിയ ലതർ സോഫകൾ, വിവിധയിടങ്ങളിൽനിന്നു സമ്മാനമായി കിട്ടിയ പ്രൗഢഗംഭീരമായ വസ്തുക്കൾ. രാജ, ഭരണാധികാരികളുടെ വാത്സല്യം നിറഞ്ഞ ചിത്രങ്ങൾ. തേക്കിൽ തീർത്ത തിളങ്ങുന്ന മേശകൾ. അതി മനോഹരമായ വെളിച്ച സംവിധാനം. വാതിൽ തുറക്കുമ്പോൾ അകത്തുനിന്നു പലപ്പോഴും യൂസഫലിയുടെ പൊട്ടിച്ചിരി കേൾക്കാം. ചിലപ്പോഴെങ്കിലും ഒരു ഗ്രാമീണ കൂട്ടായ്മയുടെ ഛായ.)

∙ പലപ്പോഴായി പണം വാങ്ങുകയും താങ്കളുടെ പദ്ധതികളെ എതിർക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കളോടു ദേഷ്യം തോന്നാറില്ലെ.

എന്തിനു ദേഷ്യപ്പെടണം. അവർ രാഷ്ട്രീയക്കാരാണ്. അവരോടു ദേഷ്യപ്പെട്ടു രാഷ്ട്രീയം കളിക്കണമെങ്കിൽ അതിലും വലിയ രാഷ്ട്രീയം യൂസഫലിക്ക് അറിയണം. എനിക്കു കച്ചവടമല്ലാതെ ഒന്നുമറിയില്ല. അറിയാത്ത കളിക്കുപോയി തോൽക്കുന്നത് എന്തിനാണ്. കാര്യം നടത്താനായി ഒരാൾക്കുപോലും ഞാൻ പണം കൊടുക്കാറുമില്ല.

∙ ഭൂമി നികത്തുന്നതിനെ എതിർക്കുന്ന വി.എസ്.അച്യുതാനന്ദനാണ് തൃശൂരിൽ ഭൂമി നികത്തി നിർമ്മിച്ച ലുലു കൺവൻഷൻ സെന്റർ ഉദ്ഘാടനം ചെയ്തത്. അന്നദ്ദേഹം പറഞ്ഞതു ചേറിൽനിന്നു വിരിഞ്ഞ ചെന്താരമയാണു ലുലു എന്നാണ്. വിഎസ്സിനെപ്പോലുള്ള പിടിവാശിക്കാരനെപ്പോലും കൂടെ നിർത്തി മനസ്സിൽ താരമ വിരിയിച്ചു കൊടുക്കുന്ന മാജിക്ക് എന്താണ്.

വി.എസ്.പിടിവാശിക്കാരനായി എനിക്കുതോന്നിയിട്ടില്ല. ഞാൻ അദ്ദേഹവുമായുള്ള ബന്ധം ഉപയോഗിച്ച് അവിഹിതമായി ഒന്നും ചോദിച്ചിട്ടില്ല, നേടിയിട്ടുമില്ല. അദ്ദേഹത്തിന്റെ രാഷട്രീയ പ്രവർത്തനത്തിന് എന്റെ ആവശ്യമോ സഹായമോ വേണ്ടതാനും. നിയമപരമായി മാത്രമെ ഞാൻ കാര്യങ്ങൾ ചെയ്തിട്ടുള്ളുവെന്നു അദ്ദേഹത്തനറിയാം. ഞാനതു തെളിയിക്കാനും തയ്യാറാണ്. ഭൂമി ഉപയോഗപ്പെടുത്താനുള്ള നിയമം കേരളത്തിലുണ്ട്. അതു പാലിച്ചു ഭൂമി കാർഷികേതര ആവശ്യങ്ങൾക്കു വിനിയോഗിക്കാം. പുറത്തുനിന്നു പലരും പലതും പറയും. അവർക്കു ചോദിക്കാനുള്ളതു ചോദിക്കട്ടെ. യൂസഫലി മറുപടി പറയാം. പക്ഷെ എല്ലാവരോടും മറുപടി പറഞ്ഞു സയമം കളയാൻ യൂസഫലിയില്ല. വി.എസ്.അച്യുതാനന്ദൻ നേരെ വാ, നേരെ പോ എന്ന രീതിയിൽ പെരുമാറുന്ന മനുഷ്യനാണ്. ശരിയായ വഴിയിൽ കാര്യങ്ങൾ ചെയ്തതുകൊണ്ടാണ് എനിക്കു വി.എസ്.അച്യുതാനന്ദനെപ്പോലുളള്ള ഒരാളുടെ മുന്നിൽ ആരുടെയും ശുപാർശയില്ലാതെ ചെന്നു നിൽക്കാനാകുന്നത്. ഈ നേതാക്കളൊന്നും പണം കാണിച്ചു വീഴ്ത്താവുന്നവരാണെന്നു ഞാൻ കരുതുന്നില്ല. അതിന്റെ രീതിയുമല്ല. അവരെല്ലാം നല്ല ബുദ്ധിമാന്മാരും ദിശാബോധമുള്ളവരുമാണ്. അവർക്കു പറയാനുള്ളതു പറയും, അതിൽ എന്റെ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തും. യൂസഫലിക്കു പറയാനുള്ളതു യൂസഫലിയും പറയും. ഇവരെ കൂടെ നിർത്താനായി ഞാൻ ഒന്നും ചെയ്യാറില്ല. ശരിയായ രീതിയിൽ ചെയ്താൽ ആർക്കും നമ്മളോടു എതിർപ്പുണ്ടാകില്ല.

∙ പാർട്ടിക്കകത്തുപോലും വി.എസ്സും പിണറായി വിജയനുമായി ഒരുപോലെ അടുപ്പമുള്ളവർ ഇല്ല. താങ്കൾ പിണറായിയുമായും നല്ല അടുപ്പത്തിലാണല്ലേ.

ഇനി അതിൽപ്പിടിച്ചു കുഴപ്പമുണ്ടാക്കരുത്. പിണറായി വിജയൻ കേരളത്തിന്റെ വികസനത്തെക്കുറിച്ചു നല്ല കാഴ്ചപ്പാടുള്ള ആളാണ്. കേരളത്തിന്റെ വികസനം പലതുംകൊണ്ടും മെല്ലെപ്പോകുന്നതിൽ പിണറായി വിജയൻ അതീവ ദു:ഖിതനാണെന്ന് എനിക്കിറിയാം. അത്തരമൊരു ആകാംഷ ഈ നാടിനെക്കുറിച്ചു ചിന്തിക്കുന്ന ഒരാളുടെ മനസ്സിലെ ഉണ്ടാകൂ. ( നേതാക്കളെയും രാഷ്ട്രീയത്തെയുംകുറിച്ചു യൂസഫലി വളരെ സരസമായി സംസാരിച്ചു. പല നേരമ്പോക്കുകളും പങ്കുവച്ചു. അതിനു മുൻപു സംസാരം റെക്കോർഡ് ചെയ്യുന്ന ഫോൺ ഒാഫാണെന്നു വളരെ സൗമ്യതോടെ ഉറപ്പാക്കി. )

കാറിലിരിക്കവെ യൂസഫലി അബുദാബിയിലെ വലിയ കെട്ടിടങ്ങൾ ഏതാണെന്നു പരിചയപ്പെടുത്തി. അബുദാബിയുടെ ഷോപ്പിങ് ചരിത്രത്തിൽ പുതിയ ചരിത്രമെഴുതിയ ലുലു മുഷ്റിഫ് മാളിനു മുന്നിലൂടെ കാർ കടന്നുപോകുമ്പോൾ അവിടെ കാറുകളുടെ തിരക്കുണ്ടെന്നു സ്വയം ഉറപ്പുവരുത്തി. നൂറുകണക്കിനു കാറുകൾ അകത്തേക്കു കടക്കാനായി കാത്തു നിൽക്കുന്നു. നാൽപതു വർഷം മുൻപു ഈ മരുഭൂമിയിലൂടെ സ്വയം വാഹനമോടിച്ചു പലചരക്കു സാധാനങ്ങൾ കടയിലെത്തിച്ചിരുന്നത് ഈ മനുഷ്യനാണെന്നു വിശ്വസിക്കാൻ പ്രയാസം തോന്നും. കാർ വീടിനോടടുക്കുകയാണ്.

∙ കൊച്ചിയിലെ ദ്വീപായ ബോൾഗാട്ടി പാലസ് യൂസഫലിക്കുവേണ്ടി കേന്ദ്ര സർക്കാർ നികത്തുകയായിരുന്നുവെന്നു പറയുന്നുണ്ടല്ലോ.

നിങ്ങളും കേട്ടതു പറയുകയാണ്. ബോൾഗാട്ടി പാലസ് പാട്ടത്തിനു കൊടുക്കാൻ തീരുമാനിക്കുന്നത് എട്ടു വർഷം മുൻപാണ്. അന്നു ഞങ്ങൾക്കു കൊച്ചിയിൽ പ്രോജക്റ്റുമായി വരുന്ന കാര്യം ആലോചിച്ചിട്ടേ ഇല്ല. എട്ടുവർഷത്തിനു ശേഷം പരസ്യമായി ലേലത്തിനുവച്ച ഭൂമിയാണത്. അവിടെ എന്തു ചെയ്യണമെന്നുപോലും പരസ്യ നിബന്ധനയിലുണ്ട്. ലേലത്തിൽ പങ്കെടുക്കുകയും ലുലു അതിൽ വിജയിക്കുകയും ചെയ്തു. ആ ഭൂമി വിറ്റ് എനിക്കു പണവുമായി നാട്ടികയിലേക്കു പോകാനാകില്ല. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയാണത്. മത്സരിച്ചു ലേലത്തിൽ പിടിച്ചതാണോ യൂസഫലി ചെയ്ത തെറ്റ്. ഭൂമി ലേലം ചെയ്തു കൊടുക്കരുതെന്ന് ആരും പറഞ്ഞില്ലല്ലോ. നിയമ പ്രകാരം ഞങ്ങൾ ആ ഭൂമിയെടുത്തു രാജ്യത്തെ ഏറ്റവും മനോഹരമായ കൺവൻഷൻ സെന്റർ നിർമ്മിക്കുകയാണ്.

∙ ഇത്രയെറെ പ്രശ്നമുണ്ടായ സ്ഥിതിക്കു ഇനിയും കേരളത്തിൽ നിക്ഷേപിക്കുമോ.

ഇടപ്പള്ളി ലുലു സെന്ററിൽ ഞങ്ങൾ നിക്ഷേപിച്ചതു 1600 കോടി രൂപയാണ്. ബോൾഗാട്ടി കൺവൻഷൻ സെന്റർ 60 വർഷം നടത്തിയാൽപ്പോലും ലാഭത്തിലാകില്ലെന്നു മനസ്സിലാക്കാൻ കഴിയുള്ളവരാണു ഞങ്ങൾ. ലുലു സെന്റർ നഷ്ടമാകുമെന്നു പലരും സൂചിപ്പിച്ചിരുന്നു. പക്ഷെ അതു ജനങ്ങൾ ഏറ്റെടുത്തു ആഘോഷമാക്കി. ടൂറിസം രംഗത്തുപോലും പ്രതിഫലനം കണ്ടു. ബോൾഗാട്ടിയിലെ ലുലു വരുന്നതോടെ സിംഗപ്പൂരിലും മറ്റും നടക്കുന്ന രാജ്യാന്തര കൺവൻഷനുകൾ ഞങ്ങൾ കൊച്ചിയിലേക്കു കൊണ്ടുവരും. ഹോട്ടലുകാർക്കും പച്ചക്കറി ഉൽപ്പാദിപ്പിക്കുന്ന ചെറിയ കർഷകർക്കും ടാക്സി ഡ്രൈവർമാർക്കുംവരെ ഇതിന്റെയെല്ലാം നേട്ടം കിട്ടും. ലുലുവിന്റെ കാക്കനാട് ടെക്നോപാർക്കിൽ 11,000 പേർക്കാണു ജോലി സാധ്യത. തൃശൂരിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പണി തുടങ്ങിക്കഴിഞ്ഞു. കേരളത്തിലെ നിക്ഷേപം ലാഭത്തിന്റെ അടിസ്ഥാനത്തിൽ മാത്രമല്ല. ഇവിടെ നിക്ഷേപിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. ലോകത്തോട് ഇതിലൂടെ ഞങ്ങൾ പറയുന്നു, ഇന്ത്യയും കേരളവും നിക്ഷേപ സൗഹൃദ പ്രദേശമാണെന്ന്. ഇത് ഈ രാജ്യത്തോടുള്ള ഞങ്ങളുടെ കടപ്പാടുകൂടിയാണത്. ഏതെങ്കിലും നാലുപേർ ഭീഷണിപ്പെടുത്തിയാലോ, ചീത്ത വിളിച്ചാലോ യൂസഫലി വിരണ്ടുപോകില്ല. നിങ്ങൾ പറയുന്ന കുത്തകകളിൽപ്പെട്ട ആളല്ല ഞാൻ. അധ്വാനിച്ചു വളർന്നൊരു സാധാരണക്കാരനാണ്.

(കാറിന്റെ സീറ്റിൽ യൂസഫലി ശക്തമായി തട്ടി. വാക്കുകളിലെ മൂർച്ച പ്രകടമാണ്. മരുഭൂമിയിൽ യുദ്ധം ജയിച്ചൊരു പോരാളിയുടെ ശബ്ദവും ശക്തിയുമാണിത്. കൊടി കണ്ടാൽ വിരണ്ടുപോകുന്നൊരു ശരാശരി ഗൾഫുകാരന്റെ ശബ്ദമല്ല. അദ്ദേഹം കേരളത്തിലെ നിക്ഷേപങ്ങളുടെ കണക്കുകൾ വിവരിച്ചുകൊണ്ട് ഉറക്കെ സംസാരിച്ചു. )

∙കേരളം എം.എ.യൂസഫലിയെ മനസ്സിലാക്കിയില്ലെന്നു തോന്നുന്നുണ്ടോ.

എനിക്ക് അർഹിക്കുന്നതിലും കൂടുതൽ ആദരവ് ഇവിടത്തെ ഇടതു, വലതു സർക്കാരുകൾ തന്നിട്ടുണ്ട്. എന്റെ കേരളീയർ എന്നെ അതിരുവിട്ടു സ്നേഹിച്ചിട്ടുണ്ട്. മലയാളികളായ 25,000 പേർക്കു നേരിട്ടു ജോലി നൽകാനായതിൽ എനിക്കു സന്തോഷമുണ്ട്. ഒരു പ്യൂണിനുപോലും ജോലി കൊടുക്കാൻ പറ്റാത്തവരാണ് എനിക്കു നേരെ വിരൽ ചൂണ്ടുന്നത്. യൂസഫലിയുടെ ജോലി യൂസഫലി പരമാവധി ചെയ്യാൻ നോക്കുന്നുണ്ട്. തെറ്റുകൾ പറ്റിയാൽ ഏറ്റുപറഞ്ഞു തിരുത്താറുണ്ട്. യൂസഫലിയെ തോൽപ്പിക്കണമെങ്കിൽ നിങ്ങൾ സ്നേഹിച്ചു തോൽപ്പിക്കണം. അതിനു മുന്നിൽ ഞാനെന്നും കീഴടങ്ങിക്കൊടുത്തിട്ടുണ്ട്. എന്റെ നേരെ വിരൽ ചൂണ്ടിയവരോടു പോലും എനിക്കു പരാതിയില്ല. ഒരു ദിവസം അവർ യൂസഫലിയെ തിരിച്ചറിയും.

( നിക്ഷേപത്തേക്കുറിച്ചു പറയുമ്പോൾ അദ്ദേഹത്തിനുള്ളിലെ കച്ചവടക്കാരനാണു സംസാരിക്കുന്നത്. അതിന്റെ തന്റേടവും പ്രകടമാണ്. എന്നാൽ യൂസഫലിയെന്ന വീട്ടുകാരന്റെ സ്വരം ഇതല്ല).

∙ പിതാവും മാതാവും അപകടത്തിൽ മരിച്ചതിന്റെ ഷോക്കിൽനിന്നു കരകയറി ബിസിനസ്സിന്റെ തിരക്കലേക്കു വൈകാതെ തിരിച്ചെത്തിയത് എങ്ങിനെയാണ്.

പ്രാർഥന. പടച്ചോനിൽ അടിയുറച്ച വിശ്വാസം. ചുറ്റും നിൽക്കുന്നവരുടെ സ്നേഹം.

∙ മരിക്കുന്ന ദിവസം യാത്ര പറഞ്ഞത് ഒാർമ്മയുണ്ടോ .

അന്നു ഞാൻ ലണ്ടനിലേക്കു പോകുകായിരുന്നു.കെട്ടിപ്പിടിച്ചപ്പോൾ ഉമ്മ പറഞ്ഞു, നീ വല്ലാതെ അലയരുത്. നിന്റെ തടി നോക്കേണ്ട സമയമായി എന്ന്. ബാപ്പ ചോദിച്ചു, എന്തിനാണു നീ ഇങ്ങനെ അധ്വാനിക്കുന്നതെന്ന്. ഞാൻ ചോദിച്ചു, അഹമ്മദാബാദിലും നാട്ടികയിലും ബാപ്പ അധ്വാനിച്ചതുവച്ചു നോക്കുമ്പോൾ ഇതു വല്ലതുമാണോ എന്ന്. ബാപ്പ എന്റെ തോളിൽ തട്ടി ചിരിച്ചു. കാറിൽ കയറുന്നതിനു മുൻപു ഉമ്മ ഒരിക്കലൂടെ എന്നെ ഉമ്മവച്ചു. അതു പതിവില്ലാത്തതായിരുന്നു.

∙ താങ്കളുടെ പേരക്കുട്ടികൾക്കു വല്യുപ്പയുടെയും വല്യുമ്മയുടെയും സ്നേഹം പൂർണ്ണമായി കിട്ടിയില്ല. അതു നികത്താൻ താങ്കൾക്കു കഴിയുന്നുണ്ടോ.

ഞാനെന്റെ മക്കളോടു പറയും, എന്റെ വല്യുപ്പ എന്നെ ചുമലിലേറ്റിയപ്പോൾ അനുഭവിച്ച ആനന്ദം എന്താണെന്നു ഞാൻ വല്യുപ്പയായപ്പോഴാണു മനസ്സിലായതെന്ന്. ബാപ്പമാർ അനുഭവിക്കുന്നതിലും വലിയ ആനന്ദമാണിത്. എന്നെ പ്രാർഥിക്കാനും പ്രവാചകനിൽ അർപ്പിച്ചു ജീവിക്കാനു പഠിപ്പിച്ചതു വല്യുപ്പയാണ്. സ്നേഹം, കരുണ അങ്ങിനെ പലതും മനസ്സിൽ തെളിയിച്ചതും അദ്ദേഹമാണ്. എന്റെ പേരക്കുട്ടികൾക്കും അതു കൊടുക്കാൻ കഴിയണെ എന്നാണെന്റെ പ്രാർഥന.

M. A. Yousuf Ali എം.എ.യൂസഫലി

∙ താങ്കളുടെ മക്കളെയും മരുമക്കളെയും നേരിട്ടു ലുലു ഗ്രൂപ്പിന്റെ ബിസിനസ്സിലേക്കു കൊണ്ടുവരാതെ വഴി തിരിച്ചുവിട്ടത് എന്തിനാണ്.

എന്റെ സഹോദരനും കസിൻ ബ്രദേഴ്സുമെല്ലാം ചേർന്ന വലിയൊരു ടീം ഇപ്പോൾ ഉണ്ട്. അവരതു നടത്താൻ പ്രാപ്തരുമാണ്. പുതിയ തലമുറയുടെ ബിസിനസ്സ് പുതിയ തരത്തിലുള്ളതാണ്. അവർ അവരുടെ വഴിക്കു പോകട്ടെ. അവർ സന്തോഷിക്കുന്നതും അതിലാണ്.

∙ഖുർആൻ സൂക്തകങ്ങൾ ഉദ്ധരിച്ചു സംസാരിക്കുന്നതു കേട്ടിട്ടുണ്ട്. മത പഠനം കുട്ടിക്കാലത്തു നടത്തിയതാണോ .

കുട്ടിക്കാലത്തു നന്നായി പഠിച്ചിരുന്നു. എന്റെ യാത്രകളിൽ ഞാൻ ഖുർ ആൻ കേൾക്കുകയും വായിക്കുകുയം ചെയ്യും. പണ്ഡിതരുടെ പ്രഭാഷണങ്ങൾ കേൾക്കും. ഖുർആനെക്കുറിച്ചു വരുന്നതെല്ലാം ഞാൻ എടുത്തു സൂക്ഷിച്ചുവയ്ക്കും. കഴിഞ്ഞ ദിവസം മനോരമയിലെ ഒരു വാർത്തയിൽ ഖുർആനിൽനിന്നൊരു ഉദ്ധരണി കണ്ടിരുന്നു. മറ്റു മതങ്ങളുടെ സംരക്ഷണത്തിനും ആദരവിനും ഖുർ ആൻ നൽകുന്ന ശ്രദ്ധയാണ് അതിലുണ്ടായിരുന്നത്. ഞാൻ ചിലരെ ചിലരിൽനിന്നു തടുത്തില്ലായിരുന്നുവെങ്കിൽ മതങ്ങളുടെ കലഹം ഉണ്ടായെനെ എന്നതാണ് അതിന്റെ സത്ത. എല്ലവരുടെയും സന്തോഷത്തിൽ സന്തോഷിക്കുകയും അവരുടെ സങ്കടത്തിൽ സങ്കടപ്പെടുകയും ചെയ്യുന്നവനാണു ഹൃദയമുള്ളവനെന്നു ഖുർആൻ പറയുന്നുണ്ട്. അങ്ങിനെ ഹൃദയമുള്ളവനെ മുഹസിൻ എന്നാണു പറയുന്നത്.

∙ താങ്കൾ മുഹസ്സിനാണോ .

ആകാൻ പരമാവധി ശ്രമിക്കുന്നു. ഒരാൾ എന്നെക്കാൾ നന്നായി കച്ചവടം ചെയ്യുന്നതിലോ സമ്പാദിക്കുന്നതിലെ എനിക്ക് അസൂയയില്ല. മാത്രമല്ല അത്തരക്കാരെ തേടി കണ്ടെത്തി പരിചയപ്പെടാനും അവരിൽനിന്നു നല്ലതു എടുക്കാനും ഞാൻ ശ്രമിക്കാറുണ്ട്. അന്യനോടു അസൂയയില്ലാതെ കച്ചവടം നടത്തുന്നു എന്നതായിരിക്കാം ഞങ്ങളുടെ വിജയത്തിനു ഒരു കാരണം. എനിക്കു റീട്ടെയിൽ കച്ചവടരംഗത്തെ ഭീമന്മാരായ വാൾമാർട്ടിനോടുപോലും അസൂയയില്ല. എന്നെങ്കിലും അതിലും വലിയ ശൃംഘലയായി ലുലു വരണമെന്ന ആഗ്രഹം മാത്രമെയുള്ളു. അത് കൂടുതൽ അധ്വാനിക്കാനുള്ള ശക്തിയായി മാറുമെന്നുമാത്രം.

( വീടിന്റെ വാതിൽ തുറക്കുകയാണ്. സെക്യൂരിറ്റി ഗാൾഡുകളുടെ അകമ്പടിയോടെ പടവുകൾ കയറി. ഇതു യൂസഫലിയുടെ കൊട്ടാരമാണ്. നാൽപതു വർഷം മുൻപു ചൂടുമാറ്റാൻ ബക്കറ്റിലെ വെള്ളം ദേഹത്തൊഴിച്ചുറങ്ങിയ അതേ യൂസഫലിയുട വീട്. നടന്നാൽ അകത്തെത്താൻ ഏറെ സമയമെടുക്കുന്ന മുറികൾ. ഇറക്കുമതി ചെയ്ത പേർഷ്യൻ കാർപ്പറ്റുകൾ. ലക്ഷങ്ങൾ വിലമതിക്കുന്ന ഷാന്റിലിയറുകൾ. ലോകത്തിന്റെ നാനാഭാഗത്തുനിന്നും ഭരണാധികാരികളും വലിയവരും സമ്മാനിച്ച സമ്മാനങ്ങളുടെ ശേഖരം. പല തരക്കാർക്കുള്ള അതിഥി മുറികൾ. സ്വർണ്ണ നിറത്തിലുള്ള അലങ്കാരത്തോടെയുള്ള തീൻമേശകൾ. ചുമരുകളിൽ തേക്കിന്റെ ഭംഗിയാർന്ന കൊത്തുപണികൾ. പഞ്ചനക്ഷത്ര ഹോട്ടലുകളെപ്പോലും അമ്പരപ്പിക്കുന്ന സൗകര്യങ്ങൾ. നോമ്പുതുറയും നമസ്ക്കാരവും കഴിഞ്ഞു യൂസഫലി മുറിയിലേക്കു വന്നു. അതിഥികളുടെ വലിയ നിരയുണ്ട്. നിരനിരയായി നിന്ന പരിചാരകർ പെട്ടെന്നു പാത്രങ്ങളുടെ അടപ്പു തുറന്നു. വിവിധ രാജ്യങ്ങളിൽനിന്നുള്ള ഭക്ഷണ സാധനങ്ങളുടെ നീണ്ട നിര. യൂസഫലി ഒാരോരുത്തരോടും വിഭവങ്ങളെക്കുറിച്ചു വിവരിക്കുന്നു. ചിലരെ നിർബന്ധിക്കുന്നു, വിളമ്പിക്കൊടുക്കുന്നു. നാലു പതിറ്റാണ്ടു മുൻപു നാട്ടികയിലെ വീട്ടിൽ കഞ്ഞി വിളമ്പിവച്ചു മകന്റെ സഹപാഠികളായ കുട്ടികളെ കാത്തിരുന്ന ഉമ്മകൂടി ഈ കാഴ്ച കാണാൻ ഉണ്ടാകണമായിരുന്നു. രാത്രി വളരെ വൈകിയിരിക്കുന്നു. എല്ലാവരും ഇറങ്ങുകയാണ്. യൂസഫലി വീടിനു പുറകിലെ വിശാലമായ പച്ചക്കറി തോട്ടത്തിലേക്കു നടന്നു. അവിടെ നാട്ടിലും വിദേശത്തുമുള്ള പച്ചക്കറികളുടെ സമൃദ്ധി. ഒരു കൈ നീട്ടി അദ്ദേഹം ചെടികളെ തൊട്ടുകൊണ്ടു നടന്നു. )

∙ യോഗ ശീലിച്ചതാണോ ഈ കഠിനാധ്വാനത്തിലും രക്ഷയാകുന്നത്.

അഞ്ചു മണിക്കൂറിൽ കൂടുതൽ ഉറങ്ങാറില്ല. യോഗയിലൂടെയാണു എന്റെ ശരീരത്തിനും മനസ്സിനും വേണ്ട വിശ്രമവും ശക്തിയും കൊടുക്കുന്നത്. നാം ശരീരംകൊണ്ടും മനസ്സുകൊണ്ടും അധ്വാനിക്കുകയാണ്. ഉറങ്ങുമ്പോൾപോലും മനസ്സു ജോലി ചെയ്യുന്നു. ഏതു ജോലിയിലും വിശ്രമം വേണ്ടേ. അതാണു യോഗയിലൂടെ കണ്ടെത്തിയത്. ഈ വിശ്രമത്തിനു ശേഷം കൂടുതൽ നന്നായി മനസ്സും ശരീരവും ജോലി ചെയ്യാറുണ്ട്. മുസ്ലീങ്ങളുടെ നമസ്ക്കാരവും ഇതുപോലെയാണ്. പ്രാർഥനയോടൊപ്പം ശരീരത്തിനും മനസ്സിനും നൽകുന്ന ശ്രദ്ധകൂടി അതിലുണ്ട്.

∙ഗൾഫിലെ രാജ കുടുംബങ്ങളും ഭരണാധികാരികളുമായി താങ്കൾക്കുള്ള അടുപ്പും പ്രസിദ്ധമാണ്. ഗൾഫിലെ രാജകുടുംബങ്ങളുമായി ഉന്നത ബന്ധമുള്ള പത്തു പേരുടെ പട്ടിക വിദേശ മാധ്യമങ്ങൾ തയ്യാറാക്കിയപ്പോൾ താങ്കളും അതിലുണ്ടായിരുന്നു. ഇതെങ്ങിനെ സാധിച്ചു.

ഗൾഫ് യുദ്ധകാലത്തിനു തൊട്ടുമുൻപാണു അബുദാബിയിൽ പുതിയ ഹൈപ്പർമാർക്കറ്റ് ആസൂത്രണം ചെയ്തത്. കിട്ടിയതല്ലാം പെറുക്കി പലരും നാടുവിടുന്ന കാലമായിരുന്നു അത്. ഞാനും പിന്മാറുമെന്നു പലരും കരുതി. എനിക്കു രണ്ടാമതൊന്നു ആലോചിക്കേണ്ടിവന്നില്ല. ഞാൻ വലിയ പരസ്യത്തോടെ ലുലു തുടങ്ങാൻ തീരുമാനിച്ചു. അതറിഞ്ഞ് ഇവിടത്തെ രാഷ്ട്ര പിതാവും യുഎഇയുടെ ആദ്യ പ്രസിഡന്റുമായ ഷെയ്ഖ് സയ്യിദ് ബിൻ സുൽത്താൻ അൽ നഹിയാൻ എന്നെ വിളിപ്പിച്ചു. എന്തുകൊണ്ടാണു രാജ്യം വിടാതെ ഇവിടെ പണമിറക്കുന്നതെന്നു ചോദിച്ചു. ഞാൻ പറഞ്ഞു, ‘അങ്ങയുടെ രാജ്യത്തുനിന്നാണ് ഞാനിതെല്ലാമുണ്ടാക്കിയത്. ഈ രാജ്യമൊരു പ്രതിസന്ധി നേരിടുമ്പോൾ അതെല്ലാം കെട്ടിപ്പെറുക്കി എവിടെയെങ്കിലും പോയി സുഖിക്കാൻ എന്നെ മനസാക്ഷി സമ്മതിക്കുന്നില്ല. യുദ്ധം വരുമായിരിക്കും. അപ്പോൾ ഈ രാജ്യവും അങ്ങും നേരിടുന്ന വിധി എന്തോ അതേറ്റുവാങ്ങാൻ ഞാനും തയ്യാറാണ്. ഇവിടെനിന്നു കിട്ടിയതല്ലാതെ എനിക്കു വേറെ ഒന്നുമില്ല. ’ ഞാനിതു പറയുമ്പോൾ ഗൾഫിനെ യുദ്ധം ഉലയ്ക്കാൻ തുടങ്ങിയിരുന്നു. രാഷ്ട്ര പിതാവ് എന്നെ ആലിംഗനം ചെയ്തു. ആ സ്നേഹം അടുത്ത തലമുറയിലേക്കും അദ്ദേഹം കൈമാറി.

∙ ഈ ബന്ധമാണോ കച്ചവടം വലുതാക്കിയത്.

എന്റെ വ്യക്തിപരമായ ആവശ്യത്തിനുവേണ്ടി ഗൾഫിലെ ഒരു രാജകുടുംബത്തെയും ‍ഞാൻ സമീപിച്ചിട്ടില്ല. രാജ്യത്തിനും കേരളത്തിനും വേണ്ടിയാണു അവരുട സഹായം തേടിയിട്ടുള്ളത്. അതെല്ലാം അവർ തരികയും ചെയ്തു. എന്റെ രാജ്യത്തിനുവേണ്ടിയല്ലാതെ ഒരിക്കലും ഞാനാ ബന്ധം ഉപയോഗിക്കുകയുമില്ല.

∙യുദ്ധത്തിനിടയിലും ഇവിടെ നിൽക്കാൻ തീരുമാനിച്ചതൊരു വലിയ റിസ്ക് ആയിരുന്നില്ലെ. പ്രാർഥനയിലൂടെയോ മറ്റോ ആണോ ഈ നിർണ്ണായക തീരുമാനമെടുത്തത്.

എന്റെ മനസാക്ഷിക്കു ശരി എന്നു തോന്നുന്നതു ചെയ്തു. അതെ എന്നും ചെയ്തിട്ടുള്ളു. പലതും തെറ്റിക്കാണും. തെറ്റു വരുമ്പോൾ തിരുത്തും. കച്ചവടത്തിൽ എന്നും റിസ്ക്കുകളുണ്ട്. കേരളത്തിൽ ലുലു കൊണ്ടുവരാൻ തീരുമാനിച്ചതിനു പുറകിലും റിസ്ക്കുണ്ടായിരുന്നു. കേരളം ഇത്ര വലിയൊരു നിക്ഷേപത്തിനോടു നന്നായി പ്രതികരിക്കുമോ എന്നും സംശയമുണ്ടായിരുന്നു. റിസ്ക്കെടുക്കാൻ എനിക്കു പേടിയില്ല. പ്രാർഥനയും കച്ചവടവും രണ്ടും രണ്ടാണ്. പ്രാർഥനയിലൂടെ എന്തെങ്കിലും വെളിപാടു കിട്ടി തീരുമാനമെടുക്കാനുള്ള ദിവ്യത്വമൊന്നും എനിക്കില്ല.

∙ഹിന്ദുക്കൾക്കായി ഗൾഫിൽ ആദ്യമായൊരു ശ്മശാനം ഉണ്ടാക്കാൻ നേതൃത്വം നൽകിയതു താങ്കളാണ്. ഇതിനു പുറകിൽ ...........

വാഹനാപകടത്തിലും മറ്റും മരിക്കുന്നവരുടെ മൃതദേഹം ചിന്നിച്ചിതറിയതു മോർച്ചറികളിൽ പോയി ഞാൻ കണ്ടിട്ടുണ്ട്. തകർന്നതിനാൽ അതു എംബാം ചെയ്തു നാട്ടിലേക്കു കൊണ്ടുപോകാനാകില്ല. ഏറ്റെടുക്കാനാളില്ലാതെ അതു മോർച്ചറിയിൽ കിടക്കുമായിരുന്നു. അവരുടെ വേണ്ടപ്പെട്ടവരുടെ വേദന എനിക്കു മനസ്സിലാകും.വേണ്ടപ്പെട്ടവരുടെ അന്ത്യകർമ്മങ്ങൾ വേണ്ടതുപോലെ ചെയ്യുക എന്നതു എല്ലാവരുടെയും മനസ്സിലെ ‌ആഗ്രഹമാണ്. ഞാൻ ഇവിടത്തെ ഭരണാധികാരികളോടു സംസാരിച്ചു. അവർ വളരെ ദയാപൂർവ്വം അതിനു അനുമതി തന്നു. അവരോടു ഇക്കാര്യം പറയാനുള്ള നിമിത്തം ഞാനായി എന്നു മാത്രം. എത്രയോ കുടുംബങ്ങളുടെ കണ്ണീരിനുള്ള സമർപ്പണമാണിത്. ഈ നാട്ടിലെ ഭരണാധികാരികൾക്കറിയാമായിരുന്നു ഞാൻ ഈ നാടിനോ നിയമങ്ങൾക്കോ വിശ്വാസങ്ങൾ എതിരാകുന്ന ഒന്നും ആവശ്യപ്പെടില്ല എന്ന്.

∙ അടുത്ത കാലത്തു മനസ്സിനെ വല്ലാതെ തൊട്ട എന്തെങ്കിലും ഒാർക്കാമോ.

ചാവക്കാട്ടുകാരനായ ചിന്നക്കൽ മൊഹസിൻ എന്ന സുഹൃത്ത് അടുത്ത കാലത്തു ഇവിടെ വന്നു. 40 വർഷം മുൻപു ഞാൻ വരുമ്പോൾ അദ്ദേഹം ഇവിടെ ഉണ്ടായിരുന്നു. കുറെക്കാലം കാണുമായിരുന്നു. അദ്ദേഹത്തിനു എന്നെ കാണണം എന്നു പറഞ്ഞപ്പോൾ വീട്ടിലേക്കു ക്ഷണിച്ചു. ഭക്ഷണം കഴിച്ചു പിരിയാൻ നേരത്തു അദ്ദേഹം എന്നെ കെട്ടിപ്പിടിച്ചു കണ്ണിൽ വെള്ളം നിറച്ചുകൊണ്ടു പറഞ്ഞു, ‘യൂസഫ് ഭായ് നിങ്ങൾ പഴയ യൂസഫ്ഭായ്തന്നെയാണ്. എന്റെ ഏറ്റവും വലിയ സന്തോഷവും അതാണ്. നിങ്ങൾ കോടീശ്വരനായതല്ല. വണ്ടിയിലേക്കു സാധനങ്ങൾ ചുമന്നു കയറ്റിക്കൊടുക്കുന്ന നിങ്ങളെ ‍ഞാൻ എത്രയോ ദിവസം കണ്ടിട്ടുണ്ട്. അന്നുണ്ടായിരുന്ന അതേ മനസ്സുതന്നെയാണു ഇന്നും നിങ്ങളുടേത്. ’

ഇതു കേട്ടപ്പോൾ എന്റെ കണ്ണും നിറഞ്ഞു. പഴയ കാലത്തുള്ളവർ എന്നെ അതേ മനസ്സോടെ കാണുന്നുവെന്നതും ഞാൻ മാറിയിട്ടില്ലെന്നതും വലിയ ബഹുമതിയായി തോന്നി. നമ്മുടെ ജീവിതത്തിൽ ബാക്കിയാകുന്നത് ഇതെല്ലാമാണ്. സമ്പാദ്യംകൊണ്ടുമാത്രം ജീവിതം തീരില്ലല്ലോ. എന്റെ ഉമ്മയിൽനിന്നും കാരണവന്മാരിൽനിന്നും കിട്ടിയ ഈ മനസ്സു കുട്ടികൾക്കും പേരക്കുട്ടികൾക്കും കൊടുക്കാനായാൽ അതായിരിക്കും ഞാൻ കൈമാറുന്ന ഏറ്റവും വലിയ സമ്പാദ്യം. യൂസഫലിക്കു അതിനു കഴിയണെ എന്നു ഞാൻ പ്രാർഥിക്കാറുണ്ട്. കഴിയുമായിരിക്കും.

∙പലപ്പോഴും ഒരു കോർപറേറ്റു മേധാവിക്കു ചേരില്ല എന്നുതോന്നുന്ന തിളങ്ങുന്ന നിറങ്ങളുള്ള ഷർട്ടും മുണ്ടും ധരിച്ചു താങ്കളെ കണ്ടിട്ടുണ്ട്.

സഹോദരാ, ഞാൻ കോർപറേറ്റു മേധാവിയല്ല. ഇതിന്റെ ടീം ക്യാപ്റ്റൻ മാത്രമാണ്. ഇത് 34,000 ജീവനക്കാർ ഒരുമിച്ചു നിൽക്കുന്നൊരു ടീമാണ്. എനിക്കു നിറമുള്ള ഷർട്ടുകൾ ഇഷ്ടമാണ്. നാട്ടിലെത്തുമ്പോൾ അത് ഇട്ടു നടക്കും. ഇവിടെ ചില പരിമിതികൾ ഉണ്ടല്ലോ. എന്റെ വസ്ത്രങ്ങൾ ഞാൻ മാത്രമാണു തിരഞ്ഞെടുക്കുക. യാത്രകൾക്കിടയിൽ ചെറുതും വലുതുമായ എല്ലാ കടകളിലും കയറി നോക്കും. ഒാരോ കടയും ഒരു പാഠപുസ്തകമാണ്. വില കൂടിയ ബ്രാൻഡു മാത്രമെ ഇടൂ എന്നില്ല. നാട്ടികയിലെ ഒരു കൊച്ചുകടയിൽ തൂങ്ങിക്കിടക്കുന്ന അവിടുത്തുകാരൻ തയ്ച്ച ഷർട്ടു കണ്ടാലും ഇഷ്ടപ്പെട്ടാൽ വാങ്ങും.

(ലുലു ഗ്രൂപ്പിന്റെ ചീഫ് കമ്മ്യൂണിക്കേഷൻസ് ഒാഫിസർ വി. നന്ദകുമാറിന്റെ കൈകളിലേക്കു ചൂണ്ടി അദ്ദേഹം പറഞ്ഞു, നന്ദു കെട്ടിയിരിക്കുന്ന വാച്ച് ഞാൻ സമ്മാനിച്ചതാണ്. എന്റെ കയ്യിലുള്ള വാച്ചിനെക്കാൾ എത്രയോ വില കൂടിയതാണത്. എന്നെ വില ഒരിക്കലും മോഹിപ്പിച്ചിട്ടില്ല. )

∙ വസ്ത്ര ധാരണ ശൈലിയിൽ ഭാര്യയ്ക്കു റോളില്ലെ.

ആർക്കുമില്ല. എനിക്ക് എല്ലാ ദിവസവും ടൈ കെട്ടിത്തരുന്നതു ഭാര്യയാണ്. ഇനിയും ടൈ കെട്ടാൻ ഞാൻ പഠിച്ചിട്ടില്ല. ഇടയ്ക്കിടെ പഠിക്കാൻ നോക്കും.

∙ ബിസിനസ്സിലും ഭാര്യയുടെ സാന്നിധ്യം കണ്ടിട്ടില്ല.

എന്റെ ഭാര്യ നല്ല വീട്ടമ്മയാണ്. കുട്ടികളെയും പേരക്കുട്ടികളെയും നോക്കി സുഖമായി ജീവിക്കുന്നു. എന്നെപ്പോലെ ഒരാൾ വൈകീട്ടു വീട്ടിലെത്തുമ്പോൾ വേണ്ടതു മനസമാധാനമാണ്. അതവിടെ ആവോളം ഉണ്ട്. അതിനു കാരണക്കാരി എന്റെ ഭാര്യയാണ്. അങ്ങിനെ പറയുമ്പോൾ ഈ ബിസിനസ് ഗ്രൂപ്പിന്റെ വളർച്ചയിൽ അവർക്കും പങ്കുണ്ട്. കുടുംബത്തിന്റെ കെട്ടുറപ്പും സന്തോഷവുമാണല്ലോ പലപ്പോഴും വിജയങ്ങളിലേക്കു വഴിയൊരുക്കുന്നത്.

∙ ലോകം മുഴുവൻ സഞ്ചരിക്കുന്നതിനിടയിൽ ഇഷ്ടപ്പെട്ട മൂന്നു സ്ഥലങ്ങൾ പറയാമോ

മക്ക, മദീന, നാട്ടിക. (നാട്ടികക്കാരനായ പ്രൈവറ്റ് സെക്രട്ടറിമാരിൽ ഒരാൾ പതുക്കെ ചിരിച്ചു. ലുലു ഗ്രൂപ്പിൽ നാട്ടികയിലെ 3000 കുടുംബങ്ങളിൽനിന്നുള്ളർ ജോലി ചെയ്യുന്നുണ്ട്. പുതിയവരെ കണ്ടെത്താനുള്ള ഇന്റർവ്യൂകളിലും നാട്ടികയ്ക്കു പ്രത്യേക കൗണ്ടറുണ്ട്. )

∙ഈ യാത്രകൾക്കിടയിൽ എത്രയോ പാർട്ടികളിൽ പങ്കെടുത്തിട്ടുണ്ടാകും. ചെറുപ്പത്തിൽ എങ്ങിനെ മദ്യപിക്കാതെ പിടിച്ചുനിന്നു.

മദ്യം സ്റ്റാറ്റസ് ഉയർത്തുമെന്നു കരുതിയാണു പലരും പാർട്ടിയിലും മറ്റും മദ്യപിക്കുന്നത്. അതു സ്വന്തം വ്യക്തിത്വം വിൽക്കലാണ്. ഏതു സ്ഥലത്തും അവനവനായി നിൽക്കാൻ പറ്റണം. അതൊരു ബിസിനസ് പാഠമാണ്. എന്റെ കുടുംബത്തിലെ ആരും മദ്യപിക്കുന്നതായി കണ്ടിട്ടില്ല. വീട്ടിൽനിന്നു കണ്ടു പഠിക്കാത്തൊരു കാര്യം ജീവിതത്തിൽ ശീലിക്കാനുള്ള സാധ്യത കുറവാണ്.

∙ അച്ഛനമ്മമാരെ ശ്രദ്ധിക്കാതിരിക്കുകയും അവർക്കു പണമയയ്ക്കുകയും ചെയ്യാത്ത ജീവനക്കാരെ ശാസിക്കുന്നതായി കേട്ടിട്ടുണ്ട്. ജോലിക്കാരുടെ വ്യക്തി ജീവിതത്തിൽ ഇങ്ങിനെ ഇടപെടാമോ .

എന്റെ കൂടെ ജോലി ചെയ്യുന്ന ആരെയും ഞാൻ ജോലിക്കാരൻ എന്നു വിളിക്കാറില്ല. അവർ എനിക്കു സഹപ്രവർത്തകരാണ്. സ്വാഭാവികമായും അവരുടെ വ്യക്തി ജീവിതം നന്നാകേണ്ടതു ഈ സ്ഥാപനത്തിന്റെ കൂടെ ആവശ്യമാണ്. വീട്ടിലേക്കു പണമയക്കാത്തവരെ ഞാൻ ചീത്ത പറയാറില്ല. അങ്ങിനെ ചെയ്യുന്നുണ്ടെന്നു അച്ഛനമ്മമാർ പറഞ്ഞാൽ ഞാനവരെ വിളിച്ച് ഇന്നുതന്നെ പണമയക്കാൻ പറയും, നിർബന്ധിക്കും. എന്നിട്ടും അനുസരിച്ചില്ലെങ്കിൽ ‍ഞാൻതന്നെ അച്നമ്മമാരുടെ അക്കൗണ്ടിലേക്ക് എന്നാൽ കഴിയുന്ന തുക എല്ലാ മാസവും കൊടുക്കും. ഇതറിയുന്നതോടെ പലരും ഇവിടെ വന്നു കണ്ണീരോടെ തെറ്റു തിരുത്തിയതായി പറയും. ചിലർ ഞാനയച്ച പണം മടക്കിത്തരാൻ നോക്കും. എന്റെ സഹപ്രവർത്തകരുടെ കുടുംബത്തിൽ സമധാനാനമുണ്ടാകേണ്ടത് എല്ലാവരുടെയും ആവശ്യമാണ്. എന്റെ ഒാഫീസിൽ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ഉയർന്ന പദവിയിലുള്ളവരിൽ ഭൂരിഭാഗവും ഇവിടെ സെയ്ൽമാന്മാരായോ എക്സിക്യൂട്ടീവുകളായോ വന്നവരാണ്. പുറത്തുനിന്നു കൊണ്ടുവന്നവരല്ല. ഇതൊരു കുടുംബമാണ്. പേരക്കുട്ടി വളർന്ന് അച്ഛനും മുത്തഛനുമാകുന്നതുപോലെ.

∙ കേരളത്തിലെ ചെറുപ്പക്കാർക്കു കൂടുതൽ തൊഴിലവസരം കിട്ടാൻ എന്തെങ്കിലും ......

വലിയ നിക്ഷേപമുണ്ടാകണം. ലുലു വലിയ നിക്ഷേപമല്ല. എനിക്കു പരിമിതികളുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ച മെയ്ക്ക് ഇന്ത്യ, ഡിജിറ്റൽ ഇന്ത്യ തുടങ്ങിയ പദ്ധതികളിൽ നിക്ഷേപിക്കുന്നതു രാജ്യത്തെ വൻകിട കോർപറേറ്റുകളും ലോകത്തെ വൻകിടക്കാരുമാണ്. അവരുടെ മനസ്സിൽ ഇപ്പോൾ കേരളം ഇല്ല. അതുമായി ബന്ധപ്പെട്ട പരിപാടിയിൽ പ്രസംഗിച്ച 10 വൻകിട കോർപറേറ്റുകളിൽ ആരും കേരളത്തിൽനിന്നുള്ളവരല്ല. അവരുടെ പ്രസംഗത്തിൽ എവിടെയും അവർ കേരളത്തെ പരമാർശിച്ചതുപോലുമില്ല. അവർക്കിപ്പോൾ കേരളത്തിൽ പദ്ധതികളുമില്ല. രാജ്യം മുന്നോട്ടു പോകുമ്പോൾ കേരളം നിന്നിടത്തുതന്നെ നിൽക്കേണ്ടിവരും. അതുണ്ടാകാതിരിക്കമെങ്കിൽ കുത്തക എന്നു വിളിച്ചു അവരെ അധിക്ഷേപിക്കുന്നതു നിർത്തണം. ലോകം മുഴുവൻ അവർ നിക്ഷേപിക്കുമ്പോൾ ഇവിടെയുള്ള വിരലിൽ എണ്ണാവുന്ന ചിലർ എതിർത്തിട്ടു കാര്യമുണ്ടോ. അവർ നിക്ഷേപിക്കാതെ പോകും. അവർക്കൊന്നും നഷ്ടപ്പെടാനില്ല. എതിർക്കുന്നവർ കേരളത്തിലെ ചെറുപ്പക്കരുടെ ഭാവിയാണു തകർക്കുന്നത്. അവർ ഈ ചെറുപ്പക്കാരോടു ചെയ്യുന്നതു കൊടും ക്രൂരതയാണ്. നിക്ഷേപകർക്കു തോന്നണം ഇവിടെ വരണമെന്ന്. അപശബ്ദം കേട്ടാൽ അവർ വരുമോ. അവർക്കു സുരക്ഷിതമായ സ്ഥലമാണു വേണ്ടത്.

∙ കേരളം സുരക്ഷിതമല്ലെ.

കൊച്ചിയിലെ ലുലു ഐടിപാർക്കു പൂർത്തിയായാൽ 11,000 പേർക്കു ജോലി കിട്ടും. ഇതിലും വലിയപാർക്കുകൾ വന്നാൽ കേരളത്തിലെ ചെറുപ്പക്കാരിൽ ലക്ഷക്കണക്കിനു പേർക്കാണു ജോലി കിട്ടുക. അവർക്കു കിട്ടുന്ന കോടിക്കണക്കിനു രൂപയുടെ വിഹിതം ഇവിടെയുള്ള ഒാട്ടോക്കാർക്കും മീൻകച്ചവടക്കാർക്കും പച്ചക്കറി വിൽക്കുന്ന പാവം സ്ത്രീക്കുംവരെ കിട്ടും. കൊച്ചിയിലെക്കാൾ ചതുരശ്ര അടിക്കു 400 രൂപ കുറവാണു ബാംഗ്ളൂരിലെ നിർമ്മാണ ചിലവ്. ജനുവരിക്കു ശേഷം കൊച്ചിയിൽ ബന്ദും ഹർത്താലും സമരവുമായി 14 ദിവസം നിർമ്മാണം നടത്താനായില്ല. പാവപ്പെട്ട ആയിരങ്ങൾക്കു 14 ദിവസത്തെ കൂലി പോയി. അതായതു പകുതി മാസത്തെ ശമ്പളം. സമരം നടത്തിയവർക്കു ഒന്നും നഷ്ടപ്പെട്ടില്ല. അവരുടെ കച്ചവടം സുഖമായി നടന്നു എന്നു മാത്രം. ഇരു കയ്യും നീട്ടി സ്വീകരിക്കാൻ സംസ്ഥാനങ്ങൾ കാത്തുനിൽക്കെ ആരാണു ഇവിടത്തെ വിവാദങ്ങളിലേക്കു വരിക. റോഡും, കെട്ടിടവും വൈദ്യുതിയുമെല്ലാം ഇവിടെ വിവാദമാണ്. ഇടതു, വലതു സർക്കാരുകൾ നിക്ഷേപത്തെ സഹായിക്കാൻ തയ്യാറാണ്. അതുകൊണ്ടുമാത്രം കാര്യമായില്ലല്ലോ. സഹകരിക്കേണ്ടതു ജനമാണ്.

∙ കേരളത്തിലെ ചെറുപ്പക്കാരുടെ ഭാവി .....

കേരളത്തിലെ ചെറുപ്പക്കാരുടെ കാര്യത്തിൽ എനിക്കു വല്ലാത്ത ആശങ്കയുണ്ട്. കേരളം വിടുന്ന മിടുക്കന്മാർ ലോകത്തിന്റേയും രാജ്യത്തിന്റേയും മറ്റു ഭാഗത്തു പോയി ജോലി ചെയ്തു അവിടെ സ്ഥിരതാമസമാക്കുകയാണ്. പണ്ടത്തെപ്പോലെ കേരളത്തിലേക്കു മടങ്ങുന്നില്ല. അതുകൊണ്ടുതന്നെ അവരുടെ മിടുക്കരായ രണ്ടാം തലമുറ ഇവിടെ ഉണ്ടാകുന്നുമില്ല. 20 വർഷത്തിനുശേഷം ഇവരുടെ അഭാവമാണു എന്നെ പേടിപ്പിക്കുന്നത്. വൻകിട കോർപറേറ്റുകളും കേരളത്തിലേക്കു വരണം. അവരെ രാജ്യം ക്ഷണിച്ചുകൊണ്ടുവരുന്ന നിർണ്ണായക സമയമാണിത്. നാം അവർ വരുമ്പോൾ കൊടിയേന്തി സ്വീകരിക്കരുത്. അവർക്ക് ഇവിടെ നിക്ഷേപിക്കണമെന്നു നിർബന്ധമില്ല. നമുക്കാണ് ആവശ്യം. നാം അവരോടും പറയണം, ഇതു എല്ലാംകൊണ്ടും സുന്ദരമായ ഭൂമിയാണെന്ന്. നമുക്കു രാജ്യസ്നേഹത്തിന്റ പതാകയുമായി അവരെ സ്വീകരിക്കാനാകണം. 3000കോടി നിക്ഷേപിക്കാൻ എത്തിയ യുസഫലി ചെറിയ ആൾ മാത്രമാണെന്നു കേരളത്തിലെ സമര ശബ്ദക്കാർ തിരിച്ചറിയണം. വരേണ്ടതു വലിയവരാണ്.

∙ ലുലുവിന്റെ സാന്നിധ്യം .....

ലുലു സെന്റർ വന്നതുകൊണ്ടുമാത്രമുണ്ടായ നേട്ടങ്ങളിലൊന്നു പറയാം. അവിടെ കണ്ട ജൈവപച്ചക്കറികൾ ലോകത്തിന്റെ പല ഭാഗത്തുനിന്നും എത്തിയ പലരുടെയും ശ്രദ്ധ ആകർഷിച്ചു. അവർ കർഷകരുമായി ബന്ധപ്പെട്ടു കയറ്റുമതി തുടങ്ങി. കേരളത്തിലെ ജൈവ പച്ചക്കറികൃഷി കയറ്റുമതിയിൽ 40% വളർച്ചയുണ്ടായി. ഇതിൽ ചെറിയൊരു പങ്കു ലുലുവിനും ഉണ്ട്. ഈ രംഗത്തു കേരളത്തിനു വലിയ സാധ്യതയുണ്ട്. പക്ഷെ കാണാൻ നാം അവസരം കൊടുക്കേണ്ടെ. കേരളം കൃഷി ചെയ്യാൻ തീരുമാനിച്ചാൽ മാർക്കറ്റുണ്ട്. അതു നമുക്കൊരുമിച്ചു കണ്ടെത്താം.

∙ ചെറുപ്പക്കാരോടു എന്തു പറയാനുണ്ട് .

നാടിനു വേണ്ടതു നല്ല പഠിപ്പുള്ള ചെറുപ്പക്കാരായ രാഷ്ട്രീയക്കാരെയാണ്. യൂറോപ്പിലെ പല രാജ്യങ്ങളിലും പ്രധാനമന്ത്രിമാരും മന്ത്രിമാരും 50 വയസ്സിൽ താഴെയുള്ളവരാണ്. അവർ നല്ല വിദ്യാഭ്യാസമുള്ളവരുമാണ്. പലരും സാമ്പത്തിക വിദഗ്ധരാണ്. അങ്ങിനെയുള്ള ചെറുപ്പക്കാരെ രാഷ്ട്രീയത്തിനു വേണം. രാഷ്ട്രീയം ജീവിതമാർഗ്ഗമാകരുത്. പാർട്ടികൾ ലോകത്തെ രാഷ്ട്രീയ പാർട്ടികളിൽ നടക്കുന്ന മാറ്റം മനസ്സിലാക്കണം. പ്രായമായർ ഉപദേശകൻ മാത്രമാകട്ടെ. തീരുമാനിക്കുന്നതു ചെറുപ്പക്കാരാകണം. രാഷ്ട്രീയം പഠിപ്പില്ലാത്തവരുടെയും അക്രമികളുടെയും വേദിയാകരുത്.

(അബുദാബി നഗരമിപ്പോൾ രാത്രിയുടെ ഭംഗിയിലാണ്. വെളിച്ച വിതാനത്തിനിടയിലൂടെ യൂസഫലിയുടെ കാർ നീങ്ങി. ഇവിടെ റമസാൻ മാസത്തിലെ നോമ്പുതുറയുടെ ആഘോഷമാണ്. അതിനിടയിലും രാജ കുടുംബത്തിന്റെ വ്യക്തിപരമായൊരു ചടങ്ങിൽ യൂസഫലി പങ്കെടുക്കും. രാഷ്ട്ര പിതാവും യുഎഇയുടെ ആദ്യ പ്രസിഡന്റുമായ ഷെയ്ഖ് സയ്യിദ് ബിൻ സുൽത്താൻ അൽ നഹിയാന്റെ ഒാർമ്മ ദിനമാണിന്ന്. അദ്ദേഹത്തിന്റെ പേരിലുള്ള പള്ളി അബുദാബിയുടെ സ്വപ്ന സൗധമാണ്. രാജ്യം പഴയ രാഷ്ട്രപിതാവിന്റെ സ്മരണയ്ക്കു വേണ്ടി സമർപ്പിച്ച ആദരം. ലോകത്തെ വിശാലവും മനോഹരവുമായ പ്രാർഥനാലയങ്ങളിലൊന്നും ഇതാണ്. പ്രാർഥനക്കായി പതിനായരക്കണക്കിനാളുകൾ കാത്തുനിൽക്കുന്നു. ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ളവർ, ദേശീയനേതാക്കൾ, സ്ഥാനപതികൾ. പ്രത്യേക വഴിയിലൂടെ യൂസഫലി മുന്നോട്ടു പോയി. രാജ കുടുംബാംഗങ്ങളോടൊപ്പം മുൻ നിരയിൽ അദ്ദേഹത്തിനുള്ള സ്ഥലം ബാക്കിവച്ചിരിക്കുന്നു. ഒരു ഇന്ത്യക്കാരന്റെ തല ഉയർന്നുപോകുന്ന നിമിഷം. ഈ പള്ളിയിലെ ഈദു നമസ്ക്കാരത്തിനു അരലക്ഷം പേരാണു പങ്കെടുക്കുക.

രണ്ടു മണിക്കൂറിനു ശേഷം യൂസഫലിയുടെ വിമാനം അബുദാബിക്കു മുകളിലൂടെ പറന്നു. ഖത്തർ രാജകുടുംബത്തിന്റ നോമ്പുതുറക്കു ശേഷമുള്ള വിരുന്നിലെ അതിഥികളിൽ ഒരാൾ യൂസഫലിയാണ്. താഴെ വൈദ്യുത വിളക്കുകളുടെ പ്രഭയിൽ വർണ്ണചിത്രംപോലെ അബുദാബി. എണ്ണയുടെ സമൃദ്ധിയിൽ രാജ്യം വെട്ടിത്തിളങ്ങുകയാണ്. കോടാനുകോടി വൈദ്യുത വിളക്കുകളുടെ പ്രപഞ്ചം. വജ്ര നെക ്ലസ്സുപോലെ താഴെ റോഡുകൾ. വിമാനത്തിന്റെ ചില്ലുജനാലകൾക്കപ്പുറത്തെ ഇരുട്ടിൽ ഇപ്പോൾ നക്ഷത്രങ്ങളേയും ചന്ദ്രനേയും കാണാം. പുതിയ ഷർട്ടിൽനിന്നും വിട്ടുനിന്ന കോടി നൂൽ പൊട്ടിച്ചു കളയുമ്പോൾ യൂസഫലി പറഞ്ഞു, ‘പെരുന്നാളിന് ഉമ്മ എനിക്കു പുതിയ കുപ്പായം എടുത്തുവയ്ക്കുമായിരുന്നു. ’ .