Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുസ്തി വിപ്ലവം തീര്‍ത്ത മഹാവീറും നാലു പെണ്‍മക്കളും

Mahavir ഗുസ്തി താരമായ മഹാവീര്‍ സിംഗ് ഫോഗട്ടും കുടുംബവും

ആമിര്‍ ഖാന്‍ നായകനാകുന്ന പുതിയ ചിത്രം ദങ്കലിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. വന്‍ പ്രതികരണമാണു ട്രെയ്‌ലറിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം സൂപ്പര്‍ ഹിറ്റാകുമെന്ന കാര്യത്തില്‍ രണ്ടഭിപ്രായം ഉയരാനിടയില്ല. ദങ്കലിന് കാരണമായ ചിലതുണ്ട്. ഒരു ഹരിയാനക്കാരന്‍ അച്ഛനും ആറു പെണ്മക്കളുമാണ് അതില്‍ പ്രധാനം, പിന്നെ അവര്‍ തീര്‍ത്ത ഗുസ്തി വിപ്ലവവും. അതെ, യഥാര്‍ത്ഥത്തില്‍ ഒരു വിപ്ലവം തന്നെയായിരുന്നു അത്. ആണ്‍കോയ്മയുടെ യുക്തിയില്ലായ്മയ്‌ക്കെതിരെ ഒരച്ഛന്‍ തന്റെ മക്കളിലൂടെ ഒരു നാടിന്റെ കപട സംസ്‌കാരം പൊളിച്ചെഴുതിയ കഥ. 

ഗുസ്തി താരമായ മഹാവീര്‍ സിംഗ് ഫോഗട്ടിന്റെയും പെണ്‍ മക്കളായ ഗീത ഫോഗട്ട്, ബബിത ഫോഗട്ട് എന്നിവരുടെയും യഥാര്‍ത്ഥ ജീവിത കഥയാണ് ദങ്കല്‍. അതുകൊണ്ടുതന്നെ സിനിമയ്ക്ക് സാമൂഹിക പ്രസക്തി ഏറെയാണ്. അതിന് ആദ്യം മഹാവീര്‍ ഫോഗട്ടിന്റെയും മക്കളുടെയും കഥയറിയണം, ഒരു ഗ്രാമത്തില്‍ ഇവര്‍ തീര്‍ത്ത മാറ്റത്തിന്റെ കാറ്റേല്‍ക്കണം.

ആരാണ് മഹാവീര്‍

തന്റെ പെണ്‍മക്കളെ അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന ഗുസ്തി താരങ്ങളാക്കി മാറ്റിയ കഥയാണ് മഹാവീറിന്റേത്. അതിനപ്പുറവും അതു ചില സന്ദേശങ്ങള്‍ നല്‍കുന്നു. പരമ്പരാഗതമായി പുരുഷന്‍മാര്‍ അടക്കിവാണിരുന്ന ഗുസ്തി പോലൊരു കായിക ഇനത്തില്‍ വനിതാ പങ്കാളിത്തം അദ്ദേഹം ഉറപ്പാക്കിയത് സ്വന്തം പെണ്‍മക്കളിലൂടെ തന്നെയായിരുന്നു. 

ഹരിയാനയിലെ ബിവാനി ജില്ലയില്‍ ഒരു ജാട്ട് കുടുംബത്തിലായിരുന്നു മഹാവീറിന്റെ ജനനം. കടുത്ത ലിംഗ അസമത്വവും കുറഞ്ഞ സെക്‌സ് റേഷ്യോയും നിലനില്‍ക്കുന്ന നാട്ടില്‍ അയാള്‍ക്കു നാലു പെണ്മക്കളായിരുന്നു ജനിച്ചത്-ഗീത, ബബിത, റിതു, സംഗീത. മരിച്ചുപോയ തന്റെ സഹോദരന്റെ രണ്ടു കുട്ടികളെയും മക്കളായി സ്വീകരിച്ചു മഹാവീര്‍. വിനേഷും പ്രിയങ്കയും. അങ്ങനെ മൊത്തം ആറു പെണ്‍മക്കള്‍-ഇവര്‍ പിന്നീടു ഫോഗട്ട് സിസ്‌റ്റേഴ്‌സ് എന്ന പേരിലാണ് അറിയപ്പെട്ടത്. ഗുസ്തിക്കാരനായ തനിക്കു പിന്‍ഗാമിയാക്കാന്‍ ഒരു മകന്‍ വേണമെന്ന് അയാള്‍ വല്ലാതെ ആഗ്രഹിച്ചിരുന്നെങ്കിലും അതു നടന്നില്ല. 

ഗുസ്തിയുടെ ചടുലത തന്റെ പെണ്മക്കളില്‍ കണ്ടെത്തിയ അയാള്‍ അവരെ ആറു പേരെയും പരിശീലിപ്പിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഫോഗട്ടിന്റെ പെണ്‍കുട്ടികള്‍ ബലായ് എന്ന ആ ഗ്രാമത്തിലെ ആദ്യത്തെ ഗുസ്തിക്കാരികളായി മാറി. 

ഫയല്‍വാന്‍ പാരമ്പര്യമുള്ള  മഹാവീര്‍ ബലായില്‍ നിന്നും 16ാം വയസില്‍ ഡല്‍ഹിയിലെത്തി പത്മശ്രീ അവാര്‍ഡ് നേടിയ ഗുസ്തി താരം ചാന്ദ്ഗി റാമില്‍ നിന്നു പരിശീലനം നേടിയിരുന്നു. നിരവധി ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഗുസ്തിയുമായി നടന്നെങ്കിലും ഒരു പരിധിക്കപ്പുറം പ്രശസ്തനാകാന്‍ മഹാവീറിനു കഴിഞ്ഞില്ല.

Dangal ദങ്കൽ ചിത്രത്തിന്റെ പോസ്റ്റർ

തന്റെ ഗുരുവില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് മഹാവീര്‍ പെണ്‍മക്കളെ ഗുസ്തി പഠിപ്പിക്കാന്‍ തുടങ്ങിയത്. വനിതാ ഗുസ്തിക്കാരെ അനുവദിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ കേന്ദ്രങ്ങളിലൊന്നായിരുന്നു ഡല്‍ഹിയിലെ ചാന്ദ്ഗി റാം അഖാര. സ്വന്തം പെണ്‍മക്കളെ ഗുസ്തി പഠിപ്പിച്ച ചാന്ദ്ഗി റാമിന്റെ പാരമ്പര്യമാണ് താനും പിന്തുടര്‍ന്നതെന്നാണ് മഹാവീര്‍ ഒരു അഭിമുഖത്തില്‍  പറഞ്ഞത്. 

2000ത്തില്‍ കര്‍ണം മല്ലേശ്വരി വെയ്റ്റ്‌ലിഫ്റ്റിംഗില്‍ ഒളിംപിക് മെഡല്‍ നേടിയപ്പോള്‍ മഹാവീറും ചിന്തിച്ചു, എന്തുകൊണ്ടു തന്റെ മക്കളെ ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഗുസ്തി താരങ്ങള്‍ ആക്കിക്കൂടാ? അതോടെ കഠിന പരിശീലനമായി. ഹരിയാന ഇലക്ട്രിസിറ്റി ബോര്‍ഡിലെ തന്റെ ജോലി ഉപേക്ഷിച്ചായിരുന്നു മഹാവീര്‍ മക്കളെ ഗുസ്തി പരിശീലിപ്പിക്കാനിറങ്ങിയത്. ആറു പെണ്‍കുട്ടികളും ഗുസ്തി കളങ്ങളില്‍ നിറഞ്ഞാടി. ഫാമുകളില്‍ ഓടിയും കടുത്ത വ്യായാമ മുറകളില്‍ ഏര്‍പ്പെട്ടും അവര്‍ കഠിനാധ്വാനം ചെയ്തു. 

ആണ്‍കുട്ടികളുമായി ചേര്‍ന്നു പരിശീലനത്തിനു മഹാവീര്‍ അവരെ അനുവദിച്ചപ്പോള്‍ ഗ്രാമവാസികള്‍ മുറുമുറുപ്പുമായി രംഗത്തെത്തി. എന്നാല്‍ അതൊന്നും അയാള്‍ ചെവിക്കൊണ്ടില്ല. താന്‍ ശരിയായി പരിശീലനം നല്‍കിയാല്‍ രാജ്യത്തിന്റെ വനിതാ ഗുസ്തിയെ നയിക്കുന്നതു തന്റെ മക്കളായിരിക്കുമെന്ന ഉറച്ച വിശ്വാസമായിരുന്നു അയാളെ നയിച്ചത്. പരിശീലനത്തില്‍ മുന്നില്‍ നിന്ന ഗീതയെയും ബബിതയെയും പിന്നീട് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സോനിപത് സെന്ററില്‍ മികവുറ്റ ട്രെയ്‌നിംഗിനായി ചേര്‍ത്തു മഹാവീര്‍. 

2010ല്‍ അങ്ങനെ ഫോഗട്ട് സഹോദരിമാര്‍ ചരിത്രം കുറിച്ചു. വനിതാ റെസ്ലിംഗില്‍ ആദ്യമായി ഇന്ത്യക്കു സ്വര്‍ണമെഡല്‍. കോമണ്‍വെല്‍ത്ത് ഗെയിംസിലെ 55 കി.ഗ്രാം വിഭാഗത്തില്‍ വെന്നിക്കൊടി പാറിച്ച് ഗീതയായിരുന്നു മഹാവീറിന്റെ യശസ്സുയര്‍ത്തിയത്. 2012ലെ ലകോ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും നേടി അവള്‍. 
മറ്റു സഹോദരിമാര്‍ക്കും ഇത് പ്രചോദനമേകി. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബബിത വെള്ളി മെഡല്‍ നേടി, നാലുവര്‍ഷത്തിനു ശേഷം സ്വര്‍ണവും. വിനേഷാകട്ടെ 2015ലെ ഏഷ്യന്‍ റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി ശക്തി കാട്ടി. 

തന്റെ പ്രശസ്ത ടിവി ഷോ ആയിരുന്ന സത്യമേവ ജയതയിലൂടെയാണ് ആമിര്‍ ഖാന്‍ മഹാവീറിന്റെയും മക്കളുടെയും കഥ രാജ്യത്തോട് പറഞ്ഞത്. പെണ്‍ഭ്രൂണ ഹത്യ രൂക്ഷമായി തുടരുന്ന ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെ ഉണര്‍ത്താന്‍ ശേഷിയുണ്ട് മഹാവീറിന്റെയും മക്കളുടെയും കഥയ്ക്ക്. സ്ത്രീ പുരുഷ സമത്വത്തിന്റെ മഹത്തായ സന്ദേശം നല്‍കാന്‍ അതുകൊണ്ടു തന്നെ ദങ്കല്‍ ബോളിവുഡ് ചിത്രമായി ജനങ്ങളിലെത്തേണ്ടത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. യുക്തിക്ക് നിരക്കാത്ത അലിഖിത നിയമങ്ങള്‍ ലംഘിക്കപ്പെടേണ്ടതു തന്നെയാണെന്ന് ബോധ്യപ്പെടുത്തുന്നു മഹാവീറും മക്കളും. 
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.