Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ വലിയ യുദ്ധത്തിൽ മരിച്ചുവെന്ന് വിധിയെഴുതിയ ജീവിതമാണ് ഈ സൈനികൻ തിരിച്ചുപിടിച്ചത്...

dp-singh3

1999, രണ്ട് രാജ്യങ്ങള്‍ പൊരിഞ്ഞ യുദ്ധത്തിലേര്‍പ്പെട്ടിരിക്കുന്നു. കാര്‍ഗില്‍ യുദ്ധമെന്ന് നാം വിശേഷിപ്പിച്ച യുദ്ധത്തില്‍ 25 വയസ് മാത്രം പ്രായമുള്ള മേജര്‍ ഡി പി സിംഗ് പാക്കിസ്ഥാന്‍ സൈന്യം ഒളിച്ചിരുന്നതിന് കേവലം 80 മീറ്റര്‍ അകലെ തന്റെ ബറ്റാലിയനുമായി നില്‍ക്കുന്നു. ഇരുപക്ഷവും വെടിവെപ്പ് നടത്തുന്നതിനിടെ ഒരു മോര്‍ട്ടോര്‍ ഷെല്‍ വന്ന് സിംഗിനിടുത്തു വീണു. വലിയ സ്‌ഫോടനമായിരുന്നു അത്. ആ പട്ടാളക്കാരന്റെ വയറും കാലുമെല്ലാം തകര്‍ന്നടിഞ്ഞു, തളം കെട്ടിയ സ്വന്തം രക്തം ചുറ്റും.

സൈനിക ആശുപത്രിയിലെത്തിച്ച സിംഗിനെ കണ്ട ഡോക്റ്റര്‍മാര്‍ പറഞ്ഞത് സിംഗ് മരിച്ചുകാണുമെന്നാണ്. അത്രമാത്രം ഭയാനകമായിരുന്നു സ്‌ഫോടനം അയാളുടെ ശരീരത്തിലുണ്ടാക്കിയ മുറിവുകള്‍. എന്നാല്‍ ഭാഗ്യമോ, ജീവിതത്തോടുള്ള അയാളുടെ അടങ്ങാത്ത അഭിനിവേശമോ എന്നറിയില്ല, അയാളില്‍ ജീവന്‍ തുടിച്ചിരുന്നു.

dp-singh1

സൈനിക ആശുപത്രിയിലെ ഡോക്റ്റര്‍മാര്‍ക്ക് സിംഗിന്റെ ഒരു കാല്‍ മുറിച്ചുമാറ്റേണ്ടി വന്നു, അയാളെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍. അതുകൊണ്ടും ദുരിതം തീര്‍ന്നില്ല. കുടലിന്റെ പല ഭാഗങ്ങളും നീക്കേണ്ടി വന്നു. 40 ദിവസത്തെ ആശുപത്രിവാസം അയാളുടെ ഭാരം കേവലം 28 കിലോഗ്രാം ആക്കി കുറച്ചു.

ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിന്റെ ഭാഗമായി അയാള്‍ ഗോള്‍ഫ് കളിക്കാന്‍ തുടങ്ങി. തളര്‍ന്നു പോയ ശരീരത്തെയും മനസിനെയും വീണ്ടെടുക്കാനുള്ള ശരിയായ മാര്‍ഗ്ഗം സ്‌പോര്‍ട്‌സ് ആണെന്നാണ് സിംഗിന്റെ പക്ഷം. സ്‌പോര്‍ട്‌സില്‍ ഏര്‍പ്പെടുമ്പോള്‍ ഒറ്റക്കാലുകാരനാണെന്ന ചിന്ത ഉണ്ടാകില്ലെന്ന് സിംഗ് പറയുന്നു. കായികയിനത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഭിന്നശേഷിക്കാരോട് സമൂഹത്തിനുള്ള സമീപനം മാറും. അവര്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമേകും- സിംഗ് പറയുന്നു.

ഹോസ്പിറ്റലില്‍ നിന്ന് അടുത്തിടെ മാത്രമാണ് സിംഗ് പൂര്‍ണമായും മുക്തനായത്. അതിനുശേഷം സ്റ്റാമിന വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. പത്രത്തില്‍ ഒരു ദിവസം ഡെല്‍ഹി മാരത്തണ്‍ പരസ്യം കണ്ടപ്പോഴായിരുന്നു അയാളുടെ അടുത്ത ലക്ഷ്യം മുന്നിലെത്തിയത്. ഒരു മാരത്തണ്‍ ഓട്ടക്കാരനാകുക. 2009ല്‍ അതില്‍ പങ്കെടുത്തു. അതിനു ശേഷം ഇന്ത്യന്‍ ആര്‍മി സിംഗിന് മുറിഞ്ഞുപോയ കാലിന്റെ സ്ഥാനത്ത് ഓടുന്നത് എളുപ്പമാക്കാന്‍ സഹായിക്കുന്ന റണ്ണിംഗ് ബ്ലേഡ് നല്‍കി.

dp-singh2

ഇന്ന് സിംഗിന് 43 വയസായി. ലോകം അറിയപ്പെടുന്ന മാരത്തണ്‍ ഓട്ടക്കാരനായി അയാള്‍. മോട്ടിവേഷണല്‍ സ്പീക്കറായി. ഞങ്ങളെ ജനങ്ങള്‍ ശാരീരികമായി വെല്ലുവിളി നേരിടുന്നവര്‍ എന്നു വിളിക്കും. എന്നാല്‍ ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ വെല്ലുവിളിക്കുന്നവരാണ്- സിംഗ് അഭിമാനത്തോടെ പറയുന്നു. സിംഗിനെപ്പോലെ ജീവിതത്തെ വെല്ലുവിളിച്ച് മുന്നേറുന്നവര്‍ക്കായി ദി ചലഞ്ചേഴ്‌സ് എന്ന ഗ്രൂപ്പിനും അദ്ദേഹം തുടക്കമിട്ടിട്ടുണ്ട്.
 

Your Rating: