Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലർ വസന്തം മായുമ്പോൾ പ്രണയം പെയ്തൊഴിയാതെ ക്ലാര

malar-clara സുമലത, സായ് പല്ലവി

മലയാള സിനിമയിലെ പെൺ പ്രണയ സങ്കൽപ്പങ്ങളിൽ പദ്മരാജൻ വരച്ചിട്ട മനോഹരമായ ഒരു ചിത്രമുണ്ട്. ഒരു മഴയുടെ ഇരമ്പലിലൂടെ മനസ്സിലേക്ക് ഓടിക്കയറുന്ന ക്ലാരയുടെ ചിത്രം. ജയകൃഷ്ണന്റെ ക്ലാര എന്ന വിശേഷണത്തോടൊപ്പം മനസ്സിൽ പ്രണയം സൂക്ഷിക്കുന്നവർ ക്ലാരയെ ഹൃദയത്തിൽ സൂക്ഷിച്ചു. ആ പ്രണയമാകട്ടെ തലമുറകൾക്കിപ്പുറവും വശ്യതയൊട്ടും കുറയാതെ തന്നെ നിലനിൽക്കുന്നു. 1987 ൽ തൂവാനത്തുമ്പികൾ എന്ന ചിത്രത്തിലൂടെ പ്രേക്ഷക മനസ്സിൽ കയറിക്കൂടിയ ക്ലാരയോടുള്ള പ്രണയത്തിന് പകരം വയ്ക്കാൻ മലയാളത്തിൽ മറ്റൊരു കഥാപാത്രം ജനിച്ചിട്ടില്ല എന്ന് തന്നെ പറയാം.

2015 ൽ , റിലീസ് ആയ നിവിൻ പോളി ചിത്രം പ്രേമത്തിലൂടെ , സംവിധായകൻ അൽഫോൻസ്‌ പുത്രൻ മനസ്സിൽ സൂക്ഷിക്കാൻ പ്രണയത്തിന്റെ ന്യൂ ജെൻ പ്രതീകമായി മലരിനെ സമ്മാനിച്ചു. താരതമ്യം ചെയ്യാൻ സമാനതകളില്ലാതെ മുന്നേറിയ ക്ലാരയോടുള്ള പ്രണയം ചില ഘട്ടത്തിലെങ്കിലും മലരിലേക്കും പങ്കിടപ്പെട്ടു എന്ന് പറഞ്ഞാൽ അതിൽ ഒട്ടും അതിശയോക്തി കാണില്ല. എന്നാൽ, ക്ലാരക്ക് പകരമാകാൻ മലരിന് കഴിഞ്ഞില്ല. വസന്തത്തിൽ പൂത്ത പൂവാണ് മലരെങ്കിൽ ആ വസന്തത്തെ ഉൾക്കൊള്ളുന്ന ഋതുവായിരുന്നു ക്ലാര.ക്ലാര മഴയുടെ രതിഭാവമാണ്.

പ്രണയം വിരിയിച്ച മലർ, പ്രണയമഴ പെയ്യിച്ച ക്ലാര

Malar പ്രേമം എന്ന ചിത്രത്തിൽ നിന്ന്

മലയാളിയുടെ മാറി മറിഞ്ഞ പ്രണയ സങ്കൽപ്പങ്ങൾക്കിടയിൽ ക്ലാരയ്ക്കൊപ്പം ഒരു ചെറിയ കാലത്തോളം മലരും സ്ഥാനം പിടിച്ചു , ക്ലാരയിലേക്കുള്ള മടക്കം അനിവാര്യമാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ. പതിറ്റാണ്ടുകൾ പഴക്കമുള്ള മലയാള സിനിമയിൽ ജീവസ്സുറ്റ അനേകം നായികാ കഥാപാത്രങ്ങൾ വന്നിട്ടും പ്രണയം എന്ന് പറയുമ്പോൾ എന്തുകൊണ്ടോ മനസ്സിലേക്ക് ക്ലാരയും മലരും മാത്രം ഓടിയെത്തുന്നു . ക്ലാരയും മലരും രണ്ടു കാലഘട്ടത്തിന്റെ പ്രണയമുഖങ്ങളാണ്. കാഴ്ചയിലും , ചെയ്തികളിലും , സ്വഭാവത്തിലും സമാനതകൾ ഇല്ലാത്തവർ. എന്നാൽ, പ്രണയത്തിന്റെ കാര്യത്തിൽ രണ്ടു കഥാപാത്രങ്ങളും അദൃശ്യമായ ഒരു നൂലിനാൽ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന് പറയാം. തീവ്ര പ്രണയം മനസ്സിൽ സൂക്ഷിച്ചിട്ടും പ്രണയിച്ചവനെ സ്വന്തമാക്കാനാകാത്തവർ. അനിവാര്യമായ വിധിയെ പരാതികളില്ലാതെ സ്വീകരിച്ചവർ, കണ്ണിലെ പ്രണയം ഹൃദയത്തിൽ ഒളിപ്പിച്ച് തന്നിലേക്ക് തന്നെ മടങ്ങിയവർ.

മലരിനെ സ്നേഹിക്കുന്ന പ്രേക്ഷകർ സായ് പല്ലവി എന്ന നായികയെ കൂടി കഥാപാത്രത്തിൽ കാണുന്നു. എന്നാൽ ക്ലാര, ക്ലാരയായി തന്നെ നിൽക്കുന്നു. സുമലത എന്ന നായികയെക്കാൾ ജയകൃഷ്ണന്റെ ക്ലാരയെ മാത്രമാണ് പ്രേക്ഷകർ കാണുന്നത്. ഇത് ക്ലാര എന്ന പദ്മരാജൻ കഥാപാത്രത്തിന്റെ വിജയം തന്നെ.

.ആദ്യമായി മോഹം തോന്നുന്ന ആളിനെ തന്നെ ജീവിതം മുഴുവൻ കിട്ടുക എന്നുള്ളത് ഭാഗ്യം ചെയ്തവര്ക്കെ കിട്ടൂ .. നല്ല കുട്ടികൾക്കെ കിട്ടൂ " എന്ന് ക്ലാര ജയകൃഷ്ണന്റെ മുടിയിൽ തലോടി പറയുമ്പോൾ ആ ശബ്ദത്തിലെ നഷ്ടബോധം അസാധ്യമായിരുന്നു. അറിഞ്ഞു കൊണ്ട്, വേദനയോടെ പ്രണയം പരിത്യജിക്കേണ്ടി വരുന്ന ക്ലാരയുടെ ആ നഷ്ടബോധം നിറഞ്ഞ വാക്കുകൾ തന്നെയാണ് അവളുടെ പ്രണയത്തെ നിത്യഹരിതമാക്കുന്നതും.

ക്ലാര , പ്രണയ ഭാവങ്ങളുടെ പൂർണ്ണ രൂപമാണ്. ഒരുപാട് പറയാതെ തന്നെ പറയേണ്ടതെല്ലാം പറഞ്ഞു പോയ കഥാപാത്രം. നഷ്ടപ്രണയത്തിന്റെ റിയാലിറ്റി ഉൾക്കൊള്ളുന്ന ഘട്ടത്തിൽ മലർ പ്രേക്ഷക മനസ്സിനെ സ്വധീനിക്കുന്നതിൽ പരാജയപ്പെട്ടു. അതുകൊണ്ട് തന്നെ നിത്യഹരിതയായ ക്ലാരയ്ക്കൊപ്പം എത്താനായില്ല .

കാമ്പസ്സുകളിലെ പ്രണയ സങ്കൽപ്പം മാറ്റി മറിച്ച കഥാപാത്രമാണ് മലർ. അത് കൊണ്ട് തന്നെ കേരളത്തിലെ കാമ്പസുകളിൽ ഇന്നും മലർ പ്രണയം മായാതെ നിൽക്കുന്നു. കാമ്പസ് കാമുകന്മാരുടെ മനസ്സിൽ നിന്നും അത്രപെട്ടെന്നു പടിയിറങ്ങാതെ മലരുണ്ട്. പ്രായത്തിനു മൂത്ത പെണ്ണിനെ പ്രണയിക്കാം എന്നതിനുള്ള തെളിവായി പണ്ട് സച്ചിൻ ടെണ്ടുൽക്കർ - അഞ്ജലി പ്രണയമായിരുന്നു എങ്കിൽ, ഇന്നത്‌ ജോർജ്- മലർ പ്രണയമാണ്.

എന്നും ജയകൃഷ്ണന്റെ ക്ലാര

Clara തൂവാനത്തുമ്പികൾ എന്ന ചിത്രത്തിൽ നിന്ന്

ഒരിക്കലും ഒന്നാകാത്ത പ്രണയമായിരുന്നു എങ്കിലും ജയകൃഷ്ണന് ക്ലാരയോടുണ്ടായിരുന്ന ഉറവ വറ്റാത്ത സ്നേഹം ക്ലാരയുടെ കഥാപാത്രത്തെ കൂടുതൽ ജീവസുറ്റതാക്കി. അന്നു കാലം തെറ്റി പെയ്ത ആ മഴയിൽ ജനലഴികളിലൂടെ പുറത്തേക്കു നോക്കുമ്പോൾ ജയകൃഷ്ണന്റെ മനസ്സ് നിറയെ ക്ലാര മാത്രമായിരുന്നു....

ഊഷര ഭൂമിയിലേക്ക് വേനൽ മഴയായി പെയ്തിറങ്ങിയ ക്ലാര...ക്ലാര മഴയുടെ രതിഭാവമാണ്... മേഘങ്ങൾ പൂത്തുലയുമ്പോൾ മനസ്സിലേക്ക് പറന്നിറങ്ങുന്ന ക്ലാര... മഴയുടെ മനസ്സായിരുന്നു ക്ലാരയ്ക്ക്‌..എവിടെനിന്നോ ആരംഭിച്ച്..എവിടെയോ പോയ് മറയുന്ന മഴയുടെ പിടിതരാത്ത ഭാവങ്ങൾ.... പദ്മരാജൻ തന്റെ വരികളിലൂടെ ക്ലാരയെ വർണ്ണിക്കുമ്പോൾ അത് വായനക്കാരന്റെയും പ്രേക്ഷകന്റെയും മനസ്സിൽ എന്നും എപ്പോഴും പ്രണയം നിറയ്ക്കുന്നു.

കഥാപാത്ര സൃഷ്ടിയുടെ മാസ്മരിക സൗന്ദര്യം തുളുമ്പുന്ന ക്ലാര, പ്രണയത്തിന്റെ കാര്യത്തിൽ മരണമില്ലത്തവളാകുന്നു.അവൾ പ്രണയം , കാമം, പരിശുദ്ധി, സ്ത്രീത്വം എന്നിവയ്ക്കെല്ലാം പുതിയ മാനങ്ങൾ നൽകി. പാതിയിൽ മുറിഞ്ഞ ഒരു കവിതപോലെ , വിദൂരതയിലേക്ക് മായുമ്പോഴും പെയ്തൊഴിയാത്ത ഒരു പ്രണയമഴക്കാലം ജയകൃഷ്ണന്റെയും പ്രേക്ഷകന്റെയും മനസ്സിൽ ക്ലാര ബാക്കി വയ്ക്കുന്നു

Your Rating: