Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രായമായവർക്കൊരു കല്യാണബ്യൂറോ

old-age-couple

ആയകാലത്തു കുടുംബത്തിനുവേണ്ടി അധ്വാനിച്ച്, സായംകാലത്ത് കുടുംബത്തിന്റെ അവജ്ഞനേരിടേണ്ടി വരുന്ന വിഭാഗമാണ് മുതിർന്ന പൗരൻമാർ. വരുമാനം നിലയ്ക്കുമ്പോൾ സ്വന്തം മക്കൾക്കുപോലും വേണ്ടാത്തവർ. ഇതേ കാലത്താണ് നട്ടുഭായിയെന്നൊരു മനുഷ്യൻ മുതിർന്ന പൗരൻമാർക്കായി വിവാഹ ബ്യൂറോ നടത്തുന്നത്!

അഹമ്മദാബാദാണ് അറുപത്തേഴുകാരനായ നട്ടുഭായി പട്ടേലിന്റെ നാട്. ജീവിതസായന്തനത്തിൽ ഒരു കൂട്ടിനായി കൊതിക്കുന്ന മനുഷ്യമനസ്സു കണ്ടറിഞ്ഞാണ് നട്ടുഭായി കല്യാണബ്യൂറോയുമായി മുന്നിട്ടിറങ്ങിയത്. ഏകാന്തത ഒരുതരം വിഷമാണ്. എല്ലാവരും തുണയാഗ്രഹിക്കും, പ്രത്യേകിച്ച് അൻപത്, അറുപത് വയസ്സു കഴിയുമ്പോൾ. ഒന്നു മിണ്ടിപ്പറയാനും പഴയകഥകൾ അയവിറക്കാനും ഇത്തിരി കരുതൽ നൽകാനും ഒരു കൂട്ട്. ഇങ്ങനെ പങ്കാളികളുള്ളവർക്ക് അഞ്ചുപത്തു വർഷമെങ്കിലും അധികം ജീവിക്കാനാകും. ഭൂരിപക്ഷംപേരും വയസ്സുകാലത്ത് ഇങ്ങനെ കൂട്ടുകൊതിക്കുന്നവരാണെങ്കിലും സാമൂഹിക വ്യവസ്ഥയ്ക്കുമുൻപിൽ വാ തുറക്കാതിരിക്കുകയാണ് ചെയ്യുക- നട്ടുഭായി പറയുന്നു. വിന മൂല്യ അമൂല്യ സേവ(വിഎംഎഎസ്) എന്നാണ് ഭായിയുടെ വിവാഹബ്യൂറോയുടെ പേര്. ഈ ബ്യൂറോയുടെ സഹായത്താൽ പങ്കാളികളെ കണ്ടെത്തി ജീവിതമാസ്വദിക്കുന്ന ദമ്പതികൾ ഒട്ടേറെയാണ്. പ്ലാനിങ് വകുപ്പിൽ സൂപ്രണ്ടായിരുന്ന നട്ടുഭായി 2009ൽ ആണ് വിരമിച്ചത്. 2001ൽ ഭൂകമ്പമുണ്ടാകുന്ന സമയത്ത് കച്ചിലായിരുന്നു ഭായിക്ക് ജോലി. അവധി ദിനമായതിനാൽ അഹമ്മദാബാദിലായിരുന്നതുകൊണ്ടുമാത്രമാണ് ഇദ്ദേഹം അന്നു രക്ഷപ്പെട്ടത്. നട്ടുഭായി താമസിക്കാറുണ്ടായിരുന്ന മൂന്നുനില ഹോട്ടൽ അപ്പാടെ നിലംപൊത്തി. ജീവൻ നഷ്ടപ്പെട്ടവരിൽ ഇദ്ദേഹത്തിന്റെ സഹപ്രവർത്തകരും ഉണ്ടായിരുന്നു. 

ദുരന്തമുഖത്തെ വിവിധ കാഴ്ചകളാണ് നട്ടുഭായിക്കു പുതിയ വെളിച്ചം പകർന്നത്. പങ്കാളികളെ നഷ്ടപ്പെട്ടവരുടെ ദുഃഖം അദ്ദേഹം അടുത്തറിഞ്ഞു. 2002 മുതൽ ഇദ്ദേഹം പദ്ധതിക്കായുള്ള ശ്രമം തുടങ്ങി. നാലുപേരടങ്ങുന്ന വൊളന്റിയർമാരുടെ സംഘമാണ് ഭായിയെ സഹായിക്കാനുള്ളത്. ഇവർ മാസത്തിൽ രണ്ടു കൂടിച്ചേരൽ യോഗങ്ങൾ വിളിക്കും. ആളുകൾക്കു പരസ്പരം പരിചയപ്പെടാനാണ് ഇത്. ഒരു യോഗം അഹമ്മദാബാദിലും അടുത്തത് ഗുജറാത്തിനു പുറത്തുമാണ് നടത്തുക. ഇൻഡോർ, ഭോപ്പാൽ, റായ്പുർ, ജയ്പുർ, ഹൈദരാബാദ്, ചെന്നൈ, ബെംഗളൂരു, കൊൽക്കത്ത, കശ്മീർ എന്നിവിടങ്ങളിൽ നട്ടുഭായി കൂടിച്ചേരൽ യോഗങ്ങൾ നടത്തിയിട്ടുണ്ട്. യോഗത്തിന്റെ 10 ദിവസംമുൻപേ ഭായി പരസ്യം നൽകും. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലേക്കാണ് ഭായി അടുത്തതായി വരുന്നത്. യോഗത്തിൽ വരുന്നവർ ഫോട്ടോയും ബയോഡേറ്റയും തിരിച്ചറിയൽ കാർഡും കൊണ്ടുവരണം. 

ഇങ്ങനെ യോഗം വിളിച്ചല്ലാതെ നേരിട്ടും ഭായി ആലോചനകൾ എടുക്കുന്നുണ്ട്. ഏഴായിരത്തിലധികം മുതിർന്ന പൗരൻമാരുടെ ബയോഡേറ്റ ഇദ്ദേഹത്തിന്റെ കൈയിലുണ്ട്. പങ്കാളികളെ ആവശ്യമുള്ളവർക്കു നട്ടു ഭായിയുടെ അടുത്തുചെന്ന് റജിസ്റ്റർ ചെയ്യുകയുമാകാം. ഡിവോഴ്‌സ് സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ പങ്കാളി മരിച്ചതിന്റെ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ വേണം. ആൾക്കാരുടെ ഇഷ്ടങ്ങൾ ഭായി ചോദിച്ചറിയും. ബയോഡേറ്റ പരിശോധിച്ച് പറ്റിയ പങ്കാളിയെ നിർദേശിക്കും. ഇതാണു രീതി. 95 മുതിർന്ന ദമ്പതിമാരെ ഭായി പുതിയ ജീവിതത്തിലേക്കു കൈപിടിച്ചു കയറ്റി. 22 ദമ്പതികൾ ലിവ് ഇൻ റിലേഷൻഷിപ്പിലും ഉണ്ട്. അഞ്ചുപൈസ വാങ്ങാതെയാണ് ഭായിയുടെ സേവനങ്ങൾ. ജാതിയോ മതമോ സംസ്ഥാനമോ ഒന്നും വിവാഹിതരാകുന്നതിനു വിലങ്ങുതടിയായി ഭായി കണക്കാക്കുന്നില്ല. ചില സ്‌പോൺസർമാരും സംഭാവനകളുമാണ് സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ ഈ നല്ല മനുഷ്യനെ സഹായിക്കുന്നത്.

Your Rating: