Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്നേഹം കൊണ്ട‍ു പാകം ചെയ്തു, അനാഥ കുഞ്ഞുങ്ങൾക്കായ്

Meena Maneka മീന മനേക്

സഹജീവിയുടെ ഇല്ലായ്മകളിൽ കൂടെനിന്ന് അവർക്കു തങ്ങളാൽ കഴിയുംവിധം സഹായം നൽകുന്നവരാണു മനുഷ്യത്വമുള്ളവർ. അല്ലാതെ നാവുകൊണ്ടു നാഴികയ്ക്കു നാൽപതു വട്ടം കാരുണ്യ പ്രവർത്തനത്തെ വാഴത്തിപ്പാടി സ്വന്തം കാര്യം വരുമ്പോൾ കരുണയുടെ ഒരിറ്റുപോലും കാണിക്കാതെ നടക്കുന്നതല്ല. മുംബൈ പോലൊരു വലിയ നഗരത്തിന്റെ ചേരികളിലും തെരുവോരങ്ങളിലും വിശപ്പുമായി നടന്നലയുന്ന ഒട്ടേറെ മനുഷ്യജന്മങ്ങളുണ്ട്. അരികിലെത്തി സഹായം അഭ്യർഥിക്കുന്നവരോ‌ടു സ്നേഹം കാണിച്ചില്ലെങ്കിലും മാന്യമായി പെരുമാറുന്ന എത്ര പേരുണ്ടാവും. മീന മനേക് അത്തരത്തിലൊരു സ്ത്രീയാണ്. കാരണം കഴിഞ്ഞ പതിനഞ്ചു വർഷമായി ഇവർ മുംബൈയിലെ അനാഥക്കുഞ്ഞുങ്ങൾക്കു തന്നെക്കൊണ്ടു കഴിയുന്നപോലെ ഭക്ഷണം നൽകിപ്പോരുകയാണ്.

ഒരു കൈ ചെയ്യുന്നത് മറുകൈ അറിയരുതെന്ന ചൊല്ലിനെ അന്വർഥമാക്കും വിധമാണ് മീനയുടെ പ്രവർത്തനം. സമൂഹമാധ്യമങ്ങളിൽ ഇവരുടെ വാർത്ത വരുന്നതു വരേയ്ക്കും ഇക്കാര്യം നിശബ്ദമായൊരു കാരുണ്യ പ്രവർത്തനം മാത്രമായി നിൽക്കുകയായിരുന്നു. വിവിധ അനാഥാലയങ്ങളിൽ നിന്നുള്ള 350ഓളം കുട്ടികൾക്കാണ് ആഴ്ച്ചാവസാനം മീന സ്വന്തം കൈകൊണ്ടു പാകം ചെയ്ത ഭക്ഷണം എത്തിക്കുന്നത്. അംഗീകാരത്തിനോ പ്രശസ്തിയ്ക്കോ വേണ്ടിയല്ല താനിതു ചെയ്യുന്നത് മറിച്ച് ഭക്ഷണം നൽകി കഴിയുമ്പോൾ ആ കുഞ്ഞുമുഖങ്ങളിൽ വിരിയുന്ന പുഞ്ചിരി അതു മാത്രമാണു താൻ തിരിച്ചാഗ്രഹിക്കുന്നതെന്നു പറയുന്നു മീന.

അനാഥാലയങ്ങളിൽ ഒട്ടേറെ കുട്ടികളുണ്ട് തങ്ങൾ ആഗ്രഹിക്കും വിധത്തിലുള്ള ഭക്ഷണം കിട്ടാത്തവർ. അവർക്കു വേണ്ടിയാണ് തന്റെ അടുക്കളയിലുണ്ടാക്കുന്ന ഭക്ഷണത്തിന്റെ അളവു കൂട്ടിയത്. പതിനഞ്ചു വർഷങ്ങൾക്കു മുമ്പു ന‌ടന്നൊരു സംഭവമാണ് മീനയെ ഈ പ്രവർത്തിയിലേക്കു നയിച്ചത്. അർധ സഹോദരൻ ഒരു അനാഥാലയത്തിലെത്തി അവിടുത്തെ കുട്ടികൾക്കു ബ്രേഡും ബട്ടറും നൽകുകയായിരുന്നു. കുട്ടികളിൽ പലരും ആർത്തിയോടെ വാങ്ങിക്കഴിക്കുന്ന കാഴ്ച്ച മീനയുടെ കണ്ണുനനയിച്ചു. തന്റെ വീട്ടിൽ മക്കൾ ഇഷ്ടമുള്ള ആഹാരം അവർ പറയുമ്പോഴെല്ലാം ഉണ്ടാക്കിക്കൊടുക്കും പക്ഷേ അനാഥാലയങ്ങളിലെ മക്കൾക്ക് ആരാണ് അതിനുള്ളത്? അങ്ങനെയാണ് അനാഥാലയങ്ങളും അന്ധവിദ്യാലയങ്ങളുമുള്‍പ്പെ‌ടെയുള്ള സ്ഥലങ്ങളിലെ 350 ഓളം കുട്ടികൾക്ക് അവർ ഇഷ്ടപ്പെടുന്ന ഭക്ഷണം ഉണ്ടാക്കിക്കൊടുക്കാൻ തീരുമാനിച്ചത്.

എല്ലാ ശനിയാഴ്ച്ചയും നാലു മണിയോടെ എഴുന്നേറ്റ കുട്ടികൾക്കുള്ള ഭക്ഷണം തയ്യാറാക്കി തുടങ്ങും. അപ്പോഴൊന്നും മറ്റുള്ള കുട്ടികൾക്കു വേണ്ടിയാണല്ലോയെന്ന് ഒരിക്കലും തോന്നിയിട്ടിവ്വ, തന്റെ മക്കൾക്കുണ്ടാക്കുന്ന പങ്കിന്റെ അളവു കുറച്ചു കൂട്ടുക എ​ന്നേ തോന്നിയിട്ടുള്ളുവെന്നു പറയുന്നു മീന. കുട്ടികളുടെ വിശപ്പിനുള്ള ഭക്ഷണം അവരിഷ്‌ടപ്പെടുന്നതു പോലെ തയ്യാറാക്കുക എന്നതു മാത്രമല്ല അതിലൊരൽപം സ്നേഹം കലർത്തി മാതൃവാത്സല്യത്തോടെ നല്‍കുക എന്നതുകൂടിയാണ് മീനയെ വ്യത്യസ്തയാക്കുന്നത്.


Your Rating: