Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദ്യ പ്രണയം ബാക്കി വച്ച കടലാഴങ്ങൾ 

Love Representative Image

കാവ്യങ്ങളാലും കഥകളാലും നിറങ്ങളാലുമൊക്കെ ഏറെ അസ്വാഭാവികത നൽകി പ്രണയത്തെ പാടി വയ്ക്കാൻ നമുക്കെപ്പോഴും കൊതിയാണ്. ആദ്യ പ്രണയത്തിന്റെ കാൽപ്പനിക ച്ഛായയിൽ പൂത്തുലഞ്ഞു നിൽക്കുമ്പോൾ തേടുന്ന ഒരു മുഖത്തും ആ കണ്ണുകളും ചുണ്ടുകളിലും തിരഞ്ഞു നടക്കും. എവിടെയോ കണ്ടു മറന്നെന്ന പോലെ ഒരു വേള ആൾക്കൂട്ടത്തിനിടയിൽ അവൻ മിന്നി മായുമ്പോൾ പിന്നെ അലഞ്ഞു നടക്കലായി, കണ്ടെത്താതെ വയ്യ... തിരിച്ചറിയാതെ വയ്യ... അത് അവനോ , അവന്റെ മുഖമുള്ള മറ്റാരെങ്കിലുമോ...

എപ്പോഴാണ് ആദ്യ പ്രണയം തിരിച്ചറിഞ്ഞത്? ഇഷ്ടമാണെന്ന് പറയുന്നതിന് മുൻപ് തന്നെ അത് ഹൃദയം ഉറക്കെ പറഞ്ഞു തുടങ്ങിയിരുന്നു. കാണുമ്പോൾ മിടിപ്പുകൾ നിലതെറ്റി തുടങ്ങിയിരുന്നു, ഉള്ളിൽ നിന്നും ഉയർന്നു വന്ന ഒരു ആന്തൽ ഹൃദയ ധമനികളെ അകാരണമായി ആധി പിടിപ്പിച്ചിരുന്നു. തലച്ചോറിൽ ആരൊക്കെയോ ചേർന്ന് നൃത്തം നടത്തിയിരുന്നു. ചിലപ്പോൾ കാറ്റിൽ ഉയർന്നു പറക്കുന്നത് പോലെ തൂവലായി മാറ്റപ്പെട്ടിരുന്നു. ഇതും ഇതിലധികവും വികാരങ്ങള നെഞ്ചിലടക്കി അവനു മുന്നിലൂടെ ഒരു ചരിഞ്ഞ നോട്ടം നോക്കി എത്രയോ തവണ നടന്നു പോയിട്ടുണ്ടാകും.. എത്രയോ തവണ സ്വയം നഷ്ടപ്പെട്ടു ജീവിച്ചിരിക്കുന്നവൾ അല്ലാത്ത പോലെ സ്വപ്നത്തിൽ കിടന്നലഞ്ഞു ആൾകൂട്ടത്തിനിടയിലൂടെ ദീർഘ ദൂരം നടന്നിരിക്കുന്നു... 

ആദ്യ പ്രണയത്തിനു മാത്രമെന്താകും ഇത്ര കരുതൽ? എത്രയോ മുഖങ്ങൾ പിന്നീട് മനസ്സിലും ഉടലിലും കയറി ഇറങ്ങിയാൽ പോലും ആദ്യ പ്രണയം ഓർമ്മിക്കാൻ ഒരു സ്പർശം പോലുമില്ലെങ്കിൽ പോലും എത്രമേൽ ആഴത്തിൽ പതിഞ്ഞു കിടക്കുന്നത് എന്ത് കൊണ്ടാവാം? ശരീരത്തിന്റെ രാസമാറ്റങ്ങളെ ആദ്യമായി വെളിപ്പെടുത്തിയവൻ, സ്വയം വിപരീത ലിംഗത്തിലുള്ള ഒരു ഉടൽ ജീവിയാണെന്ന വെളിപ്പെടൽ, രോമങ്ങൾ ഉണർന്നെഴുന്നെൽക്കുന്നത് നെഞ്ചിൽ കൂട് കൂട്ടിയ ഒരു തുടിപ്പിന്റെ കാഴ്ചയാണെന്ന് മനസ്സിലാക്കി തന്നയാൾ.. എങ്ങനെ മറക്കും ആ സ്നേഹ ദിനത്തെ?

നഷ്ടമാകുന്ന സങ്കടങ്ങളിൽ പിന്നീട് ജീവിതം കരുപിടിയ്പ്പിക്കാനുള്ള ഓട്ടത്തിനിടയിൽ മുഖങ്ങളുടെ മുകളിൽ അവകാശങ്ങളില്ലാതെ ഒന്നും ബാക്കിയില്ലാതെ കൃത്യമായ ടൈം ടേബിളിൽ ജീവിക്കുമ്പോൾ പൊട്ടിത്തെറിച്ചു പോയ ഒരു മൺചട്ടിയുടെ കഷ്ണങ്ങൾ പോലെ ചിതറിത്തെറിച്ച ഓർമ്മകളെ ഇടയ്ക്കൊക്കെ വെറുതെ കൂട്ടി വയ്ക്കും. ആരും അറിയാതെ... വളപ്പൊട്ടുകൾ എടുത്തു നോക്കും വെറുതെ.. പിന്നെ കാണുന്ന മുഖങ്ങളിലെല്ലാം തിരയും, എവിടെ കണ്ടു മറന്ന മുഖമായിരുന്നു അത്...

ആദ്യമായി ഒരാളിലെയ്ക്ക് നോക്കുമ്പോൾ ഉള്ളിലെവിടെയോ ഒരു തിരയിളക്കം. ഒരു കടൽ ഇളകി മറിയുന്നു. തിരകൾ ആഞ്ഞടിച്ചു ഹൃദയമെന്ന ഭിത്തി തകരാൻ കാത്തു നില്ക്കുന്നു. എല്ലാം തകർന്നോട്ടെ എന്നാ തോന്നൽ.. ഒന്നും ബാക്കി വയ്ക്കണ്ടാ എന്നാ വിചാരം. ആ നിമിഷം ഒരു കൂട്ടി ചേർക്കലാണ്.. ഭ്രാന്തമായ ഒരു സ്നേഹത്തെ കൊണ്ട് ഈ മനസ്സും ശരീരവും മുറിപ്പെടുകയാണെങ്കിൽ അത് മുറിപ്പെട്ടോട്ടെ, എങ്കിലും ഇല്ലാതെയാകുന്നില്ലല്ലോ... ഒന്നും..

ഒരു പക്ഷി അതിനു പറക്കാനാകും എന്ന് ആദ്യമായി കണ്ടെത്തുന്ന നിമിഷത്തിന്റെ ചടുലതയും ആനന്ദവും അതിശയവും ഉണ്ടായിരുന്നു ആദ്യ പ്രണയം സ്വയം തിരിച്ചറിഞ്ഞപ്പോൾ മനസ്സിന്... കാലം മുറിവേൽപ്പിച്ചു അകറ്റി നിർത്തുമ്പോൾ ഒരുപക്ഷേ പറയുക പോലും ചെയ്യാൻ പറ്റാഞ്ഞതിന്റെ സങ്കടം എത്രമാത്രം നൊമ്പരപ്പെടുത്തിയിട്ടുണ്ടാകും. എന്നിരിക്കിലും വർഷങ്ങൾക്കിപ്പുറം എല്ലാം ഒരു മായികമായ ഭാവം കൈവരിച്ചു തമാശ മാത്രമായി പരിണമിയ്ക്കുന്നതിന്റെ ത്വരണം ജീവിതം കടം നൽകുന്ന അനുഭവങ്ങൾ കൊണ്ടുണ്ടാകുന്നതായിരിക്കാം. എങ്കിലും ഒരിക്കലും ആ പ്രണയത്തെ വിഡ്ഢികളുടെ മനസ്സോടെ കാണുവാൻ കഴിയുന്നില്ലല്ലോ എന്നോർത്ത് ഞാൻ അമ്പരപ്പെടുന്നു... അല്ലെങ്കിലും പ്രണയം എന്നാണു വിഡ്ഢികളുടെ നിലപാടുകൾ ആയിട്ടുള്ളത്? സ്നേഹം ആരെങ്കിലും വിഡ്ഡിത്തരമായി കാണുന്നുണ്ടെങ്കിൽ അവർ സ്നേഹത്തെ അതിന്റെ പുറമ്പോക്കിൽ നിന്ന് മാത്രം കണ്ടിട്ടുള്ളവരാണെന്നെ പറയാൻ പറ്റൂ. കാരണം അത്രയാഴത്തിൽ മുത്തുകളും പവിഴങ്ങളും ഒളിപ്പിച്ചു വച്ച് പുറമേയ്ക്ക് തിരയടിയ്ക്കുന്ന വൻ തിരകളെ നിലനിർത്തുന്ന പ്രതിഭാസമാണ് പ്രണയം. അതിലെ തിരകളെ കണ്ടു ഭയന്ന് അടിത്തട്ടു കാണാതെ മടങ്ങുന്നവരാണ് മിക്കവാറും, അടിത്തട്ടു കണ്ടവൻ ഒരിക്കലും അതിൽ നിന്ന് മോചനം ആഗ്രഹിക്കുന്നവനുമല്ല. കാരണം മനുഷ്യനെ മയക്കുന്ന കറുപ്പാണ് പ്രണയവും. ഒരുപക്ഷേ മതത്തെക്കാളധികം അത് ഇറുക്കി വരിഞ്ഞു സ്വന്തമാക്കിക്കളയും. ഒരിക്കൽ സ്വന്തമാക്കിയാൽ പിന്നെ അതിൽ നിന്ന് രക്ഷപെടലുകൾ ഇല്ല. മുഖങ്ങൾക്ക് മാത്രമേ മാറ്റമുണ്ടാകൂ, അടിസ്ഥാനപരമായ വൈകാരികത അത് തിരയൽ തന്നെയാകും. അവനവനെ തിരയൽ ഏറ്റവുമധികം ഉണ്ടാവുക അനുരാഗത്തിൽ കൂടിയാണ്. ആദ്യ പ്രണയത്തിൽ മുതൽ ആ അന്വേഷണം ആരംഭിക്കുന്നുണ്ട്. 

കലാലയ കാലത്തിലെ ഓർമ്മകളിൽ അത്രയും ആഴ്ന്നു കിടക്കുന്ന ആ സ്നേഹം, അത് നഷ്ടപ്പെടുന്നുണ്ടോ? തിരഞ്ഞത് അവനവനെയും അടിത്തട്ടിലെ അതിശയങ്ങളെയും ആണെങ്കിൽ ജീവിതം ആ അതിശയം പിന്നെയും ഒരുക്കി വച്ച് ഹൃദയത്തിൽ കുത്തിതിരിക്കൽ നടത്തി കൊണ്ടേയിരിക്കും. നാമതിലെയ്ക്ക് കുതിയ്ക്കാൻ എത്തി നിമിഷവും ഒരുങ്ങി കൊണ്ടുമിരിക്കും. ആദ്യ പ്രണയത്തിൽ കണ്ടത് ആർത്തലയ്ക്കുന്ന തിരകളെ മാത്രമാണെങ്കിൽ ഭയപ്പെടുത്തുന്ന അലകളിൽ മടുത്തു പ്രണയത്തെ നിരാശപ്പെടുത്തി, ജീവിതം ഒരു തലയിണക്കീഴിൽ ഒളിപ്പിച്ചു വച്ച് ഉടലുകൾ തിരഞ്ഞു കൊണ്ടേയിരിക്കും.. ആത്മാവുകൾ അന്യമായ ഉടലുകളെ.