Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെക്സിക്കൻ അംബാസഡറുടെ പ്രിയവാഹനം, നമ്മുടെ സ്വന്തം ഓട്ടോ

Melba Pria ഓട്ടോയിൽ യാത്ര ചെയ്യുന്ന മെൽബ പ്രീയ

കഴിഞ്ഞ ദിവസമാണ് സംഭവം. ഡൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സെന്ററിനു മുന്നിൽ ഒരു തർക്കം നടന്നു. അവിടേക്കു വന്ന ഒരു ഓട്ടോറിക്ഷ പാർക്ക് ചെയ്യാൻ സ്ഥലം അനുവദിക്കാതിരുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കം. സെന്ററിൽ വേൾഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച സെമിനാറിൽ പ്രസംഗിക്കാനെത്തിയ വ്യക്തിയായിരുന്നു ആ ഓട്ടോയിലുണ്ടായിരുന്നത്. പക്ഷേ കക്ഷി പരാതിയൊന്നും പറഞ്ഞില്ല. അത് ചില തെറ്റിദ്ധാരണകളുടെ പുറത്തുണ്ടായതാണെന്നു പറഞ്ഞ് ഇരുവിഭാഗവും പ്രശ്നത്തിനു പരിഹാരവും കണ്ടു. തെറ്റിദ്ധാരണയ്ക്ക് കാരണവുമുണ്ട്. ആ ഓട്ടോറിക്ഷയിൽ വന്ന വിശിഷ്ട വ്യക്തി മെക്സിക്കോയുടെ ഇന്ത്യയിലെ അംബാസഡറാണ്–പേര് മെൽബ പ്രീയ.

സെമിനാറിൽ ‘വായുമലിനീകരണ’ത്തെപ്പറ്റിയുള്ള സെക്‌ഷനിൽ സംസാരിക്കാനാണ് അവർ വന്നത്. എന്തിനാണ് മെൽബ ഓട്ടോ പിടിച്ചു വന്നതെന്നു ചോദിച്ചാൽ അതിനുത്തരം ഒന്നേയുള്ളൂ. മെൽബ പ്രീയയ്ക്ക് അത്രമാത്രം ഇഷ്ടമാണ് ഇന്ത്യൻ ഓട്ടോ. അതിനോടുള്ള സ്നേഹം കാരണം ഇപ്പോൾ ഡൽഹി യാത്രയിൽ തന്റെ ‘ഔദ്യോഗിക വാഹന’മായി ഒരു സ്പെഷൽ ഓട്ടോയാണ് മെൽബ ഉപയോഗിക്കുന്നതു തന്നെ. ‘എക്സിക്യുട്ടീവ്’ ലുക്കിൽ ഒരു ഡ്രൈവറെയും നിയോഗിച്ചിട്ടുണ്ട്. നിർണായക ചർച്ചകൾക്കും സെമിനാറുകൾക്കുമെല്ലാം ഈ വെള്ളയും കറുപ്പും നിറമടിച്ച ഓട്ടോയിലാണ് മെൽബയുടെ യാത്ര.

Melba Pria മെൽബ പ്രീയ

അടുത്തിടെ രാജ്യസഭ ടിവിയുടെ സിഇഒയെ കാണാൻ പോയ മെൽബയുടെ ഓട്ടോ പാർലമെന്റിനു മുന്നിലും തടഞ്ഞിരുന്നു. മുച്ചക്രവാഹനങ്ങൾക്ക് പാർലമെന്റിലേക്ക് പ്രവേശനമില്ലെന്ന പേരിലായിരുന്നു അത്. എന്നിട്ടും കഴിഞ്ഞ മൂന്നുമാസമായി മെൽബ ഡൽഹിയിലാകെ കറങ്ങുന്നത് തന്റെ പ്രിയ ഓട്ടോയിലാണ്. വെളുത്ത നിറമടിച്ച ഓട്ടോയിൽ പലവർണത്തിൽ മെക്സിക്കൻ രീതിയിലുള്ള ചിത്രപ്രയോഗങ്ങളും നടത്തി സുന്ദരമാക്കിയിട്ടുണ്ട്. മെക്സിക്കൻ സ്ട്രീറ്റ് ആർടിസ്റ്റ് സെൻകോ ആണ് ആ പെയിന്റിങ് പ്രയോഗത്തിനു പിന്നിൽ‍. മുന്നിലെ ഇൻഡിക്കേറ്ററിനു സമീപം മെക്സിക്കോയുടെ പതാകയുമുണ്ട്. ഓട്ടോയിലെ വരവർണങ്ങൾ കണ്ണിൽപ്പെടുമ്പോൾത്തന്നെ വഴിയിലുടനീളം ജനങ്ങളുടെ ശ്രദ്ധ അതിലേക്കായിരിക്കും. പോകുന്നിടത്തെല്ലാം ഓട്ടോ ചർച്ചാവിഷയമാകുമെന്നു ചുരുക്കം. ഇന്ത്യൻ ടൂറിസത്തിന് വമ്പൻ പ്രമോഷൻ കൂടിയാണ് ഇതുവഴി ലഭിക്കുന്നതെന്നും മെൽബയുടെ വാക്കുകൾ.

ഇന്ത്യയിലെ ദശലക്ഷക്കണക്കിനു ജനങ്ങൾ ഉപയോഗിക്കുന്ന വാഹനത്തിൽ യാത്ര ചെയ്യാൻ അഭിമാനമേയുള്ളൂവെന്നും മെൽബ പറയുന്നു. മാത്രവുമല്ല, നാലുചക്രവാഹനങ്ങളെക്കാൾ കുറവു മലിനീകരണമാണ് ഓട്ടോയുണ്ടാക്കുന്നതെന്ന ഗുണവുമുണ്ട്. കാർബൺ മലിനീകരണം കുറയ്ക്കാനായി പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിച്ചു ശീലിക്കണമെന്ന സന്ദേശവും ഈ യാത്രയ്ക്കു പിന്നിലുണ്ട്. 1984ൽ മെക്സിക്കോയിൽ തന്നെ ജനങ്ങളുടെ നേതൃത്വത്തിൽ പൊതുഗതാഗതത്തിന്റെ വിജയത്തിനു വേണ്ടി ഒരു ‘റോഡ് റേഷനിങ്’ ക്യാംപെയ്ൻ നടന്നിട്ടുണ്ട്. ആഴ്ചയിലൊരിക്കൽ മാത്രം കാർ ഉപയോഗിക്കുക എന്ന ആ രീതി പിന്നീട് സർക്കാർ ഏറ്റെടുത്തു നടപ്പാക്കിയതോടെ രാജ്യത്തെ മലിനീകരണത്തിലും വന്നു വൻതോതിൽ കുറവ്. ഈ ഓർമയിലും കൂടിയാണ് മെൽബയുടെ ‘ടുക് ടുക്’ ഓട്ടോയാത്ര.