Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

' മന്ത്രിയാവുന്നതിൽ നിന്നും പിന്തിരിപ്പിക്കാൻ പലരും ശ്രമിച്ചിരുന്നു'

Author Details
മന്ത്രി ഇ. ചന്ദ്രശേഖരൻ മന്ത്രി ഇ. ചന്ദ്രശേഖരൻ

പിണറായി മന്ത്രിസഭ അധികാരമേറ്റു നൂറാം ദിവസം സെക്രട്ടേറിയറ്റിലെ നോര്‍ത്ത് ബ്ലോക്കിലെ ഓഫിസ് മുറിയില്‍ വച്ചാണ് മന്ത്രി ഇ.ചന്ദ്രശേഖരനെ കണ്ടത്. പറഞ്ഞ സമയത്തു തന്നെ മന്ത്രി എത്തി. സാധാരണ ഒന്‍പതുമണിക്കാണ് ഓഫിസിലെത്തുന്നത് എന്നു മന്ത്രി പറഞ്ഞു. പക്ഷേ, അന്ന് അല്‍പം വൈകി. കാരണം പനിയും തലവേദനയും. ഡോക്ടറെ കണ്ടിട്ടു വരുന്ന വഴിയാണ്. മന്ത്രി പദവിയുടെ യാതൊരു ഭാരവുമില്ലാത്ത ഒരു സാധാരണ മനുഷ്യനാണ് ഇ. ചന്ദ്രശേഖരന്‍. തന്നെക്കുറിച്ചോ പാര്‍ട്ടിയെക്കുറിച്ചോ അവകാശവാദങ്ങളൊന്നുമില്ല. തന്നാല്‍ കഴിയുന്നതു ചെയ്യുന്നു, ഇനിയും ഒരുപാടു ചെയ്യേണ്ടതുണ്ടെന്നു തിരിച്ചറിയുന്നു എന്ന മട്ട്. മന്ത്രിയുമായുള്ള സംഭാഷണത്തില്‍ നിന്ന്:

കുടുംബം 

എന്റേത് ഒരു പരമ്പരാഗത കമ്യൂണിസ്റ്റ് കുടുംബമാണ്. അച്ഛന്‍ പെരിയ കുഞ്ഞിരാമന്‍ നായര്‍ അമ്മ ഇടയില്യം പാർവതി അമ്മ. അച്ഛന്റെ വീട് പെരിയയിലാണ്. ഞങ്ങള്‍ പെരുമ്പുളയിലെ അമ്മ വീട്ടിലാണു താമസിച്ചിരുന്നത്. കര്‍ഷക കുടുംബമായിരുന്നു. അന്നത്തെ കാലത്തു കുറച്ചു ഭൂസ്വത്തൊക്കെ ഉണ്ടായിരുന്നു. ഞങ്ങളുടെ ചെറുപ്പത്തില്‍ത്തന്നെ അച്ഛന്‍ മരിച്ചുപോയി. ഞാന്‍ അന്ന് ഏഴാം ക്ലാസില്‍ പഠിക്കുകയാണ്. അച്ഛന്റെ കൂടെ പോകുന്നതും വരുന്നതുമൊക്കെ ഓർമയുണ്ട്. 1913ല്‍ ആണ് അമ്മ ജനിച്ചത്. അക്കാലത്ത് അഞ്ചാം ക്ലാസ് പാസ്സായിരുന്നു. അതുകൊണ്ട് അമ്മയ്ക്ക് എല്ലാക്കാര്യത്തിലും നല്ല അറിവുണ്ടായിരുന്നു. ആറു വർഷം മുൻപ് അമ്മയും പോയി. എനിക്കു മൂത്തതു രണ്ടു സഹോദരന്‍മാരും താഴെ രണ്ട് അനുജത്തിമാരുമാണ്. ഒരു ചേച്ചിയും ഒരു അനുജനും കൂടിയുണ്ടായിരുന്നു. പക്ഷേ, അവര്‍ വര്‍ഷങ്ങള്‍ക്കു മുന്‍പേ മരിച്ചു. മൂത്ത ജ്യേഷ്ഠന്റെ മരണം തിരഞ്ഞെടുപ്പിനിടയില്‍ മേയ് മൂന്നിനായിരുന്നു.

സ്വാതന്ത്ര്യത്തിനു മുന്‍പും പിന്‍പുമൊക്കെ കമ്യൂണിസ്റ്റുകാര്‍ വേട്ടയാടപ്പെട്ടിരുന്ന കാലത്ത് മലബാറിലെ കമ്യൂണിസ്റ്റ് നേതാക്കളെ ഒളിവില്‍ താമസിപ്പിച്ച വീടുകളിലൊന്നായിരുന്നു ഞങ്ങളുടേത്. കാരണം, ഭക്ഷണം കൊടുക്കാനും താമസിക്കാനുള്ള സൗകര്യം നല്‍കാനും ശേഷിയുള്ള കുടുംബമായിരുന്നു. എ.കെ.ജി, കെ.പി.ആര്‍. ഗോപാലന്‍, ഇ.കെ.നായനാര്‍, കെ.എ. കേരളീയന്‍, കെ. മാധവന്‍, അമ്പുനായര്‍ തുടങ്ങി മലബാറിലെ പ്രമുഖ നേതാക്കളില്‍ പലരും ഞങ്ങളുടെ കുടുംബത്തില്‍ താമസിച്ചു. 1939ല്‍ ആണു പിണറായിയിലെ പാറപ്പുറത്ത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണം. 1942ല്‍ത്തന്നെ പെരുമ്പുളയില്‍ പാര്‍ട്ടി കമ്മിറ്റി രൂപീകരിച്ചു. അതിന്റെ സെക്രട്ടറി എന്റെ അമ്മയുടെ അനുജനായിരുന്നു- ഇടയില്യം കണിക്കല്‍ കുഞ്ഞുകൃഷ്ണന്‍ നായർ എന്നാണ് അമ്മാവന്റെ പേര്. ഇ.കെ.നായര്‍ എന്നാണ് അമ്മാവന്‍ അറിയപ്പെട്ടിരുന്നത്. ആ പശ്ചാത്തലത്തിലാണു ഞാന്‍ വളര്‍ന്നത്. ആളുകള്‍ വരുന്നു, പാര്‍ട്ടി കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നു, ഇടയ്ക്കിടെ പൊലീസ് പരിശോധനയ്ക്കു വരുന്നു, ആരെങ്കിലും ഒളിവിലുണ്ടോ എന്ന് അന്വേഷിക്കുന്നു- ഇതൊക്കെ നേരില്‍ കണ്ടിട്ടില്ലെങ്കിലും അമ്മ പറഞ്ഞു കേട്ടാണു ഞാന്‍ വളര്‍ന്നത്. അങ്ങനെ പാര്‍ട്ടി നമ്മുടെ മനസ്സില്‍ കയറിപ്പറ്റി. കൂടാതെ അമ്മാവന്‍ അവിടത്തെ അറിയപ്പെടുന്ന നേതാവും. മരിച്ചു പോയ ജ്യേഷ്ഠന്‍ അധ്യാപകനായിരുന്നു. പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനും. ഞാനും ആ പാരമ്പര്യത്തിന്റെ തുടര്‍ച്ചക്കാരനായി. 

തുടക്കം 

ഞാന്‍ ആദ്യം പഠിച്ചത് എന്റെ നാടായ പെരുമ്പുളയിലെ എല്‍പി സ്കൂളിലാണ്. കാസര്‍കോട് താലൂക്കിലെ ചെമ്പനാട്ട് പഞ്ചായത്തിലാണു പെരുമ്പുള. അതിനുശേഷം ചെമ്പനാട് ഗവ. ഹൈസ്കൂളില്‍ ചേർന്നു. അതിനുശേഷം ഒരു സര്‍‍വേ ട്രെയിനിങ്ങിനു പോയി. പക്ഷേ, അന്ന് അതു പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. കാരണം, ആ സമയത്തു തന്നെ എഐവൈഎഫിന്റെ സജീവ പ്രവര്‍ത്തകനായി. എന്‍.സി.മമ്മൂട്ടി മാഷ് ആയിരുന്നു 1969ല്‍ എഐവൈഎഫിന്റെ കമ്മിറ്റി രൂപീകരിക്കുന്നതിനു നേതൃത്വം നല്‍കിയത്. അന്നു കാസര്‍കോട് ജില്ലയില്ല. കണ്ണൂര്‍ ജില്ലയുടെ ഭാഗമാണു കാസര്‍കോട്. ഞാന്‍ 1965ല്‍ എസ്എസ്എല്‍സി പാസ്സായി. സർവേ കോഴ്സ് ഉപേക്ഷിക്കുകയും ചെയ്തു. പിന്നെ ഒന്നും ചെയ്യാതെ അലഞ്ഞു നടന്നു. വീട്ടില്‍നിന്നു ഭക്ഷണം കിട്ടും. 

1970ല്‍ ഞാന്‍ എഐവൈഎഫിന്റെ കാസര്‍കോട് താലൂക്ക് കമ്മിറ്റി സെക്രട്ടറിയായി. അങ്ങനെ സജീവ പാര്‍ട്ടി പ്രവര്‍ത്തകനായി. വൈകാതെ പാര്‍ട്ടി അംഗത്വം കിട്ടി. 1975 ആയപ്പോഴേക്ക് ഞാന്‍ ആ പ്രദേശങ്ങളില്‍ അറിയപ്പെടുന്ന എഐവൈഎഫ് നേതാവായി. പാര്‍ട്ടി ഭിന്നിപ്പിനു ശേഷം ആ ഭാഗങ്ങളില്‍ ഞങ്ങളുടെ പാര്‍ട്ടി വളരെ ദുര്‍ബലമായിത്തീര്‍ന്നിരുന്നു. കാന്തലോട്ട് കുഞ്ഞമ്പു, പി.സി. നാരായണന്‍ നമ്പ്യാര്‍, പരിയാരം കിട്ടേട്ടന്‍, കെ.ശ്രീധരന്‍ എന്നിവരായിരുന്നു അന്നത്തെ ഞങ്ങളുടെ നേതാക്കള്‍. പന്ന്യന്‍ രവീന്ദ്രന്‍ എന്നെക്കാള്‍ ഒന്നു രണ്ടു വയസ്സിനു മൂത്തതാണ്. കാനം രാജേന്ദ്രന്‍ എഐവൈഎഫിന്റെ സംസ്ഥാന സെക്രട്ടറി ആയിരുന്നു, ആ സമയത്ത്. ഞാന്‍ സംഘടനയുടെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. പാര്‍ട്ടി നന്നായി ക്ഷീണിച്ചിരുന്നെങ്കിലും ഞങ്ങള്‍ ആവേശത്തോടെ തന്നെ പ്രവര്‍ത്തിച്ചു. യുവജന നിരയിലെ ശക്തനായ നേതാവ് എന്‍.സി. മമ്മൂട്ടി ആയിരുന്നു. ഡോ. സുബ്ബറാവു, സി.എച്ച്. കൃഷ്ണന്‍ മാഷ്, മടിക്കൈ കുഞ്ഞിക്കണ്ണന്‍, പില്‍ക്കാലത്ത് ചീഫ് ജസ്റ്റിസ് ആയി റിട്ടയര്‍ ചെയ്ത ജസ്റ്റിസ് വി.എല്‍. ഭട്ട് – അദ്ദേഹം കാസര്‍കോട് പാര്‍ട്ടി സെക്രട്ടറി ആയിരുന്നു -  അഡ്വ. കെ.കെ. കോടോത്ത്, പി.പി.മുകുന്ദന്‍ എന്നിവരൊക്കെ നമ്മുടെ വീട്ടിലൊക്കെ വരും. പാര്‍ട്ടിയുടെ ബഹുജന സ്വാധീനം വളരെ വലുതായിരുന്നില്ലെങ്കിലും പാര്‍ട്ടിയുടെ ഉന്നതനേതാക്കളുമായുള്ള ബന്ധവും സഹവാസവും ഞങ്ങള്‍ക്കു കരുത്തു പകര്‍ന്നു. ഒരിക്കലും മറക്കാനാകാത്ത വ്യക്തിയാണു പി.പി മുകുന്ദന്‍. കാലിനു സ്വാധീനക്കുറവുണ്ടായിരുന്നു അദ്ദേഹത്തിന്. പക്ഷേ, മുകുന്ദേട്ടന്റെയൊക്കെ പ്രവര്‍ത്തനങ്ങളും അദ്ദേഹം തന്ന ആത്മവിശ്വാസവുമാണു നമ്മളെ പാര്‍ട്ടിയില്‍ നിലനിര്‍ത്തിയതെന്നു പറയാം.

സംസ്ഥാന കൗണ്‍സില്‍

പാർട്ടിയുടെ കാസര്‍കോട് താലൂക്ക് കമ്മിറ്റി അംഗം, കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ അംഗം, ജില്ലാ സെക്രട്ടേറിയറ്റ് അംഗം തുടങ്ങി പടിപടിയായി 1970കളില്‍ത്തന്നെ കണ്ണൂര്‍ ജില്ലയിലെ മുതിര്‍ന്ന നേതാക്കളുടെ കൂട്ടത്തില്‍ എനിക്കും പരിഗണന ലഭിച്ചു. വളര്‍ത്തിക്കൊണ്ടുവരാന്‍ നേതാക്കള്‍ ബോധപൂർവം തന്നെ ശ്രമിച്ചിരിക്കാം. 1976ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സിലില്‍ ഒരു കാന്‍ഡിഡേറ്റ് അംഗം ആയി. എന്നു പറഞ്ഞാല്‍ വോട്ടവകാശമില്ലാത്ത അംഗം. ആ സമയത്ത് എന്‍.ഇ. ബാലറാം ആണു പാര്‍ട്ടി സെക്രട്ടറി. സെക്രട്ടറി ആയിരുന്ന എസ്. കുമാരന്‍ രാജ്യസഭാംഗമായി പോയതിനുശേഷമുള്ള കാലമായിരുന്നു അത്. ഇന്ന് അതിനെക്കുറിച്ച് ഓര്‍ക്കുമ്പോഴാണ് അതെത്ര വലിയ ഭാഗ്യമായിരുന്നു എന്നു മനസ്സിലാകുന്നത്. എം.എന്‍. ഗോവിന്ദന്‍ നായര്‍, സി. അച്യുതമേനോന്‍, എന്‍.ഇ. ബാലറാം, പി.കെ. വാസുദേവന്‍ നായര്‍ തുടങ്ങിയവരുടെ കമ്മിറ്റിയില്‍ ഏറ്റവും പിറകിലാണ് ഇരിക്കുന്നതെങ്കില്‍ക്കൂടി അതൊരു വലിയ അവസരമായിരുന്നു. ആ കമ്മിറ്റിയില്‍ എനിക്കൊന്നും പറയാന്‍ അവസരമുണ്ടായിരുന്നില്ലെങ്കില്‍ക്കൂടി മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയില്‍ സ്വീകരിക്കുന്ന നയങ്ങളും ഓരോ വിഷയത്തിലും സ്വീകരിക്കുന്ന നിലപാടുകളും രാഷ്ട്രീയ വ്യക്തത വരുത്താന്‍ നടത്തുന്ന പരിശ്രമങ്ങളും മറക്കാന്‍ സാധിക്കുകയില്ല.

പാര്‍ട്ടി സ്കൂളുകളില്‍ ഞാന്‍ പങ്കെടുത്തിരുന്നു. പ്രധാനപ്പെട്ട നേതാക്കളാണ് അതില്‍ ക്ലാസെടുത്തിരുന്നത്. വര്‍ഷത്തില്‍ തുടര്‍ച്ചയായി പത്തോ മുപ്പതോ നാല്‍പതോ ദിവസത്തെ ക്ലാസുകളുണ്ടാകും. പി. ആര്‍ നമ്പ്യാര്‍ ആണു പ്രിന്‍സിപ്പല്‍. സി.ഉണ്ണിരാജ, കണിയാപുരം, ആന്റണി തോമസ്, എസ്.വി.ഉണ്ണിക്കൃഷ്ണന്‍ എന്നിവരാണു ക്ലാസെടുത്തിരുന്നത്. മാര്‍ക്സിസത്തെക്കുറിച്ചു പ്രാഥമിക കാര്യങ്ങള്‍ മനസ്സിലാക്കിയത് അങ്ങനെയാണ്.

എണ്‍പതുകള്‍

എണ്‍പതോടു കൂടി എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നു. അതുവരെ പത്തുപതിനൊന്നു വര്‍ഷം കോണ്‍ഗ്രസിന്റെ മുന്നണിയിലായിരുന്നു സിപിഐ എഴുപത്തെട്ടിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ അടിയന്തരാവസ്ഥയെക്കുറിച്ചു നേരത്തേയുണ്ടായ അഭിപ്രായവും വിലയിരുത്തലുകളും ശരിയല്ല എന്നു തീരുമാനിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ ഇടതുപക്ഷ ജനാധിപത്യ ബദലാണു കരണീയം എന്നു തീരുമാനിക്കുകയുമുണ്ടായി. തുടര്‍ന്നുണ്ടായ രാഷ്ട്രീയ മാറ്റത്തിന്റെ കാലഘട്ടമായിരുന്നു അത്. ഇടതുപക്ഷ പാര്‍ട്ടികള്‍ ഒരു മുന്നണിയില്‍ വന്നപ്പോഴുണ്ടായ രാഷ്ട്രീയ ജാഥകളെക്കുറിച്ച് ഓര്‍ക്കുകയാണിപ്പോള്‍. എം.വി.രാഘവന്‍ മഞ്ചേശ്വരത്ത് നിന്നു ആരംഭിച്ച കാല്‍നട ജാഥ നയിച്ചു. അതില്‍ സിപിഐയുടെ അംഗങ്ങളായി ഞാനും സഖാവ് പന്ന്യന്‍ രവീന്ദ്രനും ഉണ്ടായിരുന്നു. ആ ജാഥയിലെ അനുഭവങ്ങള്‍ മറക്കാനാകാത്തതാണ്. ജനങ്ങളുടെ സ്വീകരണം വന്‍ തോതിലുണ്ടായിരുന്നു. 

എണ്‍പതില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷമുന്നണി അധികാരത്തില്‍ വന്നു. അന്നു ഡോ. സുബ്ബറാവു മഞ്ചേശ്വരത്തു നിന്നു ജയിച്ചു ജലസേചന വകുപ്പു മന്ത്രിയായി. അതിനു മുന്‍പുള്ള തിരഞ്ഞെടുപ്പുകളിലും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഞാന്‍ സജീവമായി പങ്കെടുത്തിരുന്നു. എഴുപതില്‍ കാസര്‍കോട്ടു നിന്നു നായനാര്‍ക്ക് എതിരെ കടന്നപ്പള്ളി രാമചന്ദ്രന്‍ മല്‍സരിക്കുമ്പോള്‍ ഞങ്ങള്‍ കോണ്‍ഗ്രസ് മുന്നണിയിലായിരുന്നതുകൊണ്ട് അദ്ദേഹത്തിനുവേണ്ടി പ്രവര്‍ത്തിച്ചതും പ്രചാരണപരിപാടികളില്‍ സജീവമായതും ഇന്നും പച്ചപിടിച്ചു നില്‍ക്കുന്ന ഓര്‍മകളാണ്. ഇന്നും ആ സൗഹൃദം തുടരുന്നു.  എണ്‍പതില്‍ സിപിഐയുടെ കണ്ണൂര്‍ ജില്ലാ സമ്മേളനം കാസര്‍കോട്ടു വച്ചാണു നടന്നത്. ആ സമ്മേളനത്തിലാണ് കാസര്‍കോട് ജില്ല വേണമെന്ന ആവശ്യം ആദ്യമായി സിപിഐ ഉന്നയിച്ചത്. എതിരായി പല പാര്‍ട്ടികളും നിലപാട് എടുത്തെങ്കിലും 1984ല്‍ ജില്ല യാഥാര്‍ഥ്യമായി. 1987 വരെ ഡോ. സുബ്ബറാവു ആയിരുന്നു സിപിഐയുടെ പാര്‍ട്ടി സെക്രട്ടറി. ഞാന്‍ അസി. സെക്രട്ടറിയും ആയി. അന്നുമുതല്‍ 1998ല്‍ പാര്‍ട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവിലേക്കു തിരഞ്ഞെടുക്കപ്പെടുന്നതു വരെയുള്ള പതിനൊന്നു വര്‍ഷം ഞാനായിരുന്നു പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി. 2004ല്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗമായി. തുടര്‍ന്ന് ഉത്തരവാദിത്തങ്ങള്‍ കൂടി. അതോടെ കേരളത്തിലെ എല്ലാ പ്രദേശങ്ങളിലെയും പാര്‍ട്ടി സഖാക്കളുമായും സൗഹൃദമുണ്ടാക്കാന്‍ സാധിച്ചു. 

ആദ്യ തിരഞ്ഞെടുപ്പ്

2011ല്‍ ആണ് ഞാന്‍ ആദ്യമായി നിയമസഭയിലേക്കു മല്‍സരിച്ചത്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍നിന്ന്. അതുവരെ അതു ഹോസ്ദുര്‍ഗ് എന്ന പേരില്‍ 35 വര്‍ഷം സംവരണ മണ്ഡലമായിരുന്നു. ഒരിക്കല്‍ മാത്രമേ സിപിഐ അവിടെ പരാജയപ്പെട്ടിട്ടുള്ളൂ. ഞാന്‍ എംഎല്‍എ ആയ അഞ്ചു വര്‍ഷത്തിനിടയില്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍നിന്നു വ്യത്യസ്തമായ കുറെ പുതിയ അനുഭവങ്ങളുണ്ടായി. ആദ്യം ജയിച്ചപ്പോള്‍ 12000 വോട്ടുകളായിരുന്നു ഭൂരിപക്ഷം. ഇത്തവണ ഭൂരിപക്ഷം 26000 വോട്ടായി. അതിനു കാരണം അഞ്ചുവര്‍ഷത്തെ എന്റെ പ്രവര്‍ത്തനമാണെന്നു വിശ്വസിക്കുന്നു. നിയോജക മണ്ഡലത്തിലെ ഒരാള്‍ക്കു പോലും അവമതി ഉണ്ടാക്കുന്ന ഒരു പ്രവര്‍ത്തനം പോലും ഞാന്‍ ചെയ്തിട്ടില്ല. അതുകൊണ്ടു കക്ഷി രാഷ്ട്രീയത്തിന് അതീതമായി ധാരാളം വോട്ടുകള്‍ എനിക്കു കിട്ടി. 

ഒരു കോടി രൂപയാണ് എംഎല്‍എ. ഫണ്ട്. പുറമേ, എസ്.എന്‍.ഡവലപ്മെന്‍റ് സ്കീമില്‍ അഞ്ചുകോടി രൂപ കൂടി കിട്ടി. അതു നീതിപൂര്‍‍വം വിനിയോഗിക്കാന്‍ സാധിച്ചു. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഏഴു പഞ്ചായത്തും ഒരു മുനിസിപ്പാലിറ്റിയുമാണുള്ളത്. ഈ ഫണ്ട് ആര്‍ക്കും ആക്ഷേപമില്ലാത്ത വിധം എല്ലാവര്‍ക്കും വീതിച്ചു. ഈ ഫണ്ട് ഞാന്‍ ഉപയോഗിച്ചതു മണ്ഡലത്തിലെ സര്‍ക്കാര്‍ സ്കൂളുകള്‍ക്കും ആശുപത്രികള്‍ക്കുമാണ്. റോഡിനും കലുങ്കിനും ഒക്കെ ഒരുപാട് അപേക്ഷകള്‍ വന്നിരുന്നു. പക്ഷേ, എനിക്കു തോന്നി, മുന്‍ഗണന കൊടുക്കേണ്ടത് നമ്മുടെ സ്കൂളുകള്‍ക്കാണെന്ന്. നമുക്കു ധാരാളം സ്മാര്‍ട്ട് ക്ലാസ് മുറികളുണ്ടാകണം. ലാബുകളുണ്ടാകണം, ലൈബ്രറിയുണ്ടാകണം. എല്ലാ വിഭാഗക്കാരുമായ കുട്ടികള്‍ പഠിക്കുന്നത് ആ സ്കൂളുകളിലാണ്. അതുവേണ്ടത്ര ഫലം കണ്ടു എന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. 

ഞാന്‍ ആദ്യമായി എംഎല്‍എ ആയപ്പോള്‍ മൂന്നു പഞ്ചായത്തുകള്‍ മാത്രമാണ് എല്‍ഡിഎഫിനുണ്ടായിരുന്നത്. ബാക്കി നാലു പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും യുഡിഎഫിന്റെ കയ്യിലായിരുന്നു. ഇപ്പോള്‍ അവര്‍ക്ക് രണ്ടു പഞ്ചായത്തു മാത്രമാണുള്ളത്. 

മന്ത്രി ഇ. ചന്ദ്രശേഖരനും ഭാര്യ സാവിത്രിയും മകൾ നീലിയും മന്ത്രി ഇ. ചന്ദ്രശേഖരനും ഭാര്യ സാവിത്രിയും മകൾ നീലിയും

വിവാഹം, മകള്‍

1980ൽ പാർട്ടിയിലെ യുവനേതാക്കളായ കുറച്ചുപേരെ മോസ്കോയിൽ ആറുമാസത്തേക്ക് അയച്ചു. അക്കൂട്ടത്തിൽ കേരളത്തിൽനിന്നു ഞാനും ഉണ്ടായിരുന്നു. അതിഭയങ്കരമായ ശൈത്യമായിരുന്നു മോസ്കോയിൽ. എനിക്കു വാതത്തിന്റെ ചില അസ്വസ്ഥതകൾ ഉണ്ടായിരുന്നതുകൊണ്ട് കുറച്ചു നേരത്തേ തന്നെ മടങ്ങേണ്ടിവന്നു. ആ സമയത്ത് ഡൽഹിയിൽ സഖാവ് എസ്. കുമാരന്റെ ഔദ്യോഗിക വസതിയിൽ പോയതും ഓർമയിൽ പച്ചപിടിച്ചു നിൽക്കുന്നു.

എന്റെ വിവാഹം 1981ല്‍ ആയിരുന്നു. പെരുമ്പുളയില്‍ തന്നെയാണ് അവരുടെ വീട്. സാവിത്രി. ഒരു കമ്യൂണിസ്റ്റ് കുടുംബമാണ് അവരുടേത്. അവര്‍ പാര്‍ട്ടി പ്രവര്‍ത്തകയാണ്. പത്തു വര്‍ഷം ഞങ്ങള്‍ക്കു കുട്ടികള്‍ ഉണ്ടായിരുന്നില്ല. പത്തു വര്‍ഷത്തിനുശേഷമാണു മകള്‍ ജനിച്ചത്. അവള്‍ ഇപ്പോള്‍ കേരള യൂണിവേഴ്സിറ്റിയുടെ കാര്യവട്ടം ക്യാംപസില്‍ ഫിസിക്സില്‍ എംഫില്‍ ചെയ്യുന്നു. നീലി എന്നാണു പേര്. അവള്‍ സ്കൂളില്‍ പഠിക്കുന്ന കാലത്തു ചോദിക്കുമായിരുന്നു, അച്ഛനെന്തിനാണ് എനിക്കു നീലി എന്നു പേരിട്ടത്, അധ്യാപകരും കുട്ടികളുമൊക്കെ അതു യക്ഷിയുടെ പേരല്ലേ എന്നു ചോദിക്കുന്നു എന്ന്. ഞാന്‍ പറഞ്ഞു, അതൊന്നുമല്ല അതിന്റെ അര്‍ഥം. മലയാളത്തനിമ നിലനിര്‍ത്താന്‍ വേണ്ടിയാണ് ആ പേരിട്ടത്. ഞാന്‍ പഠിച്ച സ്കൂളില്‍ത്തന്നെയാണ് അവളും പഠിച്ചത്. അവള്‍ നന്നായി പഠിക്കും. അതുകൊണ്ട് എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അവളുടെ പഠിത്തത്തെ ബാധിച്ചില്ല. എസ്എസ്എല്‍സിക്കും ഹയര്‍ സെക്കന്‍ഡറിക്കും എല്ലാത്തിനും എ പ്ലസ് ഉണ്ടായിരുന്നു. ഡിഗ്രിക്കും പിജിക്കും 88 ശതമാനത്തില്‍ കൂടുതലുണ്ടായിരുന്നു. മെറിറ്റില്‍ത്തന്നെ എല്ലായിടത്തും പ്രവേശനം കിട്ടി. 

ഈ തിരഞ്ഞെടുപ്പില്‍ ജയിച്ചപ്പോള്‍ പാര്‍ട്ടി എന്നോടു മന്ത്രിയാകാന്‍ ആവശ്യപ്പെട്ടു. വളരെ പ്രാധാന്യവും ഉത്തരവാദിത്തവും ഉള്ള ഒരു വകുപ്പാണ് ഏല്‍പ്പിച്ചത്. പലരും പറഞ്ഞു, ഒരുപാട് ആക്ഷേപം കേള്‍ക്കാനിടയുള്ള വകുപ്പാണിത്. ഇതു സ്വീകരിക്കണോ ഞാന്‍ പറഞ്ഞു, നോക്കാം. ഇപ്പോള്‍ കുറച്ചു സങ്കീര്‍ണമായ പ്രശ്നങ്ങളുണ്ട്, ഈ വകുപ്പില്‍. അവ കൈകാര്യം ചെയ്യാനായിരിക്കും മുന്‍ഗണന കൊടുക്കുന്നത്. നിസ്സാര പ്രശ്നങ്ങളല്ല. റീ സര്‍‍വേ, കയ്യേറ്റങ്ങള്‍, ഒഴിപ്പിക്കല്‍ നടപടികള്‍ - ഓരോന്നോരോന്നായി പരിഹരിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം.  

മന്ത്രി ഇ. ചന്ദ്രശേഖരൻ (റവന്യൂ, ഭവന നിർമാണ വകുപ്പ്)

വിലാസം: റും നമ്പർ 140,നോർത്ത് ബ്ലോക്ക്, രണ്ടാംനില,

ഗവ. സെക്രട്ടേറിയറ്റ്, തിരുവനന്തപുരം

ഫോൺ: 0471–2333670, 2320408. 

Your Rating: