Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അരനൂറ്റാണ്ടു ദൂരം ഒറ്റയ്ക്കു കടന്ന പുള്ളി

Kadannappali കടന്നപ്പള്ളി രാമചന്ദ്രൻ

ആലപ്പുള ഗവൺമെന്റ് ഗസ്റ്റ്ഹൗസിൽ വച്ചാണു തുറമുഖം, മ്യൂസിയം, പുരാവസ്തു, പുരാരേഖ എ​ന്നീ വകുപ്പുകളുടെ മന്ത്രി ക‌ടന്നപ്പള്ളിയെ കണ്ടത്. വളരെ കാലമായി അടുത്ത പരിചയമാണു കടന്നപ്പള്ളിയോടുള്ളത്. അദ്ദേഹത്തെ സ്ഥിരമായി കാണുന്നത് വടക്കോട്ടുള്ള രാത്രി വണ്ടികളിലായിരിക്കും. കടന്നപ്പള്ളി വണ്ടിയിലുണ്ടെങ്കിൽ സമാധാനമായി എന്നാണു ടി.ടി.ഇമാർ പറയാറ്. സീറ്റു ശരിയാകാതെ വരുന്ന പ്രായം ചെന്നവർക്കോ കൈക്കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാർക്കോ വേണ്ടി സ്വന്തം സീറ്റ് ഒഴിഞ്ഞു കൊടുക്കാൻ അദ്ദേഹം എപ്പോഴും സന്നദ്ധനാണ്. ലോവർ ബർത്ത് മറ്റുള്ളവർക്ക് കൊടുത്ത് മുകൾ ബർത്തിൽ വലിഞ്ഞു കയറാൻ കടന്നപ്പള്ളിക്ക് ബുദ്ധിമുട്ടില്ല. ആർക്കും പരാതി പറയാൻ അവസരം കൊടുക്കാത്തയാളാണു കടന്നപ്പള്ളി.

1971 ൽ സാക്ഷാൽ ഇ.കെ. നായനാരെ തോൽപ്പിച്ചു കൊണ്ടാണ് കടന്നപ്പള്ളി പാർലമെന്ററി രാഷ്ട്രീയത്തിൽ ഉദിച്ചുയർന്നത്. ഇപ്പോൾ കടന്നപ്പള്ളിക്ക് 71 വയസ്സ്. 71 കടന്നപ്പള്ളിക്ക് ഭാഗ്യസംഖ്യയാണെന്നു കരുതണം. കാരണം നാൽപതു വർഷമായി കോൺഗ്രസ് കൈവശം വച്ചിരുന്ന കണ്ണൂർ സീറ്റാണ് അദ്ദേഹം പിടിച്ചെടുത്തത്. കടന്നപ്പള്ളിയുമായി നടത്തിയ ദീർഘമായ സംഭാഷണത്തിൽനിന്ന് ‌

കുട്ടിക്കാലം‌

കണ്ണൂരിലെ ചെമ്പിലോട് പഞ്ചായത്തിലെ തന്നട എന്ന സ്ഥലത്താണു ഞാൻ ജനിച്ചത്. അത് അമ്മയുടെ വീടാണ്. അച്ഛൻ പി.വി. കൃഷ്ണഗുരുക്കൾ. അച്ഛൻ ജ്യോൽസനായിരുന്നു. അച്ഛന്റെ വീട് കാസർകോടിനു സമീപം കടന്നപ്പള്ളി താലൂക്കിൽ വണ്ണാത്തിപ്പുഴയുടെ തീരത്തെ ചെറുവിച്ചേരിയിലാണ്. ഞങ്ങൾ മൂന്നു സഹോദരൻമാർ. ഞാനാണ് ഏറ്റവും മൂത്തയാൾ. അച്ഛന് നാലു സഹോദരൻമാരും ഒരു സഹോദരിയുമായിരുന്നു. ഇവരെല്ലാവരും ചേർന്ന വലിയൊരു കൂട്ടുകുടുംബത്തിലാണു ഞാൻ വളർന്നത്.

അമ്മയുടെ തറവാട്ടിൽനിന്നാണ് ഞാൻ എൽ.പി. സ്കൂളിൽ പഠിച്ചത്. അമ്മയുടെ അച്ഛന്റെ അച്ഛന്റെ പേരുള്ള സ്കൂളായിരുന്നു അത്- രാമർ വിലാസം എൽ.പി. സ്കൂൾ. അപ്പർ പ്രൈമറി ക്ളാസിൽ എന്നെ ചെറുവിച്ചേരിയിലേക്കു മാറ്റി. കോൺഗ്രസ് സമ്മേളനങ്ങൾ നടക്കുമ്പോൾ ഇളയച്ഛൻമാർ തോളിലെടുത്ത് എന്നെ കൊണ്ടുപോയിരുന്നു. അങ്ങനെയാണ് കോൺഗ്രസുകാരനായത്. യു.പി. സ്കൂളിൽ പഠിക്കുമ്പോൾത്തന്നെ രാഷ്ഠ്രീയപ്രവർത്തനം തുടങ്ങി. നാട്ടിൽ ഗാന്ധി ജയന്തി, സ്വാതന്ത്ര്യ ദിനം, റിപ്പബ്ളിക് ഡേ -ഇതൊക്കെ വലിയ ആഘോഷമായിരുന്നു. ശങ്കരൻ മാഷ് എന്ന അദ്ധ്യാപകൻ എന്നെ കഥാപ്രസംഗം പഠിപ്പിച്ചു. ഞാനായിരുന്നു സ്കൂൾ സെക്രട്ടറി. പ്രസംഗം, പ്രാർഥന ചൊല്ലൽ -ഇതെല്ലാം എന്റെ ചുമതലകളായി. കോൺഗ്രസ് യോഗങ്ങളിലും സാംസ്കാരിക സമ്മേളനങ്ങളിലും സ്ഥിരമായി പ്രാർത്ഥന ചൊല്ലുന്നതും എന്റെ ചുമതലയായി. മൈക്കിലൂടെ പേരു വിളിക്കും - പി. വി. രാമചന്ദ്രൻ. പടിക്കത്തറ വീട് എന്നാണ് പി.വിയുടെ മുഴുവൻ രൂപം. ഞാൻ തീരെ മെലിഞ്ഞ് ചെറിയ കുട്ടിയായിരുന്നു. എനിക്ക് എത്തുംവിധം മൈക്ക് ചെരിച്ച് വച്ചു തരും. ഈ പ്രാർത്ഥന ചൊല്ലൽ എനിക്കു വളരെ ഗുണം ചെയ്തു. സഭാകമ്പം പോയി.

കെ.എസ്.യു. കാലം​

അന്ന് ഇൻഡിപെൻഡന്റ് സ്റ്റുഡന്റ് ഓർഗനൈസേഷൻ അഥവാ ഐ.എസ്.ഒ. എന്ന സോഷ്യലിസ്റ്റ് പാർട്ടിയുടെ യുവജനസംഘടന മലബാർ പ്രദേശത്തു വളരെ ശക്തമായിരുന്നു. അപ്പോൾ കോൺഗ്രസുകാർ പകരമായി ഐ.എസ്. യു. ഉണ്ടാക്കി - ഇൻഡിപെൻഡന്റ് സ്റ്റുഡന്റ്സ് യൂണിയൻ. ഐ.എസ്.യുവിന്റെ സ്കൂൾ ലീഡർ ആയിരുന്നു ഞാൻ.

ഞാൻ ഹൈസ്കൂളിലെത്തിയ കാലത്താണ് കെ.എസ്.യുവിന്റെ ജനനം. ഞാൻ പഠിച്ചിരുന്ന മാടായി ഹൈസ്കൂളിലെ കെ.എസ്.യുവിന്റെ യൂണിയൻ ലീഡർ ആയതു ഞാനാണ്. ആ കാലത്താണ് -- യുദ്ധം നടന്നത്. എന്റെ കയ്യിൽ ഇളയമ്മ സമ്മാനിച്ച ക്ളാവറിന്റെ അടയാളമുള്ള ഒരു സ്വർണ്ണമോതിരം ഉണ്ടായിരുന്നു. യുദ്ധ ഫണ്ട് വന്നപ്പോൾ ഞാൻ സ്വന്തം നിലയിൽ വീട്ടിൽ ചോദിക്കാതെ അതു സംഭാവന ചെയ്തു. അതു പത്രങ്ങളിൽ അടിച്ചു വന്നു.
അതു കഴിഞ്ഞു ഞാൻ എസ്.എൻ. കോളജിൽ പ്രീയൂണിവേഴ്സിറ്റിക്കു ചേർന്നു. തുടർന്നു ധനതത്വശാസ്ത്രം ഐച്ഛികമായി ബി.എയ്ക്കു ചേർന്നു. ആ കാലത്ത് കെ.എസ്.യുവിന്റെ പ്രസിഡന്റ് എ.കെ. ആന്റണി. ഉമ്മൻ ചാണ്ടിയും ഞാനും സംസ്ഥാന ജനറൽ സെക്രട്ടറിമാർ. പിന്നാലെ പി.സി. ചാക്കോയും ജനറൽ സെക്രട്ടറിയായി. അന്നു സംഘടനയ്ക്കുവേണ്ടി കേരളം മുഴുവൻ യാത്ര ചെയ്യേണ്ടിവന്നു. ബസിലാണു യാത്ര മുഴുവൻ. സംസ്ഥാനത്തൊട്ടാകെയുള്ള സ്കൂളുകളിൽ പ്രസംഗിക്കും. ഞങ്ങൾ ചെല്ലുമ്പോൾ ബെല്ലടിച്ചു സ്കൂൾ വിടും. കുട്ടികളെല്ലാവരും പ്രസംഗം കേൾക്കാൻ വരും.

Kadannappali കടന്നപ്പള്ളി രാമചന്ദ്രൻ അമ്മ പാർവതിയുമൊത്ത്

ഡിഗ്രി കഴിഞ്ഞ് തിരുവനന്തപുരത്ത് ലോ അക്കാദമിയിൽ ചേർന്നു. അപ്പോഴേക്ക് ഞാൻ കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡന്റ് ആയി. 1971 തൃശൂരിൽ കെ.എസ്.യുവിന്റെ സംസ്ഥാന സമ്മേളനം നടക്കുമ്പോഴാണ് കാസർകോട് പാർലമെന്റ് മണ്ഡലത്തിൽനിന്നു മൽസരിക്കാൻ എന്നെ നിർദ്ദേശിച്ചതായി അറിയുന്നത്. സമ്മേളനത്തിൽനിന്നു ഞാൻ നേരെ പോകുന്നതു കാസർകോട്ടേക്കാണ് - നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ.

ആദ്യ തിരഞ്ഞെടുപ്പ്

കമ്യൂണിസ്റ്റ് പാർട്ടിയുടെ നെടുംതൂണായ എ.കെ.ജിയുടെ സിറ്റിങ് സീറ്റായിരുന്നു കാസർകോട്. 1961ൽ എ.കെ.ജി. നെഹ്റുവിനെപ്പോലും കാസർകോട്ടു തനിക്കെതിരേ മൽസരിക്കാൻ വെല്ലുവിളിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് പാർട്ടിയുടെ അത്രയ്ക്ക് ഉറച്ച സീറ്റാണ് അത്. എ.കെ.ജി. തന്നെയായിരിക്കും എതിർസ്ഥാനാർത്ഥി എന്ന പ്രതീക്ഷയിലാണ് ഞാനവിടെ ചെല്ലുന്നത്. പക്ഷേ, അക്കൊല്ലം എ.കെ.ജി. പാലക്കാട്ട് മൽസരിക്കാൻ തീരുമാനിച്ചു. പകരം ഇ.കെ. നായനാർ ആയി, എന്റെ എതിരാളി. പക്ഷേ, ആ മൽസരത്തിൽ ഞാൻ ജയിച്ചു. അന്നു ചുമന്ന മഷിയിൽ എഴുതിയ ചുവരെഴുത്തുകൾ ഇന്നും കാസർകോടിന്റെ പല ഭാഗങ്ങളിലും കാണാം. കാരണം അന്ന് അത്ര വലിയ ആവേശമായിരുന്നു. നായനാർ അന്നു കേരളം ആദരിക്കുന്ന നേതാവ്. ഞാനാണെങ്കിൽ ചെറിയ പയ്യൻ. വോട്ടു ചോദിച്ചു പോകുമ്പോൾ ആളുകൾ പറയും, കൃഷ്ണഗുരുക്കളുടെ മകനാ, മീശ പോലും വന്നിട്ടില്ല.

അന്നു ഞാൻ പ്രവർത്തകരോടു പറഞ്ഞു, നായനാരെ കുറിച്ച് ഒരക്ഷരം പോലും മോശമായി പറയരുത്. മാത്രമല്ല, യോഗങ്ങളിൽ സ്വാഗതവും മറ്റും ഒഴിവാക്കി ഞാൻ നേരിട്ടു പ്രസംഗിക്കും. കാരണം ഇതാ നായനാരെ വെല്ലുവിളിക്കാൻ ഒരു ചെറിയ പയ്യൻ വന്നിരിക്കുന്നു എന്നൊക്കെ പറഞ്ഞാൽ തീർന്നു. അത്രയ്ക്കു ശക്തമായ ഇടതു കോട്ടയാണ് അത്. ഞാൻ മേശപ്പുറത്തു കയറി നിന്നാണു പ്രസംഗിക്കുന്നത്. കാരണം അത്രയ്ക്കു ചെറുതാണു ഞാൻ. നായനാർ പിന്നീട് എന്നെ കാണുമ്പോൾ എന്നെ തോൽപ്പിച്ചവനാ എന്നു പറയുമായിരുന്നു. പക്ഷേ, അതിൽ അദ്ദേഹത്തിനു കാലുഷ്യമൊന്നുമുണ്ടായിരുന്നില്ല.
അന്നു ചെറുവത്തൂർ ചന്തയിൽ ഒരു യോഗമുണ്ടായിരുന്നു. ഞാൻ അവിടെയെത്താൻ താമസിച്ചു. ആ യോഗത്തിൽ പങ്കെടുക്കാനെത്തിയ ഒരു ഗർഭിണി പെട്ടെന്നു പ്രസവവേദനവന്നു. അടുത്തുള്ള വീട്ടിൽ മറയൊരുക്കി. അവർ പ്രസവിച്ചു. ഞാൻ പിന്നീട് അവരെ കാണാൻ പോയി. ആ കുട്ടിക്ക് അവർ രാമചന്ദ്രൻ എന്നാണു പേരിട്ടത്.

പാർലമെന്റിൽ

എം.പി. ആയി ആദ്യമായി പാർലമെന്റിൽ പോയ ദിവസം രോമാഞ്ചത്തോടെ മാത്രമേ എനിക്ക് ഓർക്കാൻ സാധിക്കുകയുള്ളൂ. ജവഹർലാൽ നെഹ്റു ഉൾപ്പെടെ എത്രയോ മഹാൻമാർ ഇരുന്ന സ്ഥലം. ഇന്ദിരാഗാന്ധിയാണ് ഞാൻ ചെല്ലുന്ന കാലത്ത് പ്രധാനമന്ത്രി. അവിടെയുണ്ടായിരുന്ന മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോൾ ഞാൻ നിസ്സാരൻ. എം.പിമാരുടെ സത്യപ്രതിജ്ഞ തുടങ്ങുന്നു. അക്ഷരമാലാക്രമത്തിലാണ് പേരുകൾ വിളിക്കുന്നത്. പെട്ടെന്ന് അനൗൺസ്മെന്റ് മുഴങ്ങി. കേരള നമ്പർ വൺ കാസർകോഡ്. കേരളത്തിന്റെ എം.പിമാരുടെ സത്യപ്രതിജ്ഞ എപ്പോഴും കാസർകോട്ടു നിന്നാണു തുടങ്ങുന്നത്. എ.കെ.ജി. ആണല്ലോ അതിനു തൊട്ടുമുമ്പ് വരെ കാസർകോടിനെ പ്രതിനിധീകരിച്ചിരുന്നത്. എല്ലാവരും പ്രതീക്ഷിച്ചിരുന്നത് എ.കെ.ജിയെത്തന്നെയാണ്. അപ്പോഴാണ് മെലിഞ്ഞുണങ്ങിയ മീശ കിളിർക്കാത്ത ഒരു പയ്യൻ വന്നു സത്യപ്രതിജ്ഞ ചെയ്യുന്നത്. പേരു വിളിക്കുമ്പോൾ പ്രതിപക്ഷത്തുള്ളവർ പോലും കയ്യടിക്കുന്നതു പതിവായിരുന്നു. എന്റെ രൂപം കണ്ട് എല്ലാവർക്കും ഒരു കൗതുകമായി. ഇന്ദിരാഗാന്ധിയുടെ അടുത്തു പോയി അനുഗ്രഹം വാങ്ങിയിട്ടാണു ഞാൻ സത്യപ്രതിജ്ഞ ചെയ്തത്. ദേശീയ പത്രങ്ങളിൽ പോലും ഏറ്റവും പ്രായം കുറഞ്ഞ അംഗമെന്ന നിലയിൽ എന്നെക്കുറിച്ചു വാർത്തവന്നു.

ഇന്ദിരാഗാന്ധി

ഇന്ദിരാഗാന്ധി 1974-75ൽ ശക്തിസ്വരൂപിണിയായി മാറി. അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുമ്പോൾ ഞാൻ എം.പി. ആണ്. ഓരോ സംസ്ഥാനത്തെയും എം.പിമാർക്ക് ഒരു കൺവീനർ ഉണ്ടാകും. കോൺഗ്രസ് പാർലമെന്ററി പാർട്ടി ഇൻ കേരള കൺവീനർ സ്ഥാനം നാലു വർഷത്തേക്കു ഞാനാണു വഹിച്ചത്. ലോക് സഭ സമ്മേളിക്കുമ്പോൾ കൺവീനർമാരുടെ യോഗം മാസത്തിൽ രണ്ടു തവണ ഇന്ദിരാഗാന്ധിയുടെ വീട്ടിൽ വച്ചു നടത്തും. ഓരോ സംസ്ഥാനത്തെയും ഭരണ രാഷ്ട്രീയ കാര്യങ്ങൾ കൺവീനർ ആണ് പ്രധാനമന്ത്രിയെ അറിയിച്ചിരുന്നത്. ആ ഇരുപത്തഞ്ചു പേരിൽപ്പെട്ടതു കൊണ്ടുണ്ടായ ഗുണം ഇന്ദിരാഗാന്ധിക്ക് എന്നെ പേരു വിളിക്കാനുള്ള അടുപ്പമായി എന്നതാണ്. അന്നു 351 എംപിമാരാണു സഭയിലുണ്ടായിരുന്നത്. എല്ലാവരുടെയും പേരുകൾ തുടക്കത്തിലേ പ്രധാനമന്ത്രി ഓർത്തുവയ്ക്കണമെന്നില്ല. ഇന്ദിര ഗാന്ധി എന്നെ മിസ്റ്റർ രാമചന്ദ്രൻ എന്നു നീട്ടി വിളിക്കുമ്പോൾ എന്റെ സ്വന്തം അമ്മ എന്നെ വിളിക്കുന്നതുപോലെ തോന്നിയിരുന്നു.

1972ൽ ബോംബെയിൽ പോകാൻ വേണ്ടി വിമാനത്താവളത്തിൽ നിൽക്കുമ്പോഴാണ് അച്ഛന്റെ മരണ വിവരം അറിഞ്ഞത്. ഞാൻ നേരെ നാട്ടിലേക്കു പോയി. ഞാനാണു മൂത്ത മകൻ. ഞാൻ എം.പി. ആയെങ്കിലും കുടുംബത്തിന്റെ സ്ഥിതി വളരെ മോശമായിരുന്നു. അനിയൻമാർ പഠിക്കുകയാണ്. പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ അതു കത്തയച്ച് അറിയിക്കണം. പക്ഷേ, എനിക്ക് എഴുതാൻ സാധിച്ചില്ല. സഞ്ചയനത്തിന്റെ ദിവസം ഞാൻ വീട്ടിൽ വിഷമിച്ചിരിക്കുമ്പോൾ അവിടുത്തെ പോസ്റ്റ് ഓഫിസിലെ പോസ്റ്റ് മാസ്റ്ററും പോസ്റ്റ് മാനും കൂടി വരുന്നു. പോസ്റ്റ് മാസ്റ്ററുടെ കയ്യിൽ ഒരു നീണ്ട കവർ- ഒരു താലത്തിൽ കൊണ്ടുവരുന്നതു പോലെ രണ്ടു കയ്യും ചേർത്തു പിടിച്ചു കൊണ്ടു വരികയാണ്. നോക്കുമ്പോൾ അശോകസ്തംഭം പതിച്ച പ്രധാനമന്ത്രിയുടെ കത്താണ്. മഷിയിൽ എഴുതിയതാണ്. - മൈ ഡിയർ രാമചന്ദ്രൻ, ഒരു പിതാവിന്റെ നഷ്ടം എന്താണെന്ന് അറിയുന്ന ഒരാളാണു ഞാൻ എന്നു തുടങ്ങുന്ന കത്ത്. ആ കത്തു വായിച്ചു ഞാൻ കരഞ്ഞു പോയി. ഇപ്പോൾ എന്റെ ദുഖം അതല്ല. ആ കത്തുകളെല്ലാം ഞാൻ ഒരു ആൽബത്തിൽ സൂക്ഷിച്ചു വച്ചു. വളരെ അപൂർവമായ ഫോട്ടോകളോടൊപ്പം. ഈയിടെ ഞാൻ നോക്കുമ്പോൾ എല്ലാം ആരോ മോഷ്ടിച്ചു കൊണ്ടുപോയിരിക്കുന്നു.

പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി

ഇന്ദിരാഗാന്ധി എന്നെ പാർലമെന്റിന്റെ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റിയിൽ അംഗമാക്കി. അന്നു കേരളത്തിൽനിന്നുള്ള എം.പിമാരൊക്കെ വലിയ കക്ഷികളാണ്- സി.എം. സ്റ്റീഫൻ, എ.സി. ജോർജ്, കെ.പി. ഉണ്ണിക്കൃഷ്ണൻ, ഹെന്റി ഓസ്റ്റിൻ, വയലാർ രവി... എനിക്കാണെങ്കിൽ ഈ പദവി എന്താണെന്നു തന്നെ അറിയില്ല. ഇതു സംബന്ധിച്ചു ഹിന്ദു പത്രത്തിൽ വാർത്ത വന്നു. അന്നു ലാൻഡ് ഫോൺ മാത്രമേ ഉള്ളൂ. നേരം വെളുത്തപ്പോൾ മുതൽ ഫോൺ വിളികളുടെ ബഹളം - ബോംബെയിൽനിന്ന്, കൽക്കട്ടയിൽ നിന്ന്, ഡൽഹിയിൽ നിന്ന് - വലിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ചെയർമാൻമാർ, എക്സിക്യൂട്ടീവുകൾ.. അപ്പോഴാണ് എന്റെ ശരീരം വിറയ്ക്കാൻ തുടങ്ങിയത്. പ്രഫ. ഹിരൺ മുഖർജി ആണു ചെയർമാൻ. അറപതും എഴുപതും പ്രായമുള്ളവരാണു മറ്റ് അംഗങ്ങൾ. . ആ പദവി സ്വീകരിക്കാനുള്ള ഒരു യോഗ്യതയും എനിക്ക് അന്നുണ്ടായിരുന്നില്ല.

Kadannappali കടന്നപ്പള്ളി രാമചന്ദ്രന്‍ കുടുംബത്തോടൊപ്പം

അങ്ങനെ പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി അംഗമെന്ന നിലയിൽ ഒട്ടേറെ യാത്രകൾ വേണ്ടി വന്നു. പ്രതിരോധ വകുപ്പിന്റെ വിമാനത്തിലിരുന്നാണു ഞാൻ ബ്രഹ്മപുത്ര നദി കാണുന്നത്. യുദ്ധവിമാനങ്ങളിൽ ബെൽറ്റല്ല, കയറു വച്ചാണു കെട്ടിവയ്ക്കുന്നത്. മഞ്ഞു മൂടിക്കിടക്കുന്ന ലേയിലേക്കു പോയി. ചെന്നിറങ്ങിയാൽ കാൽ വയ്ക്കുന്നതു പുതിയ ജീപ്പിലേക്കാണ്. ജീപ്പിൽ പേരെഴുതി വച്ചിട്ടുണ്ട് - രാമചന്ദ്രൻ. ഡ്രൈവർക്ക് ഹിന്ദി മാത്രമേ അറിയൂ. താമസിക്കുന്ന സ്ഥലത്തേക്കു കൊണ്ടുപോയി. പുറത്തു പട്ടാള കാവൽ. ഒരു സ്വാതന്ത്ര്യവുമില്ല. ചായ കൊണ്ടുവന്നാൽ അതെടുത്ത് ഒഴിച്ചു കുടിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ല. ചായ കൊണ്ടുവന്ന ജവാനോടു ഞാൻ ഘനത്തിൽ പറഞ്ഞു, യെസ്, ഞാൻ ഒഴിച്ചോളാം. എന്നിട്ട് മലയാളത്തിൽ ഞാൻ ആത്മഗതം ചെയ്തു - ഒരു ചായ കുടിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലല്ലോ. അപ്പോഴാണ് നല്ല ചങ്ങനാശേരി മലയാളത്തിൽ ആ ജവാൻ പറഞ്ഞത്- സാറേ ഇതു ഞങ്ങളുടെ ജോലിയാണ്. ഇതു ഞങ്ങൾ ചെയ്തില്ലെങ്കിൽ എനിക്കു ശിക്ഷ കിട്ടും. തോമസ് എന്നാണ് അയാളുടെ പേര്. ഞാൻ ചോദിച്ചു, ഞാനാരോടെങ്കിലും പറയുമോ നിങ്ങളെനിക്കു ചായ എടുത്തുതന്നില്ല എന്ന്? അപ്പോൾ തോമസ് പറഞ്ഞു, സാർ, ഇതു പട്ടാളമാണ്.

കൊടുംതണുപ്പാണ് അവിടെ. ഇട്ടിരിക്കുന്ന വസ്ത്രത്തിൽ കണ്ണിന്റെയും മൂക്കിന്റെയും സ്ഥാനത്ത് മൂന്നു ദ്വാരങ്ങൾ മാത്രം. എന്റെ മുറിയിൽ നെരിപ്പോടും മറ്റുമുണ്ട്. തോമസ് തണുപ്പിൽ പുറത്ത്. ഞാൻ പറഞ്ഞു, തോമസേ, ഇതു നടക്കില്ല. നീ തണുപ്പും കൊണ്ട് പുറത്തു നിൽക്കുക, ഞാൻ ഇതിനകത്തു കിടക്കുക - ഇതൊന്നും നടപ്പുള്ള വിഷയമല്ല. അപ്പോൾ തോമസ് പറഞ്ഞു, സാറേ ഞാൻ ഇവിടെ നിൽക്കുന്നുണ്ടോ എന്നു പരിശോധിക്കാൻ വേറെ ടീം വരും. എന്നെ ഇവിടെ കണ്ടില്ലെങ്കിൽ എന്റെ കാറ്റു പോകും. പിന്നെ നിങ്ങൾ വിചാരിച്ചാലൊന്നും എന്നെ രക്ഷിക്കാൻ പറ്റില്ല. ആ ഓർമ്മകൾ ഇപ്പോഴും മങ്ങിയിട്ടില്ല.

കോൺഗ്രസ് എസ്

പലരും ചോദിക്കും, നിങ്ങളെന്താ ഇങ്ങനെ? എന്തിനാ ഈ കോൺഗ്രസ് എസുമായിട്ട് നിൽക്കുന്നത്? കുറച്ചാളുകളേയുള്ളൂ എന്റെ ഒപ്പം. പക്ഷേ, ഞാൻ പറയും, അങ്ങനെയും ഒരാൾ വേണമല്ലോ. സ്ഥാനമാനങ്ങളില്ലാതെ പാർട്ടിക്കു വേണ്ടി ജീവിക്കുന്ന ഒരാളും വേണമല്ലോ. ശരീരസൗന്ദര്യ മൽസരത്തിൽ വലിയ സൗന്ദര്യമില്ലാത്തവരും മൽസരിക്കുമ്പോഴല്ലേ മൽസരം കൊഴുക്കുകയുള്ളൂ. വലിയ തന്ത്രവും കുതന്ത്രവും ഒന്നുമില്ലാത്ത ഒരാൾ കൂടിയുണ്ടെങ്കിലല്ലേ ഇവരൊക്കെ വലിയ യോഗ്യൻമാരാണ് എന്നു മറ്റുള്ളവർ പറയുകയുള്ളൂ?
ആന്റണിയുടെ നേതൃത്വത്തിൽ എ ഗ്രൂപ്പ് ഇടതു മുന്നണിയിലേക്കു പോയി. ഞങ്ങളെല്ലാവരും അതിലുണ്ടായിരുന്നു. അഞ്ചു മന്ത്രിമാരും ആ മന്ത്രിസഭയിലുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞ് അവരെല്ലാം തിരികെ കോൺഗ്രസ് ഐയിലേക്കുപോയി. ഞാൻ മാത്രം പോയില്ല. എന്റെ സന്തോഷം ഞാനെടുത്ത നിലപാടിൽനിന്നു ഞാനിന്നും മാറിയിട്ടില്ല എന്നതാണ്. മാറാൻ തോന്നിയിട്ടുമില്ല.

പഴയ ബന്ധങ്ങൾ

വി. ആർ. കൃഷ്ണയ്യരുടെ മരണമറിഞ്ഞ് അവിടെ ചെല്ലുമ്പോൾ അവിടെ വയലാർ രവിയും ഡോ. സി. കെ. രാമചന്ദ്രനും. രവിയേട്ടൻ എന്നെ കണ്ട് നീയെപ്പോൾ വന്നെടാ എന്നു ചോദിച്ചു. എന്നിട്ടു ഡോക്ടറോടു പറഞ്ഞു, ഇവനെ കാണുമ്പോൾ ഒരു മുടിയനായ പുത്രനെ കാണുമ്പോഴുള്ള വേദനയാണ്, ഇവനൊക്കെ ഇപ്പോൾ ഞങ്ങളുടെ കൂടെ നിന്നിരുന്നെങ്കിൽ ആരാകുമായിരുന്നു എന്നറിയാമോ ?
ഞാൻ ഇത്തവണ മന്ത്രിയായതിനുശേഷം എ. കെ. ആന്റണിയെ കണ്ടു. എനിക്ക് അമ്മയെ ഒന്നു കാണണമായിരുന്നു. കുറേ വർഷമായല്ലോ കണ്ടിട്ട് എന്നു പറഞ്ഞു. ഒരു ദിവസം അമ്മ പി.സി. ചാക്കോയോടു ചോദിച്ചു- വയലാർ രവി, എ. കെ. ആന്റണി, കെ. പി. ഉണ്ണിക്കൃഷ്ണൻ, ഉമ്മൻ ചാണ്ടി ഇവരെയൊന്നും ഇപ്പോൾ ഇങ്ങോട്ടു കാണുന്നില്ലല്ലോ? മോനുമായിട്ടു വല്ല വിരോധവുമുണ്ടോ? അയ്യോ, അമ്മേ ഒരു വിരോധവുമില്ല എന്നു ചാക്കോ പറഞ്ഞു.

വയലാർ രവി കേന്ദ്രമന്ത്രിയായപ്പോൾ എന്നെ വിളിച്ചു,- എടാ, ഞാൻ വീട്ടിലേക്കു വരുന്നു. ഞാൻ പറഞ്ഞു, ഞാൻ മാനന്തവാടിയിൽനിന്നു വന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. അപ്പോൾ അദ്ദേഹം പറഞ്ഞു, നിന്റെ വീട്ടിൽ പോകാൻ എനിക്കു നിന്റെ അനുവാദമൊന്നും വേണ്ടെടാ. രവിയേട്ടന്റെ കൂടെ ഒരുപാടു പേർ ഉണ്ടായിരുന്നു. രവിയേട്ടനെ കണ്ടത് അമ്മയ്ക്കു വലിയ സന്തോഷമായി. അമ്മ എന്റെ കൂടെ ഡൽഹിയിൽ ഉണ്ടായിരുന്നു. ഡൽഹിയിൽ ന്യൂ അവന്യൂവിൽ എന്റെ വീട് നൂറ്റിനാൽപതും അദ്ദേഹത്തിന്റേത് നൂറ്റിനാൽപ്പത്തിനാലും ആയിരുന്നു. അമ്മയും മേഴ്സിച്ചേച്ചിയും തമ്മിൽ വലിയ അടുപ്പമായിരുന്നു. അമ്മ ആ കഥകൾ പറഞ്ഞു. രവിയേട്ടൻ കരഞ്ഞു.

ഏറ്റവും ഇളയ അനിയൻ ശിവരാമന്റെ മരണം ഇന്നും എന്റെ വേദനയാണ്. അവനു മുപ്പത്തിമൂന്നു വയസ്സേയുണ്ടായിരുന്നുള്ളൂ. ജോലിയുണ്ടായിരുന്നില്ല. പത്താം ക്ളാസ് കഴിഞ്ഞു ടൈപ്പ് ഒക്കെ പഠിച്ചു. അവനാണു കുടുംബം നോക്കിയിരുന്നത്. കല്യാണം കഴിച്ചിരുന്നില്ല. ഞാൻ ജനിച്ച തന്നട വീടിന്റെ പുരയിടത്തിൽ ഒരു കശുമാവിലാണ് അവൻ ജീവിതം അവസാനിപ്പിച്ചത്.

ആ സമയത്ത് ഞാൻ പാർട്ടി സമ്മേളനവുമായി ബന്ധപ്പെട്ടു തൃശൂരിലായിരുന്നു. ഇന്നും ഒരു കുറ്റബോധം വേട്ടയാടുന്നു- ഞാൻ വിചാരിച്ചിരുന്നെങ്കിൽ അവന് എവിടെയെങ്കിലും എന്തെങ്കിലും ജോലി വാങ്ങിക്കൊടുക്കാമായിരുന്നു. എല്ലാവരെയും സഹായിക്കേണ്ടയാൾ സ്വന്തം അനിയനു മുൻഗണന കൊടുക്കുന്നതു ശരിയല്ലെന്ന തോന്നലായിരുന്നു എന്നെ ഭരിച്ചത്.

Kadannappalli കടന്നപ്പള്ളി രാമചന്ദ്രന്‍ കുടുംബത്തോടൊപ്പം

ചോരുന്ന വീട്

അടിയന്തിരാവസ്ഥ കഴിഞ്ഞിട്ടു നടന്ന തിരഞ്ഞെടുപ്പിലും കാസർകോട്ടു നിന്നു ഞാൻ ജയിച്ചു. അതു കഴിഞ്ഞായിരുന്നു കല്യാണം. ഭാര്യയെയും കൂട്ടി ഡൽഹിയിലേക്കു പോയി. അതു കഴിഞ്ഞ് എം.എൽ.എ ആയതിനുശേഷമാണു മോൻ ജനിച്ചത്. ഓലപ്പുരയിൽനിന്നു ഞാൻ കണ്ണൂർ തോട്ടട ജവഹർലാൽ നെഹ്റു കോളനിയിലെ വീട്ടിലേക്കു മാറി. സ്കൂൾ അദ്ധ്യാപികയായിരുന്ന ഇളയമ്മയ്ക്കു കുട്ടികളുണ്ടായിരുന്നില്ല. ഇളയമ്മ മരിച്ചതിനുശേഷം ആ വീട് എനിക്ക് എഴുതിത്തന്നു. അതൊക്കെ ഇപ്പോ ചോരുന്നു. ഫാനൊക്കെ അഴിച്ചു വച്ചിരിക്കുകയാണ്. കെ. രാധാകൃഷ്ണൻ സ്പീക്കർ ആയിരുന്നപ്പോൾ ഒരു ദിവസം എന്റെ വീട്ടിൽ വന്നു. വീടിന്റെ അവസ്ഥ കണ്ടിട്ട് രാധാകൃഷ്ണൻ പറഞ്ഞു, വീടു പണിക്ക് എം.എൽ.എമാർക്ക് പത്തു ലക്ഷം ലോൺ കിട്ടും. ഞാൻ പറഞ്ഞു, പത്തു ലക്ഷം വേണ്ട, രണ്ടു ലക്ഷം മതി. അപ്പോൾ രാധാകൃഷ്ണൻ പറഞ്ഞു, ബുദ്ധിയില്ലാതെ സംസാരിക്കരുത്, രണ്ടു ലക്ഷം എന്തിനാ, വൈറ്റ് വാഷ് ചെയ്യാനോ? അങ്ങനെ സഹകരണ ബാങ്കിൽനിന്നു ലോണെടുത്തു. പതിമൂന്നു ശതമാനം പലിശ. അടച്ചു തീർക്കാൻ കുറച്ചുകൂടിയുണ്ട്. ശമ്പളത്തിൽനിന്നു പിടിക്കും. എം.എൽ.എ. ആയി, മന്ത്രിയായി, പിന്നെയും അഞ്ചു കൊല്ലം കഴിഞ്ഞു എന്നിട്ടും തീർന്നിട്ടില്ല.

മകന്റെ കല്യാണം

എന്റെ ഭാര്യ സരസ്വതി അദ്ധ്യാപിക ആയിരുന്നു. വിരമിച്ചു. ഇപ്പോൾ എന്റെ കൂടെ തിരുവനന്തപുരത്തുണ്ട്. ഞങ്ങളുടെ മകൻ മിഥുൻ ഡ്രമ്മർ ആണ്. അവൻ അവിയൽ ബാൻഡിൽ പ്രധാന ഡ്രമ്മർ ആണ്. അവൻ ഇതുവരെ കല്യാണം കഴിച്ചിട്ടില്ല. എന്തെന്നാ ചെയ്ക? എന്റെ അമ്മ എപ്പോഴും അവനെ ഉപദേശിക്കും. അവന് എത്രയോ ആരാധികമാരുണ്ട്? അതും നല്ല കുട്ടികളുണ്ട്. നമുക്ക് കൈ പിടിച്ചു കൂട്ടിക്കൊണ്ടു വരാൻ തോന്നുന്നത്ര നല്ല കുട്ടികള്. നീ ആരെയെങ്കിലും കൂട്ടിക്കൊണ്ടു വാ, അതല്ലെങ്കിൽ ഞാൻ ഇന്നയാളെ കല്യാണം കഴിച്ചു എന്നു പറഞ്ഞ് കൊണ്ടുവാ എന്നു ഞാൻ പറഞ്ഞു. ഇതിലപ്പുറം ഒരച്ഛൻ എന്താ പറയണ്ടത്?

സംസാരിച്ചു കൊണ്ടിരിക്കെ ഗസ്റ്റ് ഹൗസ് ജീവനക്കാരൻ വന്നു ചോദിച്ചു, സാർ അപ്പുറത്ത് കെ.ടി.ഡി.സിയുടെ റസ്റ്ററന്റ് ഉണ്ട്. ചായ വാങ്ങി വരട്ടെ? കടന്നപ്പള്ളി വേണ്ടെന്നു പറഞ്ഞു. അയാൾ പോയപ്പോൾ ശബ്ദം താഴ്ത്തി പറഞ്ഞു - നമുക്ക് അവിടെ പോയി കഴിക്കാം. അല്ലാതെ അവിടെ നിന്ന് ഇവിടെ വരെ നടന്നു വരുമ്പോഴേക്ക് ചായ ക്ഷീണിച്ചു പോകും. !
 

Your Rating: