Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ പെൺകുട്ടി ലോകം ചുറ്റി; പത്തു പൈസ ചെലവില്ലാതെ!!

monica-travel

ലോകപ്രശസ്ത അമേരിക്കൻ സാമ്പത്തിക സ്ഥാപനത്തിലെ ഫിനാൻഷ്യൽ അഡ്വൈസർ ജോലി രാജി വയ്ക്കുമ്പോൾ മോണിക്ക ലിൻ എന്ന പെൺകുട്ടിയുടെ മനസ്സിൽ ഒരൊറ്റ സ്വപ്നമേ ഉണ്ടായിരുന്നുള്ളൂ–ലോകം മുഴുവൻ സഞ്ചരിക്കണം. അതിന് ജോലിയൊരു തടസ്സമായപ്പോഴാണ് 2014 ഡിസംബറിൽ രാജി വച്ചത്. പക്ഷേ തന്റെ സ്വപ്നത്തിലേതു പോലുള്ള ഒരു യാത്ര സാധ്യമാകണമെങ്കിൽ പത്തിരുപത് കൊല്ലം ജോലിയെടുത്ത് കാശുണ്ടാക്കിയേ പറ്റൂ. അത്രയും കാത്തിരിക്കാനൊന്നും നേരമില്ല. അങ്ങനെയിരിക്കെയാണ് മോണിക്ക മിസ് ട്രാവൽ ഡോട്ട് കോം എന്ന വെബ്സൈറ്റിനെക്കുറിച്ചറിയുന്നത്. ഒരു ഡേറ്റിങ് സൈറ്റാണ്, പക്ഷേ സംഗതി ഫുൾ വെറൈറ്റിയാണ്. ‘നെവർ ട്രാവൽ എലോൺ’ എന്നതാണ് വെബ്സൈറ്റിന്റെ പ്രഖ്യാപിത മുദ്രാവാക്യം തന്നെ. അതായത് വെബ്സൈറ്റ് വഴി കണ്ടെത്തുന്ന ആളുമായി നിങ്ങൾക്ക് എവിടേക്കു വേണമെങ്കിലും യാത്ര പോകാം. സകല ചെലവും കക്ഷി നോക്കുകയും ചെയ്യും.

monica മോണിക്ക ലിൻ

പണമുണ്ടാക്കാനുള്ള ഓട്ടത്തിനിടെ പ്രണയം മറന്ന സമ്പന്നർക്കും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന പെൺകുട്ടികൾക്കും വേണ്ടിയാണത്രേ ആ സൈറ്റ്. ഇപ്പോൾ നിങ്ങളുടെ കയ്യിൽ പണമുണ്ട്, പക്ഷേ പ്രണയമില്ല. യാത്രയിൽ ഒരു കൂട്ട് ആവശ്യമുണ്ട്. എങ്കിൽ മിസ് ട്രാവലിൽ നിങ്ങളുടെ പ്രൊഫൈൽ ചേർക്കുക, കൃത്യമായ വിവരങ്ങൾ നൽകുക. പോകാൻ താൽപര്യമുള്ള സ്ഥലത്തിന്റെ പേരു കൊടുക്കുക. വേണമെങ്കിൽ നിങ്ങളുടെ രാജ്യത്തേക്ക് ഒരാളെ ക്ഷണിച്ചു വരുത്തുകയുമാകാം. അത്തരത്തിൽ വരുന്നവരുടെ ചെലവു മുഴുവൻ പക്ഷേ നിങ്ങൾ വഹിക്കണം. കണ്ടപ്പോൾ സംഗതി കൊള്ളാമല്ലോയെന്നു തോന്നി മോണിക്കയും ഒരു അക്കൗണ്ടുണ്ടാക്കി. തന്റെ ആഗ്രഹവും പോസ്റ്റ് ചെയ്തു. അതുവഴി ലഭിച്ച ഏതാനും പേരുമായി ചാറ്റ് ചെയ്തു. അവരുടെ പശ്ചാത്തലമെല്ലാം ആ ഇരുപത്തിയഞ്ചുകാരി കൃത്യമായി അന്വേഷിച്ചു. ഒടുവിൽ ഒരു മുപ്പത്തിയൊന്നുകാരനെ കണ്ടെത്തി. ബാർബഡോസിലേക്കായിരുന്നു അദ്ദേഹത്തിന്റെ ക്ഷണം. വേറൊന്നും ചിന്തിച്ചില്ല–അങ്ങനെ ജീവിതത്തിലാദ്യമായി കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ മോണിക്ക അമേരിക്കയ്ക്കു പുറത്തേക്കു പറന്നു.

മോണിക്ക ലിൻ മോണിക്ക ലിൻ

പിന്നീട് ഒരു വർഷം കൊണ്ട് കറങ്ങിയത് ഒൻപതു രാജ്യങ്ങൾ. ദുബായിൽ ഒട്ടകസവാരി, ഹോങ്കോങ്ങിൽ ഷോപ്പിങ്, ഫിലിപ്പീൻസിലും ഇറ്റലിയിലും തകർപ്പൻ ട്രിപ്പുകൾ..സ്വപ്നസമാനമായിരുന്നു മോണിക്കയ്ക്ക് 2015. ആദ്യപങ്കാളിയ്ക്കൊപ്പം പിന്നീടൊരു യാത്ര കൂടി നടത്തി. അതിനിടെ മിസ് ട്രാവലിൽ കണ്ടുമുട്ടിയ മറ്റൊരാളുമൊത്ത് സാൻഫ്രാൻസിസ്കോയിലേക്ക്. മൂന്നാമതു കണ്ടെത്തിയത് ഒരു ഇറ്റലിക്കാരനെയാണ്. ആ ഇരുപത്തിയെട്ടുകാരൻ അവളെ തന്റെ രാജ്യത്തേക്കു ക്ഷണിച്ചു. ആറാഴ്ച നീണ്ട യാത്രകൾക്കൊടുവിൽ ഇരുവരും ഒരു തീരുമാനത്തിലെത്തി–ഇനി മിസ് ട്രാവൽ വഴി പങ്കാളിയെ കണ്ടെത്തി യാത്രയില്ല. മറിച്ച് ഇനി എല്ലാ യാത്രയും ഒരുമിച്ച്, ജീവിതയാത്ര ഉൾപ്പെടെ. മോണിക്കയും ആ ഇറ്റാലിയനും വിവാഹിതരാകാൻ പോവുകയാണ്. ‘യാത്രകളെയും തന്നെയും ഏറെ ഇഷ്ടപ്പെടുന്ന ഒരാളെ ഒടുവിൽ കണ്ടെത്തി’ എന്നാണ് മോണിക്ക ഇതിനെപ്പറ്റി പറഞ്ഞത്.

ഇപ്പോൾ ഒരു സ്റ്റാർട്ടപ്പ് കമ്പനിയിൽ താൽകാലിക ജോലി നോക്കുകയാണ് മോണിക്ക. അലബാമയിലെ വീട്ടിൽ അമ്മ തനിച്ചാണ്. അവരെ വിട്ട് ഉടനൊന്നും ഇറ്റലിയിലേക്കില്ല. വിവാഹത്തിനു മുൻപ് ഒട്ടേറെ യാത്രകളും പ്ലാൻ ചെയ്തിട്ടുണ്ട്. എന്തായാലും മോണിക്കയുടെ മിസ് ട്രാവൽ അനുഭവം വലിയ വാർത്തയായി. ഇത്തരം യാത്രകളിലെ സുരക്ഷിതത്വത്തെപ്പറ്റിയും ധാർമികതയെപ്പറ്റിയുമൊക്കെ ചോദ്യങ്ങളുണ്ടായി. പക്ഷേ കണ്ടുമുട്ടാൻ പോകുന്ന ആളെപ്പറ്റി നന്നായി അന്വേഷിച്ചായിരുന്നു തന്റെ തീരുമാനങ്ങളെന്ന് മോണിക്ക പറയുന്നു. കൂടുതൽ ചോദ്യങ്ങൾക്കൊന്നും കൃത്യമായ മറുപടിയില്ല. ഓരോരുത്തരുമായുമുണ്ടായ ബന്ധത്തെപ്പറ്റി മോണിക്ക പറയുന്നതിങ്ങനെ: ‘മിസ് ട്രാവൽ വഴിയുള്ള ഡേറ്റിങ്ങും സാധാരണ ഡേറ്റിങ് പോലെത്തന്നെയാണ്. അതിൽ അൽപം യാത്രകൾ കൂടുതലായിട്ടുണ്ടാകും എന്നു മാത്രം...’

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.