Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഒരു വേശ്യയെ നോക്കി എന്റെ കുഞ്ഞ് ചിരിക്കേണ്ട' അവർക്ക് ഇങ്ങനെയുമുണ്ടൊരു ജീവിതം!

momotha ഞാൻ പറഞ്ഞു, അമ്മ ഒരു വേശ്യയാണെന്നും അവൻ ജനിച്ചത് ഒരു തടവറയിലാണെന്നും അവനറിയരുത്.. ചിത്രത്തിന് കടപ്പാട്– ഫെയ്സ്ബുക്ക്

"എനിക്ക് അവനെ കൊല്ലണ്ട. എൻറെ ജീവിതത്തിൽ അവൻ വേണം. അവനെ മറ്റാരെങ്കിലും കണ്ടാൽ തീർച്ചയായും അവരവനെ കൊല്ലും. എങ്കിലും കുറെ മാസങ്ങൾ അവനെ ഒളിപ്പിക്കാൻ എനിക്കായി... ഒരു ദിവസം രാവിലെ ഉറങ്ങാന്‍ പോയപ്പോൾ ഞാൻ എന്നോട് തന്നെ ചോദിക്കുകയായിരുന്നു, നാളെയെക്കുറിച്ച് ഒരു പ്രതീക്ഷയുമില്ലാത്ത ഈ ജീവിതത്തിലേയ്ക്ക് എന്തിനവനെ കൊണ്ടുവരണം. പക്ഷേ ഒരു കൊച്ചു കുട്ടിയെപ്പോലെ ആരെയും പേടിക്കാതെ എനിക്ക് സംസാരിക്കാൻ അവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു പൂമ്പാറ്റയെന്ന പോലെ എന്റെ വയറിനുള്ളിലിരുന്നു അവൻ പറഞ്ഞു ഒരിക്കലും എന്നെ വിട്ടു പോകില്ലെന്ന്.

ഞാൻ ഗര്‍ഭിണിയാണെന്ന വിവരം എൻറ മാഡം അറിഞ്ഞ ദിവസം അവർ എന്നെ കൊല്ലാൻ നോക്കി, എന്നെ ഒരുപാട് തൊഴിച്ചു. ഞാൽ അലറിക്കരഞ്ഞുകൊണ്ട് എനിക്ക് ജീവിക്കാൻ ഒരവസരം കൂടെത്തരണേ എന്നവരോട് യാചിച്ചു, അവരുടെ കാലിൽ കെട്ടിപിടിച്ച് കിടന്നു. അവർ പതിയെ എന്നെ ഉപദ്രവിക്കുന്നത് നിർത്തി എന്നിട്ട് ചോദിച്ചു നിനക്ക് ജീവിതകാലം മുഴുവൻ ദുരിതമനുഭവിക്കണോ? പിന്നെ അവരെന്നെ ഉപദ്രവിച്ചില്ല.

പിന്നെ ആ സമയമെത്തി. പ്രസവസമയത്ത് എനിക്ക് ഒത്തിരി രക്തം നഷ്ടമായി. എങ്കിലും ആ സമയം മുഴുവൻ ഞാനെന്റെ കുഞ്ഞിനോട് സംസാരിച്ചു കൊണ്ടിരുന്നു. നമ്മുടെ യാത്ര ആരംഭിച്ചുവെന്ന് ഞാനവനോട് മന്ത്രിച്ചു. അപ്പോഴും എന്നെ തേടിവരുന്നവരെ എനിക്ക് തൃപ്തിപ്പെടുത്തണമായിരുന്നു.. ഒരുനാൾ അവനെന്നെ എന്തിനേക്കാളും വെറുക്കുമെന്ന് എനിക്കറിയാം. പക്ഷേ അവൻ മാത്രമാണ് എനിക്കുള്ളതെന്ന് പുഞ്ചിരി കൊണ്ടവൻ മറുപടി പറയുമായിരുന്നു.

അവന് മൂന്ന് മാസവും ഇരുപത് ദിവസവും ഉള്ളപ്പോഴാണ് കുട്ടികളില്ലാത്ത ആ ദമ്പതികൾക്ക് ഞാനവനെ കൊടുക്കുന്നത്. അവനെ കൈയ്യിൽ വാങ്ങി അവർ കരയുകയായിരുന്നു. അവൻ സുരക്ഷിത കരങ്ങളിലെത്തിയെന്ന് ദൂരെ നിന്നും ഞാൻ മനസിലാക്കി. മുരാദ് ഇല്ലാതെ എനിക്ക് ജീവിക്കാനാവില്ലെന്ന് മനസിലാക്കിയ എൻറെ മാഡം മുരാദിനെ ഞാൻ നോക്കിക്കൊള്ളാൻ പറഞ്ഞിരുന്നു, പക്ഷേ മുരാദ് കൂടുതൽ സന്തോഷവാനാകുക അവരൊടൊപ്പമായിരിക്കുമെന്ന് എൻറെ അമ്മയാണ് പറഞ്ഞത്. അവർ പോകുന്നതിന് മുന്‍പ് ആ സ്ത്രീ എൻറെ അരികിൽ വന്നു, ഒരു കവറിലുള്ള പണം എൻറെ ബാഗിലിട്ടിട്ട് പറഞ്ഞു മുരാദ് എന്ന പേര് അവർ മാറ്റില്ല എന്ന്. ഞാൻ മിണ്ടിയില്ല. അയാൾ മുരാദിനെ എനിക്കരികിലേയ്ക്ക് കൊണ്ടുവന്നു എനിക്ക് അവസാനാമായി കാണാൻ. അവൻ വളർന്നു വലുതാകുമ്പോൾ അവനെ ഇവിടേയ്ക്ക് തിരികെ കൊണ്ടുവരാമെന്നും അപ്പോൾ അവന് എനിക്കൊപ്പം നില്‍ക്കാനാണ് ഇഷ്ടമെങ്കിൽ അവർ തടയില്ലെന്നും അയാൾ പറഞ്ഞു. ഞാൻ അവനെ നോക്കി, എന്നത്തെയും പോലെ അവൻ ചിരിച്ചുകൊണ്ടേയിരുന്നു.. ഞാൻ പറഞ്ഞു, അമ്മ ഒരു വേശ്യയാണെന്ന് അവൻ ഒരിക്കലും അറിയരുത്. അവൻ ജനിച്ചത് ഒരു തടവറയിലാണെന്നും അവനറിയരുത്. അവനൊരു പക്ഷിയെ പോലെ ആകാശത്ത് പറന്നു നടക്കാനാണെനിക്കിഷ്ടം. അവനെ നിങ്ങളതിന് സഹായിക്കണം. പണമടങ്ങിയ ആ കവർ അവർക്ക് മടക്കി കൊടുത്തതിന് ശേഷം ഒരുതവണ പോലും തിരിഞ്ഞു നോക്കാതെ എങ്ങനെയോ ഞാന്‍ വേശ്യാലയത്തിൽ തിരികെയെത്തി. ഒരു വേശ്യയെ നോക്കി എൻറെ കുഞ്ഞ് ചിരിക്കേണ്ട."

മൊമോത എന്ന പെണ്‍കുട്ടിയുടെ ജീവിതകഥയാണിത്. ആരൊക്കെയാലോ വഞ്ചിക്കപ്പെട്ട് ജീവിതം തടവറയിൽ ഹോമിക്കപ്പെടാൻ വിധിക്കപ്പെട്ട അനേകം മൊമോതമാർ നമുക്കു ചുറ്റുമുണ്ട്. ജീവന്റെ ജീവനെയാണവൾ ആർക്കോ കൈമാറുന്നത്. അവരവനെ പൊന്നുപോലെ നോക്കുമെന്ന ഒറ്റ പ്രതീക്ഷയാണിനി അവളുടെ ജീവിതം. "ഒരു വേശ്യയെ നോക്കി എൻറെ കുഞ്ഞ് ചിരിക്കേണ്ട" എന്നവൾ പറഞ്ഞാലും ഇത് വായിക്കുന്ന ഏതൊരാൾക്കുമറിയാം ആ പാൽ പുഞ്ചിരിക്കായി മാത്രമാണ് അവൾ ജീവിക്കുന്നതെന്ന്... അവളുടെ സ്വപ്നം പോലെ മുരാദ് നീ പക്ഷിയെ പോലെ പറന്ന് ആകാശ വിതാനങ്ങൾ കൈയടക്കുക. നിൻറെ അമ്മയ്ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനമാകുമത്...

related stories