Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒൻപതാം കൃതിമക്കാലുമായി മോഷ എന്ന ആനക്കുട്ടി 

Mosha മോഷ എന്ന ആനക്കുട്ടി

10 വയസ്സുമാത്രം പ്രായമുള്ള മോഷ എന്ന ആനക്കുട്ടിക്കായി ഒൻപതാം കൃത്രിമക്കാൽ തയ്യാറായിക്കഴിഞ്ഞു. ഒരു വയസ്സുള്ളപ്പോൾ അപകടത്തില്‍ കാല്‍ നഷ്ടപ്പെട്ടു തായ്‌ലാന്‍ഡിലെ ഫ്രണ്ട്‌സ് ഒഫ് ദി ഏഷ്യന്‍ എലഫന്റ് ഫൗണ്ടേഷനെന്ന മൃഗസംരക്ഷണകേന്ദ്രത്തില്‍ എത്തിയ മോഷ എന്ന പിടിയാനയെ അവിടെ സരംക്ഷിച്ചു വരികയാണ്. ഏഴു മാസം പ്രായമുള്ളപ്പോഴാണ്  ബോംബ് സ്‌ഫോടനത്തില്‍ ആനക്കുട്ടിയുടെ  മുന്‍വശത്തെ വലം കാല്‍ നഷ്ടപ്പെട്ടത്.

രണ്ടു വർഷം കാലില്ലാതെ ആനക്കുട്ടി നിരങ്ങി ജീവിച്ചു. ആനയുടെ അവസ്ഥ നേരിൽ കണ്ട വെറ്റിനറി വിഭാഗം, ആനയ്ക്ക് കൃത്രിമക്കാൽ വച്ചു നൽകാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെ രണ്ടു വര്‍ഷത്തിനുശേഷം പുതിയ കാൽ വച്ചു നൽകി. എന്നാൽ ആന വളരുന്നതിനനുസരിച്ച് കാലുകൾ മാറ്റേണ്ടി വന്നു. ഉയരം ക്രമീകരിക്കാനായാണ് ഇത്. ആയതിനാൽ ഓരോ വർഷവും ആനയ്ക്കു കാൽ മാറ്റിവയ്‌ക്കേണ്ടി വന്നു.

Mosha മോഷ എന്ന ആനക്കുട്ടിക്കു കൃത്രിമക്കാൽ വച്ചു നൽകുന്നു

തായ് മ്യാന്‍മര്‍ അതിര്‍ത്തിയിലൂടെ നടക്കുന്നതിനിടെയായിരുന്നു കുഴിബോംബ് പൊട്ടി ആനയുടെ കാൽ തകർന്നത്. വിമത സംഘടനയും മ്യാന്‍മര്‍ സൈന്യവും തമ്മിലുള്ള സംഘര്‍ഷഫലമായി തായ്ലാൻഡ്  മ്യാന്‍മര്‍ അതിര്‍ത്തിയില്‍ ഇത്തരം സ്‌ഫോടനങ്ങള്‍ സ്ഥിരം സംഭവമാണ്. കാലിനു സാരമായ പരിക്കേറ്റ മോഷയെ  മൃഗാശുപത്രിയില്‍ എത്തിച്ചെങ്കിലും കാല്‍ മുറിച്ചു മാറ്റേണ്ടി വന്നു. തുടർന്നു മോഷയ്ക്കു മൂന്നാം  വയസ്സിൽ ആദ്യമായി കൃത്രിമക്കാല്‍ നിര്‍മിച്ചു നല്‍കിയത് തേഡ്‌ചെ ജാവ്‌കേട്ട് എന്ന മൃഗഡോകടറായിരുന്നു.

അന്ന് ആ കൃത്രിമക്കാല്‍ വച്ചില്ലായിരുന്നുവെങ്കിൽ അവള്‍ ഇത്രയും കാലം ജീവിക്കില്ലെന്ന കാര്യം ഉറപ്പായിരുന്നു. ആനയുടെ  ഭാരം താങ്ങാന്‍ കഴിയുന്ന തരത്തില്‍ ഇടക്കിടെ കാല്‍ മാറ്റിയില്ലെങ്കില്‍ മോഷയ്ക്കു നടക്കാന്‍ സാധിക്കില്ലായിരുന്നു. ആദ്യമായി കൃത്രിമക്കാല്‍ നല്‍കിയപ്പോള്‍ മോഷയ്ക്ക് 600 കിലോ ഭാരമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ അത് രണ്ടായിരം കിലോയായി വർദ്ധിച്ചു. കാലിന് ഭാരം താങ്ങാനുള്ള കഴിവു കുറഞ്ഞതുകൊണ്ടാണ് ഇത്തവണയും കാലു മാറ്റി വച്ചത്. ലോകത്തിലെ ആദ്യത്തെ ആനകളുടെ ആശുപത്രിയായാണ് ഫ്രണ്ട്‌സ് ഒഫ് ദി ഏഷ്യന്‍ എലഫന്റ് ഫൗണ്ടേഷന്‍ കണക്കാക്കപ്പെടുന്നത്, ഇവിടെ ഇപ്പോള്‍ 17 ഓളം ആനകളുണ്ട്.