Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാഹുലേ... കണ്ണീരുണങ്ങാതെ അമ്മ കാത്തിരിക്കുന്നു

Rahul ഇന്ന് മോനെ കാണാനാകും എന്ന പ്രതീക്ഷയിലാണ് ഓരോ ദിവസവും ഉണർന്നെഴുന്നേൽക്കുന്നത്. കേരളപൊലീസും ക്രൈംബ്രാഞ്ചും സിബിഐയും മറന്നാലും ഞങ്ങൾക്ക് മറക്കാനാവില്ലല്ലോ ഞങ്ങളുടെ പൊന്നുമോനെ...

ഈ ഒക്ടോബർ നാലിന് രാ‍ഹുലിന്റെ പതിനെട്ടാം പിറന്നാൾ. പൊന്നുമോൻ വളരുന്നത് മനസ്സിൽ മാത്രം കാണാൻ വിധിയുള്ള ഒരമ്മ കണ്ണീരുണങ്ങാത്ത കണ്ണുമായി കാത്തിരിക്കുന്നു, പതിനൊന്നുവർഷമായി....

‘‘മുറ്റത്തൊരു ബൈക്ക് വന്ന് നിൽക്കുന്ന ശബ്ദം കേൾക്കുമ്പോൾ പോലും എനിക്ക് പ്രതീക്ഷയാണ്. അത് എന്റെ മോനായിരിക്കുമോ?. വാതിൽ തുറന്നു ചെല്ലുമ്പോൾ അമ്മേ, എന്ന് വിളിച്ച് കെട്ടിപ്പിടിക്കാൻ അവൻ കാത്തുനിൽപ്പുണ്ടാകുമോ? ഇന്ന് മോനെ കാണാനാകും എന്ന പ്രതീക്ഷയിലാണ് ഓരോ ദിവസവും ഉണർന്നെഴുന്നേൽക്കുന്നത്. കേരളപൊലീസും ക്രൈംബ്രാഞ്ചും സിബിഐയും മറന്നാലും ഞങ്ങൾക്ക് മറക്കാനാവില്ലല്ലോ ഞങ്ങളുടെ പൊന്നുമോനെ...

അവന്റെ വിരലുകൾക്കു നല്ല നീളമുണ്ടായിരുന്നു. വിരൽ പിടിച്ച് അമ്മൂമ്മമാരൊക്കെ ചെറുപ്പത്തിലേ പറയുമായിരുന്നു. ‘രാഹുൽ മോന് നല്ല ഉയരം വയ്ക്കും. ചിലപ്പോൾ അച്ഛനേക്കാളും.’ അവനിപ്പോൾ അച്ഛനോളമെങ്കിലും ഉയരം വച്ചിട്ടുണ്ടാകും. മീശ മുളച്ചിട്ടുണ്ടാകും. കഴി‍ഞ്ഞ പതിനൊന്ന് വർഷവും ഞാൻ ജീവിച്ചത് ഇതുപോലെയുള്ള തോന്നലുകളുടെ ബലത്തിലാണ്. ഈ ഒക്ടോബർ നാലിന് അവന്റെ പതിനെട്ടാം പിറന്നാളാണ്. കന്നിമാസത്തിലെ വിശാഖം നാൾ. എന്റെ മനസ്സിൽ ഇപ്പോഴും അവന്റെ ശബ്ദവും മുഖഭാവങ്ങളും ജീവനോടെയുണ്ട്. എന്റെ ഉള്ളിൽ ഇപ്പോഴും അവൻ വളരുന്നുണ്ട്. ഈ വീടിന് രാഹുൽ നിവാസ് എന്ന പേരിട്ടത് അവനാണ്.’’ വാക്കുകൾ പലതവണ കണ്ണീരിൽ മുറിഞ്ഞു.

എന്നിട്ടും രാഹുലിന്റെ അമ്മ മിനിയുടെ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കമുണ്ട്. മകനെക്കുറിച്ച് എന്തെങ്കിലുമൊരു വിവരം തരാൻ ആർക്കെങ്കിലും കഴിഞ്ഞാലോ? അച്ഛൻ രാജുവിനും അമ്മ മിനിയ്ക്കുമൊപ്പം ഇപ്പോൾ കാത്തിരിക്കാൻ ഒരാൾ കൂടിയുണ്ട്. രാഹുലിന്റെ കുഞ്ഞനുജത്തി ശിവാനി. പഴയ കുഞ്ഞുടുപ്പും തുരുമ്പുപിടിച്ച കുഞ്ഞുസൈക്കിളും കുഞ്ഞിച്ചെരുപ്പും പൊടിപറ്റാതെ സൂക്ഷിച്ചുവച്ച് ഈ അച്ഛനും അമ്മയും കാത്തിരിപ്പ് തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞു.

സങ്കടങ്ങൾ പിന്നെയും

ഇതിനിടെ ഇടിമിന്നൽ പോലെ ദുരന്തങ്ങള്‍ പിന്നെയും ഈ വീട്ടിലെത്തി. രാഹുലിന്റെ അച്ഛന്റെ തലയ്ക്കുള്ളിൽ ട്യൂമർ വളരുന്നുവെന്ന വാർത്തയറിഞ്ഞപ്പോൾ അതുവരെ കാത്ത് വച്ചിരുന്ന മനോധൈര്യമെല്ലാം മിനിയുടെ ഹ‍‍ൃദയത്തിൽ നിന്നു ചോർന്നുപോയി. ദൈവങ്ങളുടെ ചിത്രങ്ങൾക്കു മുന്നിൽ കൈകൂപ്പി നിന്നു കരഞ്ഞു. ‘ഇതു പോലൊരു വിധി ഇനിയൊരു സ്ത്രീക്കും നൽകരുതേ...’

പക്ഷേ, മക്കൾക്കുവേണ്ടി എങ്ങനെയും അതിജീവിക്കുമെന്നൊരു ധൈര്യം കരുത്തിന്റെ നങ്കൂരമായി. അപ്പോഴൊക്കെയും ആ അമ്മ ഒാർത്തു. ദൈവമേ, എന്റെ മോനുണ്ടായിരുന്നെങ്കിൽ അച്ഛനു കൂട്ടിരിക്കാനും മരുന്ന് വാങ്ങാനും ഒപ്പം അവൻ കൂടി വരുമായിരുന്നല്ലോ?

ഈ അമ്മയ്ക്കരികിലിരിക്കുമ്പോൾ തോന്നും ജീവിതത്തിലെ ഏറ്റവും കൊടിയ വേദന കാത്തിരിപ്പാണെന്ന്. ഒരുപക്ഷേ, നഷ്ടപ്പെടലിനേക്കാൾ മനസ്സിൽ ആഴ്ന്നിറങ്ങുന്ന മുറിവ്. അനിശ്ചിതത്വം നിറഞ്ഞ ഈ കാത്തിരിപ്പ്. പ്രതിസന്ധികൾ ചുറ്റിവരിഞ്ഞപ്പോൾ ചങ്കുരുകുന്ന നീറ്റൽ അവർ ഉള്ളിലൊതുക്കി. സങ്കടത്തിരകളിൽ കുടുംബം ഉലഞ്ഞു മുങ്ങാതെ കാത്തു. രാജു ആരോഗ്യ ജീവിതത്തിലേക്കു മടങ്ങിവന്നു. പക്ഷേ, സങ്കടങ്ങൾ അവസാനിക്കുന്നില്ല. രാഹുലിന്റെ കൂടെ പഠിച്ചിരുന്ന കൂട്ടുകാരെ കാണുമ്പോൾ, അവന്റെ കുഞ്ഞുസൈക്കിൾ തുടച്ചു വൃത്തിയാക്കുമ്പോൾ, ശിവാനിക്കു സ്കുളിൽ കൊണ്ടുപോകാനായി ചോറ്റുംപാത്രമൊരുക്കുമ്പോൾ എല്ലാം അമ്മയുടെ മനസ്സിൽ മകന്റെ മുഖം തെളിയും. ഓർമകൾ കണ്ണീരിന്റെ വിരൽ പിടിക്കുമ്പോഴും നൊമ്പരം മിഴിനീരായി പുറത്തു ചാടാതിരിക്കാൻ നന്നേ വിഷമിക്കുന്നു. ഈ അമ്മയ്ക്കരികിൽ ഇരിക്കുമ്പോൾ കേൾക്കാം, അവരുടെ ഉള്ളിലെ നിലവിളി. ‘മകനേ, അമ്മേടെ പൊന്നേ, നീ എവിടെയാണ്? ആയിരം നാവുകൾ ഒരുമിച്ചു വിളിച്ചാലെന്ന പോലെയുള്ള ഇരമ്പമുണ്ട് അതിന്.

വാക്കിനും ഗദ്ഗദങ്ങൾക്കുമിടയിൽ നീണ്ട നിശബ്ദത മുറിച്ച് മിനി പറഞ്ഞുതുടങ്ങി. ‘‘കരഞ്ഞാൽ സങ്കടം മാറുമെന്നു പലരും പറയുന്നത് കേട്ടിട്ടുണ്ട്. പക്ഷേ, പെറ്റുവളർത്തിയ കുഞ്ഞിനെ നഷ്ടപ്പെട്ട സങ്കടം കരഞ്ഞാൽ തീരുമോ? പക്ഷേ, ഇപ്പോൾ കരച്ചിൽ വന്നാലും ഞാൻ ഉള്ളിലൊതുക്കും. മോൾക്ക് ‍ഞാൻ കരയുന്നത് കാണുന്നത് വലിയ സങ്കടമാണ്. ഇത്രയും വർഷമായില്ലേ, ഇനി അതുൾക്കൊളളണം എന്നൊക്കെ പലരും പറയും. എന്ത് ഉൾക്കൊള്ളാനാണ്? പോയത് എന്റെ മോനല്ലേ, കാലമെത്ര കഴിഞ്ഞാലും അവൻ വരും. കണ്ണടയുന്നതിനു മുമ്പ് അവനെ ഞാൻ കാണും. എന്റെ പ്രതീക്ഷയാണ്. വിശ്വാസമാണ്.

രാഹുലിനെപ്പോലൊരു കുട്ടിയെ കണ്ടു എന്നുപറഞ്ഞ് പലരും തന്ന അറിയിപ്പുകൾക്ക് പിന്നാലെ പോയിട്ടുണ്ട്. നാലഞ്ചു മാസം മുമ്പ് തിരുനെൽവേലിയിൽ നിന്ന് ഒരാൾ വന്നു. കന്യാകുമാരിയിലെ ഒരു വീട്ടിൽ മോനെപ്പോലൊരു മലയാളിക്കൊച്ചിനെ വളർത്തുന്നുണ്ട്, രാഹുലിന്റെ പഴയ ഫോട്ടോയിലേതുപോലെയാണ് ഈ കുട്ടിയുടെ മുഖവും എന്നു പറഞ്ഞു. പ്രായവും അടയാളവുമെല്ലാം കേട്ടപ്പോൾ എനിക്കും തോന്നുന്നു മോൻ തന്നെയായിരിക്കും. ഉടനെ ഞങ്ങളുടെ വക്കീൽ സിബിഐയിലും പൊലീസിലും അറിയിച്ചു.

ചൈൽഡ് വെൽഫെയർകാരും അന്വേഷിക്കുന്നുണ്ട്. ഓരോരുത്തർ പറയുമ്പോൾ അന്വേഷിച്ച് പോകും. ഒടുവിൽ രാഹുൽ അല്ല എന്നറിയുമ്പോൾ കുറേദിവസത്തേക്ക് വല്ലാത്ത നിരാശയിലാകും മനസ്സ്. അവനെവിടെയോ ഉണ്ട് എന്നുതന്നെയാണ് ഞങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നത്.’’

Rahul ‘രാഹുൽ മോന് നല്ല ഉയരം വയ്ക്കും. ചിലപ്പോൾ അച്ഛനേക്കാളും.’ അവനിപ്പോൾ അച്ഛനോളമെങ്കിലും ഉയരം വച്ചിട്ടുണ്ടാകും. മീശ മുളച്ചിട്ടുണ്ടാകും. കഴി‍ഞ്ഞ പതിനൊന്ന് വർഷവും ഞാൻ ജീവിച്ചത് ഇതുപോലെയുള്ള തോന്നലുകളുടെ ബലത്തിലാണ്.

രാഹുലിനെ കാണാതായ ശേഷം

‘‘രാഹുലിനെ കാണാതായതോടെ ഞങ്ങൾ മാനസ്സികമായി തളർന്നു. കേസിനു പിന്നാലെ നടന്ന് ഭർത്താവിനു കുവൈത്തിൽ ഉണ്ടായിരുന്ന ജോലി പോയി. നാട്ടിൽ ജോലിയില്ലാതെയിരുന്ന അദ്ദേഹം മദ്യപിക്കാൻ തുടങ്ങി. കുറച്ചു കാലമെടുത്തു അതിൽ നിന്ന് മുക്തി നേടാൻ.

കടപ്പുറത്തുള്ള ഒരു ഡോക്ടറാണ് ഞങ്ങളോട് ഇനിയൊരു കുഞ്ഞായിക്കൂടെ എന്നു ചോദിച്ചതും ചങ്ങനാശ്ശേരിയിലെ ശ്യാം എബ്രഹാം എന്ന ഡോക്ടറെ കാണാൻ പറഞ്ഞതും. രണ്ടുപേർക്കും കുഴപ്പമൊന്നുമില്ലായിരുന്നു. എന്നാലും മാനസികമായി അങ്ങനെയൊരു അവസ്ഥയിലായിരുന്നില്ല. നാലുവർഷം കഴിഞ്ഞാണ് ഐവിഎഫ് വഴി മോളുണ്ടായത്.

മോളുണ്ടായപ്പോൾ സിബിഐ ഓഫിസർമാർ ചേട്ടനെ നിർബന്ധിച്ച് ജോലിക്ക് അപേക്ഷ അയപ്പിച്ചു. വിദേശത്ത് പോയി ഒരു വർഷമായപ്പോൾ അടുത്ത ദുരന്തം ഞങ്ങളെത്തേടിയെത്തി. ട്യൂമർ ആണെന്നുറപ്പായപ്പോൾ ചേട്ടന് തിരിച്ചുവരേണ്ടിവന്നു. ശ്രീചിത്ര ആശുപത്രിയിൽ ഒന്നരമാസത്തെ ചികിത്സ. പിന്നെ, സർജറി. ആയുഷ്ക്കാലം മരുന്ന് കഴിക്കണം. ഇല്ലെങ്കിൽ വീണ്ടും സാധ്യത ഉണ്ടെന്നാണ് ഡോക്ടർമാർ പറഞ്ഞത്. മൂന്നുവർഷമായി ജോലിയില്ലാതിരിക്കുകയായിരുന്നു. ദൈവാനുഗ്രഹം കൊണ്ട് വലിയ ഡിമാൻഡുകളൊന്നുമില്ലാതെ ഇപ്പോഴത്തെ കമ്പനിക്കാർ ജോലി കൊടുത്തു. ഷുഗർ ഉള്ളതുകൊണ്ട് കണ്ണിന് മൂടലുണ്ട്. ഇടയ്ക്ക് അപസ്മാരത്തിന്റെ പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. മരുന്നുകളുടെ ബലത്തിലാണ് ജീവിക്കുന്നത്. തീരെ വയ്യാത്തതുകൊണ്ട് രണ്ടു മാസത്തിനുള്ളിൽ ജോലി മതിയാക്കി നാട്ടിലേക്കു വരാനിരിക്കുകയാണ്.

ചേട്ടന് വയ്യാതായ സമയത്ത് ജനസമ്പർക്ക പരിപാടിയിൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി സാറിനു വാർഡ് കൗൺസലർ പറഞ്ഞ് ഒരു നിവേദനം കൊടുത്തു. അങ്ങനെ എനിക്ക് കൺസ്യൂമർഫെഡിന്റെ നീതി മെഡിക്കൽ സ്റ്റോറിൽ ജോലി കിട്ടി. മരുന്ന് എടുത്തു കൊടുക്കലാണ് ജോലി. മാസത്തിൽ പന്ത്രണ്ടു ദിവസമേ ജോലി കാണൂ. നാലായിരത്തി അഞ്ഞൂറുരൂപ കിട്ടും. പക്ഷേ, കഴിഞ്ഞ മാസം അതും നഷ്ടമായി. 2011നു ശേഷമുള്ളവരെ നിലനിർത്താൻ കഴിയില്ല, പിരി‍ഞ്ഞുപോകണം എന്നാണ് അറിയിപ്പ് തന്നത്. മോൾ മൂന്നാം ക്ലാസിലായി. അവളെ പഠിപ്പിക്കേണ്ടേ? ഒരു ജോലിക്കുള്ള അന്വേഷണത്തിലാണ് ഇപ്പോൾ. ’’

വഴിമുട്ടിയ അന്വേഷണം

Rahul രാഹുലിന്റെ അമ്മ മിനിയുടെ കണ്ണുകളിൽ പ്രതീക്ഷയുടെ തിളക്കമുണ്ട്. മകനെക്കുറിച്ച് എന്തെങ്കിലുമൊരു വിവരം തരാൻ ആർക്കെങ്കിലും കഴിഞ്ഞാലോ? അച്ഛൻ രാജുവിനും അമ്മ മിനിയ്ക്കുമൊപ്പം ഇപ്പോൾ കാത്തിരിക്കാൻ ഒരാൾ കൂടിയുണ്ട്. രാഹുലിന്റെ കുഞ്ഞനുജത്തി ശിവാനി.

‘‘ മോനെ കാണാതായ സമയത്ത് മുഖ്യമന്ത്രിയെപ്പോയിക്കണ്ടപ്പോഴാണ് സൂചന നൽകുന്നവർക്ക് അമ്പതിനായിരം രൂപ നൽകുമെന്ന വാഗ്ദാനവുമായി പത്രത്തിൽ പരസ്യം കൊടുത്തത്. ക്രൈംബ്രാഞ്ച് ഒരു ലക്ഷം രൂപയാണു പ്രഖ്യാപിച്ചത്. എല്ലാവരും അവർക്കാകുന്നതു പോലെ ശ്രമിച്ചിരിക്കണം. അല്ലാതെന്തു പറയാനാ?

ഒരിക്കൽ അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു, ‘തെളിവൊന്നും കിട്ടുന്നില്ല, ഞങ്ങൾ ദൈവങ്ങളൊന്നുമല്ല. മോനെ കിട്ടാൻ വേണ്ടി നമുക്ക് പ്രാർഥിക്കാം’എന്ന്. എന്തെങ്കിലുമുണ്ടെങ്കിൽ അറിയിച്ചാൽ മതി എന്നു പറഞ്ഞ് നമ്പർ തന്നു. പിന്നെയവർ വന്നിട്ടില്ല.

കേസിനെക്കുറിച്ച് ഇപ്പോൾ അന്വേഷണമുള്ളതായി അറിയില്ല. അഞ്ചാറു മാസം മുമ്പും വിളിച്ചപ്പോൾ അന്വേഷണം നിർത്തിയിട്ടില്ല, എന്തുണ്ടെങ്കിലും അറിയിക്കും എന്നായിരുന്നു മറുപടി. എപ്പോഴും വിളിക്കുന്നത് അവർക്ക് ബുദ്ധിമുട്ടാകുന്നുണ്ടാകും. ലോക്കൽ പൊലീസ് മുതൽ സിബിഐ വരെ അന്വേഷിച്ചു. വഴിയിൽക്കൂടി പോകുന്നവരെപ്പോലും പിടിച്ചു കൊണ്ടുപോയി ചോദ്യം ചെയ്തു. അടുത്തുള്ളവർക്കെല്ലാം ഞങ്ങളൊരു ബുദ്ധിമുട്ടായി. ചിരിച്ചാലും മുഖം തിരിക്കാൻ തുടങ്ങി. എല്ലാവരും ശത്രുക്കളായി.

കുഞ്ഞുങ്ങൾ കളിക്കുന്നിടത്ത് അടുത്ത വീട്ടിലെ പയ്യൻ ഉണ്ടായിരുന്നത്രേ. മൂന്നര വരെ രാഹുൽ അവിടെ നിന്നു കളിക്കുന്നതു കണ്ടെന്ന് പറഞ്ഞപ്പോൾ അവനെയും ചോദ്യം ചെയ്യാൻ കൊണ്ടുപോയി. അവൻ അത്തരക്കാരനല്ലെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്. അവനെല്ലാം അറിയാമെന്നു പൊലീസുകാർ പറഞ്ഞപ്പോൾ മോനെ കണ്ടുപിടിക്കാൻ പറ്റിയാലോ എന്ന പ്രതീക്ഷയിലാണ് അന്നത് എതിർക്കാതിരുന്നത്.

പിന്നെ, വേറൊരാളെയും കൊണ്ടുവന്നു. നേരത്തേ ഒരു പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായിരുന്നു അയാൾ. ‘എന്തായാലും ഒരു കേസുണ്ടല്ലോ, എന്നാൽ ഇതുംകൂടി ഞാനേറ്റെടുത്തേക്കാം’ എന്ന രീതിയിലാണ് അന്നയാൾ പൊലീസിനോട് സംസാരിച്ചത്. ഇവിടെയടുത്തുള്ള ഒരു ഇല്ലിക്കൂട്ടത്തിനടുത്തു ചെന്ന് രാഹുലിനെ അവിടെയാണ് കുഴിച്ചിട്ടതെന്നു പറഞ്ഞു. മണ്ണുമാന്തി യന്ത്രം കൊണ്ടുവന്ന് കുഴിയെടുത്തു നോക്കി. കാര്യമുണ്ടായില്ല.

ഒരാളെ ചൂണ്ടിക്കാണിക്കാനോ തെളിവു കൊടുക്കാനോ ഇല്ല. എന്തു ചെയ്യണം എന്ന് ഞങ്ങൾക്കും അറിയില്ലായിരുന്നു. രാഹുൽ ഒരാളുടെ കൂടെ പോകുന്നതു കണ്ടു എന്നൊക്കെ കഥ പോലെ അടുത്തൊരു കുട്ടി പറഞ്ഞു. എന്താണവൻ അങ്ങനെ പറഞ്ഞതെന്നോ അതിൽ സത്യമുണ്ടോ എന്നോ ആരും അന്വേഷിച്ചില്ല. അന്വേഷണത്തിനു വന്ന എല്ലാവരോടും ഇതുഞങ്ങൾ സൂചിപ്പിച്ചിരുന്നു. കൊച്ചു കുട്ടിയല്ലേ, ഇതിൽക്കൂടുതൽ അവനോടു ചോദിക്കാനാകില്ല എന്നാണവരെല്ലാം പറഞ്ഞത്. അവൻ പറഞ്ഞതനുസരിച്ച് ഒന്ന് അന്വേഷിച്ചിരുന്നെങ്കിൽ ചിലപ്പോൾ മോനെ കണ്ടെത്താൻ പറ്റുമായിരുന്നു. എന്റെ മനസ്സിലിന്നും ആ കൊച്ചിന്റെ വർത്തമാനം കിടപ്പുണ്ട്.’’

Rahul ഈ ലോകത്തുള്ള എല്ലാവരോടും കൈകൂപ്പി എനിക്കൊന്നേ പറയാനുള്ളൂ. എവിടെയെങ്കിലും എന്റെ മോനെ കണ്ടാൽ അവനെ എന്റെയരികിൽ എത്തിക്കണേ. അങ്ങനെയൊരാൾ ചെയ്താൽ അയാളാകും ഞങ്ങളുടെ ദൈവം.’’

എന്നും കൂടെയുണ്ട്, ഓർമകൾ

‘‘മോൻ ജനിച്ച അന്നുമുതലുള്ള എല്ലാ കാര്യവും ഇന്നലെയെന്ന പോലെ കൺമുന്നിലുണ്ട്. ചിക്കൻ വലിയ ഇഷ്ടമായിരുന്നു. ഇടയ്ക്കിടെ വേണമെന്നു പറയും. ഞണ്ട്, ചെമ്മീൻ ഇതൊക്കെ ഇഷ്ടം പോലെ കഴിക്കും. ഇപ്പോഴിതൊന്നും ഞങ്ങൾ വീട്ടിൽ കയറ്റാറേ ഇല്ല. അവന്റെ ഇഷ്ടങ്ങൾ അവൻ കൂടെയില്ലാതെ ഞങ്ങൾക്കെന്തിനാ? അസ്സലായി മിമിക്രി കാണിക്കുമായിരുന്നു. ആരു പറഞ്ഞാലും സുരേഷ്ഗോപിയെയും മോഹൻലാലിനെയും ഉടൻ അനുകരിക്കും. ശബ്ദാനുകരണം മാത്രമല്ല, സുരേഷ് ഗോപി നടന്നുവരുന്ന സ്റ്റെൽ മോൻ അനുകരിക്കുന്നതു കാണാൻ നല്ല ശേലായിരുന്നു.

ഏഴു വയസ്സിലും കവിഞ്ഞബുദ്ധിയും പക്വതയുമുണ്ടായിരുന്നു. അത്ര കുസൃതിയൊന്നുമില്ല. ഒരിക്കൽ മണ്ണാറശ്ശാല ആയില്യത്തിന് പോയപ്പോൾ ചേട്ടന്റെ കൈയിൽ നിന്ന് അവനെ കാണാതായി. നല്ല തിരക്കിനിടയിലാണ് കാണാതായത്. ഏതോ ഒരു വല്യമ്മയോടു ചെന്ന് ‘ആശ്രമം വാർഡിലെ രാജുവിന്റെയും മിനിയുടെയും മോനാ ഞാൻ’ എന്ന് പറഞ്ഞിരിക്കുന്നു. അന്ന് ആറ് വയസ്സേ ഉള്ളൂ.’’ മിനിയുടെ കണ്ണുകളിൽ നിന്ന് സങ്കടം തുളുമ്പി. പെട്ടെന്ന് കണ്ണ് തുടച്ച് കരച്ചിൽ അടക്കി.

‘‘അവന്റെ ഓരോ വളർച്ചയും കാണണമെന്നു പറഞ്ഞ് അദ്ദേഹം എപ്പോഴും ഫോട്ടോ എടുക്കും. കുറേ ആൽബമുണ്ടായിരുന്നു. അന്വേഷണത്തിന് എന്നുപറഞ്ഞ് എല്ലാം ഓരോരുത്തർ എടുത്തോണ്ടു പോയി. കുറച്ച് ഫോട്ടോകളേ ബാക്കിയുള്ളൂ. മോന് നാലുവയസ്സുള്ളപ്പോഴാണ് ഈ വീട്ടിൽ വരുന്നത്. അവന്റെ ഓർമയിലെന്നും ഈ വീടുണ്ടാകും. എന്നെങ്കിലും തിരിച്ചുവരികയാണെങ്കില‍്‍ ഇവിടേക്കുതന്നെയായിരിക്കും എന്നാണ് മനസ്സ് പറയുന്നത്. അതുകൊണ്ട് ഇവിടം വിട്ട് പോകാനും തോന്നുന്നില്ല.

ശിവാനിയാണ് ഇപ്പോൾ ആകെയൊരു സന്തോഷം. എല്ലാവരും പറയും അവൾക്ക് രാഹുലിന്റെ അതേ ഛായ ആണെന്ന്. രാഹുൽ അണ്ണൻ എന്നാണവൾ വിളിക്കുന്നത്. അണ്ണനെ കാണണമെന്നൊക്കെ പറഞ്ഞ് വാശിപിടിച്ചാലും വഴിയില്ലല്ലോ. രാഹുലിന്റെ ഉടുപ്പുകളൊക്കെ ഒരു സ്യൂട്ട്കേസിലാക്കി വച്ചിട്ടുണ്ട് അച്ഛൻ. ലീവിൽ വരുമ്പോൾ അതൊക്കെ വെയിലത്തിട്ട് ഉണക്കി അതുപോലെ മടക്കി വയ്ക്കും. ‘എന്നെങ്കിലും വരുമ്പോൾ ഇതെല്ലാം മോനെ കാണിക്കണം, ഇതെല്ലാം നിന്റേതാണെന്നു പറയണം’ എന്നു പറയും.

കണ്ണടയും മുമ്പേ അവനെ ഒന്നു കാണണം, മോളെ എന്റെ മോന്റടുത്ത് ഏൽപ്പിക്കണം. അതുമാത്രമേയുള്ളൂ ആഗ്രഹം. ചേട്ടൻ എന്നോട് എപ്പോഴും പറയുമായിരുന്നു. ‘ നീ മോനെ ഇങ്ങനെ കണക്കില്ലാതെ കൊഞ്ചിക്കല്ലേ’ എന്ന്. ഞങ്ങളെ ഗൾഫിലേക്കു കൊണ്ടുപോകാൻ പാസ്പോർട്ടെല്ലാം എടുത്ത് റെഡി ആയതായിരുന്നു. അപ്പോഴാണ്...’’

കേൾക്കുന്നതിനോടും കാണുന്നതിനോടുമൊന്നും പ്രതികരിക്കാറില്ലിപ്പോൾ. പ്രതിസന്ധികൾ തരണം ചെയ്ത് ഇതുവരെയെത്തി. ‘വിഷമിക്കേണ്ട, അവൻ തിരിച്ചുവരും’ എന്ന് ആശ്വസിപ്പിക്കുന്നവരുണ്ട്. ‘ഇനി അതിനെ എന്തിനാ നോക്കുന്നത്’ എന്ന് മുഖത്തു നോക്കി പറയുന്നവരുമുണ്ട്. എന്നെങ്കിലും അവൻ വന്നാലേ ഇതിനൊക്കെ മറുപടി കൊടുക്കാനാകൂ. ആ വിശ്വാസത്തിന്റെ പ്രതീക്ഷയിലാണ് ഞാൻ ജീവിക്കുന്നത്.

ഈ ലോകത്തുള്ള എല്ലാവരോടും കൈകൂപ്പി എനിക്കൊന്നേ പറയാനുള്ളൂ. എവിടെയെങ്കിലും എന്റെ മോനെ കണ്ടാൽ അവനെ എന്റെയരികിൽ എത്തിക്കണേ. അങ്ങനെയൊരാൾ ചെയ്താൽ അയാളാകും ഞങ്ങളുടെ ദൈവം.’’

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.