Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'എന്റെ അമ്മ ലൈംഗിക തൊഴിലാളിയാണ്, പക്ഷേ...' പതിമൂന്നുകാരന്റെ തുറന്നുപറച്ചിൽ

x-default

ലൈംഗിക തൊഴിലാളിയായ അമ്മയുടെ മക്കളായി ജനിക്കുക എന്നത് ഏതൊരു കുട്ടിക്കും അപമാനഭാരം തന്നെയാണ്. മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളും കളിയാക്കലുകളും എന്നും സഹിക്കാവുന്നതിലും അപ്പുറമാണ്. അതൊരു പെൺകുട്ടിയാണെങ്കിൽ അവളുടെ ഭാവി അത്തരം ചേരികളിൽ തന്നെ ഉരുകി തീരും. ആൺകുട്ടിയാണെങ്കിലോ അപമാന ഭാരത്താൽ അമ്മയെ വെറുത്തും സ്വയം വെറുത്തും ജീവിതം തീർക്കും. അവർ ചെയ്യാത്ത തെറ്റിന് ക്രൂശിക്കപ്പെടുന്ന അവരുടെ മാനസികാവസ്ഥ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അവിടെയാണ് പതിമൂന്ന് വയസ്സുകാരൻ ഷാധിൻ ലൈംഗിക തൊഴിലാളിയായ തൻറെ അമ്മയെ കുറിച്ച് പറഞ്ഞ വാക്കുകൾ ശ്രദ്ദേയമാകുന്നത്.

ഡോക്യുമെൻററി ഫോട്ടോഗ്രാഫറായ ആകാശാണ് ഷാധിൻറെ കഥ ഫെയ്സ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത്. ഷാധിൻറെ വാക്കുകൾ കണ്ണു നിറയാതെ വായിച്ചു തീർക്കാനാവില്ല.

"എൻറെ അമ്മ ലൈംഗിക തൊഴിലാളിയാണ്, അമ്മയാണ് എൻറെ ലോകം" എന്ന ഷാധിൻറെ വാക്കുകൾ അവൻറെ അമ്മയോടുള്ള സ്നേഹം ലോകത്തോട് വിളിച്ചു പറയുന്നു.
ഒരു വേശ്യാലയത്തിലാണ് അവൻ ജനിച്ചു വീണത്, അച്ഛനാരെന്നറിയാതെ അവൻ വളർന്നു. ലൈംഗിക തൊഴിലാളിയായ അമ്മയുെട മകനായി പിറന്നതിനാൽ അത്തരം കുട്ടികൾക്ക് നേരിടേണ്ടിവരാവുന്ന എല്ലാത്തരം ഭീകരതകളും അവനും ഈ ചെറുപ്രായത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്നു.

"എൻറെ അമ്മ ലൈംഗിക തൊഴിലാളിയാണ്, ഞാൻ ജനിച്ചത് ഒരു വേശ്യാലയത്തിലാണ്. സന്തോഷവതിയായി അമ്മയെ ഒരിക്കലും ഞാൻ കണ്ടിട്ടില്ല, പക്ഷേ എന്നെ നോക്കുമ്പോൾ അമ്മയുടെ ചുണ്ടിൽ ഒരു ചിരിയുണ്ടാകും. അമ്മ ഒരാൺകുട്ടിക്ക് ജൻമം നൾകിയത് അവിടെയുള്ളവക്ക് ഇഷ്മായിരുന്നില്ല. പക്ഷേ അമ്മ വ്യത്യസ്തയായിരുന്നു. എനിക്ക് അമ്മയുടെ മടിയിൽ കിടന്നുറങ്ങാൻ ഇഷ്ടമായിരുന്നു. എന്നാൽ അടുത്തു ചെല്ലാൻ അമ്മ അനുവദിക്കാറേയില്ലായിരുന്നു. അമ്മ എന്നെ ഉമ്മ വയ്ക്കുന്നതും എനിക്കിഷ്ടമായിരുന്നു. പക്ഷേ ആ ദേഹത്ത് ഒന്നു തൊടാൻ പോലും അമ്മ അനുവദിക്കില്ലായിരുന്നു. ചില ദിവസം ഞാൻ ഉണരുമ്പോൾ അമ്മ സ്വയം വേദനിപ്പിക്കുന്നത് കാണാമായിരുന്നു. കൈയ്യും കാലുമൊക്കെ ബ്ളെയ്ഡു കൊണ്ട് മുറിവേറ്റ അമ്മയുടെ ശരീരത്തു നിന്നും രക്തം ഞാൻ തുടച്ചു കൊടുക്കും, പക്ഷേ അമ്മ കരയില്ല, എന്നെ നോക്കി പുഞ്ചിരിക്കും. എൻറെ അച്ഛനെവിടെയെന്ന് ചോദിച്ചപ്പോൾ അമ്മ സ്വന്തം ഹൃദയത്തിലേയ്ക്കാണ് കൈ ചൂണ്ടിയത്. ഞാൻ എൻറെ അമ്മയെ വെറുക്കാൻ ശ്രമിച്ചു. ദിവസവും തന്തയില്ലാത്തവനെന്ന വിളി കേൾക്കേണ്ടി വരുമായിരുന്നു. പുതിയ ജീവിതം കെട്ടിപ്പെടുക്കാനാണ് അവിടെ നിന്നും ആ ചേരിയിലേയ്ക്ക് ഞങ്ങൾ വന്നത്. പക്ഷേ ആരും അമ്മയ്ക്ക് ഒരു ജോലിയും കൊടുത്തില്ല, ആരും ഞങ്ങളോട് സംസാരിച്ചുപോലുമില്ല. രാത്രിയിൽ ആ കുടിലിലേയ്ക്ക് ആരോ കല്ലുകൾ വലിച്ചെറിയുമായിരുന്നു. അമ്മ മരിച്ച അന്ന് അവർ വളരെ ശാന്തയായിരിന്നു.. അന്ന് ആദ്യമായി എൻറെ കവിളിൽ അമ്മ ഉമ്മ വച്ചു. ഞാൻ അവരെ അമ്മയായി സ്വീകരിച്ചതിനും ജീവിതത്തിൽ ആരും കൊടുക്കാത്ത സ്നേഹം കൊടുത്തതിനും അവർ നന്ദി പറഞ്ഞു. അമ്മ എന്നെ തനിച്ചാക്കി പോയി. ഇനി എൻറെ അടുത്തേയ്ക്ക് അമ്മ വരില്ല. പക്ഷേ എനിക്ക് അമ്മയുടെ അടുത്തേയ്ക്ക് പോകാനാകും"