Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

90ന്റെ നിറവിൽ ദമ്പതികൾ തെരുവിലിറങ്ങിയത് ശുചിത്വ ഭാരതം സ്വപ്നം കണ്ട് 

 Alagu Ambalam and his wife Angammal അലഗു അംബാലവും ഭാര്യ അംഗമ്മാളും

ശുചിത്വ ഭാരതം എന്ന സ്വപ്നവുമായി മുന്നോട്ടു പോകുമ്പോൾ ഭാരതീയർക്ക്, പ്രത്യേകിച്ചു തമിഴ്നാട്ടുകാർക്ക് എന്നും നന്ദിയോടെ ഓർക്കാൻ ഇനി ഈ അപ്പൂപ്പനും അമ്മൂമ്മയും ഉണ്ട്,  90 വയസുള്ള അലഗു അംബാലവും ഭാര്യ അംഗമ്മാളും. എങ്ങനെയെന്നല്ലേ?, മലമൂത്ര വിസർജ്ജനത്തിനു വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാതെ വഴിയരികിൽ  മലമൂത്ര വിസര്‍ജ്ജനം നടത്തിയിരുന്ന ഒരു ഗ്രാമത്തെ സമ്പൂര്‍ണ ശൗചാലയ ഗ്രാമമായി മാറ്റുന്നതിന് ചുക്കാൻ പിടിച്ചത് ഈ ദമ്പതികളാണ് . 

തമിഴ്‌നാട്ടിലെ മധുരയില്‍ 15 കിലോമീറ്റര്‍ അകലെയുള്ള അച്ചാംപട്ടി ഗ്രാമത്തിന്റെ ശുചിത്വത്തിന്റെ കഥയാണ് ഇത്തരത്തിൽ ഈ വൃദ്ധ ദമ്പതികളിലൂടെ വ്യത്യസ്തമാകുന്നത്. വർഷങ്ങളായി ഈ നാട്ടിലെ ജനങ്ങൾ തുറസ്സായ സ്ഥലങ്ങളിലാണ് മലമൂത്ര വിസർജ്ജനം ചെയ്തിരുന്നത്. ഇതിനെതിരെ മുന്നോട്ടു വന്നു ജില്ലാ ഗ്രാമ വികസന ഏജന്‍സിയുടെ ശുചിത്വ പദ്ധതികളുടെ ഭാഗമായി പ്രവർത്തിച്ചത് ഈ ദമ്പതിമാരായിരുന്നു. ആ പ്രവർത്തനങ്ങളുടെ ഫലമായി ഗ്രാമത്തിൽ കൂടുതൽ ശൗചാലയങ്ങൾ വന്നു. അങ്ങനെ, 2015 ഒക്ടോബര്‍ രണ്ടിന് തുറസായ സ്ഥലങ്ങളിലെ മലവിസര്‍ജ്ജന വിമുക്ത ഗ്രാമമായി ( ഓപ്പണ്‍ ഡിഫിക്കേഷന്‍ ഫ്രീ)അച്ചാംപട്ടിയെ പ്രഖ്യാപിച്ചു.

ശൗചാലയങ്ങൾ നിർമ്മിച്ചു നൽകിയതുകൊണ്ടു മാത്രം തീരുന്ന പ്രശ്നമായിരുന്നില്ല ഇവിടുത്തേത്. കാരണം, പതിവായി തുറസായ സ്ഥലങ്ങളിൽ വിസർജ്യം ചെയ്തു ശീലിച്ച ഗ്രാമവാസികൾ ഇടുങ്ങിയ കുടുസുമുറികളില്‍ മലമൂത്ര വിസര്‍ജ്ജനം ചെയ്യുന്നതിനെ ആശങ്കയോടെ നോക്കി. എന്നാൽ അലഗു അംബാലവും ഭാര്യ അംഗമ്മാളും തങ്ങളുടെ വീട്ടില്‍ സ്വന്തമായി കക്കൂസ് നിര്‍മിച്ചു മാതൃകയായി. മക്കൾ ഇല്ലാതെ ഒറ്റക്ക് ജീവിച്ചിരുന്ന ഈ ദമ്പതികളുടെ തീരുമാനം സമൂഹത്തിൽ വലിയ വ്യത്യസം വരുത്തി. 

വീടുകളില്‍ കക്കൂസ് നിര്‍മിക്കുന്നത് സ്വന്തം  ഗ്രാമത്തെ വൃത്തിയോടെ സൂക്ഷിക്കാന്‍ സഹായിക്കുമെന്നു അംബാലം ഗ്രാമവാസികളെ പറഞ്ഞു മനസിലാക്കി. മറ്റുള്ള ജനങ്ങളെ കൊണ്ടു ശൗചാലയം നിർമ്മിപ്പിക്കാനും ഈ ദമ്പതികൾ മുൻകൈ എടുത്തു. പദ്ധതി തുടങ്ങുന്നതിനുമുമ്പ് അപൂര്‍വ്വം ചില വീടുകളില്‍ മാത്രമാണ് ശൗചാലയങ്ങള്‍ ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ആ അവസ്ഥ മാറി.

ദേശീയ ഗ്രാമ വികസന ഏജന്‍സി(ഡിസ്ട്രിക്ട് റൂറല്‍ ഡെവലപ്‌മെന്റ് ഏജന്‍സി) പദ്ധതി പ്രകാരം ഗ്രാമത്തില്‍ കക്കൂസുകൾ നിര്‍മിക്കുന്നതിന്  12000 രൂപ തുകയായി നല്‍കി. മധുരയിലെ ദേവകി ആശുപത്രിയുടെ ഉടമ ഗ്രാമത്തില്‍തന്നെ ജനിച്ചുവളര്‍ന്നയാള്‍ എന്ന നിലയിൽ അവിടെ പുതുതായി പണിയുന്ന കക്കൂസുകളില്‍ സോളാര്‍ ലൈറ്റുകള്‍ സൗജന്യമായി സ്ഥാപിച്ചുകൊടുക്കാമെന്ന് അറിയിച്ചു. ഇതോടെ ഈ വൃദ്ധ ദമ്പതികളുടെ പ്രവർത്തനങ്ങൾ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. 

ഇപ്പോൾ ഗ്രാമത്തിലെ 373 വീടുകളില്‍ കക്കൂസുകള്‍ നിര്‍മിച്ചു. അതിന്  പുറമേ  369 പൊതു കക്കൂസുകളും നിര്‍മിച്ചു. ഇതിൽ 148 എണ്ണത്തിലും സോളാര്‍ ലൈറ്റുകള്‍ സ്ഥാപിച്ചു. ഗ്രാമവാസികളുടെ അടുത്ത ലക്ഷ്യം ഒരു മാലിന്യ സംസ്‌കരണ സംവിധാനം നിര്‍മിക്കുക എന്നതാണ്. അതിനും എല്ലാ പിന്തുണയുമായി അലഗു അംബാലവും ഭാര്യ അംഗമ്മാളും ഉണ്ടാകും.