Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അബ്ബാമോഹൻ എന്ന ദൈവത്തിന്റെ സ്വന്തം ഫോട്ടോഗ്രാഫർ 

abba-mohan-1 അബ്ബാമോഹൻ

അബ്ബാ എന്നാൽ ദൈവ പിതാവ് എന്നർത്ഥം. വളരെ സ്നേഹത്തോടെ അബ്ബാ എന്ന് വിളിക്കുമ്പോൾ വിളി കേൾക്കുന്ന ഒരാൾ അങ്ങ് ഓച്ചിറയിലുണ്ട്. അബ്ബാ മോഹൻ എന്ന വിളിയിൽ കണ്ണുകളിൽ ഇച്ഛാശക്തിയും ആത്മവിശ്വാസവും നിറച്ചു നോക്കുന്നൊരാൾ. പ്രശസ്ത ഫോട്ടോഗ്രാഫറും സാംസ്കാരിക പ്രവർത്തകനുമായ അബ്ബാമോഹനെ കുറിച്ചാണു പറഞ്ഞു വരുന്നത്. ഫോട്ടോഗ്രാഫിയിൽ അബ്ബാമോഹനു വർഷങ്ങളുടെ അനുഭവ പരിചയവും കലാപാടവവും ഉണ്ട്, സിനിമയിൽ വരെ പ്രവർത്തിച്ചുള്ള പരിചയവുമുണ്ട്, സിനിമയിലെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍, നിരവധി സിനിമാതാരവിവാഹങ്ങളിലെ സ്ഥിരം ഫോട്ടോഗ്രാഫർ എന്നിവയൊക്കെയുമായിരുന്നു ഒരിക്കൽ അദ്ദേഹം. എന്നാൽ ഇതൊന്നും പോരാ അദ്ദേഹത്തെ അടയാളപ്പെടുത്താൻ. കാലം നടത്തിയ യാത്രയിൽ ജീവിതം വീൽചെയറിൽ ഉറച്ചു പോകുമ്പോൾ യൗവനത്തിന്റെ നല്ലകാലമായിരുന്നു മോഹൻ എന്ന അബ്ബാ മോഹന്.

ഫീനിക്സ് പക്ഷിയെ പോലെയാണു ചിലരുടെ ജീവിതം. അഗ്നിയിൽ ഏരിയേണ്ടി വന്നാലും ചാരത്തിൽ നിന്നു പറന്നുയരും പുതിയ ജീവിതം തേടും, കണ്ണുകളിൽ പ്രത്യാശ നിഴലിക്കും. അബ്ബാ മോഹനെ പോലെ. 25 വർഷങ്ങൾക്കു മുമ്പ് സ്വന്തം ഗ്രാമത്തിൽ ഒരു സ്റ്റുഡിയോ തുടങ്ങുമ്പോഴാണ് വ്യത്യസ്തമായ "അബ്ബാ " എന്ന വാക്കു മോഹന്‍ എന്ന പേരിനൊപ്പം ചേരുന്നത്. പിന്നീടിങ്ങോട്ട്, മോഹന്‍ ,അബ്ബാ മോഹന്‍   ആയിമാറി. വീഡിയോഗ്രാഫര്‍മാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റായതോടെ അവസരങ്ങൾ നിരവധി അദ്ദേഹത്തെ തേടിയെത്തി. ജീവിതം ഫോട്ടോഗ്രാഫിയിലേയ്ക്കും ലെൻസിനുള്ളിലെ നിറങ്ങളിലേയ്ക്കും നിറഞ്ഞു കയറി. ദിവസങ്ങൾ വർണാഭമായി, ഷീലയെന്ന ഭാര്യ ജീവിതത്തിലേക്കു കടന്നു വന്നു. അവർക്കു കൂട്ടായി മൂന്നു മക്കളും. മൂന്നു പേരുടെയും പേരിനൊപ്പം അബ്ബാ എന്ന ദൈവീക വാക്കു കൂടി ചേർക്കാൻ മോഹന്‍  മറന്നില്ല. കാരണം ദൈവത്തിന്റെ ആ വാക്കിനോട് അത്രയ്ക്ക് ഇഴുകി ചേർന്നു പോയിരുന്നു ആ കുടുംബവും ജീവിതവും. 

2003 ഫെബ്രുവരി 28 നാണു ജീവിതത്തെ മാറ്റി മറിയ്ക്കുന്ന ദുരന്തം മറ്റൊരു ദിശ കാണിച്ചെത്തുന്നത്. കാരുണ്യ പദ്ധതികളിലൊക്കെ നിരന്തരം സഹകരിച്ചിരുന്ന അബ്ബാ മോഹന് അന്നത്തെ കാർ അപകടത്തോടെ നട്ടെല്ലിന് തകരാറു സംഭവിച്ചു ആശുപത്രിയിൽ അഡ്മിറ്റായി. ഒരു സ്ത്രീ കാറിനു കുറുകെ കടക്കുമ്പോൾ വെട്ടിച്ചതാണ് അപകടകാരണമായത്. സുഷുമ്നാ നാഡിക്ക് ആഘാതം പറ്റുന്ന മിക്കവരുടെയും അനുഭവം എന്നതുപോലെ തീർത്തും അശ്രദ്ധമായ ചിലത് ആ ജീവിതവും മാറ്റി മറിച്ചു. ഡോക്ടർമാരുടെ അശ്രദ്ധയും അപകടസ്ഥലത്തു നിന്നു കൊണ്ടുപോകുന്നവരുടെ അറിവില്ലായ്മയും ഒക്കെ കൂടി ചേർന്നപ്പോൾ ഇനി തനിയക്കു കട്ടിൽ വിട്ട് എഴുന്നേറ്റു നടക്കാൻ കഴിയില്ലാ എന്ന് അബ്ബാ മോഹന് തിരിച്ചറിയുകയായിരുന്നു. എന്നാൽ എത്ര നാൾ ഈ കിടപ്പ് തുടരും. ഒരു ഫീനിക്സ് പക്ഷിക്ക് ഒരിക്കലും എന്നെന്നും ചാരത്തിനുള്ളിൽ മൂടിപ്പൊത്തിഞ്ഞു മരണത്തെ പുൽകി കിടക്കാനാകില്ലല്ലോ,, അതിന് എഴുന്നേറ്റേ മതിയാകൂ, ഉയർന്നു പറന്നേ മതിയാകൂ. അബ്ബാ മോഹനും ഉയർന്നു പറന്നു, തന്റെ സ്വപ്നങ്ങളിലേക്ക്...

abbamohan അബ്ബാമോഹൻ

നടക്കാൻ കഴിഞ്ഞിരുന്നപ്പോൾ ഫോട്ടോഗ്രാഫിക്കൊപ്പം വോളിബോൾ കളിക്കാരനായിരുന്നു അബ്ബാ മോഹന്‍. കൊല്ലം ജില്ലാ ടീമിലെ അംഗവുമായിരുന്നു. ജീവിതം മാറി മറിഞ്ഞതോടെ ഫോട്ടോഗ്രാഫി എന്നതിലേക്കു ജീവിതവും ചേർത്തു വെക്കാനായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ ശ്രമം. സ്റ്റുഡിയോ എന്ന ജീവിതത്തിന്റെ ഭാഗം അങ്ങനെ ഉപജീവനമാർഗമായി മാറി. അതിനൊപ്പം സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങളിലെല്ലാം സജീവ സാന്നിധ്യവുമായി. ജീവകാരുണ്യ പ്രവർത്തനങ്ങൾ തനിക്കു നടക്കാൻ പറ്റില്ലാ എന്നതുകൊണ്ട് വേണ്ടെന്നു വെക്കാനും അദ്ദേഹത്തിന് ആവുമായിരുന്നില്ല. എല്ലാ നിലയിലും ജീവിതമെന്നതിനെ തിരികെ നേടാൻ അബ്ബാ മോഹന്‍  ശ്രമിച്ചു. അപകടത്തിനു മുമ്പ് വീഡിയോഗ്രാഫിയിലും കമ്പമുണ്ടായിരുന്ന അദ്ദേഹം ദൂരദർശനു വേണ്ടിയും ഫീച്ചറുകൾ ചെയ്തിട്ടുണ്ട്. പക്ഷെ ജീവിതത്തെ വീൽ ചെയറിനുള്ളിൽ തളച്ചിട്ടതോടെ വീഡിയോഗ്രാഫിയുടെ പരിധികൾ തിരിച്ചറിഞ്ഞു സ്റ്റിൽ ഫോട്ടോഗ്രാഫി മാത്രമാണ് ഇപ്പോൾ ചെയ്യുന്നത്.

ഒരിക്കൽ മാറ്റി വച്ചിരുന്ന ഫോട്ടോഗ്രാഫി മോഹങ്ങളേ വീണ്ടും ജീവിതം ഏറ്റെടുത്തിരിക്കുന്നു. വിവാഹ വേദികളിൽ വീൽ ചെയറിൽ പോയി ചിത്രങ്ങളെടുക്കാൻ അദ്ദേഹത്തിന് ഇന്ന് കഴിയും. തിളങ്ങും താരമായി നിന്ന അബ്ബാ മോഹന് ഇന്നും തിളക്കം തെല്ലും കുറഞ്ഞിട്ടില്ല. ലോക ഫോട്ടോഗ്രാഫി ദിനത്തിൽ പ്രത്യേകിച്ചു ചിത്രങ്ങളെടുക്കാൻ അത്തരം ദിനങ്ങളുടെയൊന്നും ആവശ്യമില്ലെന്നു പറയുന്ന അദ്ദേഹം ആത്മവിശ്വാസത്തിന്റെ ആൾരൂപമായി മാറിക്കഴിഞ്ഞു. സമൂഹത്തിലെ സജീവ സാന്നിധ്യം കൂടിയായി മാറിയ അബ്ബാ മോഹന്‍  ഇല്ലാതെ ഇപ്പോൾ ഓച്ചിറ ഭാഗത്തുള്ള സാംസ്കാരിക പ്രവർത്തനങ്ങളൊന്നും തന്നെ പൂർണമല്ല. വീൽ ചെയറിൽ ഒതുക്കാനള്ളതല്ല ജീവിതമെന്ന തിരിച്ചറിവ് തരുന്ന ഊർജ്ജം അദ്ദേഹം ആവോളം ഉപയോഗിക്കുകയും ചെയ്യുന്നു.

ലൈവ് കാം, ഹെലി കാം തുടങ്ങിയ ആധുനിക സങ്കേതങ്ങൾ ഉപയോഗിയ്ക്കാൻ അറിയാം എങ്കിലും പരിമിതികൾ കാരണം മറ്റുള്ളവരെ ഏൽപ്പിക്കേണ്ടി വരുന്നതുകൊണ്ടുണ്ടാകുന്ന സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ചു മാത്രമാണ് ഇപ്പോൾ അദ്ദേഹത്തിനു പരിഭവം. എങ്കിലും ജീവിതത്തിൽ ഇനി ഇതല്ലാതെ മറ്റൊന്നുമില്ല എന്ന് അദ്ദേഹം തീരുമാനിക്കുന്നു. എന്തിനെക്കുറിച്ചു ചോദിച്ചാലും കുറെയൊക്കെയറിയാം, എന്നാൽ ഫോട്ടോഗ്രാഫിയെ കുറിച്ചു മാത്രം ഒന്നുമറിയില്ല എന്ന് ചിത്രകലയിൽ അങ്ങേയറ്റം സാധ്യതകൾ തിരയുന്ന അബ്ബാ മോഹന്‍ പറയുന്നു. അതെ അദ്ദേഹം ഒരു സാധ്യതയും അനുഭവവുമാണ്, എത്രയോ മനുഷ്യർക്ക് നല്ലൊരു പാഠവുമാണ്.  

Your Rating: