Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കറുപ്പിൽ മുങ്ങി ബാല്യം, പീഡനത്തിന്റെ യൗവ്വനം, അതിജീവനത്തിന്റെ കഥ !!

Shovona ഷോവോണ കർമാകർ

കറുപ്പിന് ഏഴഴകാണെന്നാണു പറയാറുള്ളത്. പക്ഷേ ആരും ആ ചൊല്ലിനുള്ളിലെ സൗന്ദര്യമെന്താണെന്നു കണ്ടെത്താൻ ശ്രമിക്കാറില്ല. അതുകൊണ്ടാണല്ലോ നാൾക്കുനാൾ തൊലി വെളുപ്പിക്കാനുള്ള ഉല്‍പ്പന്നങ്ങള്‍ വിപണി കീഴടക്കിക്കൊണ്ടിരിക്കുന്നത്. അതെ, പലർക്കും ഇപ്പോഴും വെളുത്ത നിറം ആണു സൗന്ദര്യത്തിന്റെ അടിസ്ഥാനം. ഇരുണ്ട തൊലിക്കാരുടെ കഴിവും മനസുമൊന്നും ആരും കാണുന്നില്ല. അത്തരത്തിലൊരു കുട്ടിക്കാലമായിരുന്നു ഷോവോണ കർമാകർ എന്ന ഫോട്ടോഗ്രാഫറുടേത്. ഇരുണ്ട നിറവും ചുരുണ്ട മുടിയുമൊക്കെ ഷോവോണയുടെ അപകർഷതാബോധത്തിന്റെ അളവു കൂട്ടിക്കൊണ്ടിരുന്നു. പക്ഷേ ആരൊക്കെ ഇരുട്ടിനുള്ളിലേക്കു തള്ളിയിടാൻ ശ്രമിച്ചാലും നിശ്ചയദാർഡ്യത്തോടെ മുന്നോട്ടു പോയാൽ വെളിച്ചം നമുക്കു മുന്നിൽ തെളിയുക തന്നെ ചെയ്യും. അതാണു ഷോവോണയുടെയും കഥ തെളിയിക്കുന്നത്.

Shovona ഷോവോണ കർമാകർ വണ്ണം കുറയ്ക്കും മുമ്പും ശേഷവും

മാഗി, നീഗ്രോ, ജിങ്കലാല

കുട്ടിക്കാലത്ത് അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കി വിളിക്കാൻ പല പേരുകളുമുണ്ടാകും. പക്ഷേ ഷോവോണയ്ക്കുണ്ടായിരുന്ന പേരുകൾ അവളെ വേദനിപ്പിക്കാൻ വേണ്ടിയുള്ളതായിരുന്നു. മാഗി, നീഗ്രോ, ജിങ്കലാല എന്നൊക്കെയാണു തന്റെ രൂപത്തെ കളിയാക്കിക്കൊണ്ടു സുഹൃത്തുക്കൾ വിളിച്ചിരുന്നത്. നാൾക്കുനാൾ അവൾ സ്വയം വെറുത്തുകൊണ്ടെയിരുന്നു, ജനിച്ച ദിവസത്തെയും തന്റെ നിറത്തെയും അവൾ ശപിച്ചു. ഇരുണ്ടനിറം അവളുടെ ശത്രുവായി. നിനക്കൊരു കുഴപ്പവും ഇല്ല, നിറത്തേക്കാൾ വലുത് കഴിവാണെന്നൊന്നും പറഞ്ഞു തരാനോ ഉപദേശിക്കാനോ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ടാവം, വിപണിയിൽ ലഭ്യമായ സൗന്ദര്യഉൽപ്പന്നങ്ങളെല്ലാം ഷോവോണയും മാറിമാറി പരീക്ഷിച്ചു തുടങ്ങി. പരീക്ഷണങ്ങൾ വിഫലമായതോടെ അവൾ സുഹൃത്തുക്കളിൽ നിന്നും സമൂഹത്തില്‍ നിന്നും അകന്നു വീടിനുള്ളില്‍ തന്നെ കഴിയാൻ തുടങ്ങി. അതോടെ, പതിനെട്ടു വയസായപ്പോഴേക്കും അളുടെ ഭാരം 80 കിലോ ആയി ഉയർന്നു.

Shovona ഷോവോണ കർമാകർ

പെണ്മയിൽ നിന്നും ഒരു ഒളിച്ചോട്ടം

കളിയാക്കലുകളിൽ നിന്നും രക്ഷനേടാന്‍ ഷോവോണ കണ്ടെത്തിയ മാർഗം തന്റെ സ്ത്രീത്വത്തിൽ നിന്നും ഒളിച്ചോടുക എന്നതായിരുന്നു. മുടി പറ്റെവെട്ടി വസ്ത്രധാരണം ആൺകുട്ടിയെപ്പോലെ ആക്കി. യാതൊരു പ്രതീക്ഷകളുമില്ലാതെ ജീവിതം മുന്നേറിക്കൊണ്ടിരിക്കുന്ന കാലത്താണു അവൾ ഡിസൈൻ കോളേജിൽ ചേരുന്നത്. ആ സമയത്തു സീനിയേഴ്സിൽ ചിലരാണ് അവരു‌ടെ ക്യാമറയ്ക്കു മുന്നിൽ പോസ് ചെയ്യാൻ ആവശ്യപ്പെടുന്നത്. പക്ഷേ സ്വന്തം രൂപത്തിൽ യാതൊരു സന്തോഷവും കാണാത്ത പെൺകുട്ടി എന്ന നിലയ്ക്ക് ഷോവോണ ആ അഭ്യർഥനകളെല്ലാം നിരസിക്കുകയായിരുന്നു. എന്നാൽ അവർ വിടാതെ പിന്തുടർന്നതാണു തന്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ചത്. ഒരിക്കൽ അവരെടുത്ത ചിത്രങ്ങൾ കണ്ടപ്പോഴാണ് താൻ അത്രയൊന്നും മോശമല്ലെന്നും ഇരുണ്ടനിറവും ചുരുണ്ട മുടിയും ഒട്ടും സൗന്ദര്യം കുറയ്ക്കുന്നില്ലെന്നും തോന്നിയത്.

Shovona ഷോവോണ കർമാകർ

കരുത്തയാക്കിയ പ്രണയപരാജയം

ഡിസൈൻ കോളേജിലെ പഠനശേഷം വിഷ്വൽ ഫൈൻ ആർട്സ് കോളേജിൽ ചേർന്നതും ജീവിതത്തോടും ഷോവോണയുടെ പ്രത്യാശ വർധിപ്പിക്കുകയാണു ചെയ്തത്. ആദ്യവർഷത്തിലാണു ഒരു യുവാവുമായി പ്രണയത്തിലാകുന്നത്. യുവാവിന്റെ മാതാപിതാക്കൾക്കു തന്നെ ഇഷ്ടമായില്ലെന്നും സുന്ദരിയല്ലെന്നും പറഞ്ഞ് അയാൾ അവളെ ഉപേക്ഷിച്ചു. എല്ലാവരെയുംപോലെ തകർന്നു കരഞ്ഞു ജീവിക്കുന്നതിനു പകരം മനസിലാക്കാൻ കഴിയാത്തൊരാൾ വിട്ടുപോയതിൽ സന്തോഷത്തോടെ ഗുഡ്ബൈ പറയുകയാണു ചെയ്തത്. ആദ്യം തളർന്നെങ്കിലും ആ പ്രണയപരാജയം അവളെ കൂടുതൽ കരുത്തയാക്കി.

Shovona ഷോവോണ കർമാകർ

വഴിത്തിരിവായതു ഫോട്ടോഗ്രാഫി

ഫോട്ടോഗ്രാഫിയോടു കൂട്ടുകൂടി നടന്ന കാലത്താണ് സ്വന്തം ഫോ‌ട്ടോയെടുക്കുന്നൊരു ആർട്ടിസ്റ്റിനെ പരിചയപ്പെടുന്നത്. ഇക്കാര്യം തന്റെ മനസിലും കയറിക്കൂടി. അങ്ങനെ സെൽഫ് പോർട്രൈറ്റ്സ് എന്ന ആശയത്തിലേക്ക് കൂടുതൽ അടുത്തുതുടങ്ങി. ക്രമേണ ആളുകൾ ഷോവോണയുടെ വർക്കുകളെ ഇഷ്ടപ്പെട്ടു തുടങ്ങി. ഒത്തിരിപേർ അവളുടെ സമീപനത്തെ പുകഴ്ത്തി മുന്നോട്ടുവന്നു. സന്തോഷത്തോടെ പോയിക്കൊണ്ടിരിക്കുന്ന ആ നാളുകൾക്കിടയിലാണ് ആ ദുരന്തം സംഭവിച്ചത്. ഒരു രാത്രിയിൽ ഷോവോണ ലൈംഗികമായി ആക്രമിക്കപ്പെട്ടു. അതോടെ, ശാരീരികവും മാനസികവുമായി അവൾ തകർന്നു. എന്നാൽ 365ദിവസം ലക്ഷ്യമാക്കി തുടങ്ങിയ പ്രോജക്റ്റുമായി മുന്നോട്ടു പോവുക തന്നെ ചെയ്തു. മൈസെൽഫ് പോര്‍ട്രൈറ്റ് എന്ന ആ പ്രൊജക്റ്റ് അവൾ വിജയകരമായി പൂർത്തിയാക്കി. ഇരുണ്ടനിറവും മുമ്പ് ഒട്ടും ഭംഗിയില്ലെന്നു തോന്നിച്ചിരുന്ന ചുരുളൻ മുടിയുമൊക്കെ പിന്നീടവൾക്ക് അഭിമാനമായി തോന്നിത്തുടങ്ങി. പ്രോജക്റ്റ് തീർന്നപ്പോഴേക്കും മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു കൊമേഴ്സ്യൽ ഫോട്ടോഗ്രാഫർ വർക്കുകൾ ശ്രദ്ധിക്കുകയും ഷോവോണയ്ക്കു കൂടുതൽ അവസരങ്ങൾ നൽകുകയും ചെയ്തു.

Shovona ഷോവോണ കർമാകർ

ഈ നിറവും മുടിയും ഇന്ന് അഭിമാനം

ഇന്നു മുംബൈയില്‍ ഫോട്ടോഗ്രാഫി മേഖലയിൽ വിലസുമ്പോൾ ഷോവോണ ആദ്യം നന്ദി പറയുന്നത് തന്റെ മാതാപിതാക്കൾക്കാണ്. ഈ സവിശേഷതകളോടെ തന്നെ ജനിപ്പിച്ചതിന്, അതാണു തന്നെ കരുത്തയാക്കിയത്.. ഒപ്പം കൂടപ്പിറപ്പുപോലെ കൂടെയുള്ള കാമറയ്ക്കും, അതില്ലായിരുന്നുവെങ്കില്‍ താനെന്ന വ്യക്തിയുടെ കഴിവുകൾ കുഴിച്ചുമൂടപ്പെടുമായിരുന്നു. മറ്റുള്ളവരിൽ നിന്നും തന്നെ വ്യത്യസ്തയാക്കിയതും ഈ രൂപഭാവങ്ങളാണ്. ഓരോരുത്തരും അവനവന്റെ ബാഹ്യസൗന്ദര്യത്തിലല്ല മറിച്ച് മറ്റു കഴിവുകളിലാണ് അഭിമാനം കണ്ടെത്തേണ്ടതെന്നു തെളിയിക്കുകയാണ് ഷോവോണ. നിറവും സൗന്ദര്യവുമൊന്നും സ്ഥായിയല്ല, പക്ഷേ അവനവന്റെ കഴിവുകൾ തിരിച്ചറിഞ്ഞു പ്രവർത്തിക്കാൻ പ്രാപ്തരായാൽ ജീവിതാവസാനം വരെ പരാജയഭീതിയില്ലാതെ മുന്നോട്ടു പോകുവാനാകും.
 

Your Rating: