Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുരുന്നേ, ഈ ഒളിമ്പിക് മെഡൽ നിനക്കായ്, നിന്റെ ജീവനു വേണ്ടി...

Piotr Malachowski പീറ്റർ മലാചോവ്സ്കി, കാൻസർ ബാധിച്ച ഒലെക്

ഏതൊരു അത്‌ലറ്റിനെ സംബന്ധിച്ചിടത്തോളവും ഒളിമ്പിക് മെഡൽ എന്നത് ഒരു സ്വപ്നമാണ്. കാത്തുകാത്തിരുന്ന കിട്ടുന്ന അമൂല്യ നിധി മരണംവരെ നെഞ്ചോടടുക്കി പിടിക്കണമെന്നായിരിക്കും അവരുടെ ആഗ്രഹം. രാജ്യത്തിന് അഭിമാനമായി വിജയിച്ചു വന്ന് ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ ആ മെഡൽ കഴുത്തിലണിയുമ്പോള്‍ തോന്നുന്ന വികാരം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരിക്കും. പോളിഷ് അത്‌ലറ്റ് ആയ പീറ്റർ മലാചോവ്സ്കിയുടെ മനസിന് ഒളിമ്പിക് മെഡലിനേക്കാൾ മൂല്യമുണ്ട്. കാരണം പൊരുതിനേടിയ മെഡലിനേക്കാൾ വലുത് ഒരു കുരുന്നു ജീവൻ ആണെന്നു മനസിലാക്കി റിയോ ഒളിമ്പിക്സിൽ തനിക്കു ലഭിച്ച വെള്ളിമെഡൽ ലേലം ചെയ്തിരിക്കുകയാണ് പീറ്റർ.

ഒളിമ്പിക്സിലെ വിജയി എന്നതിനപ്പുറം പീറ്റർ എന്ന കായിക താരത്തിന്റെ മനുഷ്യത്വമാണ് ഇന്ന് ചർച്ചയാകുന്നത്. ഡിസ്കസ് ത്രോയില്‍ തനിക്കു ലഭിച്ച വെള്ളിമെഡലാണ് പീറ്റര്‍, ഒലെക് എന്ന കുരുന്നിനുവേണ്ടി ലേലം ചെയ്തത്. റെറ്റിനോബ്ലാസ്റ്റോമ എന്ന കണ്ണിനെ ബാധിക്കുന്ന കാൻസർ പിടിപെട്ട ഒലെകിന്റെ ജീവിതത്തിലേക്ക് മാലേഖയെപ്പോൽ കടന്നുവരികയായിരുന്നു പീറ്റർ. കഴിഞ്ഞ രണ്ടുവർഷമായി കാൻസര്‍ മൂലം ദുരിതം അനുഭവിക്കുന്ന ഒലെകിനു വേണ്ടി അമ്മയാണ് പീറ്ററിനോടു സഹായമഭ്യർഥിച്ചു കത്തെഴുതിയത്. ന്യൂയോർക്കിൽ പോയി സർജറി ചെയ്താൽ മാത്രമേ മകന്റെ ജീവൻ രക്ഷിക്കാനാവൂ എന്നും ആ അമ്മ പീറ്ററിനെ അറിയിച്ചു.

വിഷയം അറിഞ്ഞപ്പോൾ തന്നെ സഹായിക്കാന്‍ സന്നദ്ധനായ പീറ്റർ മെഡൽ ലേലം ചെയ്യാന്‍ തയ്യാറായതിനൊപ്പം ഒലെകിനെ സഹായിക്കാൻ തന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളോട് അഭ്യർഥിക്കുകയും ചെയ്തു. നിങ്ങൾ എന്നെ സഹായിച്ചാൽ ഈ വെള്ളിമെഡൽ ഒലെകിനു വേണ്ടി സ്വർണമെഡലിനേക്കാൾ മൂല്യമുള്ളതായിത്തീരുമെന്നും പീറ്റർ പറഞ്ഞു. ചില സമയങ്ങളിൽ നാം കഠിനപ്രയത്നത്തിലൂടെ ആഗ്രഹിച്ചു നേടുന്ന പലതും സഹജീവികൾക്കു വേണ്ടി ത്യജിക്കാൻ തയ്യാറാകണമെന്നുകൂടി തെളിയിക്കുകയാണ് പീറ്റർ.

Your Rating: