Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഷ്ടഭക്ഷണം വിളമ്പിയ ഹോട്ടലുകാരന് വൃക്ക പകുത്തു നൽകിയ പുരോഹിതൻ

father ഫാദർ സൈമൺ പീറ്ററും മുജീബ് റഹ്മാനും

ഇഷ്ടഭക്ഷണം വിളമ്പിയ ഹോട്ടലുകാരന് സ്വന്തം വൃക്ക പകുത്തു നൽകിയ ക്രിസ്തീയ പുരോഹിതൻ. അസഹിഷ്ണുതയുടെ വർത്തമാനകാലത്ത് മനുഷ്യസ്നേഹത്തിന്റെ അതിരുകളില്ലാത്ത ലോകം തുറന്നുവയ്്ക്കുകയാണ് ഇവർ. ലോകവൃക്ക ദിനത്തിൽ നന്മയുടെ കഥ കൂടി പറയുകയാണ് നെല്ലിപ്പുഴ സെന്റ് ജെയിംസ് ദേവാലയത്തിലെ വികാരി ഫാദർ സൈമൺ പീറ്ററും, മണ്ണാർക്കാട് സ്വദേശി മുജീബ് റഹ്മാനും.

ചിരിച്ച മുഖവും നിറഞ്ഞ മനസുമായാണ് മുജീബ് റഹ്മാൻ ജീവിതത്തിലേക്ക് തിരിച്ച് നടക്കുന്നത്. നെല്ലിപ്പുഴക്കാരുടെ നല്ല ഇടയനായ സൈമണച്ചൻ പകുത്തു നൽകിയ വൃക്കയുമായി. നാല് വർഷത്തോളം കടുത്ത വൃക്കരോഗത്തോട് മല്ലടിച്ചാണ് മുജീബ് ജീവിച്ചത്. ഡയാലിസിസിനെ ആശ്രയിച്ച് കഴിയുമ്പോഴും നിറഞ്ഞ ചിരിയോടെയാണ് മുജീബ് തന്റെ ഹോട്ടലിലെത്തുന്നവർക്ക് കഞ്ഞിയും ചമ്മന്തിയും വിളമ്പിയിരുന്നത്. ആ ചിരിക്ക് പിന്നിലെ വേദന തിരിച്ചറിഞ്ഞ സൈമണച്ചന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

മനുഷ്യസ്നേഹത്തിന്റെ പുതിയ മാതൃക തീർത്ത സൈമണച്ചൻ മുജീബിനിപ്പോൾ സ്വന്തം ജ്യേഷ്ഠനാണ്. പലവിധ ആരോഗ്യപ്രശ്നങ്ങൾ കാരണം സ്വന്തം സഹോദരങ്ങളുടെ വൃക്ക സ്വീകരിക്കാൻ കഴിയാതെ ജീവിതം തകരുമെന്ന് തോന്നിയ നിമിഷത്തിലാണ് രക്ഷകനായി ഫാദർ എത്തിയത്.

കഴിഞ്ഞമാസം 23ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. വിശദമായ പരിശോധനകളിലൂടെ ഫാദർ ൈസമണിന്റെ ആരോഗ്യസുരക്ഷ ഉറപ്പ് വരുത്തിയ ശേഷമായിരുന്നു വൃക്കമാറ്റം. യൂറോളജിസ്്റ്റ് ഡോ. സച്ചിൻ ജേക്കബ്, നെഫ്രോളജിസ്റ്റ് ഡോ. മാമ്മൻ എം ജോൺ എന്നിവരുെട നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ആരോഗ്യകരമായ ജീവിതം നയിക്കുന്ന ആർക്കും സ്വന്തം വൃക്ക മറ്റൊരാൾക്ക് പകുത്തു നൽകുന്നതിൽ ആശങ്ക വേണ്ടെന്ന് ഇവർ സാക്ഷ്യപ്പെടുത്തുന്നു.

സങ്കുചിത ചിന്തകളുടെ ഇരുട്ടുകൊണ്ട് സ്നേഹത്തെ മറയ്ക്കുന്നവരിലേക്ക് നന്മയുടെ വെളിച്ചം വീശുകയാണ് ലോക വൃക്കദിനത്തിൽ ഈ ക്രിസ്ത്യാനിയും മുസൽമാനും.

Your Rating: