Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയം പറയാൻ അധികാരമില്ലാത്തവർ

gay-lovers Representative Image

വീണ്ടുമൊരു വാലന്റെയിൻസ് ദിനം വരുന്നു. പ്രണയം തുറന്നു പറയാനും പങ്കുവെക്കാനും കൈമാറാനുമുള്ള സുന്ദരദിനം. പ്രണയിനികളുടെ മനസ്സിൽ പ്രേമം തൂവൽ പൊഴിക്കുന്ന വാലന്റെയിൻസ് ദിനം. മനസ്സിൽ പ്രണയം സൂക്ഷിക്കുന്ന ആൺകുട്ടികളും പെൺകുട്ടികളും പരസ്പരം പ്രണയം കൈമാറുമ്പോൾ പ്രണയത്തെക്കുറിച്ച് സംസാരിക്കാൻ പോലും അവസരമില്ലാത്ത മറ്റൊരു സമൂഹം നമ്മുടെ ഇടയിലുണ്ട്. പത്മരാജന്റെ ദേശാടന കിളി കരയാറില്ലയിലെ നിർമലയെയും സാലിയേയും പോലെ, പദ്മകുമാറിന്റെ മൈലൈഫ് പാർട്ട്ണറിലെ കിരണിനെയും റിച്ചാർഡിനെയും പോലെ ഒരുപാട് സ്നേഹിച്ചിട്ടും, സ്നേഹം സമൂഹത്തോട് വിളിച്ചു പറയാൻ അനുവാദമില്ലാത്തവർ നമ്മുടെ നാട്ടിലുണ്ട്. നമ്മൾ അവരെ സ്വവർഗാനുരാഗികളെന്നു വിളിക്കും.

മറ്റുനാടുകൾ അംഗീകരിച്ച ഈ പ്രണയം നമ്മുടെ നാട്ടിൽ വലിയ തെറ്റാണ്. അവരുടെ ശരി സമൂഹത്തിന്റെ വീട്ടുകാരുടെ മുന്നിലെ മായിച്ചു കളയാൻ പറ്റാത്ത പാപവും. പ്രണയത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ എപ്പോഴെങ്കിലും നമ്മൾ ഇവരെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഇവരുടെ മാനസികാവസ്ഥ മനസ്സിലാക്കാൻ ഒരു ശ്രമം നടത്തിയിട്ടുണ്ടോ? അതുമല്ലെങ്കിൽ ഇവരുടെ പ്രണയം തുറന്നുപറയാൻ പിന്തുണ നൽകിയിട്ടുണ്ടോ? സ്വവർഗാനുരാഗം എന്താണെന്ന് മനസ്സിലാക്കാനുള്ള ഒരു ചെറുവിരൽ ശ്രമമെങ്കിലും.... ഇതൊന്നും ചെയ്യാതെ വെറുതെ എതിർക്കുക, ബാലിശമെന്ന് മുദ്രകുത്തുക, മാനസികവെകല്യമെന്ന് പറഞ്ഞ് ചികിത്സിക്കുക. ഇതൊക്കെയല്ലേ കാലാകാലങ്ങളായി ചെയ്തു പോകുന്നത്?

പ്രണയിച്ചിട്ടുള്ളവർക്ക് അറിയാം പ്രണയം എതിർക്കപ്പെടുമ്പോൾ, ജാതിയുടെയും മതത്തിന്റെയും സാമ്പത്തികത്തിന്റെയുമൊക്കെ പേരിൽ പ്രണയിക്കുന്ന മനസ്സുകളെ വേർപെടുത്തുമ്പോഴുള്ള വേദന. സ്വവർഗാനുരാഗികൾ അല്ലാത്തവർക്ക് അവരുടെ പ്രണയം തുറന്നു പറയാനുള്ള അവസരമെങ്കിലുമുണ്ട്. പക്ഷെ സ്വവർഗാനുരാഗികൾക്കോ? അവരുടെ മനസ്സിൽ തോന്നുന്ന വികാരം പ്രണയമാണെന്ന് പോലും സമൂഹം മനസ്സിലാക്കാത്ത അവസ്ഥയാണ്. അത് ഒരുതരം ശ്വാസംമുട്ടിച്ചുള്ള കൊലപാതകം പോലെയാണ്.

തന്റെ പ്രണയം ഒരു ആൺകുട്ടിയോടാണെന്ന് പറഞ്ഞപ്പോൾ വീട്ടുകാരുടെ പ്രതികരണം എങ്ങനെയായിരുന്നുവെന്ന് സ്വവർഗാനുരാഗിയായ പേരുവെളിപ്പെടുത്താൻ ഇഷ്ടമില്ലാത്ത ഒരു വ്യക്തി മനസ്സുതുറന്നത് ഇങ്ങനെ;

അവർ ആദ്യം ഗൗരവമായി എടുത്തില്ല. എന്നാൽ ഇത് കുട്ടിക്കളിയല്ല എന്ന് ആവർത്തിച്ചപ്പോൾ വീട്ടുകാർ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയത്. ഞാൻ പറയുന്നത് മനസ്സിലാക്കാൻ അവർ ശ്രമിച്ചതെയില്ല. വീട്ടുകാരെ എങ്ങനെയെങ്കിലും പറഞ്ഞ് മനസ്സിലാക്കിച്ചാലും ബന്ധുക്കളുടെയും സമൂഹത്തിന്റെയും പേരിൽ പിന്നെയും നമ്മുടെ മുകളിൽ സമർദ്ദം ചെലുത്തും. എന്നെപ്പോലെയുള്ളവരുടെ പ്രണയത്തെ മനസ്സിന്റെ ചാപല്യമായിട്ടോ അതുമല്ലെങ്കിൽ മാനസികരോഗമായിട്ടുമൊക്കെയാണ് വീട്ടുകാർ കാണുന്നത്.

അമ്മയ്ക്ക് വയസ്സായി, നിന്റെ കുഞ്ഞിനെ കണ്ടിട്ടുവേണം മരിക്കാൻ, നിനക്ക് നല്ല ഒരു ജീവിതം വേണ്ടേ? എന്തിനാണ് ഞങ്ങളെ ഇങ്ങനെ വേദനിപ്പിക്കുന്നത്. നാട്ടുകാരുടെയും ബന്ധുക്കളുടെയും മുഖത്ത് എങ്ങനെ നോക്കും? അങ്ങനെ നീണ്ടും പോകും ഇമോഷണൽ ബ്ലാക്ക്മെയ്‌ലിങ്ങിന്റെ നിര. എനിക്ക് എന്ത് ചെയ്യാൻ പറ്റും? എനിക്ക് ഒരു പെൺകുട്ടിയോട് താൽപ്പര്യം തോന്നിയാൽ അല്ലേ അവളോടൊപ്പം ജീവിക്കാൻ സാധിക്കൂ? വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി വിവാഹം കഴിച്ചാൽ ആ കുട്ടിയുടെയും എന്റെയും ജീവിതം ഒരു പോലെ നശിക്കും.

സ്വവർഗാനുരാഗികളെ അനുരാഗികളായിപ്പോലും ആരും കാണാറില്ല. വെറും ലൈംഗികതയ്ക്ക് വേണ്ടിയാണ് ബന്ധം സ്ഥാപിക്കുന്നതെന്നാണ് സമൂഹത്തിന്റെ ധാരണ. അത് അല്ല യാഥാർഥ്യം. ഒരു ആൺകുട്ടിക്ക് പെൺകുട്ടിയോട് തോന്നുന്ന അതേ പ്രണയമെന്ന വികാരം തന്നെയാണ് എനിക്ക് എന്റെ പാർട്ട്ണറായ ആൺകുട്ടിയോട് തോന്നിയത്. ഓരേ കാഴ്ച്ചപാടുകളും താൽപ്പര്യങ്ങളുമുള്ളവരെ ഇഷ്ടപ്പെടുന്നത് എങ്ങനെ തെറ്റാകും? പാപമാകും? പ്രണയം തോന്നാതെ അയാളോട് കാമം തോന്നില്ലല്ലോ? സ്വവർഗാനുരാഗം ഒരു രോഗമോ വൈകല്യമോ ഒന്നുമല്ല. ഞങ്ങളുടെ തലച്ചോറും, ലൈംഗിക ഹോർമോണുകളും, ഞരമ്പുകളുമൊക്കെ പ്രവർത്തിക്കുന്നത് ഒരേ ലിംഗത്തിൽപ്പെട്ടയാളെ പ്രണയിക്കുന്നതിന് അനുകൂലമായിട്ടാണ്. അതിനെ എങ്ങനെ മാറ്റാൻ പറ്റും? മാറ്റാൻ ശ്രമിക്കുമ്പോഴുള്ള മാനസികസംഘർഷം എത്രമാത്രമാണെന്ന് പറഞ്ഞുതരാൻ ആവില്ല. ഞങ്ങളുടെ പ്രണയം മനസ്സിലാക്കേണ്ട, പക്ഷെ ഞങ്ങളെ സാധാരണ മനുഷ്യരായിട്ടെങ്കിലും പരിഗണിച്ചൂടെ? ഞങ്ങൾക്കും ജീവിക്കണ്ടേ?

ഈ ചോദ്യങ്ങൾ നമ്മുടെ സമൂഹത്തിന്റെ നേരെയുള്ള ചോദ്യങ്ങളാണ്. പ്രണയത്തിന്റെ കാര്യത്തിൽ മതത്തിന്റെയും ദേശത്തിന്റെയും ഭാഷയുടെയും പേരിലുള്ള എതിർപ്പുകൾ കുറഞ്ഞുപോലെ കാലന്തരത്തിൽ സ്വവർഗ പ്രണയവും അംഗീകരിക്കപ്പെടുമെന്ന് പ്രത്യാശിക്കാം

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.