Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിച്ചിരിക്കുമ്പോൾ മറ്റൊരു ജീവന് രക്ഷകനാവണം, ആഗ്രഹം നിറവേറ്റി പ്രൊഫസര്‍

sakhi-john സഖിക്ക് ഒരാഗ്രഹമുണ്ടായിരുന്നു, ജീവിച്ചിരിക്കുമ്പോള്‍ തന്നെ താന്‍ മറ്റൊരു ജീവന് രക്ഷകനാകണം.

ഡല്‍ഹി ജാമിയ ഹംദര്‍ദ് സര്‍വകലാശാലയിലെ മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം പ്രൊഫസറാണ് സഖി ജോണ്‍. തിരുവല്ല സ്വദേശിയായ സഖിക്ക് പണ്ട് ഒരാഗ്രഹമുണ്ടായിരുന്നു. ജീവിച്ചിരിക്കുമ്പോള്‍ തന്നെ താന്‍ മറ്റൊരു ജീവന് രക്ഷകനാകണം. താനുമായി യാതൊരു ബന്ധവുമില്ലാത്ത, രണ്ട് വൃക്കകളും തകരാറിലായി ജീവിതം തന്നെ കൈവിട്ടുപോകുന്ന ഒരു അപരിചിതന് വേണ്ടി തന്റെ വൃക്ക ദാനം ചെയ്താണ് സഖി ആഗ്രഹം ഇപ്പോള്‍ സഫലീകരിച്ചിരിക്കുന്നത്.

തൃശൂര്‍ പീച്ചിയിലെ സ്വകാര്യ ബസ് ജീവനക്കാരനായ 44 കാരന്‍ ഷാജു പോളിനാണ് സഖി ജോണ്‍ വൃക്ക ദാനം ചെയ്തത്. വൃക്കകള്‍ തകരാറിലായതു കാരണം ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുന്ന വ്യക്തിയാണ് ഷാജു.

വൃക്കദാനം പ്രോത്സാഹിപ്പിക്കുന്നതിനായി ഫാദര്‍ ഡേവിസ് ചിറമേല്‍ സ്ഥാപിച്ച കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരില്‍ നിന്നാണ് ഷാജുവിനെ സ്വീകര്‍ത്താവായി തെരഞ്ഞെടുത്തത്. കൊച്ചി വിപിഎസ് ലേക്ക്‌ഷോര്‍ ആശുപത്രിയിലായിരുന്നു വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ. 

shaju-paul ഇരു വൃക്കകളും തകരാറിലാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് പ്രതീക്ഷയറ്റ് കഴിയുമ്പോഴാണ് ഷാജുവിന്റെ മുന്നില്‍ രക്ഷകനായി സഖിജോണെത്തുന്നത്.

വൃക്ക ദാനം ചെയ്യാന്‍ പ്രേരിതനായതിനെക്കുറിച്ച് സഖി പറയുന്നു. 2011ലാണ് എന്റെ അച്ഛന്‍ മരിച്ചത്. അദ്ദേഹത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തു. അപ്പോള്‍ ഡോക്റ്റര്‍ പറഞ്ഞ കാര്യമാണ് അവയവദാനത്തെക്കുറിച്ച് ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. എന്റെ അച്ഛന്‍ കാരണം കാഴ്ചശക്തിയില്ലാത്ത രണ്ട് പേര്‍ക്ക് ലോകം കാണാന്‍ അവസരമുണ്ടായി എന്ന് ഡോക്ടര്‍ പറഞ്ഞു. അതെന്നെ വല്ലാതെ സ്പര്‍ശിച്ചു. ഇതിനെ തുടര്‍ന്നാണ് 2015ല്‍ ഫാ. ഡേവിസ് ചിറമേലിനെ സന്ദര്‍ശിച്ച് വൃക്കദാനത്തിന് സന്നദ്ധത അറിയിച്ചത്- സഖി പറയുന്നു. 

2016 ജൂലൈ മുതല്‍ 98 ഡയാലിസിസിന് വിധേയമായിട്ടുണ്ട് ഷാജു. തന്റെ ഇരു വൃക്കകളും തകരാറിലാണെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് പ്രതീക്ഷയറ്റ് കഴിയുമ്പോഴാണ് ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായ ഷാജുവിന്റെ മുന്നില്‍ രക്ഷകനായി സഖി ജോണെത്തുന്നത്. എന്നാല്‍ ശസ്ത്രക്രിയ്ക്കുള്ള പണം കണ്ടെത്തുകയെന്നത് ദിവസക്കൂലിക്കാരനായ ഷാജുവിന് വലിയ കടമ്പ തന്നെയായിരുന്നു. പീച്ചിയിലെ മണക്കുഴി ഗ്രാമവാസികള്‍ ഒത്തുചേര്‍ന്നപ്പോള്‍ ശസ്ത്രക്രിയയ്ക്കുള്ള സഹായനിധിയിലേക്ക് 22 ലക്ഷം രൂപ ഒഴുകിയെത്തി.

നെഫ്രോളജി, ട്രാന്‍സ്പ്ലാന്റ് സര്‍വീസസ് ഡയറക്ടര്‍ ഡോ. എബി എബ്രഹാം, ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ ഡോ. ജോര്‍ജ് പി. എബ്രഹാം, അനസ്‌തേഷ്യ വിഭാഗം ഡയറക്ടര്‍ ഡോ. മോഹന്‍ എ. മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമാണ് ശസ്ത്രക്രിയകള്‍ നടത്തിയത്. ഇപ്പോള്‍ ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.