Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയിക്കുന്നവരേ, ചൂരൽ വടികളെ നിങ്ങളെന്തിന് ഭയപ്പെടുന്നു?

shiv-sena-moral-police-kochi മുസ്സോളിനിയുടെയും  ഹിറ്റ്ലറിന്റെയും ഒക്കെ വഴികളിൽ നിന്നും നമ്മുടെ സ്വന്തം കേരളത്തിലെ ഫാസിസ്റ്റു കക്ഷികൾക്ക് പ്രത്യേകിച്ചൊരു വ്യത്യാസവും കാണാനില്ല. പക്ഷേ ആത്യന്തികമായി ജയിക്കേണ്ടത് ഫാസിസമല്ല, പ്രണയവും സ്നേഹവും ഒക്കെ തന്നെയാണ്. 

തിരുവനന്തപുരത്ത് നടന്ന പിങ്ക് പോലീസിന്റെ സദാചാര വേട്ടയെ ചോദ്യം ചെയ്ത പ്രണയിതാക്കൾ വിവാഹിതരായി എന്നത് പുതിയ വാർത്തയല്ല. എന്നാൽ തങ്ങളെ ചോദ്യം ചെയ്ത പൊലീസുകാരെ ചങ്കൂറ്റത്തോടെയാണ് അവർ ചോദ്യം ചെയ്തത്. പ്രായപൂർത്തിയായ പുരുഷനും സ്ത്രീക്കും ഒന്നിച്ച് നടക്കാൻ ഏതു നിയമമാണ് അനുവദിക്കാത്തതെന്ന അവരുടെ ചോദ്യം ഒത്തിരി പേർ സോഷ്യൽ മീഡിയയിലും ചോദിച്ചു. അതേസാഹചര്യമാണ് കഴിഞ്ഞ ദിവസം മറൈൻ ഡ്രൈവിലും ഉണ്ടായതെങ്കിലും സോഷ്യൽ മീഡിയയിൽ വൈറലായ ചിത്രം പറഞ്ഞത് ചൂരലിനു മുന്നിൽ മുഖം മറച്ച് ഓടി രക്ഷപെടുന്ന ആൺകുട്ടികളെയും പെൺകുട്ടികളെയും കുറിച്ചാണ്. ഒരു സംഘം ഉപദ്രവിക്കാൻ സാധ്യത അന്വേഷിച്ച് വരുമ്പോൾ പിന്നെ എന്ത് ചെയ്യണമായിരുന്നു എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയുണ്ടോ?



കാലം മാറുമ്പോൾ മാറുന്നതാണ് മനുഷ്യന്റെ ജീവിതരീതികളും. ഒരു നൂറ്റാണ്ടു മുൻപ് വരെയുണ്ടായിരുന്ന ഹിപ്പി സംസ്കാരങ്ങളിൽ നിന്ന് എത്ര പെട്ടന്നാണ് യുവതലമുറ വഴിമാറി നടന്നത്! നിസ്സംഗരാക്കപ്പെട്ട ഒരു തലമുറ പിന്നെയും എത്ര പെട്ടെന്നാണ് സ്വാതന്ത്ര്യത്തിന്റെ വേലിക്കെട്ടുകൾ തച്ചു തകർത്തു അനന്തതയിലേക്ക് പറക്കാൻ ആരംഭിച്ചത്! കലാലയങ്ങൾ തന്നെയായിരുന്നു മാറ്റങ്ങളുടെ മുഖ്യ ഇടങ്ങൾ. അല്ലെങ്കിലും ഏതു നൂറ്റാണ്ടിലും ഒരു മാറ്റം കാലത്തിനുണ്ടാകുന്നുണ്ടെങ്കിൽ അതിനു പുറകിൽ വളരെ ശ്രദ്ധാലുക്കളായ ഒരു കൂട്ടം യുവരക്തം ഉണ്ടാകുമല്ലോ! വിപ്ലവത്തിന്റെ വസന്തം പെയ്തൊഴിഞ്ഞപ്പോഴും ക്യാമ്പസുകൾ അതിന്റെ അനുരണനങ്ങൾ വിട്ടൊഴിയാൻ തയ്യാറായിരുന്നില്ല. പക്ഷേ പിന്നീട് വന്നത് ഒരുപക്ഷേ ഏറ്റവും നിസ്സഹായരായ ഒരു തലമുറ തന്നെയായിരുന്നു. അമുൽ ബേബികളായ പുരുഷൻമാരുടെയും സ്വാതന്ത്ര്യത്തിലേക്ക് വാതിൽ തുറക്കാൻ കാത്തിരിക്കുന്ന പെൺകുട്ടികളുടെയും തലമുറ. അവിടെയായിരുന്നു ആധുനികതയിലേക്കുള്ള ട്വിസ്റ്റുകൾ തൂങ്ങികിടന്നതും.


പെൺകുട്ടികൾ തങ്ങളുടെ കാലുകളിൽ പറ്റിക്കിടന്ന അസ്വാതന്ത്ര്യത്തിന്റെ ചങ്ങല പൊളിച്ചെടുത്ത് അവരവരുടെ ഇഷ്ടങ്ങളിലേക്ക്
നടന്നു തുടങ്ങിയപ്പോഴാണ് അത്രനാളും മതിലിനുള്ളിലും മുറികൾക്കുള്ളിലും മറയ്ക്കപ്പെട്ടു മാത്രം നടന്നിരുന്ന പ്രണയ സല്ലാപങ്ങൾ തീയറ്റർ റൂമിന്റെയും ക്യാംപസിന്റെയും മുറികൾക്ക് പുറത്തേക്ക് നീളുന്നത്. വളരെ കുറച്ച് പേർ ചേക്കേറിയിരുന്ന ആളൊഴിഞ്ഞ വഴികളിലെ മരങ്ങളുടെ തണലുകൾ പിന്നെ പ്രണയത്തിന്റെ സംഗമ ഭൂമികയായി. ഇഷ്ടപ്പെട്ട അയാളോടൊപ്പം ഒരിത്തിരി മരത്തണൽ കൊതിക്കാത്ത ആരുണ്ട് എന്ന ചോദ്യം എല്ലാവരും ചോദിച്ചു തുടങ്ങി. കാലം മാറിയതിന്റെ മാറ്റം തെരുവുകൾ പോലും വീണ്ടെടുത്തു.

marine-drive-walkway കൊച്ചിയിലെ മറൈൻ ഡ്രൈവ് അനേകം പ്രണയങ്ങൾക്ക് സാക്ഷിയാണ്.

കൊച്ചിയിലെ മറൈൻ ഡ്രൈവ് അനേകം പ്രണയങ്ങൾക്ക് സാക്ഷിയാണ്. അവിടുത്തെ ചുവന്ന ഗുൽമോഹർ മരങ്ങളുടെ നിരയ്ക്ക് താഴെ എപ്പോഴുമുണ്ടാകും കൊഞ്ചി ചിരിക്കുന്ന യുവാക്കൾ. സദാചാരത്തിന്റെ ചൂരൽ വടിയുമായി പ്രായപൂർത്തിയായ പൗരന്മാർക്ക് നേരെ വടിയോങ്ങാൻ ഏതു നിയമമാണ് ശിവസേനയ്ക്ക് അനുമതി കൊടുത്തത് എന്ന ചോദ്യത്തിന് സംസ്ഥാനത്തിന് പോലും മറുപടിയില്ലെന്ന്, അവർക്ക് എസ്‌കോർട്ട് പോയ പോലീസ് യൂണിഫോമുകൾ കാണിച്ച് തരുന്നുണ്ട്. അപ്പോൾ എന്ത് നീതിന്യായ വ്യവസ്ഥയിലാണ് മനുഷ്യർ വിശ്വസിക്കേണ്ടത്? ബലാത്സംഗം ചെയ്യപ്പെടുന്ന പെൺകുട്ടികളുടെ സംരക്ഷണത്തിനിറങ്ങുന്ന മാന്യന്മാരുടെ തനി നിറം പുറത്ത് വരണമെങ്കിൽ തീർച്ചയായും രാത്രിയാകണം. പകൽ അസ്തമിച്ചാൽ സ്ത്രീകൾക്കെതിരെ എന്തും ചെയ്യാൻ മടിയില്ലാത്തവർക്ക് പകൽ പ്രണയത്തിന്റെ കാഴ്ചകൾ ബുദ്ധിമുട്ടാകുന്നു.

bridge-marinederive പകൽ അസ്തമിച്ചാൽ സ്ത്രീകൾക്കെതിരെ എന്തും ചെയ്യാൻ മടിയില്ലാത്തവർക്ക് പകൽ പ്രണയത്തിന്റെ കാഴ്ചകൾ ബുദ്ധിമുട്ടാകുന്നു. 


അപ്പോഴും ഒരു ചോദ്യം ബാക്കിയുള്ളത് ഉയർത്തേണ്ടത് ചൂരൽ വടിയിൽ ഭയപ്പെട്ട യുവതിയ്ക്കും യുവാവിനും നേരെയാണ്! പ്രണയിക്കുമ്പോൾ അതുറക്കേ പറയാനുള്ള ചങ്കൂറ്റമില്ലെങ്കിൽ പിന്നെന്തിനു പ്രണയം എന്ന പ്രഹസനം? ഉറപ്പായും എതിർത്താൽ അത് വീട്ടുകാർ അറിയും എന്ന ഭയമുണ്ടാകും. ആ ഭയത്തെ എന്നാണെങ്കിലും അതിജീവിക്കേണ്ടതാണെന്ന ബോദ്ധ്യം ഉള്ളവരാകേണ്ടതുണ്ട് പ്രണയിക്കുന്നവർക്ക്. ചൂരൽ വടി കാണുമ്പോൾ പ്രിയപ്പെട്ടൊരാളെ വഴിയിൽ ഉപേക്ഷിച്ച് മുഖം മറച്ചു രക്ഷപെടുന്നവർക്കുള്ളതല്ല പ്രണയത്തിന്റെ ശിലാ ലിഖിതങ്ങൾ. എതിർത്തു സംസാരിച്ചിരുന്നെങ്കിലും ഒരുപക്ഷേ അതിനെ തുടർന്നുണ്ടായ ചുംബന സമരങ്ങളെക്കാൾ ചർച്ചയിൽ വരിക അത് തന്നെയായിരുന്നേനെ. ആ ചോദ്യം ചെയ്യലിന് അവനവന്റെ സ്വാതന്ത്ര്യത്തെ തിരികെ എടുക്കലിന്റെയും പ്രണയത്തിന്റെ ധൈര്യത്തിന്റെയും പിൻബലവും ഉണ്ടായിരുന്നേനെ.

moral-policing അപ്പോഴും ഒരു ചോദ്യം ബാക്കിയുള്ളത് ഉയർത്തേണ്ടത് ചൂരൽ വടിയിൽ ഭയപ്പെട്ട യുവതിയ്ക്കും യുവാവിനും നേരെയാണ്!


പ്രായപൂർത്തിയായ രണ്ടു പേർക്ക് നടക്കാനും ഇരിക്കാനും പ്രണയിക്കാനും മൂന്നാമതൊരാളുടെ സമ്മതം ആവശ്യമില്ലാത്ത സ്ഥിതിയ്ക്ക് ചൂരൽ വടികൾ ഉയർത്തുന്ന രാഷ്ട്രീയം ഫാസിസത്തിന്റേതാണെന്നു തന്നെ പറയേണ്ടി വരുന്നു. അല്ലെങ്കിലും ആരാണ് സദാചാരം പഠിപ്പിക്കേണ്ടത് മർദ്ദനങ്ങളിലൂടെയാണെന്നു പറഞ്ഞു വച്ചതാവോ! മുസ്സോളിനിയുടെയും  ഹിറ്റ്ലറിന്റെയും ഒക്കെ വഴികളിൽ നിന്നും നമ്മുടെ സ്വന്തം കേരളത്തിലെ ഫാസിസ്റ്റു കക്ഷികൾക്ക് പ്രത്യേകിച്ചോരു വ്യത്യാസവും കാണാനില്ല. അത്തരമൊരു ക്രൂരതയുടെ ഇരയാണല്ലോ കഴിഞ്ഞ മാസം ആത്മഹത്യ ചെയ്തതും.

വർദ്ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങളെ മുൻനിർത്തിയാണ് ചൂരൽ വടിയുമായി തങ്ങൾ ഇറങ്ങിയതെന്നാണ് സദാചാര ഗുണ്ടകൾക്ക് പറയാനുള്ളത്. ഒരു പെൺകുട്ടിയെ അവൾ കടന്നിരിക്കുന്ന ബന്ധത്തിൽ നിന്ന് അത് അപകടമാണെങ്കിലും ശരി അല്ലെങ്കിലും ശരി പിന്തിരിപ്പിയ്ക്കാൻ ഒരുപക്ഷേ മാതാപിതാക്കൾക്ക് പോലും സാധിക്കാത്ത സാഹചര്യത്തിൽ സദാചാരം പ്രസംഗിക്കുന്ന ഫാസിസ്റ്റു നേതാക്കൾക്ക് എന്ത് ചെയ്യാം എന്നാണ്!

moral-police-kochi-shiv-sena ആരാണ് സദാചാരം പഠിപ്പിക്കേണ്ടത് മർദ്ദനങ്ങളിലൂടെയാണെന്നു പറഞ്ഞു വച്ചതാവോ!

ഒരു പെൺകുട്ടി ഉപദ്രവിക്കപ്പെടാതെ ഇരിക്കണമെങ്കിൽ അവിടെ നാട്ടുകാർക്കല്ല, മറിച്ച് അവൾക്കു തന്നെയാണ് പലതും ചെയ്യാനുള്ളത്. താൻ എത്തിപ്പെടുന്ന ബന്ധങ്ങളുടെ ആഴവും വ്യാപ്തിയും തിരിച്ചറിയേണ്ടതും, അവനവനെ മാന്യമായ ഇടത്തിൽ നിർത്തുന്ന തരത്തിൽ അതിനെ മുന്നോട്ടു കൊണ്ട് പോകേണ്ടതും ഇരുവരും ചേർന്നാണ്. പ്രണയമോ അതിനെ തുടർന്നുണ്ടാകുന്ന ബന്ധങ്ങളോ തെറ്റുകളോ മുഖം മറയ്ക്കേണ്ടുന്ന പാപങ്ങളോ അല്ല. സ്വയം നീതീകരിക്കപ്പെടാത്ത തരത്തിൽ ചെയ്തത് തെറ്റെന്ന് ബോധ്യമുണ്ടെങ്കിൽ ചൂരൽ വടിയുമായി സദാചാര ഹിറ്റ്ലർമാർ വരുന്നതിനു മുൻപ് രക്ഷപ്പെട്ടോളൂ. പ്രണയം ധൈര്യമാണെങ്കിൽ, ഉറച്ചതാണെങ്കിൽ, തിരിഞ്ഞു നിന്ന് പ്രണയം ലോകത്തോട് വിളിച്ച് പറഞ്ഞോളൂ. അപ്പോഴും ഓർക്കണം, ആത്യന്തികമായി ജയിക്കേണ്ടത് ഫാസിസമല്ല, പ്രണയവും സ്നേഹവും ഒക്കെ തന്നെയാണ്.

Your Rating: