Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്രിസ്ത്യൻ, നിന്നെ ഉപേക്ഷിക്കാൻ ഈ അമ്മയ്ക്കാവില്ല

christian-b

ഒരമ്മയുടെ ഉറവ വറ്റാത്ത സ്നേഹത്തിന്റെ നേർക്കാഴ്ചയാണ് അമേരിക്കൻ സ്വദേശി  ലേസിയുടെയും 6 വയസുകാരൻ ക്രിസ്ത്യൻ ബുച്ചാനൻ എന്ന ക്രിസ്ത്യന്റെയും ജീവിതം. ഭൂമിയിൽ അമ്മയോളം വലിയ സത്യമില്ല.  മക്കൾക്ക് എന്തു സംഭവിച്ചാലും  അമ്മ തുണയായി കൂടെ നിൽക്കും. എന്നാൽ, തന്റെ കണ്മുന്നിൽ നൊന്തു പ്രസവിച്ച കുഞ്ഞു അനുഭവിക്കേണ്ടി വരുന്ന യാത്രനകൾക്കു മുന്നിൽ ഏതൊരമ്മയും തളരും. എന്നാൽ അമ്മ തളരുന്നതോടെ ഇല്ലാതാകുന്നത് താൻ തണലുനൽകേണ്ട തന്റെ സ്വന്തം ചോരകൂടിയാണ് എന്ന തിരിച്ചറിരിവ് അവളെ ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉണർത്തെഴുന്നേല്പിക്കും. ഇവിടെ തന്റെ മകൻ ക്രിസ്ത്യന് വേണ്ടി ലേസി എന്ന ആ അമ്മ ചെയ്തതും അതാണ്. 

christian
christian1

ക്രിസ്ത്യൻ ഒരു സാധാരണ കുട്ടിയല്ല. ഈ അമ്മയുടെയും മകന്റെയും ജീവിതം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നതും ആ അസാധാരണത്വം തന്നെ. മുച്ചുണ്ട് ഒരിക്കലും ഒരു രോഗമല്ല, ശാസ്ത്രകൃയയിലൂടെ മാറ്റിയെടുക്കാവുന്ന ഒരു ശാരീരിക അവസ്ഥ മാത്രം. എന്നാൽ ആ അവസ്ഥയും അതിന്റെ ഏറ്റവും തീവ്രമായ രൂപത്തിൽ വന്നാലോ? അതായിരുന്നു 2010 ൽ ലേസിയുടെ മകനായി ജനിച്ചു വീഴുമ്പോൾ ക്രിസ്ത്യന്റെ അവസ്ഥ. മുച്ചുണ്ട് മാത്രമായിരുന്നില്ല ക്രിസ്ത്യന്റെ പ്രശ്‌നം, മുഖത്തെ ഒട്ടുമിക്ക അവയവങ്ങളും സ്ഥാനം തെറ്റി. ലക്ഷക്കണക്കിന് ജനനങ്ങളിൽ  അത്യപൂർവമായി മാത്രം ഉണ്ടാകുന്ന അവസ്ഥ.

christian2

ഡോക്ടർമാർ പറഞ്ഞിരുന്നു അവൻ ഒരു സാധാരണകുട്ടി ആയിരിക്കില്ലെന്ന്

ഇരുപത്തിയൊന്നാം വയസിലാണ് ലേസിയുടെ ജീവിതത്തിലേക്ക് ക്രിസ്ത്യൻ കടന്നു വരുന്നത്. വിവാഹ ശേഷം ഏറെ കൊതിച്ചുണ്ടായ കണ്മണി.താൻ ഗർഭിണിയാണ് എന്നറിഞ്ഞ നിമിഷം മുതൽ ലേസിയും ഭർത്താവും മനസുകൊണ്ട് ആ കുഞ്ഞിനെ സ്നേഹിച്ചു തുടങ്ങി. നാലാം  മാസത്തിൽ നടത്തിയ സ്കാനിംഗിലാണ് ഗർഭസ്ഥശിശുവിന് കാര്യമായ എന്തോ ശാരീരിക വൈകല്യം ഉള്ളതായി തെളിഞ്ഞത്. ശാരീരിക വൈകല്യം എത്തരത്തിലാണ് എന്ന് അപ്പോഴും കണ്ടെത്തിയിരുന്നില്ല. വേണമെങ്കിൽ ആ അവസ്ഥയിൽ കുഞ്ഞിനെ അബോർട്ട് ചെയ്യാമായിരുന്നു ആ ദമ്പതിമാർക്ക്. പക്ഷെ അവരത് ചെയ്തില്ല. ഡോക്റ്റർമാർ നിർദ്ദേശിച്ച പ്രകാരം വിശ്രമവും ചികിത്സയുമായി മുന്നോട്ടു പോയി. 

christian6 ക്രിസ്ത്യൻ ജനിച്ചപ്പോൾ
christian6b ക്രിസ്ത്യൻ ശസ്ത്രക്രിയയ്ക്ക് ശേഷം

എട്ടാം മാസം നടത്തിയ സ്കാനിംഗിലാണ് കുഞ്ഞിന്റെ പ്രശ്‌നം ക്ലെഫ്ട് ലിപ്സ് ആൻഡ് പാലറ്റ് ആണ് എന്ന് തെളിഞ്ഞത്. മുച്ചുണ്ട് സാധാരമാണല്ലോ, ചികിൽസിച്ചു മാറ്റാം എന്ന ധാരണയിൽ  ആ ദമ്പതിമാർ മുന്നോട്ട് പോകാൻ തന്നെ തീരുമാനിച്ചു. എന്നാൽ മുച്ചുണ്ട് എന്ന് പറയുമ്പോൾ അതിന്റെ തീവ്രത എത്രയായിരിക്കുമെന്ന് അവർ ചിന്തിച്ചതേയില്ല .  

കണ്ണു നിറയാതെ ഒരു നിമിഷം ആ മുഖത്തു നോക്കാൻ കഴിഞ്ഞെങ്കിൽ...

നിറഞ്ഞ പ്രാർത്ഥനകൾക്ക് നടുവിലൂടെയാണ് ലേസി തന്റെ ഗർഭകാലം പൂർത്തിയാക്കിയത്. തന്റെ ആദ്യത്തെ കണ്മണിക്ക് ചികിൽസിച്ച് മാറ്റാൻ കഴിയാത്ത കുറവുകൾ ഒന്നും ഉണ്ടാകില്ല എന്ന് അവർ പ്രതീക്ഷിച്ചു. കാത്തിരിപ്പിനൊടുവിൽ ടെന്നസിയിലെ ഒരാശുപത്രിയിൽ ക്രിസ്ത്യൻ ബുച്ചാനൻ എന്ന ആ കുഞ്ഞു ജനിച്ചു വീണു. ആരോഗ്യപരമായി കുഴപ്പങ്ങളൊന്നുമില്ല. ആവശ്യത്തിന് തൂക്കവും ഉണ്ട്.  

christian4

പക്ഷെ, താൻ പ്രസവിച്ച കുഞ്ഞിന്റെ മുഖത്തേക്ക് ഒരു വട്ടമേ നോക്കിയുള്ളൂ ലേസി. പിന്നെ , പൊട്ടിക്കരഞ്ഞു. കുഞ്ഞുങ്ങളുടെ മുഖം എന്നും മനുഷ്യരിൽ കൗതുകം ജനിപ്പിക്കും. എന്നാൽ ക്രിസ്ത്യന്റെ മുഖം കണ്ട ബന്ധുക്കൾ കണ്ണുകൾ ഇറുക്കിയടച്ചു. മുച്ചുണ്ടിന്റെ ഏറ്റവും തീവ്രമായ മുഖം. സദാ തുറന്നിരിക്കുന്ന വായ, കണ്ണുകളുടെ സ്ഥാനത്ത് രണ്ടു ചുവന്ന മാംസ കഷ്ണങ്ങൾ മാത്രം, സ്ഥാനം തെറ്റിക്കിടക്കുന്ന മൂക്ക്, മാത്രമല്ല തലയോട്ടിപോലും ആകൃതിയിൽ വ്യത്യസ്തപ്പെട്ടിരിക്കുന്നു. ഇത്രയും വികൃതമായി ഒരു കുഞ്ഞിന്റെ മുഖം കാണുക എന്നതിൽ കവിഞ്ഞു എന്തു ക്രൂരതയാണ് വിധി ലേസിയോട് കാണിക്കേണ്ടത്?

എന്നാൽ കുഞ്ഞിനെ കണ്ടമാത്രയിൽ അണപൊട്ടിയൊഴുകിയ സങ്കടവും നിരാശയുമെല്ലാം മെല്ലെ വഴിമാറി. തന്റെ മകനെ ജീവനോടെ കിട്ടിയല്ലോ എന്ന സന്തോഷമായിരുന്നു പിന്നെ, കുഞ്ഞിനെ  എടുത്ത് നെഞ്ചോടു ചേർത്ത് മാതൃ സ്നേഹമെന്ന  അമൃത് ആദ്യമായി പകുത്തു നൽകുമ്പോൾ ആ അമ്മ മനസിൽ കുറിച്ചിട്ടു, ക്രിസ്ത്യൻ.., ഞാൻ നിനക്കായി ജീവിക്കും ഒരിക്കലും വിധിയുടെ ബലിമൃഗമാകാൻ ഞാൻ നിന്നെ വിട്ടു കൊടുക്കില്ല. ഹൃദയം നുറുങ്ങുന്ന വേദനയിലും ആ അമ്മയെടുത്ത തീരുമാനങ്ങൾക്ക് കൂട്ടു നിൽക്കാൻ  ക്രിസ്ത്യന്റെ അച്ഛനും ഡോക്റ്റർമാർക്കും കഴിഞ്ഞു.

ക്രിസ്ത്യൻ നിന്റെ കണ്ണുകൾക്ക് അമ്മ കാഴ്ചയാകും 

കൃസ്ത്യൻ ബുച്ചാനൻ ജനിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ ഡോക്റ്റർമാർ കുഞ്ഞിന്റെ കണ്ണുകൾക്ക് കാഴ്ചയില്ല എന്നത് വ്യക്തമാക്കി. കൃഷ്ണമണിയോ കൺപ്രതലങ്ങളോ ഇല്ലാത്ത 2 ചുവന്ന മാംസ കഷണങ്ങൾ മാത്രമായിരുന്നു കൃസ്ത്യന്റെ കണ്ണുകൾ. ഇനി ഭാവി ജീവിതത്തിൽ എന്നും ആ കണ്ണുകൾ നിറങ്ങളുടെ ലോകം കാണില്ല എന്നത് അതോടെ ഉറപ്പായി. എന്നാൽ ക്രിസ്ത്യന്റെ കണ്ണുകൾക്ക് ലേസി കാഴ്ചയായി. 

ഓപ്പറേഷനിലൂടെ കുഞ്ഞിന്റെ മുഖത്തിന്റെ വൈകൃതം കുറയ്ക്കാനുള്ള ശ്രമങ്ങൾ ഡോക്റ്റർമാർ ആരംഭിച്ചു. ജനിച്ച് രണ്ടാം ദിവസമായിരുന്നു ആദ്യ ഓപ്പറേഷൻ. മുഖത്ത് പലഭാഗത്തായി ചിതറിക്കിടക്കുന്ന ചുണ്ടും കണ്ണുകളും മൂക്കുമെല്ലാം യാഥാസ്ഥാനത്ത് കൊണ്ടു വരാൻ ആ കൊച്ചു ശരീരത്തിൽ ശസ്ത്രക്രിയ നടത്തുക എന്നത് ഡോക്റ്റർമാർ സംബന്ധിച്ച് ഏറെ ശ്രമകരമായിരുന്നു. ജനിച്ച് രണ്ടാം ദിവസം ആദ്യ ശസ്ത്രക്രിയ. ആന്റിബയോട്ടിക്കുകളും ഐ സി യു വാസവുമായി നവജാത ശിശുവായ ക്രിസ്ത്യൻ അനുഭവിച്ച യാതനകൾ ഏറെ.  

വേദനകൾക്കിടയിലും അവൻ വളർന്നു ..

ഒരു സാധാരണകുട്ടിയെപോലെ ക്രിസ്ത്യനെ വളർത്തിയെടുക്കുക എന്നതായിരുന്നു ലേസിയുടെ ആഗ്രഹം. എന്നാൽ അതത്ര എളുപ്പമായിരുന്നില്ല. തിരിച്ചറിവ് വയ്ക്കുന്ന പ്രായമായതോടെ മറ്റുള്ളവരിൽ നിന്നും കുഞ്ഞിനെ സംരക്ഷിക്കുക എന്നത് വലിയ ചുമതലയായി. ക്രിസ്ത്യന്റെ മുഖം കാണുമ്പോൾ ആളുകൾ കണ്ണടയ്ക്കും , ചിലർ വിധിയെ പഴിക്കും, ചിലർ സഹതാപം ചൊരിയും എന്നാൽ ഇതൊന്നുമല്ല അവനു വേണ്ടത് മറിച്ച് ജീവിക്കാനാവശ്യമായ ശക്തി നൽകുന്ന , പ്രതിബന്ധങ്ങളെ അതിജീവിക്കാൻ പ്രേരിപ്പിക്കുന്ന വാക്കുകളാണ്. അതിനു വേണ്ടിയാണ് അമ്മ ലേസി ശ്രമിച്ചതും. 

ജീവിതത്തിലേക്ക് ...

തുടരെത്തുടരെയുള്ള ശസ്ത്രക്രിയകളിലൂടെ ക്രിസ്ത്യന്റെ കുഞ്ഞു മുഖത്തെ വൈരൂപ്യം കുറച്ചു കൊണ്ടു വരാനായി. വായ പൂർണമായും അടക്കുവാൻ സാധിക്കുന്ന അവസ്ഥ വന്നില്ലെങ്കിലും കുറെയൊക്കെ ഭേദമായി. മൂക്ക് നല്ല രൂപത്തിലായി. എന്നാൽ ഇതിനായി എടുത്തത് നീണ്ട 6 വർഷമാണ്. ചികിത്സയ്ക്കാവശ്യമായ വൻതുക കണ്ടെത്താനായി ക്രിസ്ത്യന്റെ പേരിൽ ഫണ്ട് റൈസിംഗ് കാമ്പയിനുകൾ നടത്തി. ക്രിസ്ത്യനോടുള്ള തങ്ങളുടെ ശ്രദ്ധയും സ്നേഹവും തെല്ലും കുറയാതിരിക്കാൻ രണ്ടാമതൊരു കുഞ്ഞിനെക്കുറിച്ച് പോലും  ഈ ദമ്പതിമാർ ചിന്തിച്ചില്ല. ഒടുവിൽ ഡോക്റ്റർമാരുടെ നിർദ്ദേശ പ്രകാരമാണ് ലേസി മറ്റൊരു കുഞ്ഞിന് ജന്മം നൽകുന്നത്. ഡോക്റ്റർമാർ പറഞ്ഞത് പോലെ തന്നെ അവൻ ക്രിസ്ത്യന് ചേർന്ന കൂട്ടുമായി. 

christian3

കാഴ്ചയില്ല എങ്കിലും ലേസി, തന്റെ മകനെ വീട്ടിൽ ഇരുത്തിയില്ല. അവനെ പഠിപ്പിച്ചു. സ്വയം കാര്യങ്ങൾ ചെയ്യാൻ പ്രാപ്തനാക്കി. കരാട്ടെ പഠിച്ചു കൊണ്ടിരിക്കുന്ന ക്രിസ്ത്യൻ തന്റെ കഴിവ് തെളിയിക്കാനുള്ള ഏറ്റവും മികച്ച വേദിയായി ആ കായിക അഭ്യാസത്തെ കാണുന്നു. കണ്ണുകൾ ഇല്ലാത്തതിനാൽ തന്നെ , ക്രിസ്ത്യന്റെ കാതുകൾക്ക് ദൈവം ഇരട്ടി ശക്തി നൽകി. സംഗീതത്തിന്റെ ലോകത്തോട് അവൻ കൂടുതൽ അടുത്തു. വെളിച്ചമല്ല ശബ്ദമാണ് ക്രിസ്ത്യനെ ജീവിക്ക പ്രേരിപ്പിക്കുന്ന ഘടകം. ക്രിസ്ത്യന്റെ ചികിത്സകൾ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുന്നു. മറ്റുള്ളവരെ പോലെ ആഹാരം കഴിക്കാൻ അവൻ പഠിച്ചു. അനിയനും ഒത്ത് കളിക്കാനും ചിരിക്കാനും ക്രിസ്ത്യന് ഇന്ന് കഴിയും. ജീവിതത്തിലെ ഓരോ പ്രതിബന്ധങ്ങളെയും ഇത്തരത്തിൽ വെട്ടിമാറ്റി മുന്നേറുമ്പോൾ ക്രിസ്ത്യന്റെ മനസ്സിൽ താൻ ഒരിക്കലും കാണാത്ത അമ്മയുടെ തൊട്ടറിഞ്ഞ സ്നേഹം മാത്രമാണ്. ആ സ്നേഹം ഒന്ന് മാത്രമാണ് ക്രിസ്ത്യന്റെ ജീവന്റെ വെളിച്ചവും.

christian5 ക്രിസ്ത്യൻ സഹോദരനൊപ്പം

ഇന്നും ക്രിസ്ത്യന്റെ വൈരൂപ്യം നിറഞ്ഞ മുഖം കണ്ട് കണ്ണ് പൊത്തുന്നവർ ഉണ്ട്, ഭയത്തോടെ നോക്കുന്നവരുണ്ട് എന്നാൽ ഇത്തരത്തിലുള്ളവരുടെ വാക്കുകളെ അതിജീവിക്കാനുള്ള ശക്തി ലേസി എന്ന അമ്മ അവനിൽ നിറച്ചു കഴിഞ്ഞു. തന്റെ ബെസ്റ്റ് ഫ്രണ്ടാണ് അമ്മയെന്ന് കൊച്ചു ക്രിസ്ത്യൻ വിളിച്ചു പറയുമ്പോൾ , ലേസി മെല്ലെ  മകനെ അരികിൽ ചേർത്തു നിർത്തി പറയും 'ക്രിസ്ത്യൻ,  നീയാണ് ഈ അമ്മയുടെ കണ്ണിൽ ലോകത്തിൽ ഏറ്റവും സുന്ദരൻ '... അതേ സൗന്ദര്യം കേവലം ശാരീരികം മാത്രമല്ല, മനസും പ്രവർത്തിയും ചേരുന്നയിടം കൂടിയാണ്.

Your Rating: