Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹൊറർ സിനിമയ്ക്ക് പോയി; പലരും പേടിച്ച് ബോധം കെട്ടു

raw movie രക്തവും മാംസവും നിറഞ്ഞ ചിത്രത്തിലെ പേടിപ്പെടുത്തുന്ന ഗ്രാഫിക് രംഗങ്ങൾകണ്ടു പലരും മോഹാലസ്യപ്പെട്ടു വീഴുകയായിരുന്നു. ചിത്രങ്ങൾക്ക് കടപ്പാട് -ഫെയ്‌സ്ബുക്ക്

ഹൊറർ ചിത്രം പ്രദർശിപ്പിച്ച തിയറ്ററിലേക്ക് ആംബുലൻസ് വിളിക്കേണ്ടിവന്നു! എന്തിനെന്നോ സിനിമ കണ്ട് ബോധം കെട്ടവരെ ആശുപത്രിയിലെത്തിക്കാൻ. നരഭോജികളുടെ കഥ പറയുന്ന 'റോ' എന്ന ഫ്രഞ്ച് ചിത്രമാണ് കാഴ്ചക്കാരെ പേടിപ്പിച്ചു വിറപ്പിച്ചത്. ടൊറൊന്റൊ ഫിലിം ഫെസ്റ്റിവലിൽ മിഡ് നൈറ്റ് മാഡ്‌നെസ് വിഭാഗത്തിൽ ചിത്രത്തിന്റെ പ്രദർശനം നടന്നപ്പോഴാണ് സംഭവം. 

രക്തവും മാംസവും നിറഞ്ഞ ചിത്രത്തിലെ പേടിപ്പെടുത്തുന്ന ഗ്രാഫിക് രംഗങ്ങൾകണ്ടു പലരും മോഹാലസ്യപ്പെട്ടു വീഴുകയായിരുന്നു. പാരമെഡിക്കൽ സ്റ്റാഫ് എത്തിയാണ് ഇവർക്കു വൈദ്യസഹായം നൽകിയത്. നവാഗതയായ ജൂലി ഡികോൺ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രം പ്രദർശിപ്പിക്കും മുൻപ് ജൂറി പ്രതികരിച്ചത് കാണികൾ എങ്ങനെ പ്രതികരിക്കുമെന്നറിയാൻ തങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നാണ്.

ഒരു വെറ്ററിനറി വിദ്യാർഥിനിയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. വെജിറ്റേറിയനായ ഈ പതിനാറുകാരി ഒരിക്കൽ മുയലിന്റെ കരൾ കഴിച്ചതിൽ പിന്നെ ക്രമേണ മാംസദാഹിയായി, മനുഷ്യമാംസ മോഹിയാകുന്നതാണ് ഇതിവൃത്തം. കാൻ ഫെസ്റ്റിവലിൽ ഫിപ്രസി പുരസ്‌കാരം നേടിയ ചിത്രമാണ് റോ. 

raw ചിത്രങ്ങൾക്ക് കടപ്പാട് -ഫെയ്‌സ്ബുക്ക്

‘കുറച്ചുപേർക്ക് ചിത്രം താങ്ങാൻ പറ്റിയില്ല. അതിനാൽ ആംബുലൻസ് വിളിക്കേണ്ടി വന്നു. മുൻപ് ഇങ്ങനെ ഒരു അനുഭവമുണ്ടായത് ആന്റി ക്രൈസ്റ്റ് എന്ന ചിത്രം പ്രദർശിപ്പിച്ചപ്പോഴാണ്’- റോയുടെ മാർക്കറ്റിങ് ചുമതല വഹിക്കുന്ന റയാൻ വെർണർ പറഞ്ഞു. ഗരാൻസ് മാരിലിയർ ആണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു പുതിയ ഹൊറർ സംവിധായികയുടെ ഉദയമാണ് ചിത്രത്തിലൂടെ ഉണ്ടായതെന്ന് കണ്ടവരിൽ പലരും പ്രശംസിച്ചു. അത്രയ്ക്ക് ഒറിജിനലായാണത്രെ പടമെടുത്തിരിക്കുന്നത്.