Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാടും വീടും ഒറ്റപ്പെ‌ടുത്തി, ഇറോം ശര്‍മിളയ്ക്ക് അഭയം വാഗ്ദാനം ചെയ്തു നടി !

Irom Sharmila രേണുക ഷഹാനെ, ഇറോം ശർമിള

ഇക്കഴിഞ്ഞ ഓഗസ്റ്റ് 9നാണ് ആ ചരിത്രമുഹൂർത്തതിനു ലോകം സാക്ഷ്യം വഹിച്ചത്. പതിനാറു വർഷം നീണ്ട നിരാഹാര സമരം ഒരു തുള്ളി തേൻ നുണഞ്ഞ് ഇറോം ശർമിള അവസാനിപ്പിച്ചു. എന്നാൽ ഒരു നാടിന്റെയാകെ അവകാശങ്ങൾക്കു വേണ്ടി പൊരുതിയ ആ ധീരവനിത ഇന്ന് ഒറ്റയ്ക്കാണ്, നാടും വീടുമൊക്കെ അവരെ ഉപേക്ഷിച്ചു. സമരത്തിൽ നിന്നും പിന്മാറിയത് ജനതയോടു ചെയ്ത വഞ്ചനയായാണ് അവര്‍ കാണുന്നത്. തന്റെ യൗവനത്തിലേറെയും സമൂഹത്തിനു വേണ്ടി ത്യജിച്ച ഇറോം ശര്‍മിളയ്ക്ക് അഭയം വാഗ്ദാനം ചെയ്തു രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ നടി രേണുക ഷഹാനെ.

തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് രേണുക ഇറോം ശർമിളയെ തന്റെ വസതിയിലേക്കു സ്വാഗതം ചെയ്തിരിക്കുന്നത്. ഇറോം ശർമിളാ, നിങ്ങളെ സ്വീകരിക്കുന്ന സ്ഥലങ്ങളില്ലെങ്കിൽ തനിക്കൊപ്പം മുംബൈയിൽ താമസിക്കാം എന്നാണു രേണുക പറഞ്ഞത്. ഇറോം ശർമിള എത്തിയാൽ താൻ ബഹുമാനിതയാകുമെന്നും രേണുക ഫേസ്ബുക്കിൽ കുറിച്ചു.

എല്ലാ മനുഷ്യവകാശങ്ങളും അഫ്സ്പായ്ക്കെതിരെ പ്രവർത്തിക്കുന്നവരും നിങ്ങൾ മൂക്കുവഴി ട്യൂബിട്ടു നിർബന്ധമായി ഭക്ഷണം കഴിക്കുന്ന കാഴ്ച്ചയിൽ സന്തുഷ്ടരാകുന്നവരും അതിനെ പിന്തുണയ്ക്കുന്നവരുമാണ്. 2000ത്തിൽ താങ്കള്‍ ഈ നിരാഹാര സമരം ആരംഭിച്ചപ്പോള്‍ എല്ലാവരും നിങ്ങൾക്കൊപ്പം ഉണ്ടായിരുന്നില്ല. ഇന്നു അത് അവസാനിപ്പിക്കാന്‍ തീരുമാനിച്ചപ്പോഴും എല്ലാവരും കൂടെയില്ല, എല്ലാവരും നിങ്ങൾക്കൊപ്പം ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുമില്ല. ഇത്രയും കാലം മറ്റുള്ളവർക്കു വേണ്ടി ജീവിതത്തിന്റെ നല്ല പങ്കുനീക്കിയ ഇറോം ശർമിളയെ ഇന്നു വീ‌ടും നാടും ഉപേക്ഷിക്കുകയാണെന്ന വാർത്ത തന്റെ ഹൃദയം തകര്‍ത്തു. മനുഷ്യാവകാശങ്ങൾക്കു വേണ്ടി പോരാടുന്നുവെന്നു പറയുന്നവർക്കുള്ളിലെ ഫാസിസം ആണിതു വ്യക്തമാക്കുന്നതെന്നും അവരാദ്യം മനുഷ്യരാകുവാൻ ശ്രമിക്കണമെന്നും രേണുക പറയുന്നു.

മണിപ്പൂരിലെ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയിലാണ് ഇറോം ശര്‍മിള ഇപ്പോൾ കഴിയുന്നത്. പ്രത്യേക സൈനികാധികാര നിയമത്തിനെതിരെയാണ് പതിനാറു വർഷം നീണ്ട നിരാഹാര സമരത്തിന് ഇറോം ശർമിള തുടക്കമിട്ടത്. ഗോവ സ്വദേശിയായ ബ്രിട്ടിഷ് പൗരൻ ഡെസ്മണ്ട് കുട്ടിഞ്ഞോയുമായി പ്രണയത്തെയും ഭൂരിഭാഗവും എതിർക്കുകയാണ്. ഏറെ വർഷങ്ങളായി ഭക്ഷണം കഴിക്കാതിരുന്നതിനാല്‍ ഇറോം ശർമിള സാധാരണ ഭക്ഷണം കഴിക്കാൻ ഇനിയും സമയം എടുക്കുമെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. ഇപ്പോൾ തേൻ ചാലിച്ച വെള്ളവും ഹോർലിക്‌സുമാണ് ഇറോം ശര്‍മിള കഴിക്കുന്നത്. 

Your Rating: