Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ അമ്മയുടെ സ്നേഹത്തിനു മുന്നിൽ മരണം പോലും തോറ്റു

Rishikesh ഋഷികേശ് രോഗം ബാധിച്ചതിനു ശേഷവും മുമ്പുമുള്ള ചിത്രങ്ങൾ

നെഫ്രോട്ടിക്ക് സിൻഡ്രം തോറ്റു, ഋഷികേശിന്റെയും അമ്മയുടെയും നിശ്ചയദാർഡ്യത്തിനു മുമ്പിൽ. ഫെബ്രുവരി വരെ സാധാരണ കുട്ടികളെപ്പോലെ ചിരിച്ചും കളിച്ചും ഓടിയും ചാടിയും ജീവിതം ആഘോഷമാക്കിയ കുട്ടിയാണ് മുതുകുളം സ്വദേശി ഋഷികേശ്. സ്കൂളിൽ നിന്നും തിരികെ എത്തിയ ഒരു വൈകുന്നേരമാണ് അമ്മ സുസ്മിതാ നായർ മകന്റെ കാലിൽ അസാധാരണമായ മഞ്ഞനിറം കാണുന്നത്. പതിവിൽ കൂടുതൽ വണ്ണവും ഋഷികേശിൽ കണ്ടിരുന്നെങ്കിലും അത് വെറും തോന്നലായിരിക്കുമെന്നു കരുതി. എന്നാൽ കുറച്ചുസമയങ്ങൾക്കുശേഷം ഋഷികേശിനു പനിച്ചു തുടങ്ങി. അടുത്തുള്ള ശിശുരോഗവിദഗ്ധന്റെ അരികിൽ സമയം വൈകാതെ എത്തിച്ചു. ആ സമയമുതലുള്ള രണ്ടുവർഷം ഋഷികേശിന് ആശുപത്രി വാസത്തിന്റെ നാളുകളായിരുന്നു. പരിശോധനയിൽ നെഫ്രോട്ടിക് സിൻഡ്രോമിന്റെ തുടക്കമാണ് ഋഷികേശിനെന്ന് തിരിച്ചറിഞ്ഞു.

വൃക്കകളെ ബാധിക്കുന്ന മാരകമായ അസുഖമാണ് നെഫ്രോടിക് സിൻഡ്രം. അസുഖം ബാധിക്കുന്നവരുടെ രക്തത്തിൽ നിന്നും ധാരാളം പ്രോട്ടീൻ മൂത്രം വഴി നഷ്ടപ്പെടും. രക്തത്തിൽ ആൽബുമിൻറെ അളവ് കുറഞ്ഞു വന്ന് രക്തത്തിൽ കൊഴുപ്പിൻറെ അളവു വർദ്ധിച്ച്, ശരീരമാകെ നീർക്കെട്ട് വരികയുമാണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ. കൂടുതലായി ലിപോപ്രോട്ടീൻ ഉണ്ടാവുന്നത് രക്തത്തിലെ കൊഴുപ്പിന്റെ അംശം വർദ്ധിക്കുന്നതിനും കാരണമാവുന്നു.

ഋഷികേശിനെ ചികിത്സിച്ച ശിശുരോഗവിദഗ്ധൻ എത്രയും വേഗം ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ തുടങ്ങാൻ നിർദേശിച്ചു. കുഞ്ഞു ഋഷികേശിന്റെ ജീവിതം ആശുപത്രി കിടക്കയിലേക്ക് വീഴാൻ അധികം സമയം വേണ്ടി വന്നില്ല. കേവലം ഇരുപത്തിമൂന്നു കിലോ തൂക്കമുണ്ടായിരുന്ന കുട്ടി ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് കവിളും വയറും ജനനേന്ദ്രിയവും വരെ വീർത്ത്, കണ്ണുകൾ ചിറുങ്ങി കട്ടിലിൽ തളർന്നു കിടന്നു. ഏതൊരു അമ്മയ്ക്കും സഹിക്കാവുന്നതിനുമപ്പുറത്തായിരുന്നു മകന്റെ രോഗാവസ്ഥ. എങ്കിലും സ്മിത പിടിച്ചു നിന്നു. ചില ദിവസങ്ങളിൽ ജനനേന്ദ്രിയത്തിൽ സൂചികുത്തിയിറക്കി നേരിട്ട് മൂത്രം വലിച്ചെടുക്കുമ്പോൾ മകൻ വേദനകൊണ്ട് അലറുന്നത് സുസ്മിത എല്ലാ സഹനശക്തിയോടെയും നോക്കി നിന്നു. മകന്റെ അസുഖം ഭേദമാകുമെന്ന പ്രതീക്ഷയോടെ പ്രാർഥനയോടെ നാലു മാസത്തിലധികം ആശുപത്രിയിൽ കഴിച്ചുകൂട്ടി. ഇതിന്റെയിടയിൽ രണ്ടുതവണ ഋഷികേശ് ഐസിയുവിലായി. അവസാനം കരൾ ആൽബുമിന്റെ ഉൽപാദനം കുറച്ചതോടെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. "ഇനി എപ്പോഴെങ്കിലും രോഗലക്ഷണങ്ങൾ കാട്ടിയാൽ ഉടൻതന്നെ കൊണ്ടുവന്നേക്കണം" എന്ന നിർദ്ദേശത്തോടെയാണ് കഴിഞ്ഞ വർഷം കോട്ടയം മെഡിക്കൽ കോളേജിന്റെ ശിശു രോഗാശുപത്രി യിൽ നിന്ന് ഋഷികേശിനെ ഡിസ്ചാർജ് ചെയ്തത്.

ഇനി ഒരിക്കലും രോഗം മകനെ കാർന്നു തിന്നാൻ വരില്ല എന്ന് പ്രതീക്ഷിച്ചെങ്കിലും കൃത്യം ഒരു വർഷമായതോടെ രോഗലക്ഷണങ്ങൾ പ്രകടമായി. അന്നത്തെ ആകുലതകൾ , ആശുപത്രി വാസത്തിലെ സങ്കടക്കാഴ്ചകൾ , അന്നിറങ്ങിയ പടവുകൾ വീണ്ടും മകനെയും കൊണ്ട് കയറില്ലെന്നു സ്മിത പ്രതി‍‍ജ്ഞയെടുത്തു. അടുത്ത ബന്ധുവിൽ നിന്നാണ് മുതുകുളത്തു നിന്നും അധികം ദൂരയല്ലതെ പുതിയവിള എന്ന സ്ഥലത്തുള്ള പട്ടോളിൽ ഹോമിയോ ഡോക്ടർ മിനി ഉണ്ണികൃഷ്ണനെക്കുറിച്ചറിയുന്നത്. ഡോക്ടറെ കാണുന്നതിനു മുമ്പ് ഹോമിയോയുടെ സാധ്യതകൾ സ്മിത ഇന്റർനെറ്റിൽ പരതി. ആശാവഹമായ കാഴ്ച്ചകളായിരുന്നും ഇന്റർനെറ്റ് സ്മിതയ്ക്കു മുന്നിൽ കാട്ടിക്കൊടുത്തത്. ഹോമിയോചികിത്സ വഴി രോഗം മാറ്റിയ അനേകരുടെ ജീവിതം മകന് ഇനി മുതൽ ഹോമിയോ മതിയെന്ന തീരുമാനത്തിൽ എത്തിച്ചു.

ഡോക്ടറുടെ അടുത്ത് ഋഷികേശിനെ എത്തിക്കുമ്പോൾ അവസ്ഥ പരിതാപകരമായിരുന്നു. ഒരുവർഷം മുമ്പ് ദേഹത്തിൽ കുത്തിവെച്ച സ്റ്റീറോയിഡുകളുടെ പാർശ്വഫലമായി ദേഹമാസകലം രോമം കൊണ്ടു നിറഞ്ഞു. ശരീരം സ്വയം താങ്ങി നടക്കാനാവാത്ത അവസ്ഥയായി. അൽപ്പം പോലും കാത്തുനില്‍ക്കാതെ ഡോക്ടർ ചികിത്സ തുടങ്ങി. ശരീരത്തിലെ സ്റ്റീറോയിഡുകളെ പുറംതള്ളിച്ചു കളയുകായിരുന്നു ആദ്യ പടി. അതിഭീകരമായ പടിയായിരുന്നു അത് രോഗം അതിന്റെ എല്ലാ ഭീകരതയും പുറത്തുകാട്ടി. നെഫ്രോട്ടിക് സിൻഡ്രത്തോടൊപ്പം ചുമ, ഛർദ്ദിൽ, വയറിളക്കം തുടങ്ങിയവയും കുഞ്ഞു ഋഷികേശിനെ വേദനിപ്പിച്ചു. രോഗത്തിനു മകനെ ഇനി വിട്ടുകൊടുക്കില്ലെന്ന വാശിയോടെ സ്മിതയും ഇനി ഒരിക്കലും രോഗം വരരുതെന്ന ദൃഢനിശ്ചയത്തോടെ ഡോക്ടറും ചികിത്സ തുടർന്നതോടെ നെഫ്രോട്ടിക് സിൻഡ്രം മുട്ടുമടക്കി. ആറുമാസത്തെ ചികിത്സ ഋഷികേശിനെ രണ്ടുവർഷം മുമ്പുള്ള ഋഷികേശാക്കി മാറ്റി. ഈ കാലയളവ് സ്മിതയ്ക്കും ഡോക്ടർ മിനിയ്ക്കും ഒരിക്കലും മറക്കാനാവില്ല. ശരിയായ ചികിത്സ നൽകാതെ മകനെ കൊല്ലാൻ ശ്രമിക്കുന്നുവളെന്ന പഴി സ്മിതയ്ക്കും വ്യാജചികിത്സയാണ് നൽകുന്നതെന്ന കുറ്റപ്പെടുത്തലുകൾ ഡോക്ടർക്കു നേരെയും ചാട്ടൂളിപോലെ പലരും വീശിയടിച്ചു. എല്ലാ വിമർശനങ്ങളുടെയും വായടപ്പിക്കുന്നതായിരുന്നു ഋഷികേശിന്റെ മാറ്റം. 32.9 ൽ നിന്ന് 26 കിലോഗ്രാമിലെത്തി നിൽക്കുന്നു അവന്റെ തൂക്കം. ഇനി ഒരാഴ്ചകൂടി കഴിയുമ്പോൾ സൈക്കിൾ ചവിട്ടിയും ക്രിക്കറ്റ് കളിച്ചും ശരീരസ്ഥിതി പരിശോധിച്ച ശേഷം ഓണപ്പരീക്ഷയോടെ സ്കൂളിൽ പോയിത്തുടങ്ങുകയാണ് ഋഷികേശ്. മിനിയാന്റി എനിക്ക് എന്തു തന്നാണ് എന്റെ രോഗം മാറ്റിയതെന്ന ഋഷികേശിന്റെ നിഷ്കളങ്കമായ ചോദ്യത്തിന് സ്നേഹത്തിന്റെ തലോടലിലൂടെ ഡോക്ടർ മറുപടി പറയുകയാണ്. 

Your Rating: