Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാബ്രിയെ , അകമേ എരിഞ്ഞു മറ്റുള്ളവർക്ക് വെളിച്ചമാകുന്നവൾ

kanthari_1 Sabriya Tenberken

സാബ്രിയെ, നീ വെളിച്ചമാണ്, ഇരുട്ടിന്റെ ലോകത്ത് നീ നിന്നെ കണ്ടെത്തി, പിന്നീട് സ്വയമൊരു തിരിയായ് എരിഞ്ഞു നീ മറ്റുള്ളവർക്ക് വെളിച്ചമായി. ഫ്ലോറൻസ് നൈറ്റിൻഗെയ്‌ലിനെ പോലെ നീയും പ്രകാശം പരത്തുന്ന പെൺകുട്ടിയാണ്. അകമേ എരിഞ്ഞു മറ്റുള്ളവർക്ക് വെളിച്ചമാകുന്ന പെൺകരുത്ത്...

അതെ, ഇത് സാബ്രിയെയുടെ കഥയാണ്. സാബ്രിയെ ടെൻബർക്കൻ  എന്ന ജർമ്മൻ യുവതിയുടെ കഥ. ജർമ്മൻകാരി സാബ്രിയെ തിരുവനന്തപുരത്തിന്റെ 'കാന്താരിയായ' കഥ. ജീവിതയാത്രയുടെ തുടക്കത്തിൽ തന്നെ ഇരുട്ടിലേക്ക് വലിച്ചറിയപ്പെട്ട ബാല്യമായിരുന്നു സാബ്രിയയുടേത്. ഭാഗീകമായി കാഴ്ച നഷ്ടപ്പെട്ടു തുടങ്ങുന്ന അപൂർവ രോഗം ഒടുവിൽ ചെന്നവസാനിച്ചത്  പന്ത്രണ്ടാം വയസ്സിൽ പൂർണ്ണമായി അന്ധയാകുന്നതിലായിരുന്നു. എന്നാൽ അന്ധതയ്ക്ക് മുന്നിൽ മുട്ടുമടക്കാൻ സാബ്രിയെ തയ്യാറല്ലായിരുന്നു. 

kanthari_2 Sabriya Tenberken

എഴുത്തുകാരി, സാമൂഹ്യ പരിഷ്‌കര്‍ത്താവ്, വിദ്യാഭ്യാസ വിദഗ്ധ, മോട്ടിവേഷണല്‍ സ്പീക്കര്‍, സംരംഭക, തുടങ്ങി നിരവധി നേട്ടങ്ങൾ കൈ എത്തിപ്പിടിക്കാൻ സാബ്രിയയ്ക്ക് കൂട്ടായത് തന്റെ അകക്കണ്ണിന്റെ കാഴ്ചയും മനക്കരുത്തും ആയിരുന്നു. തന്നെപോലെ അന്ധരായവർ ഒരിക്കലും വിധിയുടെ മുന്നിൽ പകച്ചു നിൽക്കരുത് എന്ന നിശ്ചയദാർഢ്യമാണ് സാബ്രിയയെ വളർത്തിയത്. അതിനാൽ തന്നെ ബ്രയിൽ ലിപിയിലൂടെ അവർ പഠിച്ചു. ലോകത്ത് ആദ്യമായി ടിബറ്റന്‍ ബ്രെയ്ല്‍ ലിപി വികസിപ്പിച്ചെടുത്തത് സാബ്രിയെ ആയിരുന്നു.

kanthari_3 Sabriya Tenberken

ഉയരങ്ങൾ സ്വപ്നം കണ്ടപ്പോൾ അകക്കണ്ണ് കാഴ്ച പകർന്നു

ബ്രയിൽ ലിപിയിലൂടെ പഠിച്ചതാണ് സാബ്രിയെ ബോണ്‍ സര്‍വകലാശാലയില്‍ നിന്ന് സെന്‍ട്രല്‍ ഏഷ്യന്‍ സ്റ്റഡീസില്‍ ഉന്നതപഠനം പൂര്‍ത്തിയാക്കിയത്. അതിനു ശേഷം, ടിബെറ്റോളജിയില്‍ സ്‌പെഷലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ടിബറ്റ് സന്ദർശിച്ചു. അത് സാബ്രിയയുടെ ജീവിതത്തിൽ വഴിത്തിരിവാകുകയായിരുന്നു. കാഴ്ചയില്ല എന്ന കാരണം കൊണ്ട് ടിബറ്റൻ സമൂഹം അന്ധരോട് കാണിക്കുന്ന അവഗണനയെ കുറിച്ചുള്ള വാർത്തകൾ സാബ്രിയയെ വേദനിപ്പിച്ചു. പഠനം മതിയാക്കി കാഴ്ച നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടിയുളള വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാബ്രിയെ തീരുമാനിച്ചു.

അങ്ങനെയാണ് 1992 ൽ സാബ്രിയെ ടിബറ്റൻ ബ്രയിൽ ലിപി വികസിപ്പിക്കുന്നത്. അതിലൂടെ ടിബറ്റിലെ കാഴ്ചനഷ്ടപ്പെട്ട ജനതക്ക് വിദ്യാഭ്യാസം നൽകാൻ സാബ്രിയെ പ്രയത്നിച്ചു.  'സെന്റര്‍ ഫോര്‍ ദ ബ്ലൈന്‍ഡ് ഇന്‍ ലാസ' എന്ന പേരിൽ കാഴ്ച നഷ്ടപ്പെട്ടവരെ സഹായിക്കാനായി ഒരു സംരംഭത്തിന് സാബ്രിയെ തുടക്കം കുറിച്ചുവെങ്കിലും വേണ്ടത്ര പിന്തുണയില്ലാത്തതിനാൽ സംരംഭം മുന്നോട്ടു പോയില്ല. 25 -ാം വയസ്സിലാണ് സാബ്രിയെ ഈ നേട്ടങ്ങൾ കൈവരിക്കുന്നത്.

kanthari_4 Sabriya Tenberken

എന്നാൽ ഒരിക്കൽ പരാജയം നേരിട്ടു എന്നത് കൊണ്ട് മാത്രം തന്റെ ലക്ഷ്യത്തിൽ നിന്നും പിന്മാറാൻ സാബ്രിയെ തയ്യാറല്ലായിരുന്നു. 2002 ൽ ഹോളണ്ട് സ്വദേശിയായ എന്‍ജിനീയര്‍ പോള്‍ ക്രോണെന്‍ബര്‍ഗുമായി ചേര്‍ന്ന് 'ബ്രെയ്ല്‍ വിത്ത്ഔട്ട് ബോഡേഴ്‌സ്' എന്ന പ്രസ്ഥാത്തിനു സാബ്രിയെ തുടക്കമിട്ടു. അന്ധരായ വ്യക്തികൾക്ക് പരുഷമായ ജീവിത സാഹചര്യങ്ങളെ അതിജീവിക്കാനുള്ള വഴികൾ നിർദ്ദേശിയ്ക്കുകയായിരുന്നു ഈ സ്ഥാപനത്തിന്റെ ലക്‌ഷ്യം. സാബ്രിയെയുടെ പ്രവൃത്തികൾക്ക് പൂർണ പിന്തുണ നൽകിയ പോൾ തന്നെ പിന്നീട് സാബ്രിയയെ വിവാഹം ചെയ്തു. 

kanthari_6 Sabriya Tenberken

സ്വയം തൊഴിൽ പരിശീലനം

കാഴ്ച നഷ്ടപ്പെട്ടവർക്ക് വിദ്യാഭ്യാസം പോലെ തന്നെ പ്രധാനമാണ് സ്വന്തമായി തൊഴിൽ ചെയ്യാൻ പരിശീലിപ്പിക്കുക എന്നതും എന്ന് മനസിലാക്കിയ സാബ്രിയെ അന്ധർക്കായി സംരംഭകത്വ പരിശീലന പരിപാടികൾ ആരംഭിച്ചു. മെഡിക്കല്‍ മസാജിംഗ്, ഫാമിംഗ്, ചീസ് മെയ്ക്കിങ്, അനിമല്‍ ഹസ്‌ബെന്‍ഡറി തുടങ്ങിയ സംരംഭങ്ങളാണ് സാബ്രിയെ ആരംഭിച്ചത്. ടിബറ്റിൽ ആരംഭിച്ച ഈ സംരംഭങ്ങൾ വൻ വിജയമായതിനെ തുടർന്ന് മറ്റു സ്ഥലങ്ങളിലേക്കും സാബ്രിയേ തന്റെ സേവനം വ്യാപിപ്പിച്ചു. 

Sabriya Tenberken Sabriya Tenberken

കേരളം വാതിൽ തുറക്കുന്നു....

കേരളത്തെക്കുറിച്ച് മറ്റുള്ളവർ പറഞ്ഞുകേട്ട അറിവിൽ നിന്നാണ് ദൈവത്തിന്റെ സ്വന്തം നാട് സാബ്രിയേയുടെ മനസ്സിൽ കയറിപ്പറ്റുന്നത്. 2007 ൽ സാബ്രിയെ ഭർത്താവ് പോളിനൊപ്പം കേരളത്തിൽ എത്തി. വെളളായണി കായലിന്റെ തീരത്ത് സ്ഥലം കണ്ടെത്തി, കാന്താരി എന്ന പേരിൽ ഒരു സ്ഥാപനം ആരംഭിച്ചു. ബ്രെയിൽ വിതൗട് ബോർഡേഴ്സ് എന്ന ആദ്യ സ്ഥാപനത്തിന്റെ ചുവടുപിടിച്ചതായിരുന്നു കാന്താരി ഉയർന്നു വന്നത്. കാഴ്ചയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം ജീവിതം കണ്ടെത്താനുള്ള പരിശീലനം നല്കുകയുയായിരുന്നു കാന്താരിയുടെ സാബ്രിയെ. 

Sabriya Tenberken Sabriya Tenberken

കണ്ടാൽ ചെറുതാണെങ്കിലും കാന്താരി മുളകിന്റെ എരിവ് ഭയങ്കരമാണ്, തന്റെ സ്ഥാപനത്തിൽ നിന്നും പരിശീലനം നേടി പുറത്തിറങ്ങുന്നവർ അത്ര നിസ്സാരക്കാരല്ല എന്നതാണ് സാബ്രിയെ ഈ  പേരിട്ടതിനെക്കുറിച്ച് പറയുന്നത്. 2009-ലാണ് കാന്താരി ഇന്റർനാഷണൽ എന്ന സ്ഥാപനം പ്രവർത്തനം ആരംഭിക്കുന്നത്. മാനേജ്‌മെന്റ്, കമ്മ്യൂണിക്കേഷന്‍, ലീഡര്‍ഷിപ്പ്, ഫിനാന്‍സ് മാനേജ്‌മെന്റ്, മാര്‍ക്കറ്റിംഗ്, പ്രൊജക്റ്റ് മാനേജ്‌മെന്റ്, കംപ്യൂട്ടര്‍ തുടങ്ങിയ നിരവധി രംഗങ്ങളില്‍ കാഴ്ചയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കാന്താരിയില്‍ പരിശീലനം നൽകിവരുന്നു. കേരളത്തിനകത്ത് മാത്രമല്ല, ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഉള്ളവരും മറ്റു രാജ്യങ്ങളിൽ ഉള്ളവരും ഇവിടെ പരിശീലനത്തിനായി എത്തുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. 

ബ്രയിൽ ലിപിയിൽ ഗ്രന്ഥശാല, ഹോസ്റ്റല്‍, ഓഡിറ്റോറിയം, തുടങ്ങിയ സൗകര്യങ്ങൾ കാന്താരിയിൽ നൽകി വരുന്നു.  ഡേകെയര്‍ സെന്ററുകള്‍, അനിമല്‍ ഹസ്ബന്‍ഡറി, ഫാമിംഗ് എന്നീ മേഖലകളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇവിടെ പരിശീലിപ്പിക്കുന്നത്. നോബൽ സമ്മാനത്തിനായി നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട് സാബ്രിയ. പർവ്വതാരോഹണം, കുതിര സവാരി എന്നിവയിൽ തന്റെ നൈപുണ്യം തെളിയിച്ച സാബ്രിയയ്ക്ക് മുന്നിൽ അന്ധത ഒരിക്കലും ഒരു തടസ്സമാകുന്നില്ല. 

Your Rating: