Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മരിക്കാൻ വേണ്ടി 106 ഉറക്കഗുളികകൾ കഴിച്ചു; മാനസികരോഗത്തിന് ചികിത്സ തേടി: സരിത

saritha-pod സരിതാ നായർ

മരിക്കാൻ വേണ്ടി 106 ഉറക്കഗുളികകൾ കഴിച്ചതിനെക്കുറിച്ചും മാനസികരോഗത്തിന് ചികിത്സ തേടിയ കാലത്തെക്കുറിച്ചും സോളാർ കേസിലെ പ്രതി സരിതാ നായർ തുറന്നുപറയുന്നു. സ്ത്രീയെന്ന രീതിയിൽ അനുഭവിക്കുന്ന മാനസിക സംഘർഷത്തെക്കുറിച്ചും സരിത വെളിപ്പെടുത്തുന്നു.

സരിതയുടെ കഥ ഒരു ചതിയുടെ കഥയാണോ?

എന്നെ ആദ്യം ചതിച്ചത് ബിജുരാധകൃഷ്ണനാണ്. എന്റെ ആദ്യ വിവാഹ മോചനത്തിനുള്ള കാരണക്കാരൻ തന്നെ അയാളാണ്. ഗൾഫിലുള്ള ഭർത്താവിനെ വിളിച്ച് എനിക്ക് മ്യൂസിയം പൊലിസ് സ്റ്റേഷനിലെ എസ്.ഐയുമായി ബന്ധമുണ്ടെന്ന് പറഞ്ഞു. മറ്റൊരു സ്ത്രീയുമായുള്ള പ്രണയം തകർന്നതിന് ശേഷമാണ് എന്നെ എന്റെ ഭർത്താവ് വിവാഹം ചെയ്യുന്നത്.ബിജു വിളിച്ചു പറഞ്ഞത് കാരണമാക്കി അദ്ദേഹം എന്നോട് സംസാരിക്കാതെയായി. രണ്ടാഴ്ച്ച കഴിഞ്ഞ് നാട്ടിലേക്ക് വരാം എന്നിട്ടാകാം സംസാരമെല്ലാമെന്ന് അനുനയിപ്പിക്കാൻ ശ്രമിച്ചവരോട് പറഞ്ഞു. വല്ലവരും പറയുന്നത് കേട്ട് ഭാര്യയെ അവിശ്വസിക്കാമോ എന്ന് ബന്ധുക്കൾ പറഞ്ഞതിന്റെ പേരിൽ വിവാഹമോചന തീരുമാനത്തിൽ നിന്ന് അദ്ദേഹം മാറി ചിന്തിച്ച സമയത്താണ് ബിജു ക്രൈം പത്രത്തിലുള്ള ഒരു ലേഖികയ്ക്ക് പതിനായിരം രൂപ കൊടുത്ത് എന്നെയും പൊലീസ് ഉദ്യോഗസ്ഥനെയും ചേർത്ത് വാർത്ത കൊടുപ്പിച്ചു. മോങ്ങാനിരുന്ന നായുടെ തലയിൽ തേങ്ങ വീണ അവസ്ഥ പോലെയായിരുന്നു അത്. ഭർത്താവ് വിവാഹമോചനത്തിന് ഫയൽ ചെയ്തു. ബിജുവിന്റെ കമ്പനിയിൽ നിന്ന് അപ്പോഴേക്കും ഞാൻ രാജിവെച്ചിരുന്നു. വിവാഹ മോചനം എന്നെ വല്ലാതെ തളർത്തി. മകൻ ചെറിയ കുഞ്ഞാണ്. മരിക്കാൻ വേണ്ടി 106 ഉറക്കഗുളികളാണ് കഴിച്ചത്. കഷ്ടകാലത്തിന് മരിച്ചില്ല. മൂന്നു ദിവസം കഴിഞ്ഞ് ബോധം വീണു.

പക്ഷെ അതോടെ മാനസികനില തെറ്റി. സ്ക്രീസോഫീനിയ എന്ന മാനസികരോഗത്തിന് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ആറു മാസത്തോളം ചികിത്സയിലായിരുന്നു. അസുഖത്തിൽ നിന്നും രക്ഷപെട്ട് ജീവിതത്തിലേക്ക് വന്നിട്ടും ബിജുരാധാകൃഷ്ണൻ വേട്ടയാടുന്നത് തുടർന്നു. ഗുണ്ടകളെ ഉപയോഗിച്ച് വീട്ടിൽ കഞ്ചാവ് വെക്കാൻ വരെ ശ്രമിച്ചു. പക്ഷെ അതൊക്കെ പൊലീസിനോട് പരാതി പറയുമ്പോൾ അയാൾ അവൾക്ക് ഭ്രാന്താണ്, അവർ പറയുന്നത് വിശ്വസിക്കരുതെന്ന് പറയും. അതുകൊണ്ട് പൊലീസിന്റെ ഭാഗത്തു നിന്നും സംരക്ഷണം കിട്ടിയില്ല. ഗുണ്ടകൾ സ്ഥിരമായി വീടിനും ചുറ്റും നിൽക്കാനും ഭീഷണിപ്പെടുത്താനും തുടങ്ങി. ഗതികെട്ട് ബിജുവിന്റെ ഭാര്യ രശ്മിയെ വിളിച്ചു വരുത്തി. രശ്മിയും ഞാനും കൂടെ പൊലീസ് സ്റ്റേഷനിൽ പോയി ബിജുവിന്റെ ശല്ല്യം ഇനി ഉണ്ടാകില്ല എന്ന് രേഖാമൂലം എഴുതിപ്പിച്ചു.

അഞ്ചാറു മാസം അങ്ങനെ സ്വസ്ഥമായി പോയി ഇതിനിടയ്ക്ക് എനിക്ക് എച്ച്.ഡി.എഫ്.സി ബാങ്കിൽ ജോലി ലഭിച്ചു. കാര്യങ്ങൾ സുഗമമായി പോകുമ്പോഴായിരുന്നു രശ്മി മരിച്ച വിവരം പത്രത്തിൽ കാണുന്നത്. വീണ്ടും ബിജു എന്റെ ജീവിതത്തിലേക്ക് വന്നു. പഴയ പോലെ ഗുണ്ടകളും ഭീഷണിയുമായി. അയാളുടെ കമ്പനിയിൽ ജോലിക്ക് വന്നില്ലെങ്കിൽ കമ്പനിയിൽ നിന്നും കാശ് കടം വാങ്ങി മുങ്ങി എന്ന് പറഞ്ഞ് പൊലീസിനെ കൊണ്ട് പിടിപ്പിക്കുമെന്ന് വരെയായി ഭീഷണി. അതിന് തെളിവായി അഞ്ചുലക്ഷം രൂപയുടെ കള്ള വൗച്ചറും അയാൾ എങ്ങനെയോ ഒപ്പിച്ചു. അതിനും വഴങ്ങുന്നില്ല എന്ന് കണ്ടതോടെ പഴയ ക്രൈം പത്രം അയൽവാസികളെ കാണിക്കാൻ തുടങ്ങി. ഭീഷണയും ഗുണ്ടായിസവും സഹിക്കവയ്യാതെ പേടിച്ചാണ് വീണ്ടും ബിജുവിന്റെ കമ്പനിയിൽ ജോലിക്ക് കയറുന്നത്.

കമ്പനിയ്ക്ക് വേണ്ടി മാർക്കറ്റിങ്ങ് ചെയ്തു എന്നുള്ളത് അല്ലാതെ കമ്പനിയുടെ സാമ്പത്തിക ഇടപാടിനെക്കുറിച്ച് എനിക്ക് യാതൊന്നും അറിയില്ലായിരുന്നു. ഗവൺമെന്റിന്റെ ചില പ്രൊജക്ടുകൾ ഉണ്ടെന്ന് പറഞ്ഞ് എന്റെ അക്കൗണ്ട് അയാൾ ഉപയോഗിച്ചു അതാണ് എന്നെ ഈ കേസിൽപ്പെടുത്തിയത്. മാർക്കറ്റിങ്ങ് നടത്തി ഉപഭോക്താക്കളെ പിടിച്ചു കൊടുത്തു എന്ന തെറ്റ് ഞാൻ നിഷേധിക്കുന്നില്ല.

Saritha-S-Nair സരിതാ നായർ

ബിജുവും-സരിതയും തമ്മിൽ ഭാര്യാഭർതൃ ബന്ധമാണെന്നാണല്ലോ കേട്ടുകേൾവി?

അയാളുമായി എനിക്ക് അതരത്തിലുള്ള ഒരു ബന്ധവുമില്ല. എന്റെ രണ്ടാമത്തെ കുഞ്ഞിന്റെ അച്ഛൻ ബിജു രാധകൃഷ്ണനുമല്ല. കേരളത്തിലെ ഒരു രാഷ്ട്രീയ പ്രമുഖനാണ് എന്റെ കുഞ്ഞിന്റെ അച്ഛൻ. ഞങ്ങൾ തമ്മിൽ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല. പക്ഷെ അദ്ദേഹം ആരാണെന്ന് ഞാൻ പറയില്ല. അദ്ദേഹത്തിന്റെ ഇമേജിനെ ബാധിക്കുന്നതൊന്നും ചെയ്യാനും ഉദ്ദേശിച്ചിട്ടില്ല

ആരു വിളിച്ചാലും കൂടെ പോകുന്നവളാണ് സരിത എന്ന് പറയുന്നവരോട് എന്താണ് പറയാനുള്ളത്?

ആരു വിളിച്ചാലും കൂടെ പോകില്ല. എന്റെ വിവാഹത്തിന് ശേഷം നാലു വർഷത്തോളം ഭർത്താവ് എന്നെ തൊട്ടിട്ടില്ല, ആ വർഷമത്രയും കന്യകയായി തന്നെയാണ് ഞാൻ തുടർന്നത്. എനിക്ക് കുട്ടികൾ ഉണ്ടാവില്ല എന്ന് കോടതിയിൽ അദ്ദേഹത്തിന് വരുത്തി തീർക്കാൻ പറ്റാത്ത കൊണ്ടാണ് മകനുണ്ടായത്. വിവാഹം കഴിഞ്ഞ് അഞ്ചുവർഷത്തിന് ശേഷമായിരുന്നു അത്. ആരു വിളിച്ചാലും കൂടെ പോകുന്നവളായിരുന്നെങ്കിൽ അബ്ദുള്ളകുട്ടിക്കെതിരെ കേസ് കൊടുക്കേണ്ട കാര്യമെന്തായിരുന്നു.

saritha-2 സരിതാ നായർ

മുഖ്യമന്ത്രിക്ക് സരിതയുടെ സങ്കടങ്ങൾ അറിയാമോ?

ഒരു പൗര എന്ന നിലയിൽ വിഷമങ്ങൾ പറഞ്ഞിട്ടുണ്ട്. അതിനപ്പുറത്തേക്ക് അദ്ദേഹവുമായി യാതൊരു ബന്ധവുമില്ല. സോളാർ കേസിൽ മുഖ്യമന്ത്രി നിരപരാധിയാണ്. ഞങ്ങൾവെച്ച പ്രെപ്പോസൽ അദ്ദേഹം അംഗീകരിച്ചു എന്നല്ലാതെ ഖജനാവിൽ നിന്ന് പത്തുപൈസ പോലും അദ്ദേഹം സോളാറുമായി ബന്ധപ്പെട്ട കേസിൽ ചെലവഴിച്ചിട്ടില്ല. ഞാൻ അദ്ദേഹത്തിന്റെ മകളാണ്, അദ്ദേഹവുമായി വഴിവിട്ട ബന്ധമെ‌ന്നൊക്കെ പറഞ്ഞുപരത്തുന്നവരുണ്ട്. ഭരണം അട്ടിമറിക്കാൻ പലർക്കും കൂട്ടുനിന്നില്ല. അവരാണ് എനിക്കെതിരെ ഇങ്ങനെ പ്രതികാരം തീർക്കുന്നത്.

ഒരുപക്ഷെ സരിത പറയുന്നത് കോടതിയിൽ തെളിയിക്കാനായില്ലെങ്കിൽ ശിക്ഷ സ്വീകരിക്കാൻ തയ്യാറാണോ?

തീർച്ചയായും. കോടതി പറയുന്ന എന്ത് ശിക്ഷയും നീതിന്യായ വ്യവസ്ഥയെ ബഹുമാനിച്ചു കൊണ്ടു തന്നെ തരുന്ന ശിക്ഷ അനുഭവിക്കാൻ തയ്യാറാണ്.

(2015ൽ സരിതയുമായി നടത്തിയ അഭിമുഖത്തിൻറെ പ്രസക്ത ഭാഗങ്ങൾ)

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.