Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോണസ് കാറും വീടും, മുത്താണ് ഈ ബോസ്

savji-d-1. സാവ്ജി ധോലാകിയ

സൂററ്റിലെ ഹരേകൃഷ്ണാ എക്സ്പോർട്ടേഴ്സിനു മുന്നിൽ ഇപ്പോൾ ഉദ്യോഗാർഥികളുടെ തിരക്കാണ്. അതിനു കാരണം മറ്റൊന്നുമല്ല സ്ഥാപനത്തിന്റെ ഉടമയും പ്രശസ്ത വജ്രവ്യാപാരിയുമായ സാവ്ജി ധോലാകിയ എന്ന വലിയ മനുഷ്യന്റെ മഹാമനസ്കത കൂടിയാണ്. ഓരോ വർഷവും ദീപാവലി വേളയിൽ സാവ്ജി നൽകുന്ന ബോണസ് സമ്മാനങ്ങൾ കേട്ടു താടിക്കു കയ്യും കൊടുത്തിരിക്കുകയാണു മറ്റു സ്ഥാപനങ്ങളിലെ മുതലാളിമാർ, അത്രയ്ക്കുമുണ്ട് ആ പട്ടികയിലെ അത്ഭുതപ്പെടുത്തുന്ന ബോണസുകൾ. ഇത്തവണ ദീപാവാലി ബോണസായി സാവ്ജി തന്റെ പ്രിയ്യപ്പെട്ട തൊഴിലാളികൾക്കായി നൽകിയത് കാറും വീടും സ്വർണ്ണാഭരണങ്ങളുമാണ്. വാർഷികാടിസ്ഥാനത്തിലെ പ്രകടനം കണക്കിലെടുത്ത് 1665 തൊഴിലാളികളാണ് ഈ നേട്ടത്തിന് അർഹരായിരിക്കുന്നത്.

എല്ലാ വർഷവും ഹരേ കൃഷ്ണാ എക്സ്പോർട്ടേഴ്സ് ഉടമയായ സാവ്ജി ധോലാകിയ ഇത്തരത്തിൽ ആകര്‍ഷകമായ ബോണസ് നൽകാറുണ്ട്. കഴിഞ്ഞ വർഷം ഫിയറ്റ് കാറുകളും ഫ്ലാറ്റുകളും സ്വർണ്ണാഭരണങ്ങളുമൊക്കെയായിരുന്നു സാവ്ജി തൊഴിലാളികൾക്കു നൽകിയത്. ഹരേകൃഷ്ണാ എക്സ്പോർട്ടേഴ്സിന്റെ വാർഷികവരുമാനം ആറായിരം കോടിയാണ്, 5500ഓളം തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. ഇവരിൽ നിന്നും മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന വെക്കുന്നവർക്കാണു ബോണസ് ലഭിക്കുന്നത്. 400 പേർക്കു വീടുകളും 1260 പേർക്കു കാറുകളും ലഭിക്കും. ഇത്തവണ ബോണസ് ലഭിച്ചവരിലേറെയും കഴിഞ്ഞ തവണ ലഭിക്കാത്തവരാണ്, അതായത് മത്സരബുദ്ധിയോടെ നീങ്ങിയതാണ് അവരെ നേട്ടത്തിലേക്ക് എത്തിച്ചതെന്നു ചുരുക്കം. കഴിഞ്ഞ തവണ 1716 പേർക്കായിരുന്നു േബാണസ് വകയായി കിടിലൻ സമ്മാനങ്ങൾ ലഭിച്ചത്,

savji.d സാവ്ജി ധോലാകിയ, മകൻ ദ്രവ്യ

എന്നാൽ താൻ ചെയ്യുന്ന കാര്യം അത്ര മഹത്തരമാണെന്ന ചിന്തയൊന്നും തൊഴിലാളികൾ കാകാ എന്നു സ്നേഹപൂർവം വിളിക്കുന്ന സാവ്ജിക്കില്ല. അതെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്, ഞങ്ങൾ ഡയമണ്ട് പോളിഷർമാരെ തൊഴിലാളികളായിട്ടല്ല കുടുംബാംഗങ്ങളായിട്ടാണു കാണുന്നത്. കമ്പനിയിലെ അവരുടെ പ്രകടനത്തെ മുൻനിർത്തിയാണ് പാരിതോഷികങ്ങൾ നൽകുന്നത്. ഇതെല്ലാവർക്കും ഒരു പ്രചോദനമാവുകയും അവർ കൂടുതൽ മത്സരബുദ്ധിയോടെയും വരുംവർഷം ടാർഗറ്റ് ലക്ഷ്യമാക്കി നീങ്ങുമെന്നും സാവ്ജി പറയുന്നു. ഇത്തരമൊരു ആരോഗ്യകരമായ മത്സരത്തിലൂടെ കമ്പനി പുരോഗതിയിലേക്കാണു നീങ്ങുന്നതെന്നും സാവ്ജി പറയുന്നു.

ഇതേ കോടീശ്വരനായ സാവ്ജി തന്നെയാണ് മകന്‍ ദ്രവ്യയെ ജീവിതം പഠിപ്പിക്കാനായി വെറും ഏഴായിരം രൂപ മാത്രം പണം നൽകി കൊച്ചിയിലേക്ക് അയച്ചത്. കഷ്ടപ്പാ‌‌ടും യാതനയും എന്തെന്നു മനസിലാക്കാനും സ്വന്തമായി സമ്പാദിച്ചു സ്വന്തം കാലിൽ നിൽക്കുന്നത് എങ്ങനെയാണെന്നൊക്കെ തെളിയിച്ചു കാണിക്കാനുമാണ് ദ്രവ്യയ്ക്ക് അത്തരമൊരു നിർദ്ദേശം നല്‍കിയത്.ചേരാനെല്ലൂരില്‍ ഒരു ബേക്കറിയിലാണു ദ്രവ്യ ആദ്യം ജോലി ചെയ്തത്. ശേഷം ഒരു കോൾ സെന്ററിലും ഷൂ കടയിലും മക്ഡൊണാൾഡ്സിന്റെ ഔട്ട്‌ലെറ്റിലും ജോലി ചെയ്തു. ഒരുമാസം കൊണ്ടു നാലായിരം രൂപയായിരുന്നു അന്നു ദ്രവ്യയുടെ വരുമാനം.

ഗുജറാത്തിലെ അംറേലി ജില്ലയിലെ ദുധാല ഗ്രാമത്തിൽ ദരിദ്രകുടുംബത്തിൽ ജനിച്ച് അഞ്ചാം ക്ലാസുവരെ പഠിച്ച ധൊലാക്കിയ കഠിന പരിശ്രമത്തിലൂടെയാണു വമ്പൻ സ്ഥാപനം പടുത്തുയർത്തിയത്. തന്റെ നേട്ടങ്ങൾ ജീവനക്കാർക്കും പങ്കുവയ്ക്കുന്നതിലൂടെയാണു ധൊലാക്കിയ പ്രശസ്തനായത്.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.