Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാണാതായ ഭാര്യയെ തേടി ഒമ്പതു മാസം സൈക്കിളിൽ; ഒടുവിൽ...

cycle Representative image

കാണാതായ ഭാര്യയെതേടി ഒമ്പതു മാസം സൈക്കിളിൽ നാടു മുഴുവൻ അലഞ്ഞ ഒരു ബിഹാറുകാരന്റെ കഥ ചർച്ചയാകുന്നു. ബുദ്ധിമാന്ദ്യമുള്ള തന്റെ ഭാര്യയെ കാണാതെയായിട്ട് ഒമ്പതു മാസം സൈക്കിളിൽ രാജ്യത്തിന്റെ പല ഭാഗത്തും തപേശ്വർ അന്വേഷിച്ചു നടന്നു. ഒടുവിൽ കണ്ടെത്തി. ദേശീയ മാധ്യമങ്ങളിൽപ്പോലും ചർച്ചയായിരിക്കുകയാണ് ഉദാത്ത സ്നേഹത്തിന്റെ മാതൃക.

ഹൃദസ്പർശിയായ കഥയാണ് തപേശ്വർ സിങ്ങിന്റെ ജീവിതം. അനാഥനായ തപേശ്വർ കൂലിപ്പണിയെടുത്താണ് ഉപജീവനം നടത്തുന്നത്. ഉത്തർപ്രദേശിലെ മീററ്റിലാണു സ്ഥിരതാമസം. മൂന്നു വർഷം മുൻപാണ് ബബിതയെ തപേശ്വർ വിവാഹം ചെയ്യുന്നത്. മാനസികവൈകല്യം കാട്ടിയിരുന്ന ബബിതയെ വീട്ടുകാർ ഉപേക്ഷിച്ച നിലയിൽ തപേശ്വർ കണ്ടെത്തുകയായിരുന്നു. ഒറ്റനോട്ടത്തിൽത്തന്നെ അവളോടു പ്രണയം തോന്നി. വിവാഹം കഴിഞ്ഞു. ജീവിതത്തിൽ സന്തോഷം അറിഞ്ഞു തുടങ്ങിയ നാളുകളിലാണു ദുർദിനങ്ങൾ വീണ്ടും തപേശ്വരിനെ തേടിയെത്തുന്നത്.

ഒരു ദിവസം ജോലി കഴിഞ്ഞു മടങ്ങിയെത്തുമ്പോൾ ഭാര്യയെ കാണാനില്ല. നാടു മുഴുവൻ അന്വേഷിച്ചു നടന്നിട്ടു ഫലം കാണാതെ ഒടുവിൽ പൊലീസിൽ പരാതിപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയിലാണിത്. അന്വേഷിക്കാമെന്നു പറഞ്ഞെങ്കിലും പതിവു നിസംഗതയിൽ കാര്യങ്ങൾ ഒതുങ്ങി. ഒടുക്കം ഒരു വഴിയുമില്ലാതെവന്നപ്പോഴാണു പ്രിയതമയെ തേടിയിറങ്ങാൻ തപേശ്വർ തീരുമാനിച്ചു.

അങ്ങനെ സൈക്കളുമെടുത്ത് നാടായ നാടെല്ലാം തിരച്ചിൽ തുടങ്ങി. ആളുകൾ ആരെങ്കിലും തന്റെ ഭാര്യയെ എവിടെയെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ വിവരം അറിയിക്കുമല്ലോ എന്നു കരുതി സൈക്കിളിന്റെ മുന്നിലും പിന്നിലുമായി ബബിതയുടെ ചിത്രംവച്ച ബോർഡുകൾ വച്ചു. ബബിതയെ പെൺവാണിഭ സംഘത്തലവൻ കൊണ്ടുപോയെന്ന ചിലരുടെ വാക്കുകൾ തപേശ്വറിന്റെ ഹൃദയം തകർത്തു. നഗരത്തിലെ വേശ്യാലയങ്ങളിലെല്ലാം ഭാര്യയെ അന്വേഷിച്ച് അയാൾ നടന്നു. പക്ഷേ കണ്ടെത്താനായില്ല.

ഇതിനിടെ കയ്യിൽ ഉണ്ടായിരുന്ന ചെറിയ തുക തീർന്നു. ഭക്ഷണം കഴിക്കാൻ പോലും പണമില്ലാതായി. ബബിതയെ എന്നേക്കുമായി തനിക്കു നഷ്ടപ്പെടുകയാണെന്നു തപേശ്വറിനു തോന്നി. ചില സുമനസുകൾ തപേശ്വറിനെ സഹായിക്കാനെത്തിയതോടെ അയാൾ വീണ്ടും തെരച്ചിൽ തുടർന്നു. ഒരുനാൾ, ബബിതയെ ഹരിദ്വാറിൽ കണ്ടതായി ആരിൽനിന്നോ ഒരു വിവരം കിട്ടി. ഉടനെ സൈക്കിളിൽ ഹരിദ്വാറിലേക്ക്. ഒരു ദിനം മുഴുവൻ സൈക്കിളിൽ ഹരിദ്വാർ അരിച്ചുപെറുക്കിയെങ്കിലും നിരാശയായിരുന്നു ഫലം. അങ്ങനെ ഇനി ഒരിക്കലും ബബിത തന്നോടൊപ്പമുണ്ടാകില്ലെന്ന ദുഃഖഭാരത്തിൽ നാട്ടിലേക്കു തിരിക്കാനൊരുങ്ങവെ ക്ഷീണിച്ച് അവശയായ ഒരു സ്ത്രീ കയ്യടിച്ചു വിളിക്കുന്നതായി കണ്ടു. കണ്ണുകളെ വിശ്വസിക്കാനായില്ല തപേശ്വറിന്. അതു ബബിതയായിരുന്നു..! ഒടുവിൽ ഒമ്പതു മാസം നീണ്ട തന്റെ പ്രയത്നത്തിനു ഫലം തന്നതിനും സഹായിച്ചതിനും മനസിൽ നന്ദിപറഞ്ഞു നാട്ടിലേക്ക്.