Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണീർ ഉള്ളിലൊതുക്കി ചിരിക്കുകയാണ്, അന്നും ഇന്നും!

Onnum Onnum Moonnu സേതു ലക്ഷ്മിയും ശിവജി ഗുരുവായൂരും റിമി ടോമിയോടൊപ്പം ഒന്നും ഒന്നും മൂന്നിൽ

ഹൗ ഓൾഡ് ആർ യൂവിലെ മാധവിയമ്മയെ ഓർമയില്ലേ..? വെറും ഒരൊറ്റ ഡയലോഗിലൂടെ പ്രേക്ഷകരെ കരയിപ്പിച്ച കഥാപാത്രം. ''ആരെങ്കിലും ഉണ്ടെന്ന േതാന്നല്‍ വേണം മനുഷ്യന്, വല്ലപ്പോഴും ഇപ്പോൾ എങ്ങനെയുണ്ടെന്നു ചോദിക്കാനെങ്കിലും ആരെങ്കിലും വേണം'' എന്നു പറഞ്ഞു മിഴിനീരൊഴുക്കുന്ന ആ മാധവിയമ്മയെ അവതരിപ്പിച്ച സേതുലക്ഷ്മി എന്ന അതുല്യ പ്രതിഭ നമ്മളെയൊക്കെ കരയിപ്പിച്ചതിനൊപ്പം സംസ്ഥാന പുരസ്കാരം കൂടി സ്വന്തമാക്കിയിരുന്നു.

എന്നു നിന്റെ മൊയ്തീനിൽ കാഞ്ചനമാലയുടെ അമ്മാവനായി അവതരിപ്പിച്ച കഥാപാത്രത്തെയും നമുക്കു മറക്കാനാവില്ല. മൊയ്തീൻ-കാഞ്ചനമാല വിശുദ്ധ പ്രണയത്തെ എതിർത്ത് കാ‍ഞ്ചനമാലയെ തല്ലിച്ചതച്ച ആ ദുഷ്ടകഥാപാത്രം ഒരിക്കലും മനസിൽ നിന്നു പോകില്ല. നാടകത്തില്‍ നിന്നുള്ള അനുഭവ സമ്പത്തുമായി സിനിമയിലേക്കെത്തി സ്വതസിദ്ധമായ അഭിനയത്തിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത ശിവജി ഗുരുവായൂരും സേതുലക്ഷ്മിയും റിമി ടോമിയ്ക്കൊപ്പം ഒന്നും ഒന്നും മൂന്നിൽ വന്നിരിക്കുകയാണ്.

നാൽപ്പത്തിയഞ്ചിലധികം വർഷക്കാലമായി നാടകത്തിലുള്ള പത്തുനാൽപതിലധികം സിനിമകള്‍ അഭിനയിച്ച സേതുലക്ഷ്മി താൻ നാടകത്തിലേക്കു വന്ന കാലത്തെക്കുറിച്ചും കേട്ട കുറ്റങ്ങളെക്കുറിച്ചുമൊക്കെ പങ്കുവയ്ക്കുകയാണ്.പുരുഷന്മാര്‍ സ്ത്രീവേഷം കെട്ടിയിരുന്ന കാലത്താണ് സേതുലക്ഷ്മി നാടകത്തിൽ അഭിനയിക്കാനെത്തിയിരുന്നത്. കലയോട് അത്രത്തോളം ആഗ്രഹമായിരുന്നു. ചേച്ചിയു‌ടെ വേഷത്തിൽ അഭിനയിക്കുന്ന ആളുപോലും പുരുഷൻ ആയിരുന്നു അന്ന്. പൂർണ പിന്തുണ നൽകിയിരുന്നത് അമ്മ മാത്രമായിരുന്നു.

നൃത്തം, സംഗീതം എന്നിവ പഠിപ്പിച്ചതിന് അമ്മയെ എല്ലാവരും കുറ്റപ്പെടുത്തുമായിരുന്നു. എന്നും ആട്ടക്കാരി എന്ന പേരു മാത്രമായിരുന്നു. നാടകം കഴിഞ്ഞു ക്ഷീണിച്ചു വരുമ്പോൾ പരസ്യമായി അശ്ലീലം പറഞ്ഞവരും ആട്ടക്കാരി എന്നു വിളിച്ച് അധിക്ഷേപിച്ചവരുമുണ്ട്.

അമ്മ മരിക്കുന്ന സമയത്ത് സേതുലക്ഷ്മി നാടകത്തിൽ അഭിനയിക്കുകയാണ്. അമ്മ മരിച്ചുവെന്നറിഞ്ഞ നിമിഷം ചിന്നപ്പാപ്പ എന്ന നാടകത്തിൽ കോമഡി രംഗമാണ് അഭിനയിക്കേണ്ടത്. ഉള്ളിലൊതുക്കി നാടകം കളിച്ചു. പ്രസവിച്ച അമ്മയ്ക്കു വേണ്ടി വായ്ക്കരിയിടാൻ പോലും സമയം കിട്ടിയില്ലായിരുന്നു. വീട്ടിൽ തിരിച്ചെത്തിയപ്പോഴേയ്ക്കും കർമങ്ങളെല്ലാം കഴിഞ്ഞിരുന്നു. ശിവജി ഗുരുവായൂരും നാടകത്തിൽ അഭിനയിക്കുന്നതിനിടെയാണ് അച്ഛന്റെ മരണവാർത്തയറിയുന്നത്. അവസാനമായി ഒന്നും കാണാൻ പോലും കഴിഞ്ഞിരുന്നില്ല. ഇതു നാടകത്തിൽ അഭിനയിക്കുന്നവരുടെ മാത്രം ഗതികേടാണെന്നും പറയുന്നു അദ്ദേഹം.

ഒട്ടേറെ നാടകങ്ങളിലും നൂറിൽപ്പരം സിനിമകളിലും അഭിനയിച്ച പ്രതിഭയാണ് ശിവജി ഗുരുവായൂർ. അച്ഛനൊപ്പം മകനും ഇന്ന് നാടകത്തിന്റെ വഴി തിരഞ്ഞെടുക്കുമ്പോൾ ശിവജിയ്ക്കു സന്തോഷം. ഇരുവരും ചേർന്ന് അഭിനയിക്കുന്ന അച്ഛൻ എന്ന നാടകം സംവിധാനം ചെയ്തത് അദ്ദേഹത്തിന്റെ മകൻ തന്നെയാണ്. വൃദ്ധരായ മാതാപിതാക്കളെ നടതള്ളുന്നതാണ് ശിവജി ഗുരുവായൂരും മകനും അവതരിപ്പിക്കുന്ന അച്ഛൻ എന്ന നാടകത്തിന്റെ ഇതിവൃത്തം. വയസാകുന്നതോടെ മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്നവരും അവരെ നോക്കാൻ ശമ്പളക്കാരെ നിർത്തുന്നവരുമെല്ലാം തീർച്ചയായും കണ്ടിരിക്കേണ്ടതാണ് അച്ഛൻ. നാടകത്തിൽ നിന്നും ഇരുവരും വേദിയിലിവതരിപ്പിച്ച ഒരു ചെറിയ ഭാഗംപോലും കണ്ണുനനയാതെ കണ്ടുതീർക്കാനാവില്ല.

മൂത്ത മകൻ കഥകളിയിലേക്കും തിരിഞ്ഞു. രണ്ടു മക്കളും തന്നെപ്പോലെ കലാമേഖല തിരഞ്ഞെടുത്തതിന് പലരും കുറ്റപ്പെടുത്തിയിരുന്നു. നീയോ നശിച്ചു നിന്റെ മക്കളെയെങ്കിലും നന്നാക്കി നടത്തിക്കൂടെയെന്ന് നിരവധിപേർ ചോദിച്ചിട്ടുണ്ട്. പക്ഷേ നാടകമാണ് തനിക്കു സിനിമയിലേക്കുള്ള വഴിയും മറ്റു ഭാഗ്യങ്ങളും നൽകിയതെന്നും അദ്ദേഹം പറയുന്നു. ഒപ്പം പ്രഗത്ഭരായ തിരിച്ചറിയപ്പെടാതെയിരിക്കുന്ന നിരവധി നാടകക്കാരെയും ഇരുവരും സ്മരിച്ചു. അവശരായി കഴിയുന്ന നല്ല കലാകാരന്മാരെ സഹായിക്കാൻ സര്‍ക്കാര്‍ ഉൾപ്പെടെയുള്ളവർ മുന്നോട്ടു വരണമെന്നും ഇരുവരും പറഞ്ഞു.

Your Rating: