Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിതപങ്കാളി, വേണ്ടത് ഈ 7 ഗുണങ്ങള്‍

Partner Representative Image

പങ്കാളിയെക്കുറിച്ചുള്ള നിങ്ങളുടെ സങ്കൽപ്പങ്ങളെന്തൊക്കെയാണ്? സൗന്ദര്യം, പണം, വിദ്യാഭ്യാസം, കുടുംബമഹിമ എന്നിങ്ങനെയൊരു നീണ്ട ലിസ്റ്റ് നിരത്താനാകും പലരും ശ്രമിക്കുക. എന്നാൽ ഉത്തമ പങ്കാളിയെ കണ്ടെത്താനുള്ള മാനദണ്ഡം ഇതൊന്നുമല്ലെന്നാണ് സൈക്കോളജിസ്റ്റകളും റിലേഷൻഷിപ് വിദഗ്ധരും പറയുന്നത്. പരസ്പരം ഇണങ്ങുന്ന പങ്കാളികളെ കണ്ടെത്താൻ ഈ ഏഴു കാര്യങ്ങൾ ശ്രദ്ധിക്കണം എന്നാണ് ബാച്ചിലേഴ്സിനോടുള്ള വിദഗ്ധരുടെ ഉപദേശം.

മേഡ് ഫോർ ഈച്ച് അദർ

മേഡ് ഫോർ ഈച്ച് അദർ എന്നു മറ്റുള്ളവരെക്കൊണ്ടു പറയിപ്പിച്ചില്ലെങ്കിലും ഏകദേശം ഇഷ്ടങ്ങൾ ഒക്കെ ഒരുപോലയുള്ള ഒരാളെ കൂടെ കൂട്ടാൻ ശ്രദ്ധിക്കുക. വൈരുദ്ധ്യസ്വഭാവങ്ങൾ ഉള്ള പങ്കാളികളേക്കാൾ ഭേദം തന്നെയാവും ഒരേ സ്വഭാവവും ഇഷ്ടങ്ങളും ഉള്ള ഒരു പങ്കാളിയെ ലഭിക്കുന്നത്.

അത്രയ്ക്ക് ബുദ്ധി വേണ്ട!!!

ബുദ്ധിപരമായും എനർജി ലെവലിലും ഒപ്പം നിൽക്കുന്നവരെ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക, ബുദ്ധി കൂടിപ്പോയാൽ ഈഗോ ക്ലാഷും കുറഞ്ഞു പോയാൽ സ്വൈര്യക്കേടുമായിരിക്കും ഫലം. പങ്കാളികളിലൊരാൾ ഹൈപ്പർ ആക്ടീവും ഒരാൾ ബുദ്ധിപരമായി ഏറെ പിന്നിലുമാണെങ്കിൽ ഉണ്ടാവുന്ന പൊല്ലാപ്പുകൾ ഊഹിക്കാവുന്നതിലും അധികമാണ്.

പണത്തിന് പുറകെ ഓടണ്ട!

സാമ്പത്തികമായി ഒപ്പം നിൽക്കുന്നവരെ കണ്ടെത്താൻ ശ്രദ്ധിക്കുക, സമ്പത്തിൽ നിങ്ങളേക്കാൾ മുൻപന്തിയിലാണെങ്കിൽ പൊരുത്തപ്പെടാൻ പ്രയാസമുണ്ടാവും, മിഡിൽ ക്ലാസ് കുടുംബത്തിൽപെട്ടയാളാണ് നിങ്ങൾ എങ്കിൽ അത്തരത്തിൽപ്പെട്ട കുടുംബത്തിൽ നിന്ന് പങ്കാളികളെ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

ബഹുമാനിക്കാൻ അറിയുമോ?

പരസ്പരം ബഹുമാനിക്കുക, നിങ്ങളെ ബഹുമാനിക്കാനറിയാത്ത പങ്കാളിക്ക് ഒരിയ്ക്കലും നിങ്ങളെ സ്നേഹിക്കാനുമാകില്ല എന്ന കാര്യം മനസ്സിലുറപ്പിച്ച് ഉത്തമ പങ്കാളിയെ കണ്ടെത്തുക.

വിശ്വാസം, അതല്ലേ എല്ലാം!

കാര്യങ്ങൾ തുറന്നു പറയുന്ന ഒരു വ്യക്തിയെ കണ്ടെത്താൻ ശ്രമിക്കുക. ആദ്യം മുതൽ തന്നെ പരസ്പരം നല്ല വിശ്വസ്തത പുലർത്തുക.

സമയമാണ് പ്രധാനം

എത്ര തിരക്കിലും തനിക്കൊപ്പം സമയം ചിലവഴിക്കാൻ കഴിയുന്ന വ്യക്തിയാവണം. ഈ ഒഴിവു വേളകളാണ് ബന്ധങ്ങൾ ദൃഡമാകാനും പരസ്പരം കൂടുതൽ അടുത്തറിയാനും സഹായിക്കുന്നതെന്ന് മനസ്സിലാക്കുക.

വാക്ചാതുര്യമല്ല, നല്ല ശ്രോതാവിനെയാണ് വേണ്ടത്

പണത്തിനും സൗന്ദര്യത്തിനുമൊക്കെ ഉപരിയായി നിങ്ങളെ മനസ്സിലാക്കുന്ന അംഗീകരിക്കുന്ന നിങ്ങൾ പറയുന്നതു കേൾക്കാൻ തയാറാവുകയെങ്കിലും ചെയ്യുന്ന പങ്കാളിയെ തെരഞ്ഞെടുക്കാൻ ശ്രദ്ധിച്ചാൽ ജീവിതമൊരിക്കലും വിരസമാവില്ലെന്ന ഉറപ്പും സൈക്കോളജിസ്റ്റുകൾ പറയുന്നു.