Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെക്സ് എജ്യുക്കേഷൻ: ഞങ്ങൾക്ക് ഇതൊക്കെ അറിയാമെന്നു കുട്ടികൾ

School

കുട്ടികൾക്കു സ്കൂളിൽ സെക്സ് എജ്യുക്കേഷൻ കൊടുക്കണമെന്നു പറഞ്ഞ് ആളുകൾ ബഹളം വയ്ക്കുമ്പോൾ കുട്ടികൾ പറയുന്നു– ​ഞങ്ങൾക്ക് ആ എജ്യുക്കേഷൻ വേണ്ട.  ഞങ്ങൾക്ക് കാര്യങ്ങളൊക്കെ അറിയാം. പ്രത്യേകിച്ച് പഠിപ്പിച്ചു തരേണ്ട ആവശ്യമില്ല. 

ഇത് ഒന്നോ രണ്ടോ കുട്ടികൾ പറഞ്ഞതല്ല. ലോകമെങ്ങുമുള്ള 10 രാജ്യങ്ങളിലെ കുട്ടികൾക്കിടെ നടത്തിയ സർവേയിലാണ് കുട്ടികൾ അതി ശക്തമായി പ്രതികരിച്ചത്. ബ്രിസ്റ്റൽ യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിയത്. ബ്രിട്ടൻ, യുഎസ്, ഇറാൻ, ജപ്പാൻ, ഓസ്ട്രേലിയ തുടങ്ങി പത്തു രാജ്യങ്ങളിലെ സ്കൂൾ കോളജ് കുട്ടികൾക്കിടെയായിരുന്നു സർവേ. അവർ നിരത്തുന്ന ന്യായങ്ങൾ കേട്ടാൽ കുട്ടികൾ പറയുന്നതിലും കാര്യമില്ലേ എന്ന് ആർക്കും തോന്നിപ്പോകും.

സയൻസും കണക്കുമൊക്കെ പഠിപ്പിക്കുന്ന അധ്യാപകരു തന്നെ സെക്സ് എജ്യുക്കേഷനെ കുറിച്ചും പഠിപ്പിക്കാൻ വരുന്നതിൽ തന്നെയില്ലേ ഒരു സ്പെല്ലിങ് മിസ്റ്റേക്. ഒന്നാമത് കുട്ടികളെ എന്നും കാണുന്നവർ. അപ്പോൾ പഠിപ്പിക്കുമ്പോൾ അവർക്കൊരു ചമ്മൽ. കുട്ടികൾക്കാണേൽ ചിരി. സെക്സ് എജ്യുക്കേഷൻ പഠിപ്പിക്കാൻ പുറത്തുനിന്നുള്ള വിദഗ്ധർ തന്നെ വേണമെന്നു കുട്ടികൾ. 

അധ്യാപകർ തിയറി പറയുന്നതല്ലാതെ പ്രാക്ടിക്കൽ സൈഡ് തീരെ പറയുന്നില്ലെന്നു കുട്ടികൾ.  ഗർഭിണിയായാൽ എന്തു ചെയ്യണം, സുരക്ഷിത ഗർഭനിരോധന മാർഗങ്ങൾ എന്തൊക്കെ തുടങ്ങിയ കാര്യങ്ങളൊക്കെയാണ് തങ്ങൾക്ക് അറിയേണ്ടത്. അതേക്കുറിച്ചൊന്നും പറയാതെ കുറച്ച് തിയറി പഠിപ്പിച്ചിട്ട് എന്തു കാര്യമെന്നു കുട്ടികൾ. 

പഠിപ്പിക്കുന്ന അധ്യാപകർ ബയോളജി മാത്രമാണു പറയുന്നതെന്നാണു കുട്ടികളുടെ മറ്റൊരു പരാതി. മാനസികമായ അടുപ്പത്തിൽനിന്നാണു പലരും സെക്സിലേക്കു പോകുന്നത്. എന്നാൽ ഒരാളുമായുള്ള ബന്ധത്തിന്റെ ദൃഢത പരിഗണിക്കാതെ സെക്സിന്റെ പ്രശ്നങ്ങൾ മാത്രമാണ് അധ്യാപകർ പറയുന്നത്. 

സെക്സ് എജ്യുക്കേഷൻ ക്ലാസിൽ പല പെൺകുട്ടികൾക്കും അപമാനകരമായാണ് അനുഭവപ്പെടുന്നത്. ആൺകുട്ടികളാകട്ടെ എല്ലാം അറിയാവുന്നവരെപ്പോലെയിരിക്കും. എക്സ്പീരിയൻസ് ഇല്ലാത്തവരാകട്ടെ തനിക്ക് എന്തോ തകരാർ ഉള്ളതായി തോന്നുകയും ചെയ്യും. ചുരുക്കത്തിൽ സെക്സ് എജ്യുക്കേഷൻ ക്ലാസിൽ കുട്ടികൾ ടെൻഷനടിച്ചാണ് ഇരിക്കുന്നത്. 

സെക്സ് എജ്യുക്കേഷൻ ക്ലാസ് തന്നെ എന്തോ വലിയ പ്രശ്നപരിഹാര  ക്ലാസുകളായാണു പല സ്കൂളുകളും അവതരിപ്പിക്കുന്നത്. പെൺകുട്ടികൾ ക്ലാസ് നിശബ്ദമായി കേട്ടിരിക്കുമ്പോൾ ആൺകുട്ടികൾ പലപ്പോഴും ചോദ്യങ്ങൾ ചോദിച്ച് അധ്യാപകരെ വലയ്ക്കുന്നു. 

സെക്സ് എജ്യുക്കേഷൻ എന്ന കുന്തം തലയിൽനിന്ന് ഒന്ന് ഒഴിപ്പിച്ചു തരാമോ എന്നാണ് അധ്യാപകരും ചോദിക്കുന്നത്. എന്നും കാണുന്ന കുട്ടികളോട് ഇതൊക്കെ പറയുന്നതാണ് അവർക്കും പ്രശ്നം. ഈ രംഗത്തെ വിദഗ്ധർ ക്ലാസ് എടുക്കുമ്പോൾ അവർക്ക് പ്രാക്ടിക്കൽ സൈഡ് പറയാനുമാകും. അല്ലെങ്കിൽ തങ്ങൾക്കു നല്ല ട്രെയിനിങ് നൽകണം. ഇതു ചുമ്മാ കണക്കും സയൻസും പഠിപ്പിക്കുന്നതുപോലെ സെക്സ് എജ്യുക്കേഷൻ എടുക്കാൻ പറഞ്ഞാൽ എന്തു ചെയ്യുമെന്ന് അധ്യാപകർ.