Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാഷന്‍ ലോകത്ത് ട്രാന്‍സ്ജെണ്ടര്‍ വിപ്ലവം തീര്‍ത്ത് ശര്‍മിള നായര്‍

red-lotus മോഡലുകൾക്കൊപ്പം ശർമിള നായർ

അവഗണനയുടെ തുരുത്തിൽ നിന്നും ഭിന്നലിംഗക്കാരെ മുന്നിരയിലേക്ക് കൊണ്ട് വരാനുള്ള തന്റെ അടിയുറച്ച  ശ്രമങ്ങൾ കൊണ്ട് ശ്രദ്ധേയയാവുകയാണ് കൊച്ചി ആസ്ഥാനമായ റെഡ് ലോട്ടസ് ഫാഷൻ ഡിസൈനിംഗ് സ്ഥാപന ഉടമയും ഡിസൈനറുമായ ശർമിള നായർ. ഭിന്നലിംഗക്കർക്കായി  സംവരണം വേണമെന്ന് സംഘടനങ്ങൾ മുറവിളി കൂട്ടുമ്പോഴും , സർക്കാർ ചില കോളേജുകളിൽ കനിഞ്ഞനുഗ്രഹിച്ച സ്ഥാനം പോലും പാഴ്വാക്കാകുന്ന കാഴ്ചയാണ് ഇന്ന് കാണുന്നത്. ഇന്ന്, ഭിന്നലിംഗക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സ്ഥിര വരുമാനം ലഭിക്കുന്ന ഒരു തൊഴിൽ ഇല്ലാത്തതാണ്. മാറ്റം വരണം, ഭിന്നലിംഗക്കാർ അംഗീകരിക്കപ്പെടണം എങ്കിൽ ഓരോ തൊഴിൽ ഉടമയും മനസുവയ്ക്കണം. ഇത്തരമൊരു മാറ്റത്തിന് കല്ലിട്ടിരിക്കുകയാണ് ശർമിള. തന്റെ ഏറ്റവും പുതിയ സാരീ ഡിസൈൻ ആയ മഴവിൽ കളക്ഷൻസിന്റെ മോഡലുകളായി ഭിന്നലിംഗക്കാരെ കൊണ്ട് വന്ന്, ശർമിള ശ്രദ്ധേയയായിരുന്നു. എന്നാൽ , തന്റെ ഈ തീരുമാനം പൂർത്തീകരിക്കാൻ ഏറെ പണിപ്പെടേണ്ടി വന്നു . ആ അനുഭവങ്ങളുടെ വെളിച്ചത്തു നിന്നും ശർമിള പറയുന്നു, ഭിന്നലിംഗക്കാരും മനുഷ്യരാണ് സ്നേഹിച്ചില്ലെങ്കിലും ദ്രോഹിക്കാതിരിക്കുക, മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ നിന്നും....

sarmila-nair002 ശർമിള നായർ

ഭിന്നലിംഗക്കാരെ മോഡലുകൾ ആക്കാനുള്ള പ്രചോദനം ?
ഡിസൈനിംഗ് ആവശ്യത്തിനായി ധാരാളം സഞ്ചരിക്കേണ്ടി വന്ന സാഹചര്യങ്ങളിൽ ഭിന്നലിംഗത്തിൽ പെട്ടവരെ കുറിച്ച് ഏറെ കേട്ടിരുന്നു. എന്നാൽ, നമ്മുടെ കൊച്ചിയിലും അത്തരത്തിൽ പെട്ടവർ ഉണ്ട് എന്നറിഞ്ഞത് എനിക്ക് ഷോക്ക് ആയി. അധ്വാനിക്കാൻ തയ്യാറാണെങ്കിലും നല്ല ജോലി ലഭിക്കാത്തവർ , സമൂഹം പലവിധത്തിൽ ചൂഷണം ചെയ്യുന്നവർ ഇത്തരത്തിൽ കഷ്ടപ്പെടുന്ന ഭിന്നലിംഗക്കാരെ സമൂഹം അംഗീകരിക്കുന്നതിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് തോന്നി. ആ തോന്നലിൽ നിന്നാണ് മഴവിൽ കളക്ഷൻസിൽ അവരെ മോഡൽ ആക്കാനുള്ള ആശയം ലഭിക്കുന്നത്.

sarmila-nair003

മഴവിൽ കളക്ഷൻസ് ആശയം സത്യമാക്കാൻ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിട്ടിട്ടുണ്ടോ?
തീർച്ചയായും. ഭിന്നലിംഗക്കാർക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു സംഘടനയുമായി ബന്ധപ്പെട്ടപ്പോഴാണ് ഞാൻ എന്റെ മോഡലുകളായ മായ മേനോനെയും ഗൗരി സാവിത്രിയെയും പരിചയപ്പെടുന്നത്. തങ്ങളിലെ സ്ത്രീത്വത്തെ അവർ അംഗീകരിക്കുന്നുണ്ടെങ്കിലും സമൂഹത്തെ നേരിടാൻ അവർക്ക് ഭയമായിരുന്നു. പലവിധത്തിൽ അവർ ചൂഷണം ചെയ്യപ്പെടുന്നത് തന്നെ കാരണം. ഏകദേശം ഒന്നരമാസം അവരോടു നിരന്തരം സംസാരിച്ച ശേഷമാണ് അവരെ മോഡലുകളാക്കാൻ എനിക്ക് സാധിച്ചത്. അതിനായി അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കേണ്ടി വന്നിരുന്നു. അത് ഏറെ ശ്രമകരമായിരുന്നു. മാത്രമല്ല, ഷൂട്ടിംഗ് നടത്താനുള്ള സ്ഥലം ലഭിക്കുന്നതിനും മോഡലുകൾക്ക് മേക്ക് അപ്പ് ആര്‍ട്ടിസ്റ്റുകളെ ലഭിക്കുന്നതിനും മറ്റുമായി ഏറെ കഷ്ടപ്പെടേണ്ടി വന്നു. അഞ്ചു തവണയോളം ഷൂട്ട്‌ മാറ്റി വെക്കേണ്ടിയും വന്നു. 

ഭിന്നലിംഗക്കാരോടുള്ള സമൂഹത്തിന്റെ മനോഭാവത്തിൽ മാറ്റം ഉണ്ടായിട്ടുണ്ടോ?
പൂർണ്ണമായും ഭിന്നലിംഗക്കാരെ സമൂഹം ഉൾക്കൊള്ളുന്നുണ്ട് എന്ന് പറയാനാവില്ല. എന്നാലും, മാറ്റം ഉണ്ടാവുന്നുണ്ട്. ഭിന്നലിംഗക്കാരെ വച്ച് മോഡലിംഗ് നടത്തുന്നതിനു എനിക്ക് ആദ്യം പൂർണ്ണ പിന്തുണ ലഭിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ അവർ ഉപയോഗിച്ച സാരീ തന്നെ ചോദിച്ചു വരുന്നവരും അവരുടെ ഒപ്പം നിന്ന് ചിത്രം എടുക്കാൻ ആഗ്രഹിച്ച് വരുന്നവരും ഈ നല്ല മാറ്റത്തിന്റെ ഉദാഹരണമാണ്. രണ്ടു മോഡലുകളുടെയും ഫേസ്ബുക്ക് പേജിൽ നേരിട്ടെത്തി ആയിരങ്ങളാണ് അഭിനന്ദനങ്ങൾ അറിയിക്കുന്നത്.

red-lotus-sarmila മഴവിൽ കളക്ഷൻസിൽ നിന്ന്

മഴവിൽ കലക്ഷൻസിനെ പറ്റി?
പണ്ട് മുതൽ സാരികൾ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. അതിന്റെ പ്രതിഫലനമാണ് മഴവിൽ കളക്ഷൻസ്. പൂർണ്ണമായും കോട്ടണിൽ തീർത്ത സാരികളാണ് ഇതിൽ ഞാൻ ഉൾപ്പെടുത്തിയിരിക്കുന്നത്. 

ഭിന്നലിംഗക്കാർക്ക് വേണ്ടി ഇനി എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്?
ഇപ്പോൾ നടത്തിയ ഫോട്ടോഷൂട്ടിന്റെ രണ്ടാം ഭാഗം വരും. ഇതിൽ എന്നോട് സഹകരിച്ച മായ മേനോനും ഗൗരി സാവിത്രിക്കും സ്ഥിര വരുമാനം കിട്ടുന്ന ഒരു തൊഴിൽ നേടിക്കൊടുക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തി വരുന്നു. വൈകാതെ ഫലം ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.

ഭിന്നലിംഗക്കാരിലെ കാലാകരികളെ പറ്റി?
ഭിന്നലിംഗത്തിൽ പെട്ട നിരവധി പേരെ അടുത്ത കാണാനും പരിചയപ്പെടാനും കഴിഞ്ഞിട്ടില്ല . എന്നാൽ ഉള്ള പരിചയത്തിൽ നിന്നും ഞാൻ മനസിലാക്കുന്നത്‌ വളരെ ക്രിയാത്മകതയുള്ളവരാണ് ഭിന്നലിംഗക്കാർ എന്നാണ്. മേക്ക് അപ്പ്‌, ചിത്രകല, നൃത്തം ,മോഡലിംഗ് എന്നിവയെല്ലാം അവർക്ക് നന്നായി വഴങ്ങും. 

sarmila-nair001

എന്താണ് റെഡ് ലോട്ടസ് എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്?
ഞാൻ ഫാഷൻ ഡിസൈനിംഗ് പഠിച്ച് ഡിസൈനർ ആയ ഒരാളല്ല, സ്വന്തം പാഷൻ സംരംഭമാക്കി മാറ്റിയതാണ്. എനിക്ക് ഏറെ ഇഷ്ടപ്പെട്ട പൂവാണ് ചെന്താമര, മാത്രമല്ല പുരാണങ്ങളിൽ പറയുന്നത് ചെന്താമാരയുടെ നൂലുകൊണ്ടാണ് സാരികൾ നെയ്യുന്നത് എന്നാണ്. ഇതെല്ലം കൂട്ടി ചേർത്താണ് എന്റെ സ്വന്തം ഡിസൈൻസിന് റെഡ് ലോട്ടസ് എന്ന പേര് നല്കിയത്.

Your Rating: