Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞങ്ങൾ അഹങ്കാരികളെന്ന് വ്യാഖ്യാനിക്കപ്പെട്ടു: ഷാരോൺ-നിഖിത

nikitha-1 ഷാരോണും നികിതയും

മഴവിൽ മനോരമയുടെ പ്രേക്ഷകരോട് ഷാരോണിനെയും നികിതയേയും അറിയില്ലേ എന്നു ചോദിച്ചാൽ ചിലപ്പോൾ ഉത്തരം അറിയില്ല എന്നായിരിക്കും? അതേസമയം ചോദ്യം മാളുവമ്മയേയും അച്ചായനേയും അറിയില്ല എന്നാണെങ്കിൽ പിന്നെ അറിയാതെയിരിക്കുമോ? എങ്ങനെ മറക്കും മെയ്ഡ് ഫോർ ഈച്ച് അദറിൽ പതിനഞ്ച് ലക്ഷം രൂപയുടെ മൂന്നാംസമ്മാനം നേടിയവരല്ലേ എന്ന് മറുചോദ്യം ചോദിക്കും. വിവാഹത്തിന് മുമ്പേ ഷോയിലേക്ക് അപേക്ഷ അയച്ച് വിജയികളായ കഥ അച്ചായനും മാളുവമ്മയും ചേർന്നു പറയുന്നു.

മെയ്ഡ് ഫോർ ഈച്ച് അദറിലേക്ക്

സംസാരം തുടങ്ങിയത് മാളുവമ്മയാണ്: വെറുതെ അല്ല ഭാര്യയൊക്കെ വന്നപ്പോഴേ എനിക്ക് ആഗ്രഹമായിരുന്നു ഇതുപോലെയുള്ള ഷോയിലൊക്കെ പങ്കെടുക്കണമെന്ന്. പക്ഷെ അച്ചായന് അത്ര താൽപ്പര്യമില്ലായിരുന്നു എന്റെ നിർബന്ധത്തിന് വഴങ്ങിയാണ് വന്നത്. ഞങ്ങളുടെ കല്ല്യാണം ജനുവരിയിലായിരുന്നു, അതിനുമുമ്പു തന്നെ മെയ്ഡ് ഫോർ ഈച്ച് അദറിന്റെ പരസ്യം കണ്ടിട്ട് ഞാനാണ് അപേക്ഷ അയച്ചത്. പങ്കെടുത്ത് തുടങ്ങിയപ്പോൾ പിന്നെ അച്ചായനായി കൂടുതൽ താൽപ്പര്യം.

nikitha

ബാക്കി ഷാരോൺ പറയും

ഇവളുടെ വീട്ടിൽ വിവാഹം കഴിഞ്ഞയുടൻ ഷോയ്ക്ക് പോകുന്നതിൽ പ്രശ്നമില്ലായിരുന്നു. എന്റെ വീട്ടിൽ പക്ഷെ കുറച്ച് എതിർപ്പുണ്ടായിരുന്നു. എനിക്ക് ജോലി കിട്ടിയ സമയമായിരുന്നു. കിട്ടിയ ജോലി ഉപേക്ഷിച്ചിട്ട് ഷോയ്ക്ക് പോകുന്നതിന് വീട്ടുകാർക്ക് താൽപ്പര്യമില്ലായിരുന്നു. ഫിനാൻഷ്യലി സെറ്റിൽ ഒന്നും ആകാതെ കിട്ടിയ ജോലിയും കളഞ്ഞ് പോയാൽ എങ്ങനെയാണെന്ന് സ്വാഭാവികമായും അവർക്ക് തോന്നും. പക്ഷെ ഞങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നു വിജയിക്കുമെന്ന്

സൈക്കോളജിക്കൽ റൗണ്ട് വിശ്വാസത്തിന് കോട്ടം തട്ടിച്ചോ

ഞങ്ങളുടെ ഇമേജ് തന്നെ മാറ്റിയ റൗണ്ട് ആയിരുന്നു സൈക്കോളജിക്കൽ റൗണ്ട്. അത് കഴിഞ്ഞതോടെ ഞങ്ങൾ അഹങ്കാരികളാണെന്നുവരെ ആളുകൾ പറയാൻ തുടങ്ങി. ആ റൗണ്ടിൽ ഞങ്ങൾക്ക് നേരിട്ട ഏറ്റവും വലിയ വിമർശനം ഞങ്ങൾ പാനലിനെ ഇംപ്രസ് ചെയ്യിക്കാൻ പലതും കള്ളം പറയുകയാണെന്നുള്ളതായിരുന്നു. ഞങ്ങളൊരു നുണയും പറഞ്ഞിട്ടില്ല. വളരെ ഫ്രാങ്കായിട്ടാണ് സംസാരിച്ചത്.

ഞങ്ങൾക്കിരുവർക്കും അഞ്ചുവർഷമായി അറിയാവുന്നതാണ്. പരസ്പരം മനസ്സിലാക്കുന്നവർ. എന്നിട്ടും ഞാൻ മാളുവമ്മയോട് ഒരു ടാസ്ക്കിന്റെ ഇടയ്ക്ക് ഉച്ചത്തിൽ സംസാരിച്ചത് ദേഷ്യപ്പെടലായിരുന്നു എന്ന തരത്തിലാണ് വ്യാഖ്യാനിച്ചത്. ഞാൻ ചെറുപ്പത്തിലെ മുതൽ ഹോക്കിപ്ലെയറാണ്, ഒരു ടീമിനെ എങ്ങനെ നയിക്കണമെന്നും ടീം അംഗങ്ങളെ എങ്ങനെ പ്രചോദിപ്പിക്കണമെന്നും എനിക്ക് അറിയാം. ആ രീതി തന്നെയാണ് ഇവിടെയും സ്വീകരിച്ചത് അതിനെ പക്ഷെ തെറ്റായി വ്യാഖ്യാനിച്ചു.

nikitha-2

ഷാരോണിനു പിന്തുണയുമായി നികിത

അച്ചായന്റെ ദേഷ്യം എങ്ങനെയാണെന്ന് എനിക്ക് അറിയാവുന്നതല്ലേ, എന്നാൽ അത് പാനലിനെ പറഞ്ഞുമനസ്സിലാകിക്കാൻ ആയില്ല. അച്ചായൻ എങ്ങനെയാണെന്ന് എന്നോട് ചോദിച്ചുപോലുമില്ല. ആദ്യമായിട്ടാണ് ഒരു വലിയ പാനലിനുമുന്നിൽ അനാലിസിസിന് ഇരിക്കുന്നത്. അതിന്റെ ടെൻഷനുമുണ്ടായിരുന്നു. ഞങ്ങൾക്ക് ഏറ്റവും കുറവ് മാർക്ക് ലഭിച്ച റൗണ്ട് ആയിരുന്നു സൈക്കോളൊജിക്കൽ റൗണ്ട്. ഇതിൽ നല്ല മാർക്ക് കിട്ടിയിരുന്നെങ്കിൽ ഒന്നാംസ്ഥാനം ഞങ്ങൾക്ക് കിട്ടിയേനേം.

ശരിക്കും ഷാരോൺ ആളെങ്ങനെയാ?

അച്ചായൻ എന്നോട് പിണങ്ങി ഇരിക്കാറേയില്ല. ഒരു പത്തുമിനുട്ട് എങ്ങാണും പിണങ്ങും പിന്നെ ഇങ്ങോട്ടു വന്ന് മിണ്ടും. പ്രണയിച്ച സമയത്തിനേക്കാൾ സ്നേഹമാണ് അച്ചായൻ ഇപ്പോൾ എന്നോട്. ഇത്രയും അധികം ഒരാൾക്ക് സ്നേഹിക്കാനാവുമോയെന്ന് ചിന്തിച്ചിട്ടുണ്ട്.

nikitha-3

പ്രണയം വിവാഹത്തിലെത്തുന്നത്

മഹാരാജാസിലെ കലോത്സവത്തിന്റെ ഇടയ്ക്കാണ് മാളുവമ്മയെ കാണുന്നത്. കണ്ടപ്പോൾ തന്നെ ഇഷ്ടമായി. അവൾക്കും ഇഷ്ടമായി എന്നാണ് തോന്നുന്നത് കാരണം പുള്ളിക്കാരീം ഇടംകണ്ണിട്ട് നോക്കുന്നുണ്ടായിരുന്നു. (നികിത ഇടയ്ക്കു കയറിയിട്ട്) : ഏയ് അങ്ങനെ ഒന്നുമില്ല, എന്റെ കൂട്ടുകാരികളാണ് ദേ ഒരു പയ്യൻ നിന്നെ നോക്കുന്നെടീ എന്നു പറഞ്ഞ് വിളിച്ചു കാണിച്ചത്, അപ്പോൾ അറിയാതെ നോക്കിയതാ.

ഷാരോൺ കഥ തുടർന്നു

ഏതായാലും അവളും നോക്കിയതിന്റെ കോൺഫിഡൻസിന്റെ പുറത്ത് രാത്രിയിൽ മാളുവമ്മയുടെ കാർ കണ്ടുപിടിച്ച് ഡോറിന്റെ വിടവിൽ എന്റെ ഫോൺനമ്പർ എഴുതിയ കടലാസ്കൊണ്ടുവെച്ചു. ഭാഗ്യത്തിന് അവൾക്കു തന്നെ അതുകിട്ടി. പിന്നെ പതുക്കെ ഫോണിൽ മെസേജായി വിളിയായി പതുകെ പ്രണയമായി. മഹാരാജാസിലെ പഠിത്തം കഴിഞ്ഞ് ചെന്നൈയിൽ എംബിഎക്ക് പഠിക്കാൻ പോകും മുമ്പ് ഞാൻ നികിതയുടെ അച്ഛനോട് ഇവളെ ഇഷ്ടമാണെന്ന് പറഞ്ഞു. എന്റെ എംബിഎയുടെ രണ്ടാംവർഷം ചെന്നൈയിലേക്ക് മാസ്കമ്യൂണിക്കേഷൻ പഠിക്കാൻ മാളുവമ്മയും എത്തി. എന്റെ പഠിത്തം കഴിഞ്ഞ് പിന്നെയും ഞാൻ മാളുവമ്മയുടെ അച്ഛനെ കണ്ടു.

സാറിന്റെ നമ്പരൊന്നു തരണം എന്റെ ഡാഡിയ്ക്ക് ഫോൺനമ്പർ കൊടുക്കാനാണ് നികിതയെ മകനെക്കൊണ്ട് വിവാഹം കഴിപ്പിക്കാൻ താൽപ്പര്യമുണ്ടെന്ന് പറയാനാണെന്നാണ് പറഞ്ഞു. പപ്പ ഏതായാലും യാതൊരു മടിയുമില്ലാതെ നമ്പർ തന്നു. പിന്നെ എല്ലാം ഞങ്ങൾ പോലും പ്രതീക്ഷിക്കാത്ത വേഗത്തിലായിരുന്നു. ഇന്നും കല്ല്യാണം കഴിഞ്ഞെത് വിശ്വസിക്കാൻ പറ്റുന്നില്ല. ചിലനേരത്ത് വിവാഹം കഴിഞ്ഞെന്ന് വിശ്വസിക്കാൻ ഞാൻ തന്നെ പിച്ചിനോക്കും. മലേഷ്യയൊക്കെ പോകാൻ പറ്റുമെന്ന് ഞങ്ങൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നതല്ല.

nikitha-4

മാളുവമ്മയും അച്ചായനും വന്ന വഴി

നികിതയെ അവളുടെ അമ്മ വീട്ടിൽ വിളിക്കുന്നത് മാളുവമ്മേ എന്നാണ്. ഒരിക്കൽ ഞാനും ഇത് കേൾക്കാൻ ഇടയായി അങ്ങനെയാണ് മാളുവമ്മേ എന്ന് വിളിക്കാൻ തുടങ്ങുന്നത്. നികിത ആദ്യം മുതലേ എന്നെ വിളിച്ചിരുന്നത് അച്ചായാ എന്നാണ്. പിന്നെ ഈ പേരിന് കൂടുതൽ പ്രചാരം നൽകിയത് അഭിരാമിയാണ്. ഇപ്പോൾ എല്ലാവരും തിരിച്ചറിയുന്നത് ഈ പേരിലാണ്.

ഭാവി പരിപാടി

മാളുവമ്മ ഡിസംബർ ഒന്നുമുതൽ ഇംഗ്ലീഷ് ടീച്ചറായി ജോലിക്ക് കയറുകയാണ്. മെയ്ഡ് ഫോർ ഈച്ച് അദറിൽ വന്നതുകാരണം കൂടുതൽ ഇന്റർവ്യൂ ഒന്നും ഉണ്ടായില്ല, കഴിവുള്ള കുട്ടിയാണെന്ന് അറിയാം എന്നായിരുന്നു അവരുടെ മറുപടി. എനിക്ക് ഇനി പുതിയ ജോലി തിരയണം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.