Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിധിയെടുത്ത കുഞ്ഞനുജന് സഹോദരി എഴുതിയ കത്ത്; കണ്ണു നിറയ്ക്കും

shilpa ശിൽപയും സഹോദരൻ സിദ്ധാർഥും

സാഹോദര്യ ബന്ധം വാക്കുകൾക്കതീതമാണ്. കൂട്ടുകൂടാനും കളിപറയാനും വഴക്ക‌ടിക്കാനുമൊക്കെ ഒരു കൂടപ്പിറപ്പുണ്ടാവുകയെന്നത് ഭാഗ്യമാണ്. കുട്ടിക്കാലത്ത് തൊട്ടതിനും പിടിച്ചതിനുമൊക്കെ വഴക്കടിക്കുന്ന സഹോദരീ സഹോദരന്മാർ മുതിരുമ്പോഴേയ്ക്കും പരസ്പരം താങ്ങും തണലുമായി നിൽക്കും. അത്തരത്തിൽ ഡൽഹി സ്വദേശിയായശിൽപ എന്ന സഹോദരിയ്ക്ക് നിഴൽ പോലെ കൂടെയുണ്ടാകേണ്ടിയിരുന്ന സഹോദരൻ സിദ്ധാർഥ് ഇന്നില്ല. കഴിഞ്ഞ ഏപ്രിൽ നാലിനാണ് പതിനേഴുകാരൻ ഓടിച്ച മെഴ്സിഡസ് ബെൻസ് ഇടിച്ച് സിദ്ധാർഥ് ശർമ എന്ന മാനേജ്മെന്റ് വിദ്യാർഥി മരിച്ചത്. കേസിൽ ഇതുവരെയും സിദ്ധാര്‍ഥിനു നീതി ലഭിച്ചിട്ടില്ല. പ്രിയ സഹോദരൻ ഉണ്ടായിരുന്നുവെങ്കിൽ അവനിന്ന് 33 വയസാകുമായിരുന്നുവെന്നു പറഞ്ഞു തുടങ്ങി സഹോദരി ശിൽപയെഴുതിയ കത്താണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പ്രിയപ്പെട്ട സിദ്ധാർഥ്.....

ഹാപ്പി ബർത്ഡേ എന്റെ കുഞ്ഞനുജാ... നീ ഉണ്ടായിരുന്നെങ്കിൽ ഇന്നു 33 വയസായിട്ടുണ്ടാകും. നീ പോയിട്ട് രണ്ടുമാസമായി. ഈ വീടു നിശബ്ദമാണ്. എനിക്കു ബാത്റൂമിൽ നിന്നു നീ പാടുന്നതിന്റെ സ്വരം കേൾക്കുന്നില്ല. വസ്ത്രങ്ങളും ക്രിക്കറ്റ് ഷൂസും വൃത്തിയായി അടുക്കി വെക്കൂ എന്നു നിന്നോടു പറയാൻ കഴിയുന്നില്ല. നീയില്ലാത്ത ജീവിതം തീർത്തും നിശബ്ദമായിരിക്കുന്നു.

നീയെന്നോട് ക്ഷമിക്കണം, എനിക്കു നിന്റെ ചെറിയ ആഗ്രഹങ്ങൾ ശ്രദ്ധിക്കാൻ കഴിഞ്ഞി‌ട്ടില്ല. കരോക്കെ ഗംഭീരമാക്കാനായി നല്ല ക്വാളിറ്റിയുള്ള സ്പീക്കറിനു വേണ്ടി നീ എന്നും മുറവിളി കൂട്ടിയിരുന്നു, ഈ പിറന്നാളിന് അതു സമ്മാനമായി നൽകണമെന്നായിരുന്നു ആഗ്രഹം.

കോളേജിൽ നിന്നും നിന്റെ ഗ്രേഡുകൾ വന്നിട്ടുണ്ട്. അവയെല്ലാം എയും എ പ്ലസുമാണ്. നീയെനിക്കു നൽകിയ സർപ്രൈസ് ഞാൻ കണ്ടു. നീയെപ്പോഴും ജോയിൻ ചെയ്യണമെന്നാഗ്രഹിച്ച ഐടി സ്ഥാപനത്തിൽ നിന്നുള്ള അപ്പോയിന്റെമെന്റ് ലെറ്റർ. വരുന്ന ലഡാക് ട്രിപ്പിനെക്കുറിച്ച് നിന്റെ എല്ല റോയൽ എൻഫീൽഡ് ഗ്രൂപ്പുകളിൽ നിന്നും മെയിലുകൾ ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. എന്റെ കണ്ണുകൾ അടച്ചിരിക്കുകയാണ്. നീ പറക്കുന്നതു ഞാൻ കാണുന്നു. നീ ചിരിക്കുന്നതും, നിന്റെ കുസൃതി നിറഞ്ഞ ചിരിയുമെല്ലാം കാണുന്നു. പക്ഷേ ഞാൻ കണ്ണു തുറക്കുമ്പോൾ ഇവയൊന്നുമില്ല. കാറ്റും, കുസൃതിയും, ചിരിയും ഒന്നുമില്ല. പോലിസ് സ്റ്റേഷനിലേക്കും കോടതിയിലേക്കുമുള്ള നടത്തങ്ങൾ മാത്രം. അവയെന്നെ ആയാസപ്പെടുത്തുന്നുണ്ട്. കൊല്ലുന്ന ചൂടാണ്.

തളർത്തുന്ന മറ്റൊരു ദിവസം എന്നു മനസിലാക്കിക്കൊണ്ടു തന്നെയാണ് ഓരോദിവസവും കോടതിയിൽ പോകുന്നത്. നീയും എനിക്കു കൂട്ടുവരുമോ എന്നു ചോദിക്കണമെന്നു തോന്നാറുണ്ട്. നിന്റെ മുറിയിലേക്കു പോകുമ്പോൾ സത്യം മനസിലാകും. നീയിനിയില്ല, സിദ്ധി കരയാതിരിക്കാൻ ഒത്തിരി ബുദ്ധിമുട്ടാണ് ക്ഷമിക്കണം, നീ അമ്മയോടു പറഞ്ഞിട്ടുണ്ടല്ലോ ആളുകൾ കരയുന്നതു കാണുന്നത് ഇഷ്ടമല്ലെന്ന്. ആരോടു വേണമെങ്കിലും ചോദിച്ചോളൂ, ഞാൻ വളരെ ധൈര്യശാലിയാണ്, ഞാൻ കരയുന്നില്ല.

വേനലവധിക്കാലത്ത് നിന്റെ പിറന്നാളിന് കൂട്ടുകാർ ആരും വീട്ടിലേക്കു വരാൻ കഴിയില്ലല്ലോ എന്നോർത്ത് നീ എത്രത്തോളം അപ്സെറ്റ് ആകാറുണ്ടെന്ന് ഞാൻ ഓർക്കുന്നു. പക്ഷേ ഇന്ന് നോക്കൂ എത്ര സുഹൃത്തുക്കളാണു വീട്ടിൽ വന്നതെനന്്. കാണുന്നവരെയെല്ലാം പിടിച്ച് സുഹൃത്തുക്കളാക്കരുതെന്ന് ഞാന്‍ പറഞ്ഞിരുന്നത് തെറ്റാണെന്ന് മനസിലാക്കുന്നു. നിനക്കു ധാരാളം നല്ല സുഹൃത്തുക്കളുണ്ട്. അവരെല്ലാം നിന്നെക്കുറിച്ച് ഒരുപാടു കാര്യങ്ങൾ പറഞ്ഞു. എനിക്കു തെറ്റുപറ്റി. നിന്റെ സുഹൃത്തുക്കളിൽ നിന്നെല്ലാം എനിക്കു നല്ല പിന്തുണയുണ്ട്, പക്ഷേ ഒരു കാര്യം എല്ലാവരുമുണ്ടിവിടെ നീ മാത്രമില്ല. പ്ലീസ് തിരിച്ചുവരൂ...

നീതി ലഭിക്കുക എന്നത് കഠിനമാണ്. പ്രതിരോധ പശ്ചാത്തലത്തില്‍ നിന്നായതുകൊണ്ട് നീ നിയമത്തിൽ വിശ്വസിച്ചിരുന്നു, പക്ഷേ സത്യം പറയട്ടെ തുടക്കത്തിൽ എല്ലാവരും നിയമനടപടികൾ വൈകിക്കാനാണ് ശ്രമിച്ചത്. പക്ഷേ ഞങ്ങൾ അക്രമണോത്സുകരായില്ല, സമാധാനപരമായ വഴിയാണു സ്വീകരിച്ചത്. ഞങ്ങൾ ഒരു കാൻഡിൽ മാർച്ച് സംഘടിപ്പിച്ചു. നമ്മുടെ പ്രിയപ്പെട്ട ബെൻസൺ(വളർത്തു നായ) പോലും കാൻഡിൽ മാർച്ചിൽ പങ്കെടുത്തു ലോകത്തെ കാണിച്ചു നീ ഒരു സ്പോയിൽട് ബ്രാറ്റിനാൽ ക്രൂരമായി കൊല്ലപ്പെട്ടതാണെന്ന്.

ആദ്യം പോലീസ് അപകടത്തിന്റെ സിസിടിവി ഫൂട്ടേജ് ഞങ്ങളെ കാണിച്ചിരുന്നില്ല, പക്ഷേ ഞങ്ങളതു നേടിയെടുത്തു. രാജ്യമൊട്ടാകെ ആ വിഡിയോ കണ്ടു പ്രക്ഷുബ്ധമായതു കണ്ട് എ​ന്റെ ഹൃദയം തകർന്നു. സിദ്ധി അതെങ്ങനെയാണു സംഭവിച്ചത്? നിന്റെ മരണം അരികിലെത്തിയത് നീ കണ്ടില്ലെന്നാണ് ഞാൻ കരുതുന്നത്. വേഗതയോടെ വരുന്ന ആ വാഹനത്തെയും നീ കണ്ടില്ലെന്നു പ്രതീക്ഷിക്കുന്നു. എന്റെ ഹൃദയം നുറുങ്ങുകയാണ്, തന്റെ അരികിലേക്കു പാഞ്ഞുവരുന്ന മരണത്തോട് ഒരാൾ എങ്ങനെയാകും പ്രതികരിക്കു എന്ന് ആലോചിക്കാൻ പോലും കഴിയുന്നില്ല, അതും എന്റെ കുഞ്ഞനുജൻ... അമ്മ വിഷാദരോഗത്തിനടിമപ്പെട്ടിരിക്കുന്നു. അച്ഛൻ ഒറ്റയ്ക്കിരുന്നു കരയുന്നതു കാണാറുണ്ട്. ഐ ലവ് യൂ... എല്ലാവരും നിന്നെ സ്നേഹിക്കുന്നു. നീ ഇവിടെയാണു വേണ്ടിയിരുന്നത്, മറ്റെങ്ങുമല്ല..

ഫൂട്ടേജിൽ കണ്ടതെന്താണെന്നു പലരും എന്നോ‌ടു പറഞ്ഞു. എന്നോടിതു പറയേണ്ടെന്നു പറഞ്ഞ് ഞാൻ അവരോടെല്ലാം അലമുറയിട്ടു. നീ മരിക്കുന്നതു കാണാൻ എനിക്കു കഴിയില്ല. പൊട്ടിച്ചിരികളോടെയും നിറഞ്ഞ പുഞ്ചിരിയോടെയുമൊക്കെയുള്ള നിന്നെയാണ് എനിക്ക് ഓർക്കാൻ ഇഷ്ടം.

ശിൽപ