Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയ്ക്കു വേണ്ടി ആ മകൻ അതു ചെയ്തു

Well പവൻ കുമാർ തനിയെ കുഴിച്ച കിണർ

മാതാപിതാക്കൾക്കും മക്കൾക്കുമിടയിലുള്ള അന്തരം കൂടിവരുന്ന സമൂഹത്തിലാണു നാമിന്നു ജീവിക്കുന്നത്. സോഷ്യൽ മീ‍ഡിയയും ഇന്റർനെറ്റ് ലോകവും ബന്ധങ്ങളെ തമ്മിലകറ്റി. എന്നാൽ ഇവയൊന്നും എത്തപ്പെടാനുള്ള സാഹചര്യങ്ങളില്ലാത്തയിടങ്ങളിൽ ജീവിക്കുന്നവർ ഇപ്പോഴും മറ്റെന്തിനേക്കാളും സ്നേഹത്തിനും കുടുംബത്തിനും പ്രാധാന്യം നൽകുന്നവരാണ്. അതിനുദാഹരണമാണ് അമ്മയ്ക്കു വേണ്ടി ഒരു മകൻ ഒറ്റയ്ക്കു കിണര്‍ പണിതത്.

പതിനേഴു വയസു പ്രായമുള്ള ഒരു പയ്യന്റെ ആഗ്രഹങ്ങൾ എന്തെല്ലാമായിരിക്കും? സുഹൃത്തുക്കൾക്കൊപ്പം അടിച്ചു പൊളിക്കണം, നല്ല ഭക്ഷണം കഴിക്കണം, സിനിമ കാണണം മതിയാവോളം ഗ്രൗണ്ടിൽ പോയി കളിക്കണം എന്നൊക്കെയായിരിക്കുമല്ലേ. എന്നാല്‍ ഇവിടെയൊരു പതിനേഴുകാരന്റെ സ്വപ്നം ഇതൊന്നുമായിരുന്നില്ല മറിച്ച് വെള്ളത്തിനായി കിലോമീറ്ററുകൾ താണ്ടുന്ന തന്റെ അമ്മയ്ക്കു വേണ്ടിയൊരു കിണർ കുഴിക്കുക എന്നതായിരുന്നു. കർണാടക സ്വദേശിയായ പവൻ കുമാർ ആണ് കഥയിലെ ഹീറോ. അമ്മ നേത്രാവതിയുടെ ബുദ്ധിമുട്ടുകൾ കണ്ടു മനസു വിങ്ങിയപ്പോഴാണ് പവൻ കിണർ കുഴിക്കാനുള്ള ആശയത്തിലേക്കെത്തിയത്.

അങ്ങനെ കിണർ എന്ന ഉദ്യമത്തിലേക്കിറങ്ങി തിരിച്ച പവൻ വെറും 45 ദിവസങ്ങൾ കൊണ്ടാണ് 55അടി താഴ്ച്ചയുള്ള കിണർ നിർമ്മിച്ചത്. അന്നന്നത്തെ ചിലവുകൾക്കു തന്നെ പാ‌ടുപെടുന്ന സാഹചര്യമായിരുന്നതിനാലാണ് കിണർ കുഴിക്കുന്നതിനായി മറ്റാരുടെയും സഹായം തേടാതെ തനിയെ ചെയ്യാൻ തീരുമാനിച്ചത്. പൊരിവെയിലത്തു നിന്നു കുഴിക്കുക എന്ന ജോലി വിഷമം പിടിച്ചതായിരുന്നെങ്കിലും അമ്മക്കു വേണ്ടിയല്ലേ എന്നോർത്ത് അതെല്ലാം മറക്കുകയായിരുന്നുവെന്ന് പവൻ പറയുന്നു. ജോലി കഴിഞ്ഞു ക്ഷീണിച്ചു വരുന്ന അമ്മയ്ക്ക് വീണ്ടും പൊതുകിണറിൽ പോയി വെള്ളത്തിനായി കാത്തു നിൽക്കേണ്ടല്ലോയെന്നാണ് പവന്റെ ഇപ്പോഴത്തെ സമാധാനം.