Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നീർജ ഭനോട്ട്, നിന്നെ പോലെ നീ മാത്രം!

Neerja Bhanot നീർജ ഭനോട്ട് ആയി സോനം കപൂർ

സ്ത്രീകൾ ഇന്നു വരെ ചെയ്തതിൽ വച്ച് ഏറ്റവും ധീരമായ പ്രവർത്തി ഏതായിരിക്കും. ഒരെണ്ണം മാത്രം തിര‍ഞ്ഞെടുക്കുക ബുദ്ധിമുട്ടു തന്നെയാണ്. കാരണം അത്രത്തോളം സ്ത്രീ ഹീറോകൾ നമുക്കു മുന്നിൽ തങ്ങളുടെ കഴിവു പ്രകടിപ്പിച്ചിട്ടുണ്ട്. പക്ഷേ ഏവിയേഷൻ ചരിത്രത്തിലെ തന്നെ ധീരയായ വനിത ഏത‌െന്നു ചോദിക്കുകയാണെങ്കിൽ യാതൊരു സംശയവുമില്ലാതെ പറയാം അതു നീർജ ഭനോട്ട് ആണെന്ന്. തീവ്രവാദികളിൽ നിന്നും യാത്രക്കാരെ രക്ഷിച്ച ധീരവനിതയാണ് നീർജ ഭനോട്ട് എന്ന മുംബൈ സ്വദേശിനി. നീർജയായി വെള്ളിത്തിരയിൽ ബോളിവുഡ് ബ്യൂട്ടി സോനം കപൂർ തകർത്തഭിനയിച്ചപ്പോൾ ഒരിക്കൽക്കൂടി നീർജ മനുഷ്യമനസുകളിൽ നോവുണർത്തുകയാണ്.

Neerja Bhanot നീർജ ഭനോട്ട്

മോഡലിങിൽ തുടങ്ങി പിന്നീട് എയർഹോസ്റ്റസ് മേഖലയിലേക്കു തിരിഞ്ഞ നീർജ സ്വയം ത്യാഗം ചെയ്താണ് മറ്റുള്ളവർക്കു പ്രചോദനമാകുന്നത്. 359 യാത്രക്കാരുമായി 1986 സ‌െപ്തംബർ അഞ്ചിന് പാൻ എഎം ഫ്ലൈറ്റ് 73 പറന്നു പൊങ്ങുമ്പോൾ ആരും പ്രതീക്ഷിച്ചിരുന്നില്ല അതൊരു അപകടത്തിലേക്കുള്ള യാത്ര കൂടിയാണെന്ന്. മുംബൈയിൽ നിന്നും ന്യൂയോർക്കിലേക്കു പോകുന്നതിനിടെ കറാച്ചിയിലെ ജിന്ന ഇന്റർനാഷണൽ എയർപോർട്ടിൽ പറന്നിറങ്ങിയതായിരുന്നു ആ വിമാനം. അന്ന് വിമാനത്തിലെ ക്രൂവിലുണ്ടായിരുന്ന സീനിയർ ഉദ്യോഗസ്ഥയായിരുന്നു നീർജ. തീവ്രവാദികൾവിമാനം റാഞ്ചിയെന്ന് അറിഞ്ഞതോടെ നീർജ കോക്പിറ്റിനു അലെര്‍ട് നൽകി. പക്ഷേ മൂന്നു അമേരിക്കൻ കോക്പിറ്റ് പൈലറ്റുകളും സ്ഥലത്തു നിന്നും രക്ഷപ്പെട്ടിരുന്നു. ഉടൻതന്നെ വിമാനത്തിലെ യാത്രക്കാരുടെ പാസ്പോർട്ടുകൾ ശേഖരിച്ച് കൈമാറാന്‍ തീവ്രവാദികളിൽ നിന്നും നീര്‍ജയ്ക്ക് നിർദ്ദേശം ലഭിച്ചു. എന്നാൽ മാത്രമേ അവർക്ക് അമേരിക്കക്കാരെ തിരിച്ചറിയാനാവുമായിരുന്നുള്ളു.

Neerja Bhanot നീർജ ഭനോട്ട്

അബു നിദാൽ എന്ന തീവ്രവാദസംഘടനയായിരുന്നു വിമാനം റാഞ്ചിയതിനു പിന്നിൽ, പക്ഷേ നീര്‍ജയും സഹായികളും 41 അമേരിക്കക്കാരുടെയും പാസ്പോർട്ടുകൾ സീറ്റിനടിയിലും മറ്റും ഒളിപ്പിച്ചുവച്ചു. ഏതാണ്ട് 17 മണിക്കൂർ കഴിഞ്ഞപ്പോള്‍ തീവ്രവാദികൾ തോക്കുകളും മറ്റു സ്ഫോടക വസ്തുക്കളും പുറത്തെടുത്തു പ്രയോഗിക്കാൻ തുടങ്ങി. യാത്രക്കാരെ പുറത്തുകടക്കാൻ സഹായിക്കുകയും ചെയ്തു. പക്ഷേ രക്ഷാപ്രവർത്തനത്തിനിടെ വെടിയുണ്ടകൾക്കു മുന്നിൽ കീഴടങ്ങി ആ ഇരുപത്തിരണ്ടുകാരി മരണമടഞ്ഞു. ഇരുപത്തിമൂന്നു വയസു തികയുന്നതിനു രണ്ടുദിവസം മുമ്പായിരുന്നു നീർജയു‌ടെ മരണം.

മനുഷ്യത്വപരമായ സമീപനത്തിനും തൊഴിലിനോടും സഹജീവികളോടുമുള്ള സമർപ്പണവും അനുകമ്പയും കണക്കിലെ‌ടുത്ത് രാജ്യം നീർജയ്ക്ക് ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ അശോകചക്ര സമ്മാനിച്ചു. അശോകചക്ര ലഭിക്കുന്ന ഏകവനിതയും നീർജ തന്നെയാണ്. 2004ൽ ഇന്ത്യൻ പോസ്റ്റൽ സർവീസ് നീർജയോടുള്ള ആദരസൂചകമായി സ്റ്റാമ്പു പുറത്തിറക്കി. ഇതിനുപുറമെ അമേരിക്കയുടെ ഫ്ലൈറ്റ് സേഫ്റ്റി ഫൗണ്ടേഷൻ ഹീറോയിസം അവാർഡ്, സ്പെഷൽ കറേജ് അവാർഡ്, ഇന്ത്യൻ സിവിൽ ഏവിയേഷൻ മിനിസ്റ്ററിയുടെ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങളും നീർജയെ തേടിയെത്തിയിരുന്നു. ഇക്കഴിഞ്ഞ സെപ്തംബർ അഞ്ചിന് നീർജ എന്ന ആ ധീരവനിത ഈ ലോകത്തോട് വിടപറഞ്ഞ് 29 വർഷം പൂർത്തിയാകുമ്പോൾ ഓർക്കാം ഒരു എഞ്ചിനീയറോ ഡോക്ടറോ സയന്റിസ്റ്റോ ഒക്കെയാകുവാൻ ആർക്കും കഴിയും, പക്ഷേ നീർജയെപ്പോലെ പച്ചയായ മനുഷ്യനാകുവാന്‍ വളരെ കുറച്ചുപേർക്കു മാത്രമേ സാധിക്കൂ...

Your Rating: