Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോവിന്ദച്ചാമി കൊലമരത്തിൽ നിന്ന് രക്ഷപ്പെടുമ്പോൾ സോഷ്യൽ മീഡിയ ശങ്കരനാരായണനെ വാഴ്ത്തുന്നു

soumya-main അതുവരെ വായിച്ചു പഴകിയ സ്ഥിരം പീഡനക്കേസുകളില്‍ ഒന്നുമാത്രമായിരുന്നു കൃഷ്ണപ്രിയയുടേതും. പക്ഷേ, ജാമ്യത്തിലിറങ്ങിയ പ്രതി കൊല്ലപ്പെട്ടതോടെ കൃഷ്ണപ്രിയയും ഒപ്പം നിസ്സഹായനായ ഒരു അച്ഛനും നമ്മുടെ മനസില്‍ ചിരപ്രതിഷ്ഠ നേടുകയായിരുന്നു.

സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയെ തെളിവുകളുടെ അഭാവത്തിൽ വധശിക്ഷയിൽ നിന്ന് കോടതി ഒഴിവാക്കുമ്പോൾ  വെറുതേ വിടുമ്പോൾ മകളെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ പ്രതിയെ വെടിവച്ചു കൊന്ന ഒരച്ഛൻ സോഷ്യൽ മീഡിയയിലെ ‘ഹീറോ’ ആകുന്നു. ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ കോടതിവിധി മഞ്ചേരിയിലെ കൃഷ്ണപ്രിയ കൊലക്കേസിലെ പ്രതിയെ കൊലപ്പെടുത്തിയ പെൺകുട്ടിയുടെ പിതാവ് ശങ്കരനാരായണന്റെ നിലപാട് സാധൂകരിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പ്രചരിക്കുന്നത്.

പെരുമ്പാവൂരിലെ ജിഷ കൊലപാതകമുൾപ്പടെ ഓരോ ദിവസവും കേരളത്തിലെ പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ നീതി ലഭിക്കാൻ പീഡിപ്പിച്ചു കൊന്നവനെ ശങ്കരനാരായണനെ പോലെ മകളെ കൊന്നവനെ കൊന്നുതന്നെ പ്രതികാരം ചെയ്യണമെന്നുമുള്ള തരത്തിലുള്ള പ്രതികരണങ്ങളാണ് പുറത്തു വരുന്നത്. നിയമം നോക്കു കുത്തിയാകുന്നിടത്ത് ശങ്കരനാരായണൻമാർ ജന്മമെടുക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റുകൾ.

പെണ്‍കുട്ടികളുള്ള അച്ഛന്‍മാര്‍ കുറഞ്ഞപക്ഷം ഒരു, 'അര ശങ്കരനാരായണനായിരിക്കണമെന്ന് 'ഫെയ്‌സ്ബുക്കിലെ  ഓരോ പോസ്റ്റുകളും ഓർമപ്പെടുത്തുന്നു. ഡൽഹി പീഡനക്കേസിലെ നിർഭയയുടെ അച്ഛനടക്കമുള്ളവര്‍ പലപ്പോഴും നിയമത്തിലുള്ള അവസാന വിശ്വാസത്തിന്റെ പേരില്‍ സംയമനം പാലിക്കുന്നവരാണ്. എന്നാൽ ആ വിശ്വാസ്യത കാക്കാന്‍ നമ്മുടെ നിയമങ്ങള്‍ക്കും നീതിപീഠങ്ങള്‍ക്കു കഴിയുന്നില്ല എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ആരാണ് ഈ ശങ്കരനാരായണന്‍? പലരും മറന്നു കാണില്ല, ശങ്കരനാരായണനെ മറന്നു തുടങ്ങിയവർ അറിയാൻ കൃഷ്ണപ്രിയ എന്ന പെൺകുട്ടിയുടെ പഴയ കഥ.

മലപ്പുറം മഞ്ചേരി ചാരങ്കാവ് ചേണോട്ടുകുന്നില്‍ പൂവ്വഞ്ചേരി തെക്കേവീട്ടില്‍ ശങ്കരനാരായണന് കൃഷ്ണപ്രിയ എന്നൊരു മകളുണ്ടായിരുന്നു. രണ്ട് ആൺമക്കള്‍ക്ക് ശേഷം ശങ്കരനാരായണനും ഭാര്യ ശാന്തകുമാരിക്കും ജനിച്ച ഏക മകള്‍. ഏട്ടന്‍മാരുടെ പ്രിയ അനിയത്തിക്കുട്ടിയായി, അച്ഛന്റെയും അമ്മയുടെയും പൊന്നോമനയായി 13 വയസുവരെ ജീവിക്കാനേ അവള്‍ക്ക് യോഗമുണ്ടായിരുന്നുള്ളു... 2001 ഫെബ്രുവരി ഒന്‍പതിന് സ്‌കൂള്‍ വിട്ടുവരുന്ന വഴി കൃഷ്ണപ്രിയയെ അയല്‍വാസിയായ എളങ്കൂര്‍ ചാരങ്കാവ് കുന്നുമ്മല്‍ മുഹമ്മദ് കോയ (24) പീഡിപ്പിച്ച് കൊലപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് പിടിയിലായ പ്രതിയെ കോടതി പതിവുപോലെ ശിക്ഷിച്ചു. അതുവരെ വായിച്ചു പഴകിയ സ്ഥിരം പീഡനക്കേസുകളില്‍ ഒന്നുമാത്രമായിരുന്നു കൃഷ്ണപ്രിയയുടേതും. പക്ഷേ, ജാമ്യത്തിലിറങ്ങിയ പ്രതി 2002 ജൂലായ് 27ന് കൊല്ലപ്പെട്ടതോടെ കൃഷ്ണപ്രിയയുടെ ഓമനത്തമുള്ള കുഞ്ഞുമുഖവും ഒപ്പം നിസ്സഹായനായ ഒരു അച്ഛനും നമ്മുടെ മനസില്‍ ചിരപ്രതിഷ്ഠ നേടുകയായിരുന്നു.

മുഹമ്മദ് കോയ വെടിയേറ്റ് മരിച്ചുവെന്ന വാര്‍ത്തയും ഇതേതുടര്‍ന്ന് പിതാവ് ശങ്കരനാരായണന്‍ പോലീസിനു കീഴടങ്ങിയ വാര്‍ത്തയും ഞെട്ടലോടെയാണ് നാം കേട്ടത്. നിസ്സഹായനായ അച്ഛനില്‍ നിന്നും ശങ്കരനാരായണന്‍ ഹീറോ പരിവേഷത്തിലേക്ക് മാറിയത് വളരെ വേഗത്തിലാണ്. മഞ്ചേരി സെഷന്‍സ് കോടതി ശങ്കരനാരായണനെയും മറ്റ് രണ്ടു പേരെയും ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചെങ്കിലും മലയാളികള്‍ മന:സാക്ഷിയുടെ കോടതിയില്‍ നിര്‍ത്തി ശങ്കരനാരായണനെ എന്നേ വെറുതെ വിട്ടിരുന്നു. പിന്നീട് നീതിദേവതയും കണ്ണു തുറന്നു. ശങ്കരനാരായണനെ 2006 മെയ് മാസം തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി വെറുതെ വിട്ടു.

കാലിവളര്‍ത്തിയായിരുന്നു ശങ്കരനാരായണന്‍ കുടുംബം പോറ്റിയിരുന്നത്. കൃഷ്ണപ്രിയ മരിച്ചശേഷം മകളോടൊത്തു കിടന്നുറങ്ങിയ കിടക്കയില്‍ പിന്നീടൊരിക്കലും ആ അച്ഛന്‍ ഉറങ്ങിയില്ല, മലയാളി വായിച്ചറിഞ്ഞ, ചിത്രങ്ങളില്‍ കണ്ട ശങ്കരനാരായണന്‍ മകള്‍ മരിച്ച വിഷമത്തില്‍ താടിയും മുടിയും നീട്ടിവളര്‍ത്തിയ ഒരാളായിരുന്നു, മകളെ പിച്ചിച്ചീന്തിയവന്‍ മരിച്ചുവീഴുംവരെ സദാ തോക്ക് താഴെവയ്ക്കാതെ നടന്ന അച്ഛന്‍, മഞ്ചേരി സെഷൻസ് കോടതി നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നു പറഞ്ഞ് ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ചപ്പോള്‍ മകള്‍ മരിച്ചശേഷം ആദ്യമായി ചിരിച്ച അച്ഛന്‍...

ജീവിച്ചിരുന്നെങ്കില്‍ ഇന്ന് 27 വയസുണ്ടായിരുന്നേനെ കൃഷ്ണപ്രിയയ്ക്ക്. അവളുടെ കൊലപാതകിക്ക് അർഹിച്ച ശിക്ഷ നൽകിയെന്ന ചാരിതാർഥ്യത്തിൽ കഴിയുകയാണ് ആ അച്ഛനിപ്പോൾ. നാട്ടിൽ ഓരോ പെൺകുട്ടിയും പീഡനത്തിന് ഇരയായെന്ന് അറിയുമ്പോൾ ഈ അച്ഛന്റെ ഹൃദയം തുടിക്കും... കുറ്റവാളികൾക്ക് നിയമം നൽകുന്ന ശിക്ഷ ഇനിയെങ്കിലും കൂട്ടേണ്ടതല്ലേ... അവർക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ അടയ്ക്കേണ്ടതല്ലേ...

Your Rating: