Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

20,000ത്തിലധികം പട്ടാളക്കാരെ പ്രതിഫലമില്ലാതെ പരിശീലിപ്പിച്ചവൾ, സീമ റാവുവിന്റെ പോസ്റ്റ് വൈറൽ!

seema2 യാതൊരുവിധ പ്രതിഫലവും പറ്റാതെ ഇന്ത്യന്‍ സുരക്ഷാ സൈനികര്‍ക്ക് പരിശീലനം നല്‍കി വരികയാണ് ഈ ഉരുക്കുവനിത. ചിത്രത്തിന് കടപ്പാട് : ഫേസ്ബുക്ക്

ഒരു ഫേസ്ബുക്ക് പേജില്‍ വന്ന ഡോ. സീമ റാവുവിന്റെ പോസ്റ്റ്  വൈറല്‍ ആകുകയാണ്. ആരാണ് സീമ റാവുവെന്ന ചോദ്യം ചിലര്‍ക്കെങ്കിലുമുണ്ടാകും. ഇന്ത്യയിലെ ആദ്യത്തെ വനിതാ കമാന്‍ഡോ ട്രെയ്‌നറാണ് സീമ. കഴിഞ്ഞ 20 വര്‍ഷത്തിലധികമായി യാതൊരുവിധ പ്രതിഫലവും പറ്റാതെ ഇന്ത്യന്‍ സുരക്ഷാ സൈനികര്‍ക്ക് പരിശീലനം നല്‍കി വരികയാണ് ഈ ഉരുക്കുവനിത. സീമ റാവു തന്റെ പരിശീലന അനുഭവങ്ങളെയും ഭര്‍ത്താവ് മേജര്‍ ദീപക് റാവുവിനെയും കുറിച്ചാണ് പോസ്റ്റ് എഴുതിയിരിക്കുന്നത്. നിസ്വാര്‍ത്ഥതയുടെ ജീവിക്കുന്ന ഉദാഹരണമായ സീമയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം ഇതാ...

എന്റെ അച്ഛന്‍ ഒരു സ്വതന്ത്ര സമരസേനാനി ആയിരുന്നു. എന്റെ മുഴുവന്‍ ജീവിതത്തിലും അച്ഛനെപ്പോലെ ആകാനാണ് ഞാന്‍ എപ്പോഴും ആഗ്രഹിച്ചത്. ഞാന്‍ കാരണം എന്റെ രാഷ്ട്രത്തിന് എന്തെങ്കിലും വ്യത്യാസം വരണം. ഞാന്‍ ഒരു സെര്‍ട്ടിഫൈഡ് ഡോക്റ്റര്‍ ആയിരുന്നെങ്കിലും രാഷ്ട്രത്തെ സേവിക്കാനാണ് എന്റെ ഹൃദയം വെമ്പിയത്.

എന്റെ ജീവിത പങ്കാളിയെ കണ്ടെത്തിയതായിരുന്നു ജീവിതത്തില്‍ സംഭവിച്ച പ്രധാന കാര്യങ്ങളിലൊന്ന്. നിഷ്‌കളങ്കമായി അവനോട് തോന്നിയ താല്‍പ്പര്യം ജീവിതാവസാനം വരെയുള്ള ബന്ധമായി വളര്‍ന്നു. വീട്ടുകാര്‍ സമ്മതിക്കാത്തതിനാല്‍ ഞങ്ങള്‍ സ്വയം വഴി തെരഞ്ഞെടുത്തു. 

അവന് അറിയാമായിരുന്നു എനിക്ക് സ്വയം ശാക്തീകരിക്കപ്പെടണമെന്നും രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നും. അത് മനസിലാക്കി അവന്‍ എന്നെ ആയോധന കലകള്‍ പഠിപ്പിക്കാന്‍ തുടങ്ങി. എന്നും വര്‍ക്ക് ഔട്ട് ചെയ്തു. രാത്രിയില്‍ വരെ പരിശീലനം. ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ സ്വതന്ത്രയും ശക്തയും ആയി എനിക്ക് തോന്നി. എനിക്കൊരു കമാന്‍ഡോ പരിശീലക ആകണമായിരുന്നു. ഞാന്‍ തീവ്രമായി പരിശീലിച്ചു.

ഞാനും ഭര്‍ത്താവും പൂനെയില്‍ പോയ സമയം. കുറച്ച് സൈനികര്‍ പരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് ഞങ്ങള്‍ കണ്ടു. അവരുടെ അടുത്തേക്ക് പോയി ഞങ്ങള്‍, ഞങ്ങളുടെ ട്രെയ്‌നിംഗ് രീതി കാണാന്‍ അവര്‍ക്ക് താല്‍പ്പര്യമുണ്ടോ എന്ന് ചോദിച്ചു. അവര്‍ സമ്മതിച്ചു. അതിനുശേഷം തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 

seema ചിത്രത്തിന് കടപ്പാട് : ഫേസ്ബുക്

രാജ്യം മുഴുവനുമുള്ള സുരക്ഷാ സൈനികര്‍ക്ക് ഞങ്ങള്‍ പരിശീലനം നല്‍കാന്‍ തുടങ്ങി. ഇന്ത്യയിലെ ആദ്യത്തെ വനിതാ കമാന്‍ഡര്‍ ട്രെയ്‌നറായി അങ്ങനെ ഞാന്‍. എന്നാല്‍ കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടായി. ഞാനും ഭര്‍ത്താവും വീടുവിട്ട് ഒരു കുഞ്ഞുസ്ഥലത്തേക്ക് താമസം മാറി. എന്നാല്‍ ഞങ്ങള്‍ കൂടുതല്‍ അടുത്തു. അത് സാമ്പത്തികമായി പ്രതിസന്ധിയുടെ നാളുകളായിരുന്നു. ജീവിക്കാന്‍ എന്റെ ആഭരണങ്ങള്‍ വരെ വിറ്റു. പര്‍വതങ്ങള്‍ക്ക് മുകളിലും ചൂട്ടുപൊള്ളുന്ന മരുഭൂമിയിലും തിങ്ങിനിറഞ്ഞ വനാന്തരങ്ങളിലും ഞാന്‍ പരിശീലനം നല്‍കി, ഓരോ നിമിഷവും ആസ്വദിച്ചു. 

അപ്പോഴാണ് ഞങ്ങളുടെ കൂട്ടിന് ഒരാള്‍ കൂടി വേണമെന്ന തോന്നിയത്. അങ്ങനെ ഒരു കുട്ടിയെ ദത്തെടുത്തു. അവള്‍ ഇന്ന് ഡോക്റ്ററാണ്. കഴിഞ്ഞ 20 വര്‍ഷത്തിലധികമായി യാതൊരുവിധ പ്രതിഫലവും പറ്റാതെ 20,000ത്തിലധികം ഇന്ത്യന്‍  പട്ടാളക്കാരെ ഞാന്‍ പരിശീലിപ്പിച്ചു എന്നത് അത്യധികം അഭിമാനകരമായ കാര്യമായി തോന്നുന്നു. കുറേ നഷ്ടങ്ങള്‍ സംഭവിച്ചു, കുടുംബത്തില്‍, ആരോഗ്യപരമായി അങ്ങനെ....

ഒരു പുരുഷാധിപത്യ സമൂഹത്തിലാണ് ജീവിക്കുന്നതെന്ന് പലപ്പോഴും കേള്‍ക്കാറുണ്ട്. എന്നാല്‍ എന്നെ സംബന്ധിച്ച് ലിംഗം ഒരു പ്രശ്‌നമേ ആയിരുന്നില്ല. ഞാനും ഭര്‍ത്താവും എന്നും തുല്യരായാണ് കരുതിയിരുന്നത്. കുടുംബത്തില്‍ ഞങ്ങള്‍ സമമായി നിക്ഷേപിച്ചു. അങ്ങനെയാണ് സമൂഹവും വളരേണ്ടതെന്ന് ഞാന്‍ ചിന്തിക്കുന്നു. ശക്തയായ സ്വതന്ത്രയായ ഒരു സ്ത്രീക്ക് വേണ്ടത് ശക്തയായ സ്വതന്ത്രനായ ഒരു പുരുഷ പങ്കാളിയാണ്. 

related stories