Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പച്ചക്കറി വിൽപ്പനക്കാരി ആശുപത്രി പണിത് സൗജന്യ ചികിത്സ നൽകുന്നു

subhashini.jpg.image.784.410

ഇതൊരു കഥയല്ല... സിനിമ പോലൊരു ജീവിത കഥയാണ്. 35 വർഷം മുൻപ് ചികിത്സ കിട്ടാതെ മരിച്ച ഭർത്താവിന്റെ വിയോഗത്തിന്റെ ആഘാതത്തിൽ സ്വന്തമായി സ്വരുക്കൂട്ടിയ നാണയത്തുട്ടുകൾ കൊണ്ട് 65-ാം വയസിൽ ആശുപത്രി കെട്ടിയ സുഭാഷിണിയുടെ  കഥ. തനിക്ക് സംഭവിച്ച ദുരന്തം ഇനിയൊരാൾക്കു കൂടി സംഭവിക്കരുതെന്ന് ആഗ്രഹിച്ച് ആ ലക്ഷ്യത്തിനായി ജീവിതം സമർപ്പിച്ച ഗ്രാമീണ സ്ത്രീയുടെ കഥ. അക്ഷരാഭ്യാസം പോലും ഇല്ലാത്ത ഒരു സ്ത്രീ നിശ്ചയദാർഢ്യം ഒന്നു കൊണ്ടു മാത്രം ഒരു ഗ്രാമത്തിന്റെ തലേവര മാറ്റിയെഴുതിയതിന്റെ ഉദാഹരണം കൂടിയാണിത്.

പന്ത്രണ്ടാം വയസിലാണ് വീട്ടുകാർ സുഭാഷിണിയെ ചന്ദ്രയ്ക്ക് വിവാഹം ചെയ്തു കൊടുത്തത്. പശ്ചിമ ബംഗാളിലെ ഹൻസ്പുകുർ ഗ്രാമത്തിൽ കൃഷിക്കാരനായിരുന്നു ചന്ദ്ര. നാലു മക്കൾ കൂടി ഉൾപ്പെടുന്ന കുടുംബത്തിന്റെ ആകെ വരുമാനം ചന്ദ്രയ്ക്ക് മാസത്തിൽ ലഭിക്കുന്ന 200 രൂപയായിരുന്നു. ആറു പേർ അടങ്ങിയ കുടുംബം പലപ്പോഴും പട്ടിണിയിലായിരുന്നു.

1971ലാണ് നെഞ്ചു വേദനയുടെ രൂപത്തിൽ മരണം ചന്ദ്രയെ തേടിയെത്തിയത്. ഉടൻതന്നെ കൊൽക്കത്ത ടോളിഗഞ്ച് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ കൈക്കൂലി നൽകാൻ കയ്യിൽ പണമില്ലാത്ത ചന്ദ്രയെ വേണ്ടവിധം ഗൗനിക്കാൻ ഡോക്ടർമാരും നഴ്സുമാരും തയാറായില്ല. ദിവസങ്ങൾ നീണ്ട നരകയാതനയ്ക്കൊടുവിൽ അയാൾ മരണത്തിന് കീഴടങ്ങി. ഇതോടെ ചന്ദ്രയുടെ ജീവിതം കൂടുതൽ ദുരിതത്തിലായി. വിശന്നു കരയുന്ന നാലു കുരുന്നുകൾ അവരുടെ ജീവിതത്തിനു മുന്നിൽ ചോദ്യചിഹ്നമായി. എഴുത്തും വായനയും അറിയാത്ത ആ യുവതി ജീവിതത്തിനു മുന്നിൽ പകച്ചു നിന്നു. മൂത്ത കുഞ്ഞിന് വെറു എട്ടു വയസ് പ്രായം. ഇളയതിന് രണ്ടു വയസും.

കുടുംബത്തിലുള്ള ആർക്കും അവരെ സഹായിക്കാൻ കഴിയുന്ന സാഹചര്യമായിരുന്നില്ല. മുഴുപ്പട്ടിണിയുടെ ദിവസങ്ങൾ തള്ളിനീക്കുന്നതിനിടെ സുഭാഷിണി ഒരു കാര്യം ഉറപ്പിച്ചു, ഇനിയാർക്കും തന്റെ ഗതി വരരുത്. നിസാരമായി ചികിത്സിക്കാവുന്ന ആന്തരിക വീക്കം ഭർത്താവിനെ മരണത്തിലക്കു നയിച്ചത് ആ സ്ത്രീക്ക് സഹിക്കാൻ കഴിയാവുന്നതിലും അപ്പുറമായിരുന്നു. എന്ത് എങ്ങനെ എന്നൊന്നും അറിയാൻ മേലാതിരുന്നിട്ടും അവർ അന്നു പ്രതിജ്ഞയെടുത്തു, പാവപ്പെട്ടവർക്ക് മികച്ച ചികിത്സ ഒരുക്കാൻ ഒരു ആശുപത്രി നിർമിക്കണം.!!!

subhashini2.jpg.image.784.410

നാലു വിശക്കുന്ന വയറുകൾക്ക് ഭക്ഷണം കണ്ടെത്താൻ സുഭാഷിണി വീട്ടുവേലയ്ക്ക് പോയിത്തുടങ്ങി. അഞ്ചു വീടുകളിലാണ് ദിവസവും ജോലി ചെയ്തിരുന്നത്. എല്ലായിടത്തുനിന്നും കൂടി 100 രൂപ മാസശമ്പളം ലഭിച്ചു. മകൻ അജോയ് പഠിത്തത്തിൽ മിടുക്കനായിരുന്നു. മികച്ച വിദ്യാഭ്യാസം ലഭിക്കുന്നതിനു വേണ്ടി അവനെ കൊൽക്കത്തയിലൂള്ള അനാഥാലയത്തിൽ അയച്ചു. മറ്റു മൂന്നു പേരും വീട്ടുജോലികളിൽ അമ്മയെ സഹായിച്ചു.

പതിയെ അവർ മറ്റൊരു ജീവിതമാർഗം കണ്ടെത്തി. പച്ചക്കറി വിൽപ്പന. വീട്ടുജോലിയേക്കാൾ കൂടുതൽ പണം ലഭിച്ചു തുടങ്ങി. അതിനായി ധാപ ഗ്രാമത്തിലേക്ക് താമസം മാറി. അഞ്ചു രൂപയ്ക്ക് ഒരു വീടു വാടകയ്ക്ക് എടുത്തു. പച്ചക്കറി കച്ചവടം പെട്ടെന്നു പച്ചപിടിച്ചു. ഇതോടെ സുഭാഷിണി കൊൽക്കത്തയിലേക്ക് ചേക്കേറി. നഗരമധ്യത്തിൽത്തന്നെ ഒരു സ്റ്റാൾ വാടകയ്ക്ക് എടുത്ത് കട തുടങ്ങി. വരുമാനം 500 രൂപയായി. കോളിഫ്ളവർ സീസണിൽ ഇതിലും കൂടുതൽ പണം കിട്ടി.

ഇതോടെ പണം മിച്ചം പിടിച്ചു തുടങ്ങി. പോസ്റ്റ് ഓഫീസ് ആക്കൗണ്ടിലും മറ്റുമായുള്ള ചെറിയ സമ്പാദ്യം വളർന്നു. സ്വന്തമായി ഒരാർഭാടത്തിനും അവർ പണം ചെലവഴിച്ചില്ല. മക്കൾക്ക് അത്യാവശ്യത്തിനു മാത്രം ചെലവഴിച്ചു. അജോയിയുടെ വിദ്യാഭ്യാസത്തിനു മാത്രമാണ് കൈയയച്ച് പണം നൽകിയത്. 20 വർഷം ഉറുമ്പ് അരിമണി സ്വരൂക്കൂട്ടും പോലെ ചില്ലിത്തുട്ടുകൾ കൂട്ടിവച്ച് സുഭാഷിണി സ്വപ്നത്തിലേക്ക് ചുവടു വച്ചു.

1992ൽ ഹൻസ്പുകുറിൽ പതിനായിരം രൂപ വിലയ്ക്ക് ഒരേക്കർ ഭൂമി വാങ്ങി. താമസം ഭർത്താവിന്റെ കുടിലിലേക്ക് മാറി. ഗ്രാമീണരെ തന്റെ ലക്ഷ്യം അറിയിച്ചു. ഒരേക്കർ സ്ഥലം സൗജന്യമായി നൽകാമെന്ന് വാഗ്ദാനം ചെയ്തു. പക്ഷേ ആശുപത്രിക്കു വേണ്ടിയുള്ള ഷെഡ് പണിയാനുള്ള പണം പിരിവെടുത്ത് ഉണ്ടാക്കണം എന്ന നിബന്ധനയും വച്ചു. അങ്ങനെ 926 രൂപ സംഘടിപ്പിച്ചു. ചിലർ തടിയും ഓലയും മുളയും ഒക്കെ നൽകി. ഒന്നും നൽകാൻ ഇല്ലാത്തവർ കെട്ടിടം പണിക്ക് ജോലിക്കാരാകാമെന്ന് സമ്മതിച്ചു. അങ്ങനെ 1993 ൽ 20 അടി ഉയരത്തിൽ ഒരു താൽക്കാലിക ഷെഡ് ഉയർന്നു.

ആഴ്ചയിൽ ഒരിക്കൽ സൗജന്യ സേവനത്തിന് സന്നദ്ധരായ ഡോക്ടർമാരെ തേടി പത്തു കിലോമീറ്റർ ചുറ്റളവിൽ മൈക്ക് അനൗൺസ്മെന്റ് നടത്തി. ആറു പേർ ഇതിനോടു പ്രതികരിച്ചു. ചിലർ രണ്ടു മണിക്കൂർ ജോലി ചെയ്യാൻ സന്നദ്ധത പ്രകടിപ്പിച്ചു. മറ്റു ചിലർ നാലു മണിക്കൂർ ജോലിക്ക് തയാറായി. അങ്ങനെ ഒരുപാടു പേരുടെ ശ്രമഫലമായി ഒരു ചെറിയ ആശുപത്രിയായി അതു മാറി. ആദ്യ ദിവസം തന്നെ 252 പേർ ചികിത്സ തേടിയെത്തി. പക്ഷേ മഴക്കാലമായതോടെ ജീവിതം ദുരിതമായി. ഷെഡിനുള്ളിൽ വെള്ളം നിറഞ്ഞു. ഇതോടെ കോൺക്രീറ്റ് കെട്ടിടം എന്ന ആശയം ഉടലെടുത്തു. പതിനായിരും ചതുരശ്ര അടി കെട്ടിടം പണിയാനുള്ള തുക കണ്ടെത്താനായിരുന്നു ഏറ്റവും ബുദ്ധിമുട്ട്. അമ്മയുടെ ആവശ്യം അജോയിയും ഏറ്റെടുത്തു. ഏറെ ശ്രമഫലമായി സ്ഥലം എംപിയുടെ സഹായം ലഭിച്ചു. പടിപടിയായി സുഭാഷിണിയുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യത്തിേക്ക് അടുത്തു. അതിനിടെ അജോയ് കൊൽക്കത്ത മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് പാസായി ഡോക്ടറായി. അദ്ദേഹമാണ് ഇപ്പോൾ ആശുപത്രി നോക്കി നടത്തുന്നത്. പാവങ്ങൾക്ക് തികച്ചു സൗജന്യമായാണ് ചികിത്സ. ദാരിദ്ര്യ രേഖയ്ക്ക് മുകളിൽ ഉള്ളവരിൽ നിന്ന് 10 രൂപ ഫീസ് ഈടാക്കും. നാലു മക്കളിൽ ഒരാൾ ആശുപത്രിയിൽത്തന്നെ നഴ്സാണ്.

പച്ചക്കറി ബിസിനസിലൂടെയാണ് സുഭാഷിണി ഇപ്പോഴും ജീവിതം നയിക്കുന്നത്. ആശുപത്രി അവരുടെ സ്വപ്നമാണ്. ദൈനംദിന ചെലവുകൾക്ക് പണം കണ്ടെത്തുകയാണ് ഇപ്പോഴത്തെ ഏറ്റവും വലിയ വെല്ലുവിളി. അത് എങ്ങനെയൊക്കെയോ നടന്നു പോകുന്നു എന്നു മാത്രമാണ് ഈ ചോദ്യത്തിനുള്ള സുഭാഷിണിയുടെ മറുപടി. ഇനി ഈ ജീവിത സായാഹ്നത്തിൽ അവർ ഒരു സ്പ്നം കൂടി കാണുന്നു... ഇത് 24 മണിക്കൂറും ചികിത്സ നൽകുന്ന ഒരു ആശുപത്രിയാകണം... എങ്കിൽ എനിക്ക് സമാധാനമായി കണ്ണടയ്ക്കാം. 35 വർഷം മുൻപ് കണ്ട സ്വപ്നത്തിന്റെ തിളക്കം ഇപ്പോഴുമുണ്ട് സുഭാഷിണിയുടെ കണ്ണുകളിൽ...

Your Rating: