Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാത്തയ്ക്ക് ശബ്ദമാവാൻ കൊച്ചുമകൾ

ima ഐമ ദിനകർ

രാജ്യം ജ്ഞാനപീഠം നൽകി ആദരിച്ച ഒരു സാഹിത്യകാരൻ. പിറ്റേന്നിറങ്ങിയ പത്രങ്ങളിൽ അതേ സബംന്ധിച്ച് വന്ന വാർത്തകൾക്കൊപ്പം പേരക്കുട്ടിയുമായി അദ്ദേഹം സന്തോഷം പങ്കുവയ്ക്കുന്ന ചിത്രമാണുണ്ടായിരുന്നത്. അഭിമാനവും മുത്തച്ഛന്റെ വാൽസല്യവും പേരക്കുട്ടിയെ കവിൾത്തടത്തില്‍ തൊട്ട് അദ്ദേഹം പങ്കുവയ്ക്കുന്ന ചിത്രം. തകഴിയായിരുന്നു ആ സാഹിത്യകാരൻ. കൊച്ചുമകൾ ഐമയും. കായൽ കൈക്കുമ്പിളിലൊരു പിടി മണ്ണുവാരിയുണ്ടാക്കിയ നാട്ടിൽ നിന്ന് മണ്ണിന്റെ മണമുള്ള കഥ പറഞ്ഞ് ലോകത്തോട് സംവദിച്ച സാഹിത്യകാരൻ. അദ്ദേഹത്തിനൊപ്പം നമ്മൾ മലയാളികൾ സ്നേഹിച്ച വ്യക്തിത്വമാണ് കാത്ത. തകഴിയുടെ നല്ല പാതി. കാത്തയുടെ ജീവിതം വർഷങ്ങൾക്കിപ്പുറം ഡോക്യുമെന്ററിയാകുമ്പോൾ അതേ കൊച്ചുമകളും അതിൽ നിർണായകമായി. തകഴിക്കൊപ്പം മലയാളം സ്നേഹിച്ച അദ്ദേഹത്തിന്റെ പത്നി കാത്തയുടെ ശബ്ദം ഡോക്യുമെന്ററിയിൽ നൽകിയത് തകഴിയുടെ മകൾ ജാനമ്മയുടെയും ഡോ എൻ ഗോപിനാഥൻ നായരുടെയും മകൾ ഐമയാണ്. മുത്തശ്ശിക്കു ശബ്ദമായതിന്റെ വിശേഷങ്ങൾ പങ്കുവച്ച് മനോരമ ഓണ്‍ലൈനോട് സംസാരിക്കുകയാണ് ഐമ ദിനകർ.

ima-1 ഐമ ദിനകർ

അമ്മുമ്മയുടെ അനുഗ്രഹം

അപ്പുപ്പൻ കടന്നുപോയ ശേഷമുള്ള അമ്മുമ്മയുടെ ജീവിതത്തോട് എനിക്ക് പലപ്പോഴും ആശ്ചര്യം തോന്നിയിട്ടുണ്ട്. ആ അമ്മുമ്മയെ കുറിച്ചെടുക്കുന്ന ഡോക്യുഫിക്ഷനിൽ അവരുടെ ശബ്ദം എനിക്ക് നൽകണമെന്നുണ്ടായിരുന്നു. അത് അണിയറ പ്രവർത്തകരെ അറിയിച്ചപ്പോൾ അവർക്കും സന്തോഷം. അങ്ങനെയാണ് വന്നത്. ഒരു ആവേശമായിരുന്നു എനിക്ക്. പക്ഷേ ഡബ്ബിങിന്റെ തലേദിവസം തൊണ്ടയ്ക്ക് ചെറിയ അസ്വസ്ഥത വന്നു. അതുകൊണ്ട് ടെൻഷനോടെയാണ് സ്റ്റ്യുഡിയോയിലേക്ക് പോയത്. പക്ഷേ സ്ക്രീനിൽ അമ്മുമ്മയുടെ ചിത്രം തെളിഞ്ഞപ്പോൾ എല്ലാ അസ്വസ്ഥതകളും ഇല്ലാതായി. അമ്മുമ്മയുടെ അനുഗ്രഹം കൊണ്ടാണതെന്ന് ഞാൻ വിശ്വസിക്കുന്നു. കുറച്ചു നേരത്തേക്കെങ്കിലും ആ വ്യക്തിത്വമാകാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും സുന്ദരമായ നിമിഷമായും ഞാൻ കരുതുന്നു.

ആ നിമിഷമാണ് വലിയ സമ്മാനം

അപ്പുപ്പന് ജ്ഞാനപീഠം കിട്ടിയ ദിവസം അദ്ദേഹം അതുപറയാൻ ഓടിയെത്തിയത് ഞങ്ങളുടെ വീട്ടിലേക്കാണ്. ഉമ്മറത്ത് നിൽക്കുകയായിരുന്ന എന്നെ വന്ന് കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവയ്ക്കുന്ന ചിത്രമാണ് പിറ്റേന്നിറങ്ങിയ പത്രങ്ങളിൽ വന്നത്. അദ്ദേഹത്തിന്റെ ആ സന്തോഷം കണ്ട നിമിഷമാണ് എനിക്കെന്റെ ജീവിതത്തിൽ കിട്ടിയ വലിയ സമ്മാനം. പേരക്കുട്ടികളോട് പറഞ്ഞറിയിക്കാനാകാത്ത വാത്സല്യമായിരുന്നു അപ്പുപ്പന്.

ഞാനും അച്ഛനും അമ്മയും ചേട്ടനും ആലപ്പുഴയിലാണ് താമസം. കുടുംബത്തിലെ എല്ലാവരും ഓരോയിടത്തും. എല്ലാവരുടെയും ക്ഷേമം അന്വേഷിക്കാൻ മുത്തശ്ശനെപ്പോഴും ആകാംഷയായിരുന്നു. ഫോണൊക്കെ ആയപ്പോൾ എല്ലാവരേയും എല്ലാദിവസും വിളിക്കുമായിരുന്നു. ഓണത്തിനൊക്കെ വീട്ടിൽ ഞങ്ങളെല്ലാവരും ഒത്തുകൂടുമ്പോൾ ഭയങ്കര സന്തോഷമായിരുന്നു. പോകനാറിങ്ങുമ്പോൾ അതൊക്കെ നോക്കി നിൽക്കുന്ന അപ്പുപ്പന്റെ മുഖം ഇപ്പോഴും ഓർക്കുമ്പോൾ സങ്കടം വരും. ഓരോ മുറിയിലും വന്ന് ഓരോരുത്തരോടും ചോദിക്കും നിങ്ങളും പോകുകയാണോ കുറച്ചു ദിവസം കഴിഞ്ഞു പോരേയെന്നൊക്കെ.

ima-3 ഐമ ദിനകർ

ആ ജീവിതം എനിക്കിന്നും അത്ഭുതം

അപ്പുപ്പന്റെയും അമ്മുമ്മയുടെയും ജീവിതം എനിക്കിന്നും ഒരത്ഭുതമാണ്. അവർ പരസ്പരം സ്നേഹിച്ചതും മനസിലാക്കിയതും പോലെ മറ്റൊരു ജീവിതവും ഞാൻ കണ്ടിട്ടില്ല. അപ്പുപ്പനേക്കാൾ അമ്മുമ്മയായിരുന്നു കുറച്ചു കൂടി ബോൾഡ്. അപ്പുപ്പൻ കടന്നപോയതിനു ശേഷവും ആ വീട്ടിൽ അമ്മുമ്മ ജീവിച്ചു തീർത്തു. ആ മനസിലുള്ള വിഷമമൊന്നും മറ്റാരേയും അറിയിച്ചില്ല. ഞങ്ങൾക്ക് വിഷമമായാലോ എന്ന് അമ്മുമ്മ ചിന്തിച്ചിട്ടുണ്ടാകാം. ഒരുപക്ഷേ അമ്മൂമ്മയാണ് ആദ്യം കടന്നുപോയിരുന്നതെങ്കിൽ അദ്ദേഹത്തിന് താങ്ങാനാകുമായിരുന്നുവോ പിന്നീടുള്ള ജീവിതത്തെ അമ്മുമ്മയെ പോലെ സമീപിക്കുവാൻ സാധിക്കുമായിരുന്നുവോ എന്ന കാര്യത്തിലെനിക്ക് സംശയമുണ്ട്.

വലിയ ഡബ്ബിങ് ആർടിസ്റ്റൊന്നുമല്ല

ഞാനൊരു ഡബ്ബിങ് ആർടിസ്റ്റ് ഒന്നുമല്ല. പക്ഷേ അമ്മുമ്മയെ കുറിച്ചെടുക്കുന്ന ഡോക്യുഫിക്ഷനിൽ ശബ്ദം നല്‍കണമെന്ന് തോന്നി. എവിടുന്നോ കിട്ടിയ ആത്മവിശ്വാസം. ആലപ്പുഴയിലായിരുന്നു സ്കൂൾ പഠനമൊക്കെ. അന്ന് ഡാൻസും പാട്ടും എല്ലാമുണ്ടായിരുന്നു. ഭരതനാട്യം പഠിച്ചിട്ടുണ്ട്. പിന്നീട് കല്യാണം കഴിഞ്ഞ് ദുബായിൽ വന്നപ്പോൾ അവിടെ ഒരു റേഡിയോയില്‍ ജോലി ചെയ്തു. കുറേ പ്രോഗ്രാമുകളും അവിടെ വച്ച് അവതരിപ്പിച്ചിട്ടുണ്ട്. പിന്നീടത് ഉപേക്ഷിച്ചു. കുഞ്ഞ് കുഞ്ഞ് വീഡിയോയ്ക്കും മറ്റും ശബ്ദം നൽകിയിട്ടുണ്ട്. അതാണ് ഡബ്ബിങിലെ മുൻ പരിചയം. രണ്ടു മൂന്ന് നാടകങ്ങളിലൊക്കെ അഭിനയിച്ചിട്ടുണ്ട്. ഡബ്ബിങും നാടകവും യാദൃശ്ചികമായി ജീവിതത്തിലേക്ക് വന്നതാണ്. ഇനി എല്ലാത്തിലും കുറച്ച് കൂടി ആക്ടീവ് ആകണമെന്നുണ്ട്.

ima-2 ഐമ ദിനകർ

കുടുംബം

ഭർത്താവ് ഡോക്ടർ ദിനകറുമൊത്ത് പതിനഞ്ച് വർഷമായി ലണ്ടനിലാണ് താമസം. അദ്ദേഹം റേഡിയോളജിസ്റ്റാണ്. രണ്ടു മക്കൾ. മേധയും ധനിനും. മൂവര്‍ക്കും ഞാൻ കലാരംഗത്ത് സജീവമാകുന്നതിലാണ് താൽപര്യം. മക്കൾ പറയും ഞങ്ങൾ വലുതായില്ലേ. അമ്മ ഇനി നൃത്തവും ഡബ്ബിങുമൊക്കെ കുറച്ചുകൂടി സീരിയസായി കാണണമെന്ന്.

ഐമയുടെ കൂടുതൽ ചിത്രങ്ങൾ കാണാം