Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ കള്ളൻ നിങ്ങളെയും തേടി വരും!!

Shigli Basyaa

കട്ട മുതലിന് മപ്പിരന്ന് ഒരു കള്ളൻ നമ്മുടെ മുന്നില് വന്നാലോ??? ഞെട്ടണ്ട, കള്ളന്മാർ ഇത്ര നിഷ്കളങ്കരോ എന്നാ ചിന്തയും വേണ്ട. സിനിമയിൽ നാം അങ്ങനെ ഒത്തിരി കണ്ടിട്ടുണ്ട്. കള്ളന്മാരെ കേന്ദ്രകഥാപാത്രങ്ങൾ ആക്കിയുള്ള നിരവധി സിനിമകൾ . മീശമാധവനും സപ്തമശ്രീ തസ്കരയുമെല്ലാം നമുക്ക് പറഞ്ഞ് തന്നത്  ക്രൂരന്മാരല്ലാത്ത നിഷ്കളങ്ക കള്ളന്മാരുടെ ചിത്രങ്ങളാണ്. അത് നമ്മെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു . എന്നാൽ യദാർത്ഥ ജീവിതത്തിൽ കള്ളന്മാർക്കിങ്ങനെ നിഷ്കളങ്കർ ആകാൻ പറ്റുമോ? 

ഇല്ല എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ കേട്ടോളൂ,  കള്ളന്മാരിലുമുണ്ട് നിഷ്കളങ്കർ. ഷിഗ്‌ലി ബസ്യായും അത്തരത്തിലൊരു നല്ലവനായ കള്ളനാണ്. ചുരുക്കിപ്പറഞ്ഞാല് ഭൂതകാലത്തു താൻ നടത്തിയ മോഷണങ്ങള്‍ക്കെല്ലാം നാടുനീളെ ക്ഷമ യാചിച്ചു നടക്കുന്ന ഒരു പാവം കള്ളൻ. 

നിങ്ങളുടെ വീട്ടിൽ മോഷണം നടത്തി കടന്നുകളഞ്ഞ കള്ളനെ പെട്ടെന്നൊരു ദിവസം മുന്നിൽ കിട്ടിയാൽ നിങ്ങൾ എന്തു ചെയ്യും? ഇനി അയാൾ മാപ്പും അപേക്ഷിച്ചാണ് വന്നിരിക്കുന്നതെങ്കിലോ? രണ്ടടി കൊടുത്ത് പോലീസിൽ ഏൽപ്പിക്കുമോ അതോ മാപ്പു നൽകുമോ? കർണാടകയിലെ കുപ്രസിദ്ധ കള്ളനായ ഷിഗ്‌ലി നാലു ദശകക്കാലമായി കവർന്നത് 25ം വീടുകളിൽ നിന്നാണ്. 

മോഷണക്കുറ്റത്തിന് പലതവണ ജയിലഴിക്കുള്ളിൽ കിടന്നു. ജയിൽ ജീവിതം ഇയാളുടെ സ്വഭാവം മാറ്റി മറിച്ചു.  ജയിലിനകത്തു വച്ചു നിയമം പഠിച്ച് ഷിഗ്‌ലി സ്വന്തമായിത്തന്നെ കേസുകൾ വാദിക്കാനും പഠിച്ചു. ക്രമേണ മോഷണം ഒരു വലിയ തെറ്റാണു എന്ന് ഷിഗ്ലി മനസിലാക്കി . അതിൽ പശ്ചാത്താപം തോന്നിയ ഇയാൾ  ഇന്നു താൻ മോഷ്ടിച്ച എല്ലാ വീടുകളിലും കയറി മാപ്പപേക്ഷിക്കുകയാണ് . 

ജയിലിൽ നിന്നും പുറത്തിറങ്ങി ഒരിക്കൽ തന്റെ വീട് സന്ദർശിച്ചതിനു ശേഷമാണ് ഷിഗ്‌ലിയ്ക്കു മാനസാന്തരം സംഭവിച്ചത് എന്നും പറയുന്നു . ജയിലിൽ കിടന്നു തിരിച്ചു വന്നപ്പോഴേക്കും തന്റെ വിഹിതമെല്ലാം സഹോദരന്മാർ അടിച്ചു മാറ്റിയിരുന്നു, തു‌ടർന്ന് പഞ്ചായത്തിന്റെ സഹായത്തോടെയാണ് ഷിഗ്‌ലിയ്ക്കു വീടു ലഭിച്ചത്. 

ഇതോടെ മോഷ്ടിച്ച പണത്തിനു ആയുസ്സില്ല എന്ന് ഷിഗ്ലിക്ക് മനസിലായി. പിന്നീടു പാവങ്ങള്ക്ക് വേണ്ടിയായി ജീവിതം.സ്വന്തമായി വീടില്ലാത്ത  പാവപ്പെട്ടവർക്ക് വേണ്ടിയും ഷിഗ്‌ലി പ്രവർത്തിക്കുന്നുണ്ട്. മാനസന്തരപ്പെട്ട കള്ളനായ ഇദ്ദേഹം ത്രിവർണ പതാകയും തോൾ സഞ്ചിയുമേന്തി ഓരോ വീട്ടിലും  നടന്നുനീങ്ങുകയാണ് പാപഭാരം നീക്കിക്കളയാനും ശിഷ്ടജീവിതം ആരോരുമില്ലാത്തവർക്കു വേണ്ടി ജീവിക്കാനുമായി.

Your Rating: